അനുദിന വിശുദ്ധർ | ജൂൺ 23 | Daily Saints | June 23

⚜️⚜️⚜️⚜️ June 23 ⚜️⚜️⚜️⚜️
വിശുദ്ധ ജോസഫ് കഫാസോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെ മകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്‌. അവന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിനോദങ്ങളില്‍ ജോസഫിന് ഒട്ടും തന്നെ താല്‍പ്പര്യം കാണിച്ചിരിന്നില്ല. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും, മറ്റ് ഭക്തിപരമായ കാര്യങ്ങളില്‍ മുഴുകുന്നതും ആനന്ദമായി കണ്ടിരുന്ന അവന്‍ ദൈവത്തോടു കൂടിയായിരിക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവന്‍ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. പഠിച്ച സ്കൂളിലും, സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കതയും, ധീരതയും, എളിമയും, നിയമങ്ങളോടുള്ള അനുസരണവും, പ്രാര്‍ത്ഥനയിലുള്ള ഭക്തിയും അവനെ മറ്റുള്ളവരുടെ ബഹുമാനത്തിന് അര്‍ഹനാക്കി. മറ്റൊരു അലോയ്സിയൂസ് ഗോണ്‍സാഗയായിട്ടാണ് ചരിത്രകാരന്മാര്‍ പലപ്പോഴും വിശുദ്ധനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്.

വിശുദ്ധന്റെ പൗരോഹിത്യപട്ട സ്വീകരണത്തിന് അധികം നാളുകള്‍ കഴിയുന്നതിന് മുന്‍പ്‌ തന്നെ, പുരോഹിത ശ്രേഷ്ഠനായ അലോയ്സ്യൂസ്‌ ഗുവാല ടൂറിനിലെ ഫ്രാന്‍സിസ്‌ അസ്സീസിയുടെ ദേവാലയത്തോടനുബന്ധിച്ച് ഒരു സെമിനാരി സ്ഥാപിക്കുകയും അവിടെ യുവ പുരോഹിതരെ തങ്ങളുടെ ദൈവവിളിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകകയും, ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ തെറ്റുകളെ പ്രതിരോധിക്കുവാന്‍ സജ്ജമാക്കുകയും ചെയ്തു. ജോസഫ് അവിടെ ഒരു അദ്ധ്യാപകനായി നിയമിതനാവുകയും, അതിന്റെ സ്ഥാപകന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിശ്ചയിക്കപ്പെടുകയും ചെയ്തു.

സെമിനാരിയുടെ തലവനെന്ന നിലക്ക് വളരെ പെട്ടെന്ന്‍ തന്നെ ജോസഫ് ഫാദര്‍ ഗുവാല തുടങ്ങിവെച്ച ക്ലേശകരമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. ജാന്‍സനിസത്തിന്റേയും, മറ്റുള്ള നവോത്ഥാനകരുടേയും വിനാശകരമായ സിദ്ധാന്തങ്ങളെ ജോസഫ് വേരോടെ തന്നെ പിഴുതു മാറ്റുകയും, ക്രിസ്തീയ പരിപൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗങ്ങളായ വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസിന്റേയും, വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടേയും പ്രബോധനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

വിശുദ്ധന്‍ പുരോഹിതനായിരുന്നിടത്തോളം കാലം തന്നില്‍ നിക്ഷിപ്തമായ ചുമതലകളെ സ്വര്‍ഗ്ഗീയ പിതാവ്‌ വിശുദ്ധനെ നേരിട്ട് ചുമതലപ്പെടുത്തിയപോലെ സ്ഥിരതയോടും, ആത്മാര്‍ത്ഥതയോടും കൂടി നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുവാനായി വിശുദ്ധന്‍ തന്നേ കൊണ്ടാവുന്നതെല്ലാം ചെയ്തു. വിശുദ്ധ കുര്‍ബ്ബാന മുടക്കാതിരിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് സ്ഥിരമായി അഭ്യര്‍ത്ഥിക്കുമായിരുന്നു.

ചെറുപ്പം മുതല്‍ക്കേ തന്നെ വിശുദ്ധന് പരിശുദ്ധ മാതാവിനോട് പ്രത്യേകമായൊരു ഭക്തിയുണ്ടായിരുന്നു, മക്കളുടേതിന് സമാനമായ ഭക്തിയോടുകൂടി പരിശുദ്ധ അമ്മയെ സ്നേഹിക്കുവാന്‍ വിശുദ്ധന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു. തന്റെ ആവേശം വിശുദ്ധന്‍ അള്‍ത്താര ശുശ്രൂഷകര്‍ക്കും പകര്‍ന്നു കൊടുത്തു; കര്‍ത്താവിനായി ആളുകളെ മാനസാന്തരപ്പെടുത്തുവാന്‍ വിശുദ്ധന്‍ അവരെ പ്രോത്സാഹിപ്പിച്ചു.

കൂടാതെ വിശുദ്ധ ജോസഫ് കഫാസോക്ക് ആത്മീയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വെച്ചു പുലര്‍ത്തി. അനാഥര്‍ക്കും, നിര്‍ദ്ധനര്‍ക്കും, രോഗികള്‍ക്കും, തടവില്‍ കഴിയുന്നവര്‍ക്കുമായി വിശുദ്ധന്റെ ഹൃദയം തുടിച്ചു. കഠിനമായ ഒരു പ്രവര്‍ത്തിയും പൂര്‍ത്തിയാക്കാതെ വിശുദ്ധന്‍ ഒഴിവാക്കിയിരുന്നില്ല. തന്റെ ഉപദേശങ്ങളാലും, സഹായങ്ങളാലും വിശുദ്ധന്‍ തന്റെ പ്രിയ ശിക്ഷ്യനായിരുന്ന ഡോണ്‍ ബോസ്കോയെ ‘ദി സൊസൈറ്റി ഓഫ് സെന്റ്‌ ഫ്രാന്‍സിസ്’ അഥവാ സലേഷ്യന്‍ സഭ സ്ഥാപിക്കുവാനായി പ്രോത്സാഹിപ്പിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാരോട് ഹൃദയത്തെ ധൈര്യപ്പെടുത്തുന്നതിനായി വിശുദ്ധന്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു. വിശുദ്ധന്റെ സ്നേഹം അവരുടെ പിടിവാശിയെ കീഴടക്കുകയും, അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ അവരെ അവരുടെ കൊലക്കളം വരെ അനുഗമിച്ചിരുന്നു, ആ മരണത്തെ നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള താല്‍കാലിക മരണമായിട്ടാണ് വിശുദ്ധന്‍ കണക്കാക്കിയിരുന്നത്.

ഇത്തരം മഹത്തായ കാര്യങ്ങള്‍ ചെയ്യുകയും, എല്ലാവരുടേയും ആദരവിനു പാത്രമായതിനു ശേഷം 1860 ജൂണ്‍ 23ന് തന്റെ 49-മത്തെ വയസ്സില്‍, സഭാപരമായ കൂദാശകള്‍ കൊണ്ട് സ്വയം തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ജോസഫ് കഫാസോയുടെ നന്മയും, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളും കണക്കിലെടുത്ത്, 1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. 1947-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ ജോസഫ് കഫാസോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. റോമന്‍ കന്യകയായ അഗ്രിപ്പീനാ

2. റോമന്‍കാരനായ കണ്‍കോര്‍ഡിയൂസ്

3. റോമന്‍കാരനായ ജോണ്‍

4. എഥെല്‍ ഡ്രെഡാ

5. ടസ്കനിയിലെ സൂട്രിയിലെ ഫെലിക്സ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 23
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവ്യരക്ഷിതാവായ ഈശോമിശിഹാ ഒരിക്കല്‍ വാഴ്ത്തപ്പെട്ട മര്‍ഗ്ഗരീത്താ എന്ന പുണ്യവതിക്കു പ്രത്യക്ഷപ്പെട്ട് “മനുഷ്യപുത്രരേ സ്നേഹിക്കുന്ന ഹൃദയം ഇതാ” എന്ന്‍ അരുളിച്ചെയ്തു. ഇങ്ങനെ തുറന്നു കാണിച്ച ദിവ്യഹൃദയത്തില്‍ ഒരു കുരിശും ഒരു മുള്‍മുടിയും ഹൃദയമദ്ധ്യത്തില്‍ ഒരു മുറിവും ഹൃദയത്തിനു ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. ഇവയായിരുന്നു ഈ ദിവ്യഹൃദയത്തിന്‍റെ ആഭരണങ്ങള്‍. ഇന്നേദിനം ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് അല്‍പം വിചിന്തനം ചെയ്യാം. ജീവിതകാലം മുഴുവനും മിശിഹായ്ക്ക് കുരിശുകളല്ലാതെ ലൗകികമായ യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. സ്വജനം ഈ ദിവ്യരക്ഷകനെ കൈക്കൊള്ളുന്നില്ലായെന്നു മാത്രമല്ല, സകലവിധ പീഡകളും അപമാനങ്ങളും നല്‍കുന്നത് തുടര്‍ന്നു കൊണ്ടിരിന്നു.

ഈശോ പലപ്രാവശ്യം വ്യാകുലപ്പെട്ടതായും ദുഃഖസാഗരത്തില്‍ മുഴുകിയതായും സുവിശേഷത്തില്‍ പലഭാഗങ്ങളിലും സൂചിപ്പിക്കുന്നു. ദിവ്യരക്ഷിതാവിന്‍റെ ഹൃദയത്തിലെ ഇളക്കങ്ങളും നാഡികളുടെ അടികളും മനുഷ്യവര്‍ഗ്ഗത്തെപ്രതി സ്ലീവാമേല്‍ മരിക്കുവാന്‍ ഇടവരുന്നതിനെക്കുറിച്ചായിരുന്നു. അവിടുന്ന്‍ നമ്മോടുള്ള സ്നേഹത്തെപ്രതി ഇത്രയധികമായ പീഡകളും കുരിശുമരണം അനുഭവിച്ചത് പോലെ, തന്‍റെ ഈ കഠിന പീഢകളെയും അനന്തമായ സ്നേഹത്തെയും ഓര്‍ക്കുന്നവര്‍ക്കു വേണ്ടി ഇനിയും സാധ്യമായിരുന്നാല്‍ ഇതിലധികമായ പീഡകള്‍ അനുഭവിപ്പാന്‍ തയ്യാറായിരിക്കുന്നുവെന്ന് ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശ് നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ കര്‍ത്താവിന്‍റെ ദിവ്യഹൃദയത്തെ സ്നേഹിക്കാനഗ്രഹിക്കുന്ന ആത്മാക്കളേ! നിങ്ങള്‍ ഈ ദിവ്യഹൃദയത്തിലെ ആശകളേയും വേദനകളെയും ധ്യാനിച്ചു അവിടുത്തെ കുരിശുകള്‍ക്കു കാരണമായിരിക്കുന്ന സകല ദുഷ് പ്രവര്‍ത്തികളെയും ത്യജിച്ച്, നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളും ഈ ഉത്തമപിതാവിന്‍റെ ഹൃദയത്തിനു തൃപ്തി വരുത്തുന്നതിനായി സന്മനസ്സോടെ സഹിക്കുകയും ചെയ്തുകൊണ്ട് ഈശോയുടെ പിന്നാലെ ചെല്ലുവാന്‍ പ്രയത്നിക്കുവിന്‍.

ജപം
❤️❤️

സ്ലീവാമരത്തിന്മേല്‍ തൂങ്ങിക്കിടക്കയില്‍ കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ടു അവസാന തുള്ളി കൂടെ എനിക്കായി ചിന്തിയ കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന ആ കുരിശ് എന്‍റെ കഠിന പാപങ്ങളാല്‍ ഉണ്ടായതാണെന്നു ഞാന്‍ അനുസരിച്ചു പറയുന്നു. എന്‍റെ നന്ദിഹീനതയാലും പാപത്താലും വ്രണപ്പെട്ട ഈശോയുടെ തിരുഹൃദയമേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെമേല്‍ ദയയായിരിക്കേണമേ. കര്‍ത്താവേ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെ പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെടുന്നതിനും അവയ്ക്കു തക്കതായ പരിഹാരം ചെയ്ത് അങ്ങില്‍ നിദ്ര പ്രാപിക്കുന്നതിനും അങ്ങേ എത്രയും ദുഃഖകരമായ കുരിശുമരണത്തെക്കുറിച്ച് എന്നെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ത്തരുളണമേ

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

എന്‍റെ രക്ഷയുടെ അടിസ്ഥാനമായ ദിവ്യഹൃദയത്തിന്‍ കുരിശേ! ഞാന്‍ നിന്നെ ആരാധിക്കുന്നു.

സല്‍ക്രിയ
❤️❤️❤️❤️

നിനക്ക് ഇന്നു നേരിടുന്ന കുരിശുകളെ നല്ല ക്ഷമയോടുകൂടെ സഹിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്തു കൊള്‍ക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും.. അവർ കഴുകൻമാരെ പോലെ ചിറകടിച്ചുയരും.. (എശയ്യ : 40 / 31)

രക്ഷകനായ ദൈവമേ..
ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്ന വിശ്വാസത്തിൽ ആഴപ്പെട്ടുകൊണ്ടു തന്നെ ഞങ്ങൾക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തിനു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ ഈ പ്രഭാതത്തിലും ഞങ്ങൾ അണഞ്ഞിരിക്കുന്നു. പലപ്പോഴും വീണിടത്തു നിന്നും എഴുന്നേൽക്കാനുള്ള മനസ്സ് കൈമോശം വരുമ്പോഴാണ് എവിടെയും ഞങ്ങൾ പരാജയപ്പെട്ടവരായി തീരുന്നത്.. അത്രയേറെ ആശ്രയിച്ചവരിൽ നിന്നുമുള്ള തിരസ്കരണമോ.. അത്രമാത്രം ആഗ്രഹിച്ച ജീവിതനേട്ടങ്ങളെ ഒരു കൈദൂരമകലത്തിൽ എത്തിയിട്ടും നേടാനാവാതെ പോയതിന്റെ ഹൃദയനൊമ്പരമോ ആണ് ഇനിയുമൊരു ഉയർത്തെഴുന്നേൽപ്പില്ലാത്ത വിധം ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും തളർത്തി കളയാറുള്ളത്.

ഈശോയേ.. നിത്യം ജീവിക്കുന്നവനും.. ഞങ്ങളിൽ വസിക്കുന്നവനുമായ അങ്ങിൽ നിന്നും ഞങ്ങളാരും വിശ്വാസത്തകർച്ച മൂലം അകന്നു പോകാതിരിക്കാൻ കൃപ ചെയ്തരുളേണമേ.. ഏതു വലിയ നൈരാശ്യത്തിന്റെ നടുവിലും എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെയും ജീവിതത്തിലെ ആവശ്യങ്ങളെയും അറിയുന്നവനും.. ഞാനർഹിക്കുന്ന നന്മകളെ എനിക്കനുഗ്രഹമാക്കി പകർത്തിയരുളുന്നവനുമായ നിന്നിൽ ആശ്രയിക്കാനും.. ഉന്നതങ്ങളിൽ നിന്നുമുള്ള ശക്തി പ്രാപിക്കാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ..

ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ.. എന്റെമേൽ കരുണയുണ്ടാകേണമേ..ആമേൻ.

Advertisements

Leave a comment