⚜️⚜️⚜️⚜️ June17 ⚜️⚜️⚜️⚜️
രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും,
വിശുദ്ധ മാര്‍സിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഡയോക്ലീഷന്റെ മതപീഡന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ വിശുദ്ധര്‍ കുറച്ചുകാലം റോമന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും ക്രിസ്ത്യാനികള്‍ക്കെതിരായിട്ടുള്ള രാജകീയ ഉത്തരവുകള്‍ പരസ്യപ്പെടുത്തി തുടങ്ങിയപ്പോള്‍, അവര്‍ തങ്ങളുടെ സൈനീക സേവനം മതിയാക്കി. ഇത് അവര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെടുവാന്‍ കാരണമായി. തുടര്‍ന്ന് ആ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന മാക്സിമസ് അവരെ വിചാരണ ചെയ്തു.
എല്ലാവരും തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കണമെന്ന രാജകീയ ഉത്തരവിനെ കുറിച്ച് ന്യായാധിപന്‍ അവരെ അറിയിച്ചു. എന്നാല്‍ നിക്കാന്‍ഡറിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ആ ഉത്തരവ് ക്രിസ്ത്യാനികള്‍ക്ക് മാനിക്കുവാന്‍ ബുദ്ധിമുട്ടാണ് കാരണം അമര്‍ത്യനായ തങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് കല്ലുകളേയും, മരത്തേയും ആരാധിക്കുന്നത് തങ്ങളുടെ വിശ്വാസസത്യങ്ങള്‍ക്കെതിരാണ്”. നിക്കാന്‍ഡറിന്റെ ഭാര്യയായിരുന്ന ഡാരിയ അപ്പോള്‍ അവിടെ സന്നിഹിതയായിരുന്നു. അവള്‍ തന്റെ ഭര്‍ത്താവിന്റെ നിലപാടില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അവളെ തടഞ്ഞുകൊണ്ട് മാക്സിമസ് പറഞ്ഞു: “ദുഷ്ടയായ സ്ത്രീയെ, എന്തുകൊണ്ടാണ് നീ നിന്റെ ഭര്‍ത്താവിനെ മരണത്തിനായി വിടുന്നത്?”. ഡാരിയയുടെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ ആഗ്രഹിക്കുന്നത് അവന്റെ മരണമല്ല. ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അവന്‍ ഒരിക്കലും മരിക്കുകയില്ല”. വീണ്ടും നിക്കാന്‍ഡറിന്റെ വിചാരണ തുടര്‍ന്ന മാക്സിമസ് വിശുദ്ധനോട് പറഞ്ഞു, “നീ സമയമെടുത്തു ചിന്തിച്ചതിനു ശേഷം, മരിക്കണമോ, ജീവിക്കണമോ എന്ന് തീരുമാനിക്കുക”. നിക്കാന്‍ഡര്‍ ഇപ്രകാരം മറുപടി കൊടുത്തു: “ഇക്കാര്യത്തില്‍ ഞാന്‍ ഇതിനോടകം തന്നെ ആലോചിക്കുകയും, സ്വയം രക്ഷപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു” “തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുകൊണ്ട് സ്വയം രക്ഷപ്പെടുന്ന കാര്യമാണ് വിശുദ്ധന്‍ പറഞ്ഞതെന്നാണ് ന്യായാധിപന്‍ കരുതിയത്, അതിനാല്‍ തന്റെ ഉപദേശകരില്‍ ഒരാളായ സൂടോണിയൂസിനെ അനുമോദിക്കുകയും അയാളോടൊപ്പം തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചതില്‍ ആനന്ദിക്കുകയും ചെയ്തു.
എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധ നിക്കാന്‍ഡര്‍ “ദൈവത്തിന് നന്ദി” എന്ന് പറഞ്ഞുകൊണ്ട് ലോകത്തിന്റെ അപകടങ്ങളില്‍ നിന്നും, പ്രലോഭനങ്ങളില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതുകേട്ട ഗവര്‍ണര്‍ “നീ അല്‍പ്പം മുമ്പ് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മരണം ആഗ്രഹിക്കുന്നുവോ?” എന്ന് ചോദിച്ചപ്പോള്‍ വിശുദ്ധന്റെ മറുപടി ഇങ്ങനെയായിരിന്നു, “ഈ ലോകത്തെ ക്ഷണികമായ ജീവിതമല്ല, അനശ്വരമായ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പൂര്‍ണ്ണ സമ്മതത്തോട് കൂടി ഞാന്‍ എന്റെ ശരീരത്തെ നിനക്ക് സമര്‍പ്പിക്കുന്നു. നിനക്കിഷ്ടമുള്ളത് ചെയ്തുകൊള്ളുക”.
തുടര്‍ന്ന് വിശുദ്ധ മാര്‍സിയന്‍റെ ഊഴമായിരിന്നു. “തന്റെ സഹ തടവുകാരന്റെ അതേ തീരുമാനമാണ് തന്റെതും” എന്നാണ് വിശുദ്ധ മാര്‍സിയന്‍ ഗവര്‍ണര്‍ക്ക് മറുപടി കൊടുത്തത്. ഇതേതുടര്‍ന്ന് അവരെ രണ്ട് പേരേയും ഇരുട്ടറയില്‍ അടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. അവിടെ അവര്‍ 20 ദിവസത്തോളം കഴിച്ചു കൂട്ടി. ഇതിന് ശേഷം ഗവര്‍ണറുടെ മുന്‍പില്‍ അവരെ വീണ്ടും ഹാജരാക്കി. ഇപ്പോള്‍ നിങ്ങള്‍ക്ക് ചക്രവര്‍ത്തിയുടെ ഉത്തരവ് മാനിക്കുവാന്‍ ആഗ്രഹമുണ്ടോ എന്ന ഗവര്‍ണറുടെ ചോദ്യത്തിന് വിശുദ്ധ മാര്‍സിയന്‍ ഇപ്രകാരം മറുപടി കൊടുത്തു: “നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തേയോ, മതത്തേയോ ഉപേക്ഷിക്കുകയോ, നിഷേധിക്കുകയോ ചെയ്യുകയില്ല. വിശ്വാസത്താലാണ് ഞങ്ങള്‍ അവനെ മുറുകെപിടിച്ചിരിക്കുന്നത്, അവന്‍ ഞങ്ങളെ വിളിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഞങ്ങള്‍ക്കറിയാം, ഞങ്ങളെ തടവില്‍ നിന്നും മോചിപ്പിക്കുവാന്‍ ഞങ്ങള്‍ നിന്നോടു യാചിക്കുകയില്ല; എത്രയും പെട്ടെന്ന്‍ തന്നെ ഞങ്ങളെ അവന്റെ പക്കലേക്ക് അയക്കുക, തന്മൂലം ഞങ്ങള്‍ക്ക് ക്രൂശില്‍ മരണം വരിച്ച അവനെ കാണുവാന്‍ സാധിക്കുമാറാകട്ടെ, നിങ്ങള്‍ ആരെയാണ് ഉപേക്ഷിക്കുവാന്‍ പറയുന്നത്? അവനേതന്നെയാണ് ഞങ്ങള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്.” ഇതുകേട്ട ഗവര്‍ണര്‍ അവര്‍ രണ്ട് പേരെയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുവാന്‍ ഉത്തരവിട്ടു.
ആ രണ്ട് വിശുദ്ധരും ഗവര്‍ണര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഏറ്റവും കരുണയുള്ളവനായ ന്യായാധിപാ, അങ്ങേക്ക് സമാധാനം ലഭിക്കട്ടെ.” സന്തോഷപൂര്‍വ്വമാണ് അവര്‍ രണ്ട് പേരും തങ്ങളുടെ കൊലക്കളത്തിലേക്ക് ഒരുമിച്ച് നടന്നുപോയത്. പോകുന്ന വഴിയില്‍ അവര്‍ ദൈവത്തെ സ്തുതിക്കുന്നുണ്ടായിരുന്നു. നിക്കാന്‍ഡറിന്റെ ഭാര്യയായ ഡാരിയയും, അദ്ദേഹത്തിന്റെ കുട്ടിയെ എടുത്ത് കൊണ്ട് സഹോദരനായ പാപിനിയനും വിശുദ്ധനെ പിന്തുടര്‍ന്നു. വിശുദ്ധ മാര്‍സിയന്റെ ഭാര്യയാകട്ടെ അവരില്‍ നിന്നും വ്യത്യസ്ഥമായി തന്റെ ബന്ധുക്കള്‍ക്കൊപ്പം വിലപിച്ചുകൊണ്ടാണ് വിശുദ്ധനെ പിന്തുടര്‍ന്നിരുന്നത്. അവള്‍ തന്നാലാവും വിധം വിശുദ്ധന്റെ തീരുമാനം മാറ്റുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതിനായി അവള്‍ ഇടക്കിടക്ക് അവരുടെ തങ്ങളുടെ ശിശുവിനെ ഉയര്‍ത്തികാട്ടുകയും, നിരന്തരം വിശുദ്ധനെ പുറകോട്ട് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.
തങ്ങളുടെ കൊലക്കളം എത്തിയപ്പോള്‍ വിശുദ്ധ മാര്‍സിയന്‍ തന്റെ ഭാര്യയെ അടുത്ത് വിളിപ്പിക്കുകയും, തന്റെ കുട്ടിയെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞു “എല്ലാ ശക്തിയുടേയും നാഥനായ കര്‍ത്താവേ, ഈ മകനെ നിന്റെ സംരക്ഷണത്തിലേക്ക് എടുക്കണമേ.” എന്നിട്ട് തന്റെ ഭാര്യക്ക് തന്റെ മരണം കാണുവാനുള്ള ധൈര്യമില്ലാ എന്നറിയാവുന്നതിനാല്‍ അവളെ പോകുവാന്‍ അനുവദിച്ചു. വിശുദ്ധ നിക്കാന്‍ഡറിന്റെ ഭാര്യയാകട്ടെ ധൈര്യം കൈവിടാതിരിക്കുവാന്‍ വിശുദ്ധനെ ഉപദേശിച്ചു കൊണ്ട് വിശുദ്ധനെ സമീപത്ത് തന്നെ നിലയുറപ്പിച്ചു. അവള്‍ വിശുദ്ധനോട് പറഞ്ഞു, “നിന്റെ ഒപ്പം പത്തു വര്‍ഷത്തോളം ഞാന്‍ നമ്മുടെ വീട്ടില്‍ താമസിച്ചു, നീ ഒരിക്കലും നിന്റെ പ്രാര്‍ത്ഥന മുടക്കിയിട്ടില്ല, ഇപ്പോള്‍ എനിക്കും ആ ആശ്വാസത്തിന്റെ സഹായം ലഭിക്കും, നീ നിത്യമഹത്വത്തിലേക്ക് പോകുന്നതിനാല്‍ എന്നെ നീ ഒരു രക്തസാക്ഷിയുടെ ഭാര്യയാക്കും. നീ ദൈവീക സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാല്‍ എന്നെയും നീ അനശ്വരമായ മരണത്തില്‍ നിന്നും മോചിപ്പിക്കും” വിശുദ്ധന്റെ പ്രാര്‍ത്ഥനയും സഹനവും വഴി വിശുദ്ധന്‍ അവള്‍ക്കും ദൈവത്തിന്റെ കാരുണ്യം നേടി കൊടുക്കും എന്നാണ് അവള്‍ അര്‍ത്ഥമാക്കിയത്. അവരെ കൊല്ലുവാനായി നിയോഗിക്കപ്പെട്ടയാള്‍ അവരുടെ തൂവാലകൊണ്ട് അവരുടെ കണ്ണുകള്‍ ബന്ധിച്ചതിനു ശേഷം അവരുടെ ശിരസ്സറുത്തു. ജൂണ്‍ 17നായിരുന്നു വിശുദ്ധര്‍ ധീരരക്തസാക്ഷിത്വം വരിച്ചത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. രണ്ടു സാക്സണ്‍ സഹോദരന്മാരായ ബോട്ടുള്‍ഫും അഡോള്‍ഫും
2. ഉത്തര ഇറ്റലിയിലെ അഗ്രിപ്പീനൂസ്
3. ഫ്രാന്‍സിലെ അവിറ്റസ്
4. ഈജിപ്തിലെ ബെസ്സാരിയോണ്‍
5. ഗ്ലൌസ്റ്റാര്‍ ഷയറിലെ ബ്രിയാവെല്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന്‍ നമ്മോടിപ്രകാരം പറയും: “എന്‍റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്‍റെ പിതാവിലും, അവിടുത്തെ മഹിമയും ശക്തിയും പ്രചരിപ്പിക്കുന്നതിലും ആകുന്നു. “സ്നേഹശൂന്യനായ എന്‍റെ ആത്മാവേ! നീ ഇവ കേള്‍ക്കുന്നില്ലയോ? നിന്‍റെ ഭാഗ്യം ലോകനേട്ടങ്ങളിലും ശരീരേച്ഛയിലും സമര്‍പ്പിക്കുന്നുവെങ്കില്‍ അവയൊന്നും നിന്നെ ഭാഗ്യവാനാക്കുവാന്‍ മതിയാകയില്ല;
ബഹുമാനം, ഐശ്വര്യം മുതലായവയില്‍ നീ ശരണം വയ്ക്കുന്നുവെങ്കില്‍ അവ ശാശ്വതമായി നിലനില്‍ക്കുമെന്ന് നിനക്കു എന്തുറപ്പാണുള്ളത്‍? സുഖഭോഗാദികള്‍ സ്ഥിരമായിട്ടുള്ളതല്ല. സ്രഷ്ടവസ്തുക്കളില്‍ സൗഭാഗ്യം വച്ചിരുന്നാല്‍ അവ നിന്നെ വേര്‍പിരിഞ്ഞു പോകാന്‍ കേവലം ഒരു നിമിഷം മതി. ലോക മഹിമ നേടുന്നതിനായി വൃഥാ ചെലവഴിച്ചിരുന്ന സമയം ദൈവസ്തുതി പരത്തുവാനും ദൈവത്തെ സ്നേഹിപ്പാനും വ്യയം ചെയ്തിരുന്നുവെങ്കില്‍ ഭൗതിക സൗഭാഗ്യത്തിലും ബഹുമതിയിലും ഉയര്‍ത്തപ്പെട്ടവരെക്കാള്‍ നീ എത്രയോ ഭാഗ്യവാനാകുമായിരുന്നു! യഥാര്‍ത്ഥത്തിലുള്ള ഭാഗ്യം ദൈവത്തിലും ദൈവത്തില്‍ നിന്നുമാണ് ലഭിക്കേണ്ടത്.
ദൈവമാണ് സാക്ഷാല്‍ സൗഭാഗ്യ കേന്ദ്രമെന്ന് മനസ്സിലാക്കിയ വി.ഫ്രാന്‍സീസ് അസ്സീസി “എന്‍റെ ദൈവം എനിക്ക് സമസ്തവും” എന്ന്‍ ഇടവിടാതെ നിലവിളിച്ചിരുന്നു. ഇപ്രകാരം തന്നെ വിശുദ്ധ ബര്‍ണ്ണാദ്, അല്‍ഫോന്‍സ് ലിഗോരി, ഫ്രാന്‍സീസ് സേവ്യര്‍, ഫ്രാന്‍സിസ് സാലെസ്, ലൂയിസ് എന്ന പുണ്യവാന്മാരും വിശുദ്ധ കത്രീനാ, ത്രേസ്യാ, ചെറുപുഷ്പം എന്നീ പുണ്യവതികളും അവരുടെ ഭാഗ്യവും സന്തോഷവും ദൈവത്തിലും മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെപ്രതി നിത്യബലിയായിത്തീര്‍ന്ന ദിവ്യകാരുണ്യനാഥന്‍റെ തിരുഹൃദയത്തിലുമാണ് ദര്‍ശിച്ചത്. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്നതിലും സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമായിരുന്നു ഇവരൊക്കെ സൗഭാഗ്യം ദര്‍ശിച്ചിരുന്നത്. നാം ദൈവത്തോട് എത്രമാത്രം സാമീപ്യ സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുന്നുവോ അത്രമാത്രം നാം സൗഭാഗ്യപൂര്‍ണ്ണരായിരിക്കും. ഈശോയില്‍ നിന്ന്‍ അകന്ന് ഓടുമ്പോള്‍ നാം ദുര്‍ബലരാവുകയാണ് ചെയ്യുന്നത്. ഭൗതിക വസ്തുക്കളിലുള്ള താല്‍പര്യവും സ്നേഹവും അകറ്റി നമുക്കു ദൈവത്തിലേക്ക് പിന്തിരിയാം.
ജപം
❤️❤️
സ്വര്‍ഗ്ഗവാസികളുടെ സൗഭാഗ്യവും സന്തോഷവുമായിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! ഞാന്‍ ഇന്നുവരെയും യഥാര്‍ത്ഥ സൗഭാഗ്യം ഏതെന്നറിയാതെ ലൗകിക വസ്തുക്കളില്‍ എന്‍റെ സ്നേഹം അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. എന്നാലിപ്പോള്‍ എന്‍റെ ഭാഗ്യം എവിടെയാണെന്നറിയുന്നു. സകല ഭാഗ്യങ്ങളും അടങ്ങിയിരിക്കുന്ന ഭണ്ഡാരവും എന്‍റെ ബുദ്ധിയുടെ പ്രകാശവും ഹൃദയത്തിന്‍റെ സന്തോഷവുമായ മിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ആത്മശരീരശക്തികള്‍ ഒക്കെയോടുംകൂടി സ്നേഹിക്കുന്നു. വാത്സല്യനിധിയായ ഈശോയെ! അങ്ങുമാത്രം എന്‍റെ സമ്പത്തും സകല ഭാഗ്യവുമായിരിക്കുന്നു. എന്‍റെ ശിഷ്ടജീവിതം അങ്ങയെ സ്നേഹിപ്പാനും സേവിപ്പാനും അനുഗ്രഹം നല്കിയരുളണമേ
പ്രാര്‍ത്ഥന
❤️❤️❤️❤️❤️
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
പ്രാര്‍ത്ഥന
❤️❤️❤️❤️
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കര്‍ത്താവേ! അനുഗ്രഹിക്കണമേ .
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയമേ, അങ്ങില്‍ മാത്രം എന്‍റെ ഭാഗ്യം മുഴുവന്‍ കണ്ടെത്തുവാന്‍ കൃപ ചെയ്യണമേ.
സല്‍ക്രിയ
❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ സ്തുതിക്കായി ഒരു ആദ്ധ്യാത്മിക ഗ്രന്ഥം വായിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌻പ്രഭാത പ്രാർത്ഥന🌻
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണ്.. (റോമാ : 8/18)
പരിശുദ്ധനായ ദൈവമേ..
നശ്വരമായ സന്തോഷങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് അനശ്വരമായ ദൈവകൃപയ്ക്കു വേണ്ടി പ്രയത്നിക്കുവാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും സാഹചര്യങ്ങളാണ് ഞങ്ങളെ നിശബ്ദമായി സഹിക്കാൻ പഠിപ്പിക്കുന്നത്. അത്രമേൽ സ്നേഹിച്ചവരാൽ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും.. കൂടെയുള്ളവരിൽ നിന്നും ഒറ്റപ്പെടുകയാണെന്നറിഞ്ഞിട്ടും.. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തിരസ്കരണങ്ങളേറ്റു വാങ്ങി സ്വയം വഴിമാറി കൊടുക്കേണ്ടി വന്നിട്ടും.. നെഞ്ചു തകരുന്ന നൊമ്പരങ്ങളെ കെടാത്ത ഒരു പുഞ്ചിരിയിൽ ഒളിപ്പിക്കേണ്ടി വന്നിട്ടും..എന്റെ കവിളിലൂടെയൊഴുകി മറഞ്ഞ ഈ കണ്ണുനീരിനപ്പുറം നിന്റെ ആനന്ദത്തിന്റെ സമൃദ്ധിയുണ്ടെന്ന വിശ്വാസമാണ് എന്നും എന്നെ താങ്ങി നിർത്തിയത്..
ഈശോയേ.. പറയുവനേറെയുണ്ടെന്ന മുഖവുരയോടെ നിന്റെ അരികിൽ പ്രാർത്ഥിക്കാൻ വന്നണഞ്ഞിട്ടും എനിക്കൊന്നും നിന്നോട് പറയാൻ കഴിയുന്നില്ലെങ്കിൽ.. ആത്മാവ് സന്നദ്ധമെങ്കിലും ഇന്നും എന്റെ ശരീരം ബലഹീനമാണ് നാഥാ.. ഒരു നിമിഷമെങ്കിലും നിന്റെ തിരുമുൻപിൽ മനസ്സു തുറന്നു എന്നെ പൂർണമായും പങ്കുവയ്ക്കുവാനും.. നിന്റെ മിഴിയാഴങ്ങളിലെ സന്തോഷത്തിന്റെ പൂർണതയിൽ എന്നെ സമർപ്പിക്കുവാനും സഹായമരുളേണമേ.. അപ്പോൾ എന്റെ ഹൃദയത്തിലും ദൈവസ്നേഹത്തിന്റെ നീർച്ചാലുകൾ അനുസ്യൂതം ഒഴുകുക തന്നെ ചെയ്യും..
കുരിശു മരണം വരെയും അനുസരിച്ച ഈശോയുടെ ദിവ്യഹൃദയമേ.. എന്റെമേൽ കൃപയായിരിക്കേണമേ.. ആമേൻ.