ദിവ്യബലി വായനകൾ Friday of week 12 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 25/6/2021

Friday of week 12 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങേ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങേ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 17:1,9-10,15-22
നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം. സാറാ നിനക്ക് ഒരു പുത്രനെ പ്രസവിക്കും.

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം. നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം.
ദൈവം അബ്രാഹത്തോട് തുടര്‍ന്ന് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും. ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍ നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍ നിന്നു ജനതകളുടെ രാജാക്കന്മാര്‍ ഉദ്ഭവിക്കും. അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ? അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങേ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും. ഇസ്മായേലിനു വേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്മാര്‍ക്കു പിതാവായിരിക്കും. അവനില്‍ നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും. എന്നാല്‍, സാറായില്‍ നിന്ന് അടുത്തവര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക. അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 128:1-2,3,4-5

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.

നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെയും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 8:1-4
അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.

അക്കാലത്ത്, യേശു മലയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 145:15

കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.


Or:
യോഹ 10:11,15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment