ദിവ്യബലി വായനകൾ 13th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 27/6/2021


13th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 1:13-15,2:23-24
പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു.


ദൈവം മരണത്തെ സൃഷ്ടിച്ചില്ല;
ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ളാദിക്കുന്നുമില്ല.
നിലനില്‍ക്കാന്‍ വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത്.
സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്.
മാരകവിഷം അവയില്‍ ഇല്ല.
പാതാളത്തിന് ഭൂമിയില്‍ അധികാരമില്ല.
നീതി അനശ്വരമാണ്.
ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു;
തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു.
അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 30:1,3-5a,10-12

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,
അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്‍ക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, എന്റെ യാചന കേട്ട്
എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

രണ്ടാം വായന

2 കോറി 8:7,9,13-15
നിങ്ങളുടെ സമൃദ്ധിയില്‍ നിന്ന് ദരിദ്രരുടെ കുറവു നികത്തണം.

നിങ്ങള്‍ എല്ലാകാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂര്‍ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്‌നേഹത്തിലും മികച്ചുനില്‍ക്കുന്നതു പോലെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ചുനില്‍ക്കുവിന്‍. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ. മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്നും നിങ്ങള്‍ കഷ്ടപ്പെടണം എന്നും അല്ല ഞാന്‍ അര്‍ഥമാക്കുന്നത്; അവരുടെ സമൃദ്ധിയില്‍ നിന്ന് നിങ്ങളുടെ കുറവു നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയില്‍ നിന്ന് അവരുടെ കുറവു നികത്തണമെന്നും അപ്രകാരം സമത്വമുണ്ടാകണമെന്നുമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്‍പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മാര്‍ക്കോ 5:21-43
ബാലികേ, എഴുന്നേല്‍ക്കൂ, എന്ന് യേശു പറഞ്ഞു.

അക്കാലത്ത്, യേശു വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്റെ കൂടെപോയി. വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
യേശുവാകട്ടെ, തന്നില്‍ നിന്നു ശക്തി പുറപ്പെട്ടെന്ന് അറി ഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു. അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍ നിന്നു വിമുക്തയായിരിക്കുക.
യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആ ളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു. അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുക യാണ്. അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു. അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താകും എന്നുപറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.


Or:
യോഹ 17:20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment