{പുലർവെട്ടം 497}
“Give us today our daily bread” (Matthew 6:11)
നല്ലൊരു നിരീക്ഷണമാണ് ഒരു കാൽനൂറ്റാണ്ട് കൊണ്ട് ഉണ്ടായ വ്യത്യാസം. പള്ളിയിലോ ക്ഷേത്രത്തിലോ മനുഷ്യർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ഏറ്റവും വലിയ ആശങ്ക പടികളിൽ അഴിച്ചുവെച്ച ചെരുപ്പുകൾ അവിടെത്തന്നെയുണ്ടാകുമോ എന്നുള്ളതായിരുന്നു. തീർത്ഥാടനകേന്ദ്രങ്ങളിൽ ചെരുപ്പ് കാക്കാനായി മനുഷ്യർ കൂനിപ്പിടിച്ചിരിക്കുമായിരുന്നു. മഴക്കാലത്ത് കുടയായിരുന്നു പ്രശ്നം. തെങ്ങിൽനിന്ന് പാതയോരത്തേക്ക് അടർന്നു വീണ തേങ്ങ വീട്ടുകാർ എത്തും മുൻപേ ആരോ കൈക്കലാക്കി. ഇതൊന്നും ഇപ്പോൾ സംഭവിക്കുന്നില്ല. ചെരുപ്പും കുടയും തേങ്ങയുമൊക്കെ അതാതിടങ്ങളിൽ നിങ്ങൾ എത്ര വൈകി വന്നാലും അതേപോലെ തന്നെ ഉണ്ടാകും. മറന്നുവച്ച ഒന്നിനെക്കുറിച്ചും പരിഭ്രമിക്കേണ്ട. ഓർമ്മ കിട്ടുമ്പോൾ സാവകാശം ചെന്നാൽ മതി. അടിസ്ഥാന ആവശ്യങ്ങൾ അഡ്രസ് ചെയ്യപ്പെടുന്ന ഒരു സമൂഹം ധാർമ്മികമായി മെച്ചപ്പെട്ട ഇടമാകുന്നു. വിശക്കുന്ന ഒരാൾക്കൂട്ടത്തെ നോക്കി അവർ വഴിയിൽ വീണുപോയേക്കുമെന്ന് ഒരു താക്കീത് യേശുവിൻ്റേതായി അടയാളപ്പെടുത്തിക്കൊണ്ട്. വിശന്ന മനുഷ്യരാണ് മിക്കവാറും ഇടറിപ്പോയ മനുഷ്യരെല്ലാം തന്നെ.
ദാരിദ്ര്യത്തിൽനിന്നാണ് പകയും വിദ്വേഷവും ഉണ്ടാകുന്നത്. പണ്ട് പണ്ട് ജീവിതത്തിലൊരിക്കലും പാല് കുടിച്ചിട്ടില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു. കളിക്കൂട്ടുകാർ അവൻ്റെ വിഷമം പരിഹരിക്കാൻ തീരുമാനിച്ചു. കുട്ടിയെ മതിയാവോളം കുടിപ്പിച്ചു. അതിനുശേഷം ചുറ്റിനും കിടന്ന് തുള്ളിച്ചാടി അരിമാവ് കലക്കിക്കൊടുത്ത കഥ പറഞ്ഞ് ആർത്ത് ചിരിച്ചു. മകൻ നേരിട്ട പരിഹാസവും നിസ്സഹായനായ അച്ഛനെന്ന നിലയിൽ അനുഭവിച്ച ആത്മനിന്ദയും ചേർന്നിട്ടാണ് ദ്രോണർ എന്ന സാത്വികനായ ആചാര്യൻ്റെ ചുവട്പിഴപ്പിക്കുന്നത്. മിക്കവാറും എല്ലാ അധർമ്മങ്ങളുടെയും പിന്നാമ്പുറങ്ങളിൽ പരിഹാരമില്ലാത്ത ദാരിദ്ര്യത്തിന്റെ ഹൃദയഭേദകമായ ഓർമ്മകൾ ഉണ്ടായിരിക്കും. വയോധികരുടെ പരിചരണം തുടങ്ങി നമ്മൾ വൈകാരികമായി നേരിടുന്ന വർത്തമാനപ്രതിസന്ധികൾക്കും ഇല്ലായ്മയുടെ പശ്ചാത്തലം നിശ്ചയമായും ഉണ്ടാവും. സ്നേഹവും സന്തോഷവും സമാധാനവുമൊക്കെ ചില അടിസ്ഥാന ആകുലതകൾ പരിഹരിക്കപ്പെടുന്ന ഇടത്തിൽ മാത്രമാണ് ദീർഘകാലം പാർക്കാനെത്തുന്നതെന്ന് തോന്നുന്നു.
അധർമ്മം പെരുകുകയും സ്നേഹം തണുത്തുറഞ്ഞ് പോകുകയും ചെയ്യുന്നുവെന്ന യേശുമൊഴിയുണ്ട്. ദാരിദ്ര്യമാണ് ഏറ്റവും വലിയ അനീതി. ഓരോരുത്തർക്കും അർഹതയുള്ളത് ഉറപ്പ് വരുത്തുകയാണ് നീതിബോധം. സമൂഹമത് ഉറപ്പുവരുത്താതെ പോകുമ്പോൾ മനുഷ്യർ ഉദാരശീലരും ഹൃദയവിശാലതയുള്ളവരുമായി നിലനിൽക്കണമെന്ന് ശഠിക്കുന്നതിൽ കഥയില്ല. PT മാഷ് മൈതാനത്തിൽ വച്ച് സ്പോർട്സ് ഡേയുടെ ഒടുവിൽ മുകളിലേക്ക് എറിഞ്ഞുകളിച്ച ഏതാനും മിഠായികളുടെ തുടർച്ച തന്നെയാണ് ശിഷ്ടജീവിതം. അപ്പോൾ ചങ്ങാതിമാരില്ലാതെയായി. കാലിൽ ചവിട്ടിയും തള്ളിമാറ്റിയും ചോരപൊടിഞ്ഞുമൊക്കെ മാത്രമേ നിലനില്പ് സാധ്യമാവൂ എന്നതാണ് ഇളംബോധത്തിൽ അവശേഷിക്കുന്ന പാഠം.
സ്നേഹത്തെക്കുറിച്ച് പറയാൻ വരട്ടെ. ഒരു വൃക്ഷത്തെ രൂപകമായി എടുക്കുകയാണെങ്കിൽ നീതിയാണതിൻ്റെ വേര്. ഇലകളും പൂക്കളും സ്നേഹത്തിന്റെ തളിർപ്പുകൾ. പഴത്തെ കരുണയെന്നും വിളിക്കും.
വേരുകൾ ഇനിയും അഗാധമാകേണ്ടതുണ്ട്.
– ബോബി ജോസ് കട്ടികാട്
Advertisements

Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Reblogged this on Love & Love Alone.
LikeLiked by 1 person