അനുദിന വിശുദ്ധർ | ജൂൺ 15 | Daily Saints | June 15

⚜️⚜️⚜️⚜️ June 15 ⚜️⚜️⚜️⚜️
വിശുദ്ധ ജെര്‍മൈന്‍ കസിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും ആ പെണ്‍കുട്ടി മനോഹരിയും, ആരെയും ആകര്‍ഷിക്കുന്ന നല്ല സ്വഭാവത്തിനുടമയുമായിരുന്നു.

രണ്ടാനമ്മയുടെ ക്രൂരമായ ശിക്ഷണങ്ങള്‍ക്കും അവള്‍ വിധേയയായിരുന്നു. ഇലകലും മരച്ചില്ലകളും നിറഞ്ഞ കോവണിയുടെ ചുവട്ടിലുള്ള ഒരു ചെറിയ മുറിയിലായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്. വേനല്‍കാലത്തും, മഞ്ഞുകാലത്തും അവള്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് ആടുകളെ മൈതാനത്ത് മേക്കുവാന്‍ കൊണ്ടുപോവുകയും വൈകുന്നേരം വരെ അവയെ നിരീക്ഷിച്ചുകൊണ്ട് അവിടെ കഴിയുകയും ചെയ്തു. അതിനിടക്കുള്ള സമയത്തില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു അവള്‍ക്ക്. അവളോട് പറഞ്ഞിട്ടുള്ള അളവിലുള്ള നൂല്‍ ഉണ്ടാക്കിയില്ലെങ്കില്‍ രണ്ടാനമ്മ കഠിനമായി ശിക്ഷിക്കുമായിരുന്നു.

എന്നാല്‍, മുതിര്‍ന്നവരേപോലെ ആ ഗ്രാമത്തിലെ കുട്ടികള്‍ നിരാലംബയായ ഈ പെണ്‍കുട്ടിയോട് ശത്രുത കാണിച്ചിരുന്നില്ല. ആടുകളെ മേക്കുന്നതിനിടക്ക് നന്മയെകുറിച്ചും, ദൈവസ്നേഹത്തെ കുറിച്ചും അവള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമായിരുന്നു. ഗ്രാമത്തിലെ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ക്ക് ശേഷമുള്ള വേദപാഠം മാത്രമായിരുന്നു അവള്‍ക്ക് ലഭിച്ചിരുന്ന ഏക വിദ്യാഭ്യാസം. അതിലാകട്ടെ വളരെ സന്തോഷപൂര്‍വ്വം അവള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വയലുകളില്‍ ആടുകളെ മേക്കുന്നതിനിടക്കും രാത്രിയില്‍ തൊഴുത്തില്‍ ചിലവഴിക്കുന്നതുമായ നീണ്ട ഏകാന്തതകള്‍ അവള്‍ ദൈവവുമായുള്ള സംവാദത്തില്‍ ചിലവഴിച്ചു. പക്ഷേ ഒരിക്കല്‍ പോലും അവള്‍ തന്റെ കഠിനമായ ജീവിതത്തെകുറിച്ച് പരാതിപ്പെട്ടിട്ടില്ല.

എല്ലാ പ്രഭാതങ്ങളിലും അവള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുമായിരുന്നു. പരിശുദ്ധ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധയുടെ പതിവായിരുന്നു. ദേവാലയത്തിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ അവള്‍ക്ക് ഒരു ചെറിയ അരുവി കടക്കേണ്ടതുണ്ടായിരുന്നു. താരതമ്യേന ചെറിയ അരുവിയാണെങ്കിലും കനത്ത മഴ പെയ്തുകഴിഞ്ഞാല്‍ അത് അതിശക്തവും ഭയാനകവുമായ ഒരു ജല പ്രവാഹമായി തീരുമായിരിന്നു. അത്തരം അവസരങ്ങളില്‍ വിശുദ്ധ വരുമ്പോള്‍ അരുവിയിലെ വെള്ളം രണ്ടായി വിഭജിച്ച് മാറുകയും, വിശുദ്ധ വരണ്ട ഭൂമിയിലൂടെ അരുവി മറികടക്കുന്നതും നിരവധി പ്രാവശ്യം ആ ഗ്രാമത്തിലുള്ളവര്‍ അത്ഭുതത്തോടു കൂടി നോക്കി കണ്ടിട്ടുണ്ട്. തന്റെ ആടുകളെ വിട്ട് ദേവാലയത്തില്‍ പോകേണ്ട അവസരങ്ങളില്‍ വിശുദ്ധ തന്റെ കയ്യിലുള്ള വടി തറയില്‍ കുത്തനെ കുത്തി നിര്‍ത്തിയിട്ടായിരുന്നു പോയികൊണ്ടിരുന്നത്. ആടുകളില്‍ ഒരെണ്ണം പോലും ആ വടിയുടെ സമീപത്ത് നിന്നും ദൂരേക്ക് പോകാറില്ലായിരുന്നു.

ഒരു ദിവസം ജെര്‍മൈന്‍ കസിന്‍ ആടുകളെ റോഡിലേക്കിറക്കി കൊണ്ടിരിക്കുന്ന അവസരത്തില്‍ അവളുടെ രണ്ടാനമ്മ വിശുദ്ധയുടെ സമീപത്ത് വന്ന് അവള്‍ അപ്പം മോഷ്ടിക്കുകയും, അത് അവളുടെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പറഞ്ഞ്‌ ശകാരിച്ചു. വിശുദ്ധയാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കുപ്പായത്തിന്റെ മേലങ്കിയുടെ മടക്ക് നിവര്‍ത്തിയപ്പോള്‍ ആ പ്രദേശത്തെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വളരെയേറെ സുഗന്ധം വമിക്കുന്ന പുഷ്പങ്ങളാണ് നിലത്ത് വീണത്. 1601-ല്‍ വിശുദ്ധക്ക് 21-വയസ്സ് പ്രായമുള്ളപ്പോളാണ് അവള്‍ മരണപ്പെടുന്നത്. ഗ്രാമത്തിലെ ദേവാലയത്തില്‍ വിശുദ്ധയുടെ മൃതശരീരം അടക്കം ചെയ്തു.

നാല്‍പ്പത്തി മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അവളുടെ കല്ലറക്ക് സമീപം അവളുടെ ബന്ധുവിന്റെ മൃതദേഹം മറവ് ചെയ്യുവാനായി കല്ലറയുടെ കല്ലുകള്‍ തുറന്നപ്പോള്‍ കുഴിമാന്തുന്നവര്‍ ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. അതി മനോഹരിയായ പെണ്‍കുട്ടിയുടെ മൃതദേഹം യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്, അവരിലൊരാളുടെ മണ്‍വെട്ടി കൊണ്ട് ആ മൃതദേഹത്തിന്റെ മൂക്കിന്റെ തുമ്പ്‌ അല്‍പ്പം മുറിഞ്ഞിട്ടുണ്ടായിരുന്നു, ആ മുറിവില്‍ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു. ആ ഗ്രാമത്തിലെ പ്രായമായ ആളുകളില്‍ ചിലര്‍ ആ മൃതദേഹം ജെര്‍മൈന്‍ കസിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഒന്നിന് പിറകെ ഒന്നായി അവിടെ അത്ഭുതങ്ങള്‍ നടന്നു. പിബ്രാക്ക് എന്ന ആ കൊച്ചു ഗ്രാമത്തില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട രീതിയില്‍ കഴിഞ്ഞിരുന്ന ആ പെണ്‍കുട്ടി 1867-ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പായാല്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന പിബ്രാക്കിലെ ദേവാലയത്തിലേക്ക് വര്‍ഷംതോറും ആയിരകണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഔവേണ്‍ആശ്രമത്തിലെ അബ്രാഹം

2. അഡിലെയിഡ്

3. കൊര്‍ഡോവയിലെ ഒരു വനിതയായ ബെനില്‍ ദിസ്

4. ബൊവെയിസു ബിഷപ്പായ കോണ്‍സ്റ്റന്‍റയിന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടോ? ആരില്‍ നിന്നാണു ദൈവകുമാരന്‍ മനുഷ്യസ്വഭാവം സ്വീകരിക്കുന്നത്. ഐശ്വര്യത്തിലും ബഹുമതിയിലും ഉന്നതി പ്രാപിച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നാകുന്നുവോ? തീര്‍ച്ചയായും അല്ല.

ശ്രേഷ്ഠകുലജാതയെങ്കിലും ലോകദൃഷ്ട്യാ അപ്രസിദ്ധയും ദരിദ്രയുമായ ഒരു കന്യകയാണ് അവിടുത്തെ മാതാവ്. പരിശുദ്ധാരൂപിയുടെ പവിത്രദാനങ്ങളാല്‍ അവള്‍ അലംകൃതയാണ്. മനുഷ്യര്‍ക്കു പ്രാപ്യമായ വിശുദ്ധിയുടെ ഉന്നതപദവിയില്‍ അവള്‍ എത്തിച്ചേര്‍ന്നിരുന്നു. ഈശോയുടെ ജനനസ്ഥലത്തെയും നമുക്കൊന്നു കണ്ണോടിക്കാം. തീര്‍ത്തും നിസ്സാരവും വൃത്തിശൂന്യവുമായ ഒരു കാലിക്കൂട്ടില്‍ അവിടുന്നു ജാതനാകുന്നു. മൃഗങ്ങളുടെ ഇടയിലാണ് അവിടുന്ന്‍ പിറന്നു വീണത്.

മുപ്പതുവര്‍ഷത്തോളം ദീര്‍ഘിച്ച അവിടുത്തെ രഹസ്യജീവിതകാലം മുഴുവന്‍ അദ്ധ്വാനം ചെയ്താണ് ജീവിതത്തിനാവശ്യമായത് സമ്പാദിച്ചത്. വിശ്വപ്രസിദ്ധമായ മലയിലെ പ്രസംഗത്തില്‍ അവിടുന്നു ആദ്യമായി ഉപദേശിച്ചത് ദാരിദ്രൃത്തെപ്പറ്റിയായിരുന്നു. “ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു.” ധനസുഖങ്ങളില്‍ ഹൃദയം നിമഗ്നമാക്കാത്തവരെയാണ് അവിടുന്നു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. രാജാധിരാജനും സകല ഐശ്വര്യങ്ങളുടെയും അധിപനായ മിശിഹായുടെ ദാരിദ്ര്യത്തിന്‍റെ അഗാധത അറിയണമെങ്കില്‍ ഗാഗുല്‍ത്താ മലയിലേക്കു നമ്മുടെ കണ്ണുകള്‍ ഉയര്‍ത്തണം. ദൈവകുമാരന്‍റെ അരമന കപാലഗിരിയുടെ മുകളില്‍ ദൃശ്യമാണ്.

മൂന്നാണികളാല്‍ ‍നിര്‍മ്മിതമാണ് അവിടുത്തെ സിംഹാസനം. ദാഹത്താല്‍ വലഞ്ഞും, നഗ്നനായും, സഹായിക്കാനും സ്നേഹിക്കാനും ആളുകളില്ലാതെ പരിത്യക്തനായും അവിടുന്നു നമുക്കു ദൃശ്യമാകും. മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഉല്‍കൃഷ്ടമായ സ്നേഹത്തിന്‍റെയും ഉദാത്തമായ ത്യാഗത്തിന്‍റെയും ബലിവേദിയാണ് ഗാഗുല്‍ത്താ. സ്രഷ്ടാവിന്‍റെ ദാരിദ്ര്യം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ കുരിശിലേക്കു കണ്ണുകളുയര്‍ത്തണം.

ദിവ്യനാഥന്‍റെ കാലടികളെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന നാം സാമ്പത്തികമായി ഉയര്‍ന്നവരോ, സാമൂഹ്യമേഖലയില്‍ അഭിവൃദ്ധി പ്രാപിച്ചവരോ, മറ്റേതെങ്കിലും നിലയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരോ ആയിരുന്നാലും ശരി കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍ എപ്പോഴും ഉണ്ടായിരിക്കണം. നൈമിഷികങ്ങളായ സുഖങ്ങള്‍ നല്‍കുന്ന ലോകവസ്തുക്കളില്‍ നിന്നെല്ലാം ശ്രദ്ധാപൂര്‍വ്വം വിട്ടുമാറി നിത്യമായവയെ അന്വേഷിക്കുവാന്‍ നമുക്കു ശ്രമിക്കാം.

ജപം
❤️❤️

ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃകയായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. കാരുണ്യം നിറഞ്ഞ എന്‍റെ രക്ഷിതാവേ! എന്‍റെ ആഗ്രഹം മുഴുവനും ലോകവസ്തുക്കളിലും ബഹുമാനാദികളിലും ആയിരിക്കുന്നുവെന്നു അറിയുന്നതില്‍ അങ്ങ് എത്രയധികം ഖേദിക്കുന്നു. പരിപൂര്‍ണ്ണമായ എന്‍റെ ഹൃദയത്തെ അങ്ങേ ദിവ്യഹൃദയത്തോടു താരതമ്യപ്പെടുത്തി നോക്കുന്നുവെങ്കില്‍ എന്‍റെ ഹൃദയം അന്ധകാരത്താലും സകല വക ദുര്‍ഗുണങ്ങളാലും നിറഞ്ഞ ഒരു ഗുഹയാണെന്നതില്‍ സംശയമില്ല. സ്നേഹം നിറഞ്ഞ എന്‍റെ ഈശോയെ! എന്നെ ദയാപൂര്‍വ്വം അനുഗ്രഹിക്കണമേ. അങ്ങിലുള്ള ദിവ്യഹൃദയത്തിന്‍റെ പ്രകാശം എന്നിലുള്ള അന്ധകാരത്തെ നീക്കി എന്‍റെ എല്ലാ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും സംശുദ്ധമാക്കട്ടെ. അങ്ങില്‍ മാത്രം എന്‍റെ ശരണം മുഴുവനും വയ്ക്കുന്നതിനും എന്‍റെ പൂര്‍ണ്ണശക്തിയോടുകൂടി അങ്ങയെ മാത്രം സ്നേഹിക്കുനതിനും അനുഗ്രഹം നല്‍കണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യഹൃദയമേ! എല്ലാവരും നിന്നെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ.

സല്‍ക്രിയ
❤️❤️❤️❤️❤️

ഒരാള്‍ക്ക് ഭിക്ഷ നല്‍കുക .
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

Leave a comment