പുലർവെട്ടം 504

{പുലർവെട്ടം 504}

 
പ്രതിദിന ആഹാരത്തെക്കുറിച്ചുള്ള നമ്മുടെ വിചിന്തനങ്ങൾ പറഞ്ഞു തീരുമ്പോൾ കുറഞ്ഞത് രണ്ടായിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ഒരു സങ്കീർത്തനത്തിലെ ആശംസ അർത്ഥവത്താണെന്ന് തോന്നുന്നു : “You will eat the fruit of your labor; blessings and prosperity will be yours”.
 
നിന്റെ പ്രയത്നഫലം നീ ഭക്ഷിക്കൂ, നീ സന്തുഷ്ടനായിരിക്കൂ, നിനക്ക് മംഗളം ഭവിക്കും. ഇത്ര പെരുമ പറയാൻ ഇതിലെന്താണുള്ളത്? പല അടരുകളിൽ വായിച്ചെടുക്കാവുന്ന ഒരു ശുഭാശംസയാണത്. എളുപ്പമല്ല എന്നും സ്വന്തം അധ്വാനത്തിന്റെ അന്നം ഭക്ഷിക്കുകയെന്നത്. പല കടമ്പകൾ ചാടിയാണ് പണിയിടത്തിൽനിന്നൊരാൾ വിരുന്നുമേശയിലേക്കെത്തുന്നത്. രാഷ്ട്രീയമായ പ്രതിസന്ധി തൊട്ട് വൈകാരികതയുടെ അദൃശ്യ ചരടുകൾവരെ സ്വന്തം സ്വേദത്തിൻ്റെ അന്നത്തിലേക്കെത്തുക എന്നതിനെ ക്ലേശകരമാക്കുന്നുണ്ട്.
 
മലയപ്പുലയനെ മലയാളി എങ്ങനെ മറക്കാൻ? അയാളിപ്പോൾ തൻ്റെ കഠിനാധ്വാനത്തെ തലച്ചുമടാക്കി കുട്ടികളുടെ കരച്ചിൽ കേൾക്കാതെ വരമ്പത്തുകൂടി നടന്നുപോവുകയാണ്. കവിതയിലെന്ന പോലെ മുഖാമുഖം കാണാവുന്ന വിധത്തിലല്ല വർത്തമാനകാലത്തിലെ ചൂഷിത മേഖലകൾ. കുശവൻ പൊട്ടക്കലത്തിലേ അരി വയ്ക്കൂ എന്ന പഴഞ്ചൊല്ലിൽ പതിരിലില്ലാതെയാകുന്നത് അങ്ങനെയാണ്. പണിയെടുക്കുന്നവരുടെ ദാരിദ്ര്യത്തിന് ഇന്ന് നേരിട്ട് പോരാടുവാൻ ഒരു ശത്രുപോലുമില്ലെന്നുള്ളത് കാര്യങ്ങളെ ദുരന്തപൂർണ്ണമാക്കുന്നു. അനേകർക്ക് വീട് പണിതവർ ചോർന്നൊലിക്കുന്ന വാടകപ്പുരയിൽ അന്ത്യത്തോളം പാർക്കേണ്ടി വരുന്നു എന്നതുൾപ്പെടെ അനവധികാര്യങ്ങളുണ്ട് എണ്ണിപ്പെറുക്കുവാൻ. അധ്വാനത്തിൻ്റെ ഫലം വൈദ്യന്മാർക്ക് കൊടുക്കേണ്ടി വരുന്നു എന്നതും ആശാസ്യമല്ല. ജീവിതശൈലിയിലെ ചെറിയ ക്രമീകരണങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാവുന്ന ആതുരതകളുണ്ട്. അശ്രദ്ധയ്ക്കും അവഗണനയ്ക്കും പരസ്യത്തിൽ പറയുന്നത് പോലെ വലിയ വില കൊടുക്കേണ്ടതായി വരുന്നു. ആയുർവ്വേദത്തിലെ ഒരാചാര്യൻ പഠനശേഷം തൻ്റെ കുട്ടികൾക്ക് കൊടുക്കുന്ന ടിപ് പോലെ: രണ്ടേരണ്ടു കാര്യങ്ങൾ ആരാഞ്ഞാൽ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അനുമാനങ്ങളിൽ എത്താവുന്നതാണ് : വിശപ്പുണ്ടോ, ശോധനയുണ്ടോ? ശ്രീ രാഘവൻ തിരുമുൽപ്പാടാണത്.
 
കുഞ്ഞുങ്ങളുടെ ആഹാരം വ്യവഹാരങ്ങൾക്കുള്ള കൂലിയായി മാറുന്നു. പള്ളിത്തർക്കങ്ങളിലൊക്കെ വിഷമിപ്പിക്കുന്ന പ്രശ്നം അതുതന്നെയാണ്. അധ്വാനത്തിൻ്റെ ഒരംശമാണ് ശ്രീഭണ്ഡാരങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്. ഈശ്വരനാമത്തിൽ മനുഷ്യരുടെ ഭൗതിക ഉദ്ധാരണത്തിന് വേണ്ടിയാണ് കാലാകാലങ്ങളായി ചിലരിങ്ങനെ ഉദാരശീലരാവുന്നത്. അനേകരുടെ അപ്പമാകേണ്ട ചക്രമാണ് അറുതിയില്ലാത്ത തർക്കങ്ങൾക്കിടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്നത്. ഏത് നാട്ടിൻപുറത്തുമുണ്ടാകും കോടതിവ്യവഹാരങ്ങളിൽപ്പെട്ട് അസ്ഥിപഞ്ജരമായി മാറിയ കുടുംബങ്ങൾ.
 
സമാധാനമുള്ള ഒരു ഗൃഹാന്തരീക്ഷം ഈ ആശംസയിൽ മിടിക്കുന്നുണ്ട്. ഏറ്റവും ചെറിയ തർക്കങ്ങളിൽ പോലും മനുഷ്യർ ആദ്യം വേണ്ടന്നു വയ്ക്കുന്ന സൗഭാഗ്യമാണ് ഈ അത്താഴം. പകൽ മുഴുവൻ ചൂട് കൊണ്ട് ഒരു സ്ത്രീ സ്നേഹപൂർവ്വം പാകപ്പെടുത്തിയ അത്താഴമാണ് പിറ്റേന്ന് വളർത്തുമൃഗങ്ങൾക്കുള്ള പ്രാതലാകുന്നത്. പാഴായിപ്പോകുന്ന അധ്വാനം അയാളുടേത് മാത്രമല്ല അവളുടേത് കൂടിയാണ്.
 
കല്ലിനെ അപ്പമാക്കുക എന്ന പ്രലോഭനത്തിൽ നിന്നാണ് അവൻ വെട്ടിത്തിരിഞ്ഞ് നടന്നത്. നമ്മളാവട്ടെ അപ്പത്തെ കല്ലാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s