പുലർവെട്ടം 496

{പുലർവെട്ടം 496}

 
“ഞങ്ങളുടെ കണ്ണനെയുമപഹരിച്ചൂ നിങ്ങള്
ഞങ്ങളുടെ സര്വ്വസ്വമപഹരിച്ചൂ
ചുട്ടെരിച്ചൂ നിങ്ങള് ഗോകുലം, ഞങ്ങളുടെ
പൈക്കളെയുമാട്ടിത്തെളിച്ചൂ” (കൃഷ്ണപക്ഷത്തിലെ പാട്ട്, ഒ. എൻ. വി)
 
നല്ല 916 നാസ്തികനായി അവസാനത്തോളം നിലകൊണ്ട പസോളിനി തന്റെ The Gospel According to St. Mathew എന്ന എക്കാലത്തെയും മികച്ച ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയ്ക്കാണ് : To the dear, happy, familiar memory of Pope John.
 
ഒരു കുസൃതിയുടെ മിന്നലാട്ടമുണ്ട് ആ സമർപ്പണത്തിൽ. ഒരു സെമിനാർ അറ്റൻഡ് ചെയ്യാനായി അസീസിയിൽ എത്തിയതായിരുന്നു ടിയാൻ. മടക്കയാത്ര കുറെയേറെ വൈകി. കാരണം നേരത്തെ പരാമർശിച്ച മാർപ്പാപ്പയുടെ നഗരസന്ദർശനത്തിൽ തെരുവീഥികൾ ഗതാഗതക്കുരുക്കിൽ പെട്ടു. ഹോട്ടൽമുറിയിൽ പെട്ടുപോയ പസ്സോളിനി സമയംകൊല്ലാൻ കണ്ടെത്തിയ വഴി മുറിയിലെ ഏകപുസ്തകം എടുത്ത് വായിക്കുകയായിരുന്നു. അത് മത്തായിയുടെ സുവിശേഷമായിരുന്നു. ഒരു വരി പോലും തൻ്റേതായി കൂട്ടിച്ചേർക്കാതെ പദാനുദം അതിനെ വെള്ളിത്തിരയിലേക്ക് അടയാളപ്പെടുത്തണമെന്ന് അയാൾക്ക് തോന്നി. താൻ പുലർത്തിയിരുന്ന ഇടതുപക്ഷ ബോധത്തെ ആ ചെറിയ പുസ്തകം അടിവരയിട്ട് ഉറപ്പിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.യാത്ര വൈകാൻ കാരണമായ പോപ്പിന് നിശ്ചയമായും ആ സമർപ്പണം അർഹതപ്പെട്ടതാണ്!
 
സാധാരണക്കാരുടെ യേശുവിനെ തിരികെപ്പിടിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. അഭിനേതാക്കൾ ഉണ്ടാവരുതെന്ന് നിഷ്കർഷ പുലർത്തി. യേശു പോലും മുൻപൊരിക്കലും അഭിനയിച്ചിട്ടില്ലാത്ത ഒരു സ്പാനിഷ് ക്യാമ്പസ് വിദ്യാർത്ഥിയായിരുന്നു. തൊഴിലാളികളും കർഷകരും വഴിയാത്രക്കാരുമൊക്കെ സുവിശേഷ കഥാപാത്രങ്ങളായി. കഥാന്ത്യത്തിൽ കുരിശിൻ ചുവട്ടിൽ നിൽക്കുന്ന മേരി, പസ്സോളിനിയുടെ തന്നെ അമ്മയാണ്. നടപ്പുരീതികളൊക്കെ നിരാകരിക്കപ്പെട്ടു. മുടിമുറിച്ച് ഷേവ് ചെയ്യാൻ വിട്ടുപോയ ഒരാളായിട്ടാണ് യേശുവിന്റെ appearance. സംസാരിക്കുമ്പോൾ ഒരു തൊഴിലാളി പ്രവർത്തകനെ കണക്ക് ക്ഷുഭിതനായാണ് അയാളുടെ സംഭാഷണങ്ങൾ. നിശിതമായാണ് സാമൂഹ്യ ഉച്ചനീചത്വങ്ങളെ നേരിടുന്നത്.ദരിദ്രർക്ക് വേണ്ടിയാണ് അയാളുടെ വക്കാലത്ത്. അത്ഭുതങ്ങളെ പരമാവധി പകിട്ട് കുറച്ച് അവതരിപ്പിക്കാനാണ് ശ്രദ്ധിച്ചത്. ദൈവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടല്ല മാനസികമായ പരിഗണനകൾ കൊണ്ടാണ് അയാളുടെ കുരിശാരോഹണം. ക്രിസ്തു എന്ത് പഠിപ്പിക്കാൻ ശ്രമിച്ചു എന്നതിലായിരുന്നു അയാളുടെ ഊന്നൽ. Mel Gibson ൻ്റെ പാഷൻ ഓഫ് ക്രൈസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇപ്പറഞ്ഞ കാര്യങ്ങളുടെയൊക്കെ വ്യത്യാസവും അകലവും പിടുത്തം കിട്ടുന്നത്.
 
പുതിയനിയമം അവസാനിക്കുന്നത് മറിയത്തിന്റെ വിലാപത്തോടുകൂടിയാണ്: ഞങ്ങളുടെ കർത്താവിനെ അവർ മോഷ്ടിച്ചുകൊണ്ടുപോയി. അതൊരു പ്രവചനധ്വനികളുള്ള ആത്മഭാഷണമാണ്. ഗണികകളുടെയും ചുങ്കക്കാരുടെയും ദരിദ്രരുടെയും അലയുന്നവരുടെയും ഉന്മാദികളുടെയും കൂട്ടുകാരൻ കവർച്ച ചെയ്യപ്പെട്ടു. ദൈവം കൂടി അപഹരിക്കപ്പെട്ടാൽ അവർക്കിനി എന്തുണ്ട്?
 
യേശുവിനെ പ്രമേയമാക്കി സിനിമയുടെ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും നല്ല ചിത്രമായിട്ടാണ് വത്തിക്കാൻ്റെ മുഖപത്രമായ I’osservatore romano ഈ പസോളിനിചിത്രത്തെ എണ്ണിയെടുത്തത്. താരതമ്യേന കാലപ്പഴക്കം കുറഞ്ഞ മലയാള സിനിമാചരിത്രത്തിലെ ഏറ്റവും നല്ല യേശുചിത്രം ഇതാണെന്നാണ് വിചാരം. അരവിന്ദൻ്റെ എസ്തപ്പാനാണത്. കാവാലത്തിൻ്റേതാണ് കഥ. ഇത്രമേൽ തെളിച്ചമുള്ള യേശുഭാഷ്യം ഇതരഭാഷകളിൽ പോലും ഉണ്ടോയെന്ന് ഉറപ്പില്ല. ഹിമവാൻ്റെ മുകൾത്തട്ടിൽ എന്നൊരു ചെറിയ പുസ്തകം എഴുതി യാത്രകളുടെ പ്രലോഭനം നിറച്ച രാജൻ കാക്കനാടനാണ് എസ്തപ്പാൻ.
 
കുന്തിരിക്കം നിറച്ച ഒരു ധൂപക്കുറ്റിയുമായി അയാൾ ഇപ്പോഴും നമ്മുടെ കരിമണൽ തീരത്ത് നിൽപ്പുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisement

One thought on “പുലർവെട്ടം 496

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s