നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

നിത്യസഹായ മാതാവിൻ്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും

കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിൻ്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ടുള്ള നോവേന പ്രാർത്ഥന സർവ്വസാധാരണമാണ്. നിത്യസഹായ മാതാവിൻ്റെ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്ക വരച്ചതാണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ ബൈസ്സ്ൻ്റയിൻ പാരമ്പര്യത്തിലുള്ള നിത്യസഹായ മാതാവിൻ്റെ ഒരു ഐക്കണെക്കുറിച്ചാണ് ഈ കുറിപ്പ്.

ചരിത്രം

ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ( Crete ) കെരാസ് കാർഡിയോട്ടിസ്സാസ് മൊണാസ്ട്രിയിൽ (Keras Kardiotissas Monastery) 13- 15 നൂറ്റാണ്ടുകൾക്കിടയിൽ രൂപപ്പെട്ടതായി വിശ്വസിക്കുന്ന നിത്യസഹായ മാതാവിൻ്റെ ഐക്കൺ റോമിലെ ദിവ്യരക്ഷകസഭയുടെ ( റിഡംപ്റ്റോറിസ്റ്റ് ) വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ദൈവാലയത്തിലാണ് ഇപ്പോൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. 1495ലാണ് ഈ ഐക്കൺ റോമിലെത്തിയതെന്നു കരുതപ്പെടുന്നു പുരാതനമായ ഈ മരിയൻ ഐക്കൺ ഗ്രീക്കിലെ ക്രീറ്റ് ദ്വീപിലെ ( Crete ) ഒരു പള്ളിയിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ക്രീറ്റ്ദ്വീപിനെ തുർക്കികൾ ആക്രമിച്ചപ്പോൾ ഒരു റോമൻ വ്യാപാരി റോമിലേക്ക് ഐക്കൺ കൊണ്ടുപോയി (മോഷ്ടിച്ചതാണന്നു ഒരു പാരമ്പര്യമുണ്ട്) റോമിലെത്തിയ ആ മനുഷ്യനു ഒരു രോഗം പിടിപെടുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. മരിക്കുന്നതിനു മുമ്പ് , ഐക്കൺ പരസ്യമായി വണങ്ങുന്നതിനായി റോമിലെ ഒരു ദൈവാലയത്തിനു സംഭാവന നൽകാൻ അദ്ദേഹം ഒരു സുഹൃത്തിനോട് അഭ്യർത്ഥിച്ചു.

വ്യാപാരിയുടെ മരണശേഷം, സുഹൃത്തിന്റെ ഭാര്യ മാതാവിൻ്റെ ചിത്രം അവരുടെ വീട്ടിൽ സൂക്ഷിക്കാൻ പ്രേരിപ്പിച്ചു. അത് മാസങ്ങളോളം അവിടെ സൂക്ഷിച്ചു തുടർന്നു. ഒരു രാത്രിയിൽ പരിശുദ്ധ മറിയം സ്വപ്നത്തിൽ ആ മനുഷ്യന് പ്രത്യക്ഷപ്പെട്ടു, ചിത്രം വീട്ടിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈ സന്ദേശവുമായി മറിയം രണ്ടുതവണ കൂടി പ്രത്യക്ഷപ്പെട്ടു, രണ്ട് തവണയും അവൻ അവളുടെ മുന്നറിയിപ്പ് അവഗണിച്ചു. മൂന്നാമത്തെ തവണ അനുസരണക്കേട് കാണിച്ചാൽ ദയനീയമായി മരിക്കും എന്നു മറിയം മുന്നറിയിപ്പു നൽകി. ഐക്കൺ ഉപേക്ഷിക്കാൻ അയാൾ ഭാര്യയെ പ്രേരിപ്പിച്ചെങ്കിലും അവൾക്കതിനു താൽപര്യമില്ലായിരുന്നു . ആസന്നമായ മരണത്തെക്കുറിച്ച് പറയാൻ മറിയം വീണ്ടും ആ മനുഷ്യന് പ്രത്യക്ഷപ്പെട്ടുവെങ്കിലും അയാൾ വഴങ്ങിയില്ല. അധികം വൈകാതെ തന്നെ രോഗബാധിതനായി അയാൾ മരിച്ചു.

വിശുദ്ധ മത്തായിയുടെ ദൈവാലയത്തിൽ

പരിശുദ്ധ മറിയം പിന്നിടു വ്യാപാരിയുടെ 6 വയസ്സുള്ള മകൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു “നിത്യ സഹായത്തിന്റെ പരിശുദ്ധ അമ്മയായ എന്നെ ദൈവാലയത്തിൽ കൊടുക്കാൻ നിൻ്റെ അമ്മയോടു പറയുക!” സമാനമായ ഒരു ദർശനം അമ്മയ്ക്കും ഉണ്ടായി, അവൾ ഒരു പള്ളിക്ക് ചിത്രം നൽകാൻ പോകുന്നു, ഇതായിരുന്നു ഇതിവൃത്തം. ഒരു സ്വപ്നം മാത്രമാണെന്നും അതിൽ ശ്രദ്ധിക്കരുതെന്നും ഒരു അയൽക്കാരി സ്ത്രീ അവളെ ഉപദേശിച്ചു. ആ രാത്രിയിൽ ആ സ്ത്രിക്കു ഒരു കടുത്ത രോഗം ബാധിച്ചു, തൻ്റെ തെറ്റ് തിരിച്ചറിഞ്ഞ അവൾ നിത്യസഹായ മാതാവിനു ഒരു നേർച്ച നേർന്നു , ഉടൻ തന്നെ അവൾ സുഖം പ്രാപിച്ചു.
പരിശുദ്ധ മറിയം വീണ്ടും ആ പെൺകുട്ടിക്ക് പ്രത്യക്ഷപ്പെട്ടു, ഇത്തവണ സന്താ മരിയ മജോറയ്ക്കും ജോൺ ലാറ്ററൻ ബസിലിക്കയ്ക്കു ഇടയിലുള്ള ഒരു പള്ളിയിൽ തന്റെ ചിത്രം സ്ഥാപിക്കാൻ അമ്മയോട് ആവശ്യപ്പെടാൻ മറിയം കൽപിച്ചു. അന്നുതന്നെ, 1499 മാർച്ച് 27-ന്, വിശുദ്ധ മത്തായി അപ്പോസ്തലന്റെ ദൈവാലയത്തിലേക്കു ആഘോഷമായി ചിത്രം കൊണ്ടുപോയി, അവിടെ ഒരു വെളുത്ത മാർബിൾ ബലിപീഠത്തിന് മുകളിൽ സ്ഥാപിച്ചു ചിത്രം സ്ഥാപിച്ചു.
മാതാവിൻ്റെ ചിത്രം ഘോഷയാത്രയായി കൊണ്ടുപോകവേ ഒരു തളർവാത രോഗിയുടെ ഭവനം കടന്നുപോകുമ്പോൾ അയാൾ അത്ഭുതകരമായി സുഖം പ്രാപിച്ചു. ഇതുവരെയുള്ള ചിത്രത്തിന്റെ ചരിത്രം ലാറ്റിൻ, ഇറ്റാലിയൻ ഭാഷകളിൽ എഴുതി വിശുദ്ധ മത്തായിയുടെ പള്ളിയിലെ ഐക്കണിനടുത്ത് വർഷങ്ങളോളം തൂക്കിയിട്ടിരുന്നു. ഈ ചരിത്രത്തിൻ്റെ കടലാസ് പകർപ്പുകൾ വത്തിക്കാൻ ലൈബ്രറിയിൽ ഇപ്പോഴും സൂക്ഷിച്ചട്ടുണ്ട്.

അഗസ്റ്റീനിയൻ സഭയിൽ

തുടർന്നുള്ള മുന്നൂറു വർഷക്കാലം റോമിലെ ഈ ദൈവാലയത്തിലാണ് പരിശുദ്ധ മറിയത്തിൻ്റെ ഐക്കൺ സൂക്ഷിച്ചിരുന്നത്. 1798-ൽ നെപ്പോളിയന്റെ സൈന്യം ദൈവാലയം ആക്രമിച്ചപ്പോൾ ഈ ദൈവാലയത്തിൻ്റെ നടത്തിപ്പുകാരായിരുന്ന അഗസ്റ്റീനിയൻ സന്യാസിമാർ ചിത്രം അവരുടെ ആശ്രമത്തിലേക്കു കൊണ്ടുപോയി . പിന്നീടുള്ള 64 വർഷങ്ങൾ ഈ ഐക്കൺ വിശ്വാസികൾക്കു പൊതുവായി വണങ്ങാൻ സാധിച്ചില്ല. കാലക്രമേണ സന്യാസിമാർ പോലും ഐക്കണിൻ്റെ പ്രാധാന്യം മറന്നു.1840 ൽ ബ്രദർ അഗസ്റ്റിനു പോസ്‌റ്റെറുലായിലുള്ള സാന്താ മരിയയിലെ ആശ്രമത്തിലേക്കു സ്ഥലം മാറ്റം കിട്ടിയതോടെയാണ് മരിയൻ ചിത്രത്തിൻ്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. മാതൃ ഭക്തനായിരുന്ന അഗസ്റ്റിനു സാന്താ മരിയയിലെ ആശ്രമത്തിൽ അൾത്താര ബാലന്മാരെ പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ഒരിക്കൽ മൈക്കൽ മാർച്ചി എന്ന അൾത്താര ബാലനെ ചാപ്പലിൽ തൂങ്ങികിടന്ന മറിയത്തിൻ്റെ ഐക്കൺ ചൂണ്ടികാട്ടി അഗസ്റ്റിൻ പറഞ്ഞു, “ മൈക്കൽ, ആ ചിത്രം നിങ്ങൾ കാണുന്നുണ്ടോ? ഇത് വളരെ പഴയ ചിത്രമാണ്. വിശുദ്ധ മത്തായിയുടെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന മാതൃചിത്രമാണിത്. നീ എല്ലായ്പ്പോഴും ഇത് ഓർത്തുകൊള്ളണം ”

ദിവ്യരക്ഷക സഭയിലേക്ക്

കാലങ്ങൾ വീണ്ടും കടന്നു പോയി അന്നത്തെ അൾത്താര ബാലൻ മൈക്കിൾ 1855-ൽ റിഡംപ്റ്റോറിസ്റ്റു സഭയിൽ പ്രവേശിച്ചു വൈദീകനായി സഭയുടെ ജനറൽ ഹൗസിലാണ് മൈക്കിളച്ചൻ താമസിച്ചിരുന്നത്. അതിനടുത്തു വിശുദ്ധ അൽഫോൺസ് ലിഗോരിയുടെ നാമത്തിൽ ദൈവാലയം പണിയിപ്പിക്കാനുള്ള ചുമതല മൈക്കിളച്ചനായിരുന്നു. പണ്ട് വിശുദ്ധ മത്തായിയുടെ ദൈവാലയം നിന്നിരുന്ന അതേ സ്ഥലത്താണ് പുതിയ പള്ളിയുടെ നിർമ്മാണവും നടന്നിരുന്നത്. ഒരിക്കൽ ആശ്രമാംഗങ്ങളുടെ ഉല്ലാസത്തിനിടയിൽ ആരോ വിശുദ്ധ മത്തായിയുടെ ദൈവാലയത്തെപ്പറ്റിയും അതിൽ പ്രതിഷ്ഠിച്ചിരുന്ന മരിയൻ ചിത്രത്തെപ്പറ്റിയും അതു നഷ്ടപ്പെട്ടതിനെപ്പറ്റിയും സംസാരിച്ചു. പൊടുന്നനെ മൈക്കിൾ അച്ചൻ ഇടപെട്ടു: “ആ ചിത്രം നഷ്ടപ്പെട്ടില്ല! ആ ചിത്രം എവിടെയാണന്നു എനിക്കറിയം – അതിനെ നിത്യസഹായ മാതാവിൻ്റെ ഐക്കൺ എന്നാണു വിളിക്കുന്നത്. . ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ പലപ്പോഴും ഞാനതു കണ്ടിട്ടുണ്ട്. പോസ്‌റ്റെറുലായിലുള്ള സാന്താ മരിയയിലെ അഗസ്റ്റീനിയൻ ആശ്രമ ചാപ്പലിലാണ്ആ അത്ഭുത ചിത്രം. ” ചിത്രത്തെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും അഗസ്റ്റിൻ ബ്രദർ വർഷങ്ങൾക്കു മുമ്പു പറഞ്ഞ കാര്യങ്ങൾ സഹോദരന്മാർക്കു മൈക്കിൾ വിശദീകരിച്ചു കൊടുത്തു. .

അത്ഭുതകരമായ ചിത്രം എവിടെ ആണന്നറിഞ്ഞ റിഡംപ്റ്റോറിസ്റ്റു സഭയ്ക്കു പരിശുദ്ധ മറിയത്തിൻ്റെ കല്പനയെക്കുറിച്ചു അറിയില്ലായിരുന്നു. റോമിലെ ദൈവാലയങ്ങളിൽ 1863 ൽ ഫ്രാൻസീസ് ബോൾസി എന്ന ഈശോസഭാ വൈദീകൻ നടത്തിയ പ്രഭാഷണങ്ങളിൽ നിരവധി ചിത്രങ്ങളും വിഷയമായിരുന്നു. ഒരിക്കൽ വിശുദ്ധ മത്തായിയുടെ ദൈവാലയത്തിലെ നിത്യസഹായ മാതാവിൻ്റെ ഛായ ചിത്രത്തെക്കുറിച്ചും അതിൻ്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. മേരി മജോറ ജോൺ ലാറ്ററൻ ഈ രണ്ടു ബസിലിക്കകൾക്കിടയിയിൽ ബഹുമാനിക്കപ്പെടണമെന്നതാണ് പരിശുദ്ധ മറിയത്തിൻ്റെ കൽപ്പനെയെന്നും ഈ ചിത്രത്തെക്കുറിച്ചും അതിൻ്റെ ഉടമസ്ഥനെപ്പറ്റിയും ആർക്കെങ്കിലും അറിയാമെങ്കിൽ ഇതവരെ ഓർമ്മിപ്പിക്കണമെന്നും ഫാ. ബോൾസി ശ്രോതാക്കളോട് അഭ്യർത്ഥിച്ചു. റിഡംപ്റ്റോറിസ്റ്റു സന്യാസികൾ ഇത് കേട്ടപ്പോൾ, അവർ അവരുടെ ജനറാളച്ചൻ ഫാ. നിക്കോളാസ് മൗറോണിൻ്റെ അടുത്തെത്തി, അഗസ്റ്റീനിയൻ സഭക്കാരിൽ നിന്ന് അവരുടെ പള്ളിക്കായി ചിത്രം വാങ്ങാൻ അഭ്യർത്ഥിച്ചു.

1865 ഡിസംബർ 11 ന് പീയൂസ് ഒൻപതാമൻ മാർപാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ഫാ. മൗറോണു അവസരംകിട്ടി . ഇതുവരെ നടന്ന സംഭങ്ങൾ മനസ്സിലാക്കിയ മാർപാപ്പയ്ക്കു പരിശുദ്ധ കന്യക വ്യക്തമാക്കിയ സ്ഥലത്ത് ഐക്കണിന് വീണ്ടും പൊതു ആരാധന നൽകേണ്ടത് ദൈവഹിതമാണെന്ന് ബോധ്യപ്പെട്ടു. പാരമ്പര്യമനുസരിച്ച്, പിയൂസ് ഒൻപതാമൻ മാർപ്പാപ്പ റിഡംപ്റ്റോറിസ്റ്റ് സുപ്പീരിയർ ജനറലിനോട് “അവളെ ലോകമെമ്പാടും അറിയിക്കുക!” എന്നു പറഞ്ഞതായി സാക്ഷ്യമുണ്ട്. അങ്ങന പീയൂസ് ഒൻപതാം മാർപാപ്പയുടെ നിർദേശത്താൻ സാന്താ മരിയയിലെ ആശ്രമത്തിൽ നിന്നു
1866 ഏപ്രിൽ 26-നു നിത്യസഹായ മാതാവിൻ്റെ ഐക്കൺ വിശുദ്ധ അൽഫോൻസിൻ്റെ ദൈവാലയത്തിൽ എത്തി.

ഐക്കണിന്റെ വ്യാഖ്യാനം

നിത്യസഹായ മാതാവിൻ്റെ ഈ ഐക്കൺ പരസ്ത്യ കലയിലുള്ള പാശ്ചാത്യ സ്വാധീനത്തിന്റെ ഉദാഹരണമാണ്. പന്ത്രണ്ട് പതിമൂന്നു നൂറ്റാണ്ടുകളിൽ ഫ്രാൻസിസ്കൻ സന്യാസികൾ പൗരസ്ത്യ നാടുകൾ സന്ദർശിച്ചിരുന്നു അതിൻ്റെ ഫലമായി കാർഡിയോട്ടിസ്സ ( (Cardiotissa) എന്ന പുതിയ രീതി ഐക്കണുകളിൽ സ്വാധീനം നേടി. കാർഡിയ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം ഹൃദയം എന്നാണ്. കാർഡിയോട്ടിസ്സ, അതിനാൽ, ആർദ്രത, അനുകമ്പ, കരുണ എന്നിവ കാണിക്കുന്ന ഒരു തരം ഐക്കണിനെ സൂചിപ്പിക്കുന്നു. നിത്യസഹായ മാതാവിൻ്റെ മുഖം ശാന്തവും പ്രകാശിതവുമാണങ്കിലും, അവളുടെ പുത്രന്റെ കഷ്ടപ്പാടുകളെപ്പറ്റി ആലോചിക്കുന്നതിൽ വലിയ ദു:ഖം അവളിൽ നിഴലിക്കുന്നു.

1. ഗ്രീക്ക് അക്ഷരങ്ങൾ

ഐക്കണിന്റെ മുകൾഭാഗത്തുകാണുന്ന ഗ്രീക്ക് അക്ഷരങ്ങൾ മറിയം
“ദൈവമാതാവ് ” എന്നതിനെ സൂചിപ്പിക്കുമ്പോൾ ശിശുവിൻ്റെ അടുത്തു എഴുതിയിരിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ ” യേശുക്രിസ്തു ” എന്നനതിൻ്റെ ചുരുക്കെഴുത്താണ്.
മാലാഖമാരുടെ മുകളിൽ ആലേഖനം ചെയ്തിരിക്കുന്ന അക്ഷരങ്ങളിൽ വലതുവശത്തുള്ളത്
മിഖായേൽ മാലാഖയേയും

2. മറിയത്തിൻ്റെ നക്ഷത്രം

മൂന്നു കാര്യങ്ങൾ സൂചിപ്പിക്കുന്നു

1 ) ക്രിസ്തുവിൻ്റെ വരവിനെ അറിയിക്കുന്ന പ്രഭാതം

2) ക്രിസ്തു രഹസ്യത്തിലും സഭയിലുമുള്ള മറിയത്തിൻ്റെ പങ്ക്.

3) മനുഷ്യരെ ക്രിസ്തുവിലേക്കു നയിക്കുന്ന നക്ഷത്രമാണ് മറിയം

3. മറിയത്തിൻ്റെ കണ്ണുകൾ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ അനുകമ്പയും സ്നേഹവും നിറഞ്ഞിരിക്കുന്ന കണ്ണുകൾ ഭൂമിയിലുള്ള അവളുടെ മക്കളിൽ ഉറപ്പിച്ചിരിക്കുന്നു.

നിരന്തരമായ ആശ്വാസത്തിൻ്റെയും പ്രത്യാശയുടെയും ഉറവിടമാണ് മറിയം

4. മുഖ്യദൂതനായ മിഖായേൽ

മിഖായേൽ മാലാഖ കൈകളിൽ ഒരു സ്പോഞ്ച് പിടിപ്പിച്ച ഒരു കുന്തം, ഒരു വിനാഗിരി പാത്രം ഇവ പിടിച്ചിരിക്കുന്നു.
ഈശോയുടെ കുരിശുമരത്തെ സൂചിപ്പിക്കുന്നു.

ചിത്രത്തിൽ മിഖായേൽ മാലാഖയുടെ കൈകൾ ഒരു വസ്ത്രം കൊണ്ടു മൂടപെട്ടിരിക്കുന്നു. വിശുദ്ധ കാര്യങ്ങളോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു.

5. മുഖ്യ ദൂതനായ ഗബ്രിയേൽ

ഗബ്രിയേൽ മാലാഖ കൈകളിൽ ഒരു കുരിശും ആണിയും പിടിച്ചിരിക്കുന്നു. വരാനിരിക്കുന്ന കുരിശുമരണത്തിൻ്റെ ചിഹ്നങ്ങൾ ബാലനായ ഈശോയെ മറിയത്തിൻ്റെ സുരക്ഷിതമായ വക്ഷസ്സിലേക്കു അടുപ്പിക്കുന്നു.

മൂടപെട്ട കരങ്ങൾ വിശുദ്ധ കാര്യങ്ങളോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു.

6. മറിയത്തിൻ്റെ വസ്ത്രം

മറിയത്തിൻ്റെ വസ്ത്രത്തിൻ്റെ നിറങ്ങളിൽ, ചുവപ്പ് അവളുടെ കന്യാകാത്വത്തെയും നീല മാതൃത്വത്തെയും സൂചിപ്പിക്കുന്നു.
ഈ രണ്ടു നിറങ്ങളും രാജത്വത്തെയും പ്രതിനിധാനം ചെയ്യുന്നു.

ഈശോയുടെ കാലത്തു കന്യകമാർ ഇരുണ്ട ചുവപ്പും പാലസ്തീനായിലെ അമ്മമാർ നീല നിറവുമാണ് അണിഞ്ഞിരുന്നത് എന്ന ഒരു വ്യാഖ്യാനമുണ്ട്.

7. മറിയത്തിൻ്റെ കരങ്ങൾ

മറിയത്തിൻ്റെ കരങ്ങൾ ഈശോയെ പിടിച്ചിരിക്കുന്നത് ഈശോയെ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന രീതിയിലാണ്.

മറിയത്തിൻ്റെ വലതു കൈപ്പത്തിയിലെ വിരലുകൾ ഉണ്ണീശോയുടെ ഹൃദയത്തിലേക്ക് നേരിട്ട് ചൂണ്ടുന്നു, മാലാഖ പിടിച്ചിരിക്കുന്ന കുരിശ് വരെ.

അവളുടെ ഇടതുകരത്തിൻ്റെ സ്ഥാനം വലതു കരത്തോടൊപ്പം ഈശോയെ ലോകത്തിനു നൽകുന്നു.ഐക്കണു മുമ്പിൽ വരുന്ന എല്ലാവരോടും മറിയത്തിനു പറയാനുള്ളത് ” വചനമായ ഈശോയെ സ്വീകരിക്കുക ” എന്നാണ്.

8. ഈശോയുടെ മുഖം

തൻ്റെ പീഡാനുഭവത്തിൽ വേദന സമ്മാനിക്കുന്ന ഉപകരണങ്ങൾക്കപ്പുറം നമ്മുടെ രക്ഷയിലാണ് അവൻ്റെ നോട്ടം.

ഈശോയുടെ ശരീരത്തിനു ഒരു ശിശുവിൻ്റെ ശരീരമാണങ്കിലും അവൻ്റെ മുഖം കൂടുതൽ പക്വതയുള്ളതാണ്, പ്രായത്തിനപ്പറമുള്ള അവൻ്റെ വിജ്ഞാനത്തെയാണ് അത് സൂചിപ്പിക്കുക.

9. ഈശോയുടെ കരങ്ങൾ

ഈശോയുടെ കരങ്ങൾ അമ്മയുടെ കരങ്ങളുമായി കോർത്തു പിടിച്ചിരിക്കുന്നു. ഈശോയുടെ ഹിതത്തോടുള്ള മാതാവിൻ്റ അനുരൂപണത്തെയാണു ഇതു അർത്ഥമാക്കുക. രക്ഷകരകർമ്മത്തിൽ ഈശോയോടൊപ്പം മറിയവും പങ്കു ചേർന്നു എന്നതിൻ്റെ സൂചനയും ഇതിലുണ്ട്.

10. ഈശോയുടെ വസ്ത്രങ്ങൾ

പച്ച നിറത്തിലുള്ള കുപ്പായം ഈശോയുടെ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു.

അരയ്ക്കു ചുറ്റുമുള്ള ചുവന്ന അരപ്പട്ട മനുഷ്യരക്ഷയ്ക്കു വേണ്ടി ഈശോ ചിന്തിയ രക്തത്തിൻ്റെ പ്രതീകമാണ്.

സ്വർണ്ണ വസ്ത്രം പുനരുത്ഥാനത്തിൻ്റെ പ്രതീകമാണ്.

ചുരുക്കത്തിൽ ഈശോയുടെ മനുഷ്യവതാരം, പീഡാസഹനം , മരണം ഉത്ഥാനം എന്നിവയാണ് വസ്ത്രങ്ങൾ സൂചിപ്പിക്കുക.

11. മറിയത്തിൻ്റെ മുഖവും അധരവും

മറിയത്തിൻ്റെ ചെറിയ വായ് ദൈവസാന്നിധ്യത്തിനു മുമ്പിലുള്ള അവളുടെ നിശബ്ദതയാണ് വെളിച്ചത്തു കൊണ്ടുവരിക

12. ഈശോയുടെ കാലും ചെരുപ്പുകളും

പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഈശോ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു എന്നതാണ് ഊരിപ്പോകുന്ന ചെരിപ്പ് സൂചിപ്പിക്കുക.

ഉൽപത്തി പുസ്തകത്തിലെ “നീയും സ്‌ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും.” (ഉല്‍പത്തി 3 : 15) എന്ന വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായിട്ടാണ് ഈശോ കാലുകൾ കാണിക്കുന്നത്.

13. സ്വർണ്ണ പശ്ചാത്തലം

സ്വർണ്ണ പശ്ചാത്തലം സ്വർഗ്ഗത്തെയും ഈശോയുടെയും മറിയത്തിൻ്റെയും വസ്ത്രങ്ങളിലൂടെ പ്രകാശിക്കുന്ന പുനരുത്ഥാനത്തിൻ്റെ ദിവ്യവെളിച്ചത്തെയുമാണ് ഈ ഐക്കണു മുമ്പിൽ പ്രാർത്ഥിക്കാൻ വരുന്നവർക്ക് സമ്മാനിക്കുക.

Fr Jaison Kunnel MCBS

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s