പുലർവെട്ടം 503

{പുലർവെട്ടം 503}

 
ഉരഞ്ഞുതീർന്ന, പൊടിഞ്ഞുതുടങ്ങിയ പാദരക്ഷകളെ തന്റെ ചിത്രത്തിന് വാൻഗോഗ് വിഷയമാക്കിയിട്ടുണ്ട്. മാർട്ടിൻ ഹൈദഗർ, ഴാക് ദറിദ തുടങ്ങിയ ചിന്തകർ കലാചരിത്രത്തെ അപഗ്രഥിക്കുമ്പോൾ ആ സീരീസിനെ തങ്ങളുടെ നിരീക്ഷണങ്ങൾക്ക് ആധാരമാക്കുന്നുണ്ട്. അതിൽത്തന്നെ A Pair of Peasant Shoes സവിശേഷ ശ്രദ്ധയർഹിക്കുന്നു. ഹൈദഗർ നിരീക്ഷിക്കുന്നത് പോലെ പാടത്തെ മണ്ണൊന്നും അതിൽ പതിഞ്ഞിട്ടില്ല. എന്നിട്ടും മണ്ണിൽ പണിയെടുക്കുന്ന ഒരാളുടെ എല്ലാ ക്ലേശങ്ങളും അതിൽ ആലേഖനം ചെയ്തിട്ടുണ്ട്.
 
വെറുതെ കുട്ടനാടൻ വയൽവരമ്പുകളോർക്കുന്നു. ചേറിൽനിന്ന് കയറിവരുന്നവർക്ക് പാദരക്ഷകളുടെ സൗഭാഗ്യം പോലും അന്നില്ലായിരുന്നു. അപ്പൂപ്പനുൾപ്പെടെയുള്ളവരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. എന്നിട്ടും വിണ്ടുകീറിയ കാലടികളിൽ ശിരോലിഖിതം കോറിയിടുകയെന്ന വല്ലാത്ത ഒരു ദുര്യോഗമുള്ളചിലരിൽ അവർ പെടുന്നുണ്ട്. എല്ലാവരുടെയും നിലനില്പ് ഉറപ്പ് വരുത്തുന്ന അവരോട് പകരം നമ്മൾ എന്താണ് ചെയ്തത്? കൃഷിയേക്കാൾ അനിശ്ചിതവും അരക്ഷിതവുമായ ജീവിതം.
 
ജയ് ജവാൻ, ജയ് കിസാൻ എന്നായിരുന്നു ഒരുകാലത്ത് പള്ളിക്കൂടങ്ങളിൽ മുഴങ്ങിയിരുന്ന കുട്ടികളുടെ കോറസ്സ്. അതേ കിസാൻമാർ കാലുവെന്ത നായയെപ്പോലെ നഗരങ്ങളിലേക്ക് പാഞ്ഞുചെല്ലുമ്പോൾ അവരെത്തടയാൻ രാജപാതകളിൽ കിടങ്ങ് കുത്തേണ്ടി വരുന്ന സൈനികർ സന്തുഷ്ടരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
 
ചെറിയൊരു മെസ് നടത്തുന്നുണ്ട്. പെട്ടന്നൊരു ദിവസം നിരത്തിൽ ഏത്തപ്പഴങ്ങളുടെ കൂമ്പാരമുണ്ടാവുകയാണ്. തീരെ ചെറിയ വിലയ്ക്ക് അത് ലഭിക്കുമെന്നുറപ്പായപ്പോൾ പ്രാതലിനോടൊപ്പം ഒരു പഴം നുറുക്കുകൂടി കൊടുത്ത് കാര്യങ്ങൾ ജോറാക്കി.പിന്നീട് ആലോചിക്കുമ്പോഴാണ് അത് പിടുത്തം കിട്ടുന്നത്. ചുവട്ടിലൊഴിച്ച വെള്ളത്തിന്റെ വിലപോലും 10-12 മാസം അതിനെ പരിപാലിച്ച കർഷകന് കിട്ടുന്നുണ്ടാവില്ല. അപ്പോൾപ്പിന്നെ ഒരു പഴവും മധുരിക്കുന്നില്ല. ഒരു കാര്യത്തിന് വിലയിടിഞ്ഞു എന്നതല്ല, ഒരു ജീവിത ശൈലിയുടെ മൂല്യം കുറയുന്നു എന്നതിന്റെ തീരെച്ചെറിയ കനമില്ലാത്ത ഒരു സൂചനയായിട്ടെങ്കിലും ഇതിനെ എടുക്കേണ്ട ബാധ്യതയുണ്ട്.
 
അലഞ്ഞുനടന്നിരുന്ന മനുഷ്യർ കൃഷിയിലൂടെയാണ് സുരക്ഷിതത്വവും ശാന്തിയും അനുഭവിച്ചത്. സാമൂഹികജീവിതത്തിൻ്റെ കുറേക്കൂടി ചിട്ടയായ അദ്ധ്യായം ആരംഭിക്കുന്നത് അവിടെ നിന്നാണ്. സംസ്കാരം വലിയൊരളവിൽ അഗ്രി – കൾചറിന് കടപ്പെട്ടിരിക്കുന്നു. ഏറ്റവും പുരാതനമായ ശാസ്ത്രബോധത്തിൻ്റെ വേരുകളും അതിനോട് പിണഞ്ഞുകിടക്കുന്നു. ധാന്യങ്ങളോളം അർത്ഥവത്തായ മറ്റൊരു കണ്ടുപിടുത്തം ഉണ്ടായിട്ടില്ല. ശാസ്ത്രം എത്ര വികാസം പ്രാപിച്ചാലും അതിന്റെ ലബോറട്ടറിയിൽ ഒരു ധാന്യമണി സൃഷ്ടിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അതിൽ തങ്ങളെ അർപ്പിച്ച മനുഷ്യർ സാഷ്ടാംഗപ്രണാമം അർഹിക്കുന്നു. കൃഷിയിടങ്ങൾ ചുരുങ്ങുന്നു എന്നത് ഭൂമിയ്ക്ക് അപകടകരമാണ് എന്ന് പറയുന്നതിനേക്കാൾ കാഠിന്യമുള്ളതാണ് കൃഷിയെ ജീവിതവൃത്തിയായി എടുത്തവരുടെ എണ്ണം നാൾക്കുനാൾ ഇല്ലാതെയാകുന്നുവെന്നുള്ളത്. യജുർവേദത്തോളം പഴക്കമുള്ള നെൽകൃഷിയ്ക്ക് എന്ത് സംഭവിച്ചു എന്നത് വെറുതെ ഒന്ന് ഓർത്തുനോക്കുക.
 
അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കുമ്പോൾ ഈശ്വരനോട് മാത്രമല്ല മണ്ണിനോടും അതിന്റെ ഉഴവുകളുടെ ചേറിൽ മുട്ടോളം ആഴത്തിൽ നിൽക്കുന്ന അങ്ങയോടുമുള്ള അർത്ഥനയും കൃതജ്ഞതയുമാണ്. ഗ്രോ ബാഗിൽ ടെറസ്സിന് മീതേ ഞങ്ങൾ നട്ടുവളർത്തുന്ന ഏതാനും തക്കാളികൾ വെറുതെ ഒരു വിനോദം മാത്രമാണ് ! അപകടം പിടിച്ച കളിയിൽ അതീവ അർപ്പണം ചെയ്യുന്ന, നിങ്ങളുടെ വാറുപൊട്ടിയ ചെരുപ്പിനേക്കാൾ തേഞ്ഞ കാല്പാദങ്ങളെ നമസ്കരിച്ചുകൊണ്ട്.
 
• അയാളുടെ തോട്ടത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ പുരോഹിതൻ ഇങ്ങനെ പറഞ്ഞ് അഭിനന്ദിക്കുമായിരുന്നു : ദൈവവും നിങ്ങളും കൂടി ഈ ഇടത്തെ അതിമനോഹരമാക്കി.
 
കേട്ടുകേട്ട് അയാൾക്കത് ചെടിച്ചു: ദൈവം ഒറ്റയ്ക്ക് ഈ തോട്ടം നോക്കിയിരുന്ന കാലത്തിൽ ഒന്ന് കാണണമായിരുന്നു !
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 503

Leave a comment