ദിവ്യബലി വായനകൾ Saturday of week 12 in Ordinary Time / Saturday memorial of the Blessed Virgin Mary 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 26/6/2021

Saturday memorial of the Blessed Virgin Mary 
or Saturday of week 12 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍
അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനും
പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,
ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായി
നിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 18:1-15
കര്‍ത്താവിന് കഴിയാത്തത് എന്തെങ്കിലുമുണ്ടോ? ഞാന്‍ നിന്റെയടുക്കല്‍ തിരിച്ചുവരുമ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.

അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെ താണ്, അവരെ വണങ്ങി. അവന്‍ പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നുപോകരുതേ! കാലുകഴുകാന്‍ കുറച്ചുവെള്ളം കൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്രമിക്കുക. നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേ അപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടു യാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു.
അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍പിച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി. അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു. കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. അവന്റെ പിറകില്‍ കൂടാരവാതില്‍ക്കല്‍ നിന്നു സാറാ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. അബ്രാഹവും സാറായും വൃദ്ധരായിരുന്നു. അവള്‍ക്കു ഗര്‍ഭധാരണപ്രായം കഴിഞ്ഞിരുന്നു. അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ? കര്‍ത്താവ് അബ്രാഹത്തോടു ചോദിച്ചു: വൃദ്ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്? കര്‍ത്താവിനു കഴിയാത്തത് എന്തെങ്കിലുമുണ്ടോ? നിശ്ചിതസമയത്ത് വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും. സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നു പറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ലൂക്കാ 1:46-50,53-55

കര്‍ത്താവു തന്റെ കാരുണ്യം അനുസ്മരിക്കുന്നു.

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

കര്‍ത്താവു തന്റെ കാരുണ്യം അനുസ്മരിക്കുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും
എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെ നാമം പരിശുദ്ധമാണ്.

കര്‍ത്താവു തന്റെ കാരുണ്യം അനുസ്മരിക്കുന്നു.

അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും
അവിടുന്ന് കരുണ വര്‍ഷിക്കും.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

കര്‍ത്താവു തന്റെ കാരുണ്യം അനുസ്മരിക്കുന്നു.

തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും
അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത
വാഗ്ദാനം അനുസരിച്ചുതന്നെ.

കര്‍ത്താവു തന്റെ കാരുണ്യം അനുസ്മരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 8:5-17
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.

അക്കാലത്ത്, യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന് യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖംപ്രാപിച്ചു.
യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment