അനുദിന വിശുദ്ധർ | ജൂൺ 14 | Daily Saints | June 14

⚜️⚜️⚜️⚜️ June 14 ⚜️⚜️⚜️⚜️

കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന

വിശുദ്ധ മെത്തോഡിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ അധികം വൈകാതെ വിശുദ്ധ നിസെഫോറസിന്റെ മരണത്തെ തുടര്‍ന്ന് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തിരിച്ചെത്തി. ഇതിനിടെ മതവിരുദ്ധവാദിയും, സംസാരിക്കുമ്പോള്‍ വിക്കുള്ളവനുമായിരുന്ന മൈക്കേല്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടി തടവിലടച്ചു. ആ ചക്രവര്‍ത്തിയുടെ ഭരണകാലം മുഴുവനും വിശുദ്ധന് ആ തടവില്‍ കഴിയേണ്ടതായി വന്നു.

830-ല്‍ കത്തോലിക്കാ വിശ്വാസിയും ചക്രവര്‍ത്തിനിയുമായിരുന്ന തിയോഡോറ വിശുദ്ധനെ തടവില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ തന്നെ അവളുടെ ഭര്‍ത്താവും ദൈവ ഭക്തനുമല്ലാതിരുന്ന തിയോഫിലൂസ് വിശുദ്ധ മെത്തോഡിയൂസിനെ നാടുകടത്തി. 842-ല്‍ തിയോഫിലൂസ് മരണപ്പെടുകയും, തിയോഡോറ തന്റെ മകനും ചക്രവര്‍ത്തിയുമായ മൈക്കേല്‍ മൂന്നാമന്റെ ഉപദേഷ്ടാവാവുകയും ചെയ്തു. തുടര്‍ന്ന് അവര്‍ വിശുദ്ധ മെത്തോഡിയൂസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു.

വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ മതവിരുദ്ധ വാദത്തില്‍ നിന്നും മോചിപ്പിക്കുകയും, വര്‍ഷംതോറും ‘നന്ദിപ്രകാശന’ത്തിനായി ഒരു തിരുനാള്‍ സ്ഥാപിക്കുകയും ചെയ്തു. ‘ഫെസ്റ്റിവല്‍ ഓഫ് ഓര്‍ത്തോഡോക്സി’ എന്നാണ് ആ തിരുനാള്‍ അറിയപ്പെട്ടത്. മതപീഡനത്തിനിടക്ക് വിശുദ്ധന്റെ താടിയെല്ല് പൊട്ടിയതിനാല്‍, തന്റെ താടിക്ക് താഴെയായി ഒരു തുണികൊണ്ട് ചുറ്റികെട്ടിയാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്.

പല സഭാനിയമങ്ങള്‍ ക്രോഡീകരിച്ചും ചില പ്രബോധനങ്ങള്‍ ഏറെ വിശദമാക്കിയും വിശുദ്ധന്‍ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ സമകാലികനായിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയത്. നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14ന് വിശുദ്ധന്‍ നീര്‍വീക്കം ബാധിച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ തൊട്ടു പിന്‍ഗാമിയായ വിശുദ്ധ ഇഗ്നേഷ്യസ് വര്‍ഷം തോറും വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കൊര്‍ഡോവയില്‍ വച്ചു വധിക്കപ്പെട്ട അനസ്റ്റാസിയൂസ്, ഫെലിക്സ്, ഡിഗ്നാ

2. ഐറിഷുകാരനായ സീറാന്‍

3. വെല്ഷുകാരനായ ഡോഗ് മെല്‍

4. ബാര്‍ജ്സി ദ്വീപിലെ എല്‍ഗാര്‍

5. എലീസെയൂസ് പ്രവാചകന്‍

6. ഫ്രാന്‍സിലെ എത്തേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയം- പരിശുദ്ധിയുടെ മാതൃക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്‍റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരി‍ക്കയാല്‍ എല്ലാ പുണ്യങ്ങളും സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണമായി ത്തന്നെ അങ്ങില്‍ വിളങ്ങിയിരുന്നു. എന്നില്‍ വിശുദ്ധിയെന്ന പുണ്യം അവിടുന്ന്‍ അത്ഭുതകരമായ വിധം അഭ്യസിക്കുകയും തന്‍റെ സമീപത്തേയ്ക്ക് ശുദ്ധതയുള്ള ആത്മാക്കളെ ആകര്‍ഷിക്കയും ചെയ്യുന്നു. വിശുദ്ധിയുടെ നിറകുടമായ ഒരു കന്യകയെയാണു മനുഷ്യാവതാരസമയത്ത് അവിടുന്ന്‍ മാതാവായി സ്വീകരിച്ചത്.

വളര്‍ത്തുപിതാവായി ത്തീര്‍ന്ന വിശുദ്ധ യൗസേപ്പ് ശുദ്ധതയിലും നീതിയിലും അദ്വിതീയനായിരുന്നു. അദ്ദേഹമാണ് ഈശോയുടെ ചെറുപ്പകാലത്ത് അവിടുത്തെ ഭരിച്ചു നിയന്ത്രിച്ചിരുന്നത്. ഈശോയുടെ പന്ത്രണ്ട് ശിഷ്യരില്‍ വിരക്തിയില്‍ വിശിഷ്ടമായി ശോഭിച്ചിരുന്ന വിശുദ്ധ യോഹന്നാനെ അവിടുന്ന്‍ അതീവ വാത്സല്യത്തോടെ സ്നേഹിക്കയും, സ്വന്തം മാറില്‍ തലചായിക്കുന്നതിന് ഈ ശിഷ്യനെ അനുവദിക്കുകയും ചെയ്തു. ഈശോയുടെ ജീവിതകാലത്ത് അനേകവിധത്തിലുള്ള ദുര്‍ഗുണങ്ങള്‍ ആരോപിച്ച് അവിടുത്തെ അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധതയ്ക്ക് വിരോധമായ ഒന്നും അവിടുത്തേക്കെതിരെ സംസാരിക്കുവാന്‍ എതിരാളികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.

ശുദ്ധതയെന്ന പുണ്യത്തില്‍ സ്ഥിരമായി നിന്ന്‍ യുദ്ധം ചെയ്യുന്ന ആത്മാക്കള്‍ മാലാഖമാര്‍ക്കു തുല്യമാണെന്നാണ് ദൈവശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. വിശുദ്ധിയില്‍ വിശിഷ്ടമായി ശോഭിച്ച ആത്മാക്കള്‍ക്ക് മാത്രമേ ദിവ്യ ചെമ്മരിയാട്ടിന്‍ കുട്ടിയായ ഈശോയുടെ പിന്നാലെ പോകുന്നതിനും സ്വര്‍ഗ്ഗ സംഗീതം ആലപിക്കുന്നതിനും സാധിക്കയുള്ളൂ. ആകയാല്‍ ഈശോയുടെ7 ദിവ്യഹൃദയ ഭക്തരായ നമുക്കും അഴിഞ്ഞു പോകുന്ന സുഖസന്തോഷങ്ങളില്‍ നിന്നെല്ലാം അകന്നുമാറി ശുദ്ധമായ ജീവിതം കഴിക്കാന്‍ യത്നിക്കാം. അശുദ്ധിയെന്ന പാപത്തെ ഭയന്ന്‍ അകന്നു നടക്കുന്നവന്‍ ബുദ്ധിമാനും ഭാഗ്യവാനുമാണ് അഹംഭാവികളും, സ്വശക്തിയാല്‍ എല്ലാം നേടിക്കൊള്ളാം എന്നു വിചാരിക്കുന്നവരും തീര്‍ച്ചയായും ഇതില്‍ തന്നെ വീണു നശിക്കും.

സ്വശക്തിയിലും ജ്ഞാനത്തിലും ആശ്രയിക്കാതെ ഈശോയുടെ ശക്തമായ സഹായത്തില്‍ ശരണപ്പെട്ടുകൊണ്ട് അവിടുത്തെ ദിവ്യഹൃദയത്തില്‍ സ്വയം സമര്‍പ്പിക്കുക. ഈ പുണ്യം നഷ്ടമാകാതിരിക്കുവാന്‍ അതിനു വിരോധമായ എല്ലാ പാപസാഹചര്യത്തില്‍ നിന്നും അകന്നു മാറണം. വിശുദ്ധ കന്യകയോടും വിരക്തരുടെ കാവല്‍ക്കാരനായ വി.യൗസേപ്പിനോടും ദിവസം തോറും പ്രാര്‍ത്ഥിക്കണം. ഈ മുന്‍കരുതലുകള്‍ എടുക്കുന്നവര്‍ പാപത്തില്‍ വീഴുകയില്ലായെന്നു മനസ്സിലാക്കുക.

ജപം
❤️❤️

ഏറ്റവും പരിശുദ്ധമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ശുദ്ധതയുടെ വെണ്മയാല്‍ മാലാഖമാര്‍ പോലും അത്ഭുതപ്പെട്ട്‌ അങ്ങേ ആരാധിക്കുന്നു. ദിവ്യനാഥാ! എന്‍റെ ഹൃദയത്തിലുള്ള അശുദ്ധമായ ആഗ്രഹങ്ങളെയും ക്രമമല്ലാത്ത ആശകളേയും മാറ്റി, മാലാഖയ്ക്കടുത്ത ശുദ്ധതയെ ഇഷ്ടപ്പെടുവാനും പരിശുദ്ധമായ ജീവിതം കഴിപ്പാനും വിശുദ്ധന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാഗ്യത്തിന് യോഗ്യനാകുവാനും എനിക്ക് അനുഗ്രഹം നല്‍കണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

പരിശുദ്ധിയുടെ ആലയമായ ഈശോയുടെ ദിവ്യഹൃദയമേ! വിശുദ്ധ ജീവിതം കഴിക്കുവാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ.

സല്‍ക്രിയ
❤️❤️❤️❤️

ശുദ്ധതയെന്ന പുണ്യത്തിനു ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടായിരുന്നാല്‍ അതു ഉടന്‍ നീക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

നിങ്ങള്‍ ആപ്രവാചകന്റെ യോ വിശകലനക്കാരന്റെ യോ വാക്കുകള്‍ കേള്‍ക്കരുത്‌. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന്‌ അറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്‌ഷിക്കുകയാണ്‌.
നിയമാവര്‍ത്തനം 13 : 3

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്‌ടനായിരിക്കും;നിനക്കു നന്‍മ വരും.
സങ്കീര്‍ത്തനങ്ങള്‍ 128 : 1-2

എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു.
ഗലാത്തിയാ 1 : 15

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക.. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.. (യോഹന്നാൻ : 20/27)


എത്രയും മാധുര്യമുള്ള ഈശോയുടെ തിരുഹൃദയമേ..

അങ്ങേ തിരുമുൻപിൽ എളിമയോടും വണക്കത്തോടും കൂടെ ഞങ്ങളിതാ സാഷ്ടാംഗം പ്രണമിക്കുന്നു. ഞങ്ങൾക്കായി മുറിയപ്പെട്ട അങ്ങേ തിരുഹൃദയത്തിൽ എന്നും ജ്വലിച്ചെരിയുന്നത് ഞങ്ങളോടുള്ള അണയാത്ത സ്നേഹമാണ്.

ഈ ലോകംമുഴുവനും നിറഞ്ഞുനിൽക്കുന്ന സ്നേഹത്തെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു കുഞ്ഞു ഹൃദയത്തിൽ ഒതുക്കിയ എന്റെ ഈശോയെ, ഈ ലോകത്തിൽ, ചങ്ക് പറിച്ചുകയ്യിൽ പിടിച്ചു കാണിച്ചുകൊണ്ട് “ഇതാണെന്റെ ഹൃദയം” എന്ന് പറഞ്ഞ ഒരേ ഒരു സ്നേഹം, എന്റെ പൊന്നീശോയെ, അത് അങ്ങയുടേത് മാത്രമാണ്… എന്നിട്ടും ഒരു പൂവിന്റെ വിലപോലും കൊടുക്കാൻ എനിക്കിതുവരെയും കഴിഞ്ഞിട്ടില്ലീശോയെ… നല്ല പാട്ടുകൾ കേൾക്കുമ്പോൾ എനിക്കും ഒരുപാട്ടുകാരൻ ആകണമെന്ന് തോന്നിയിട്ടുണ്ട്… നല്ല വ്യക്തിത്വം ഉള്ള ആൾക്കാരെ അടുത്തറിഞ്ഞപ്പോൾ അവരെപ്പോലെ ആയിത്തീരണം എന്ന് പലവട്ടം തീരുമാനിച്ചിട്ടുണ്ട്… ഒരു നല്ല കവിത വായിച്ചപ്പോൾപോലും എന്തേ എനിക്കുമിതുപോലൊരെണ്ണം എഴുതിക്കൂടാ എന്ന് സ്വയം ചോദിച്ചിട്ടുണ്ട്… നല്ലൊരു രാഷ്ട്രീയ പ്രവർത്തകനുമായുള്ള സൗഹൃദം എന്നെയും നല്ലൊരു രാജ്യസ്നേഹി ആക്കിയിട്ടുണ്ട്… പക്ഷെഎന്റെ ഈശോയെ, വര്ഷങ്ങളോളം ദൈവത്തെ ഉപാസിക്കുന്ന ഞങ്ങൾക്കെന്തേ, ദൈവത്തെ പോലാകാൻ സാധിക്കാത്തത്?… ഈശോയെ, അങ്ങയെ രുചിച്ചറിഞ്ഞിട്ടുള്ളതുപോലെ വേറെയാരെയും ഞാൻ എന്റെ ജീവിതത്തിൽ അടുത്തറിഞ്ഞിട്ടില്ല… ഹൃദയം പറിച്ചുതരുന്ന അങ്ങയുടെ സ്നേഹത്തെ തിരിച്ചറിയുവാൻ ലോകത്തു സംഭവിച്ചിട്ടുള്ള എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ… “ഇതുപോലെ ആയിമാറണെ” എന്ന് ക്ഷണിച്ചുകൊണ്ട് സ്വന്തം ഹൃദയം തന്നെയാണല്ലോ ഓരോ ദിവ്യബലിയിലും അങ്ങ് ഞങ്ങൾക്ക് നാവിൽ വച്ചുതരുന്നത്… ഞങ്ങൾക്ക് നഷ്ടമായ ദൈവത്തിന്റെ ഛായ വീണ്ടെടുക്കുവാനായി ഈശോയെ, അങ്ങ് ഞങ്ങൾക്ക് വച്ചു നീട്ടുന്നത് അങ്ങയുടെ ഹൃദയം തന്നെയാണല്ലോ… കുഞ്ഞായിരുന്നപ്പോൾ ഒരുപാടുതവണ ചിന്തിച്ചിട്ടുണ്ട് “എന്തായിരിക്കും ഈശോ ഹൃദയം കയ്യില്പിടിച്ചുകൊണ്ടു നിൽക്കുന്നത്?” എന്ന്… മറച്ചു വയ്ക്കാനൊന്നുമില്ലാത്തതും മാലിന്യമില്ലാത്തതും ശുദ്ധിയുള്ളതും ആയ ഹൃദയങ്ങളുടെ സ്ഥാനം എന്നും എല്ലാർക്കും കാണത്തക്കവിധം പുറത്തായിരിക്കും എന്ന് ഞാൻ പഠിച്ചത് അങ്ങനെയാണ് ഈശോയെ… “നാം ഭക്ഷിക്കുന്നതെല്ലാം നാമായിത്തീരും” എന്ന് പറയുന്നതു പോലെ, ഈശോയെ, എന്റെ ദിവ്യകാരുണ്യ സ്വീകരണങ്ങളിൽ അങ്ങയുടെ തിരുഹൃദയമാണ് ഞാൻ സ്വീകരിക്കുന്നത് എന്ന വലിയ സത്യം തിരിച്ചറിഞ്ഞുകൊണ്ട് എന്നും ആ ഹൃദയം ഭക്ഷിച്ചു ഭക്ഷിച്ചു, ഉള്ളിലെവിടെയോ ആരും കാണാതെ, ആരെയും കയറാൻ അനുവദിക്കാതെ ഞാൻ സൂക്ഷിച്ചിരിക്കുന്ന എന്റെ ഹൃദയത്തെ പയ്യെ പയ്യെ അങ്ങയുടെ ഹൃദയമാക്കി മാറ്റുവാൻ എന്നെ അനുഗ്രഹിക്കേണമേ… ആമേൻ

Leave a comment