മിഖായേൽ മാലാഖയുടെ പ്രാർത്ഥനയുടെ ഉത്ഭവം

മിഖായേൽ മാലാഖയുടെ പ്രാർത്ഥനയുടെ ഉത്ഭവം
***********
വി.മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയസൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തില്‍ നിന്നും രക്ഷിക്കുവന്‍ വരണമെ. അങ്ങയെ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവു രക്ഷിച്ച ആത്മാക്കളെ സ്വര്‍ത്തിലക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത് അങ്ങു തന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമധാനദാതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കണമെ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്‌പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.

കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെമല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുമ്പില്‍ സമര്‍പ്പിക്കണമെ. ദുഷ്ടജന്തുവും പഴയസര്‍പ്പവുമായ സാത്താനേയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമെ. അവന്‍ മേലാല്‍ ഒരിക്കലും ഞങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ആമ്മേന്‍.
* * * * * * * * * *
എത്രപേർ കുടുംബപ്രാർത്ഥനയിൽ മിഖായേൽ മാലാഖയോടുള്ള ഈ പ്രാർത്ഥന ചൊല്ലാറുണ്ട്? ഈ പ്രാർത്ഥനയുണ്ടായതിനു പിന്നിലെ ചരിത്രം ഇവിടെ വിശദീകരിക്കൻ ആഗ്രഹിക്കുന്നു.

ഫാത്തിമയിലെ അത്ഭുതം നടക്കുന്നതിനു കൃത്യം 33 വർഷങ്ങൾക്കു മുൻപ്, അതായത് ഒക്ടോബർ 13, 1883ലാണ് പോപ് ലിയോ XIIIന് ഈ ദർശനമുണ്ടാകുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറി ആ സംഭവം തന്റെ ഡയറിയിൽ കുറിച്ചിട്ടത് ഇപ്രകാരമാണ്:

വളരെ പ്രായമായിരുന്ന മാർപാപ്പ തന്റെ സ്വകാര്യ വത്തിക്കാൻ ചാപ്പലിൽ ഏതാനും കർദ്ദനാൾമാരും വത്തിക്കാൻ ഉദ്യോഗസ്ഥരും പങ്കുകൊണ്ട കുർബാന അർപ്പിച്ച ശേഷം മടങ്ങാൻ തുടങ്ങുമ്പോൾ അൾത്താരയുടെ പടിയിലെത്തിയപ്പോൾ പെട്ടെന്നു നിന്നു. മോഹനിദ്രയിലെന്ന പോലെ 10 മിനിട്ടോളം അദ്ദേഹം അനങ്ങാതെ ആ നിൽപ് തുടർന്നു. അദ്ദേഹത്തിന്റെ മുഖം ചാരത്തിന്റെ വെള്ളനിറമായി. അതിനു ശേഷം അദ്ദേഹം തിടുക്കത്തിൽ ചാപ്പൽ ഓഫീസിൽ പോയി ഈ മിഖായേൽ മാലാഖയുടെ പ്രാർത്ഥന എഴുതിയുണ്ടാക്കി, എല്ലാ കുർബാനയ്ക്കും ശേഷം എല്ലായിടത്തും ഈ പ്രാർത്ഥന ചൊല്ലണം എന്നു നിർദ്ദേശിക്കുകയും ചെയ്തു.

എന്താ സംഭവിച്ചത് എന്നു ചോദിച്ചപ്പോൾ അദ്ദേഹം അതു വിശദമാക്കി – അദ്ദേഹം അൾത്താരയുടെ പടിയിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം പിന്നിൽ സക്രാരിക്കടുത്തു നിന്നും രണ്ടു പേരുടെ ശബ്ദങ്ങൾ കേട്ടു. ഒന്നു വളരെ സൗമ്യവും മാർദ്ദവമായതും, മറ്റേതു പരുഷവും പരുക്കനുമായതും. അദ്ദേഹം ശ്രവിച്ച സംഭാഷണം ഇപ്രകാരമായിരുന്നു:

പരുക്കൻ ശബ്ദത്തിൽ സാത്താൻ കർത്താവിനോടു തന്റെ അഹങ്കാരത്തോടെ വീമ്പടിക്കുന്നു: “എനിയ്ക്ക് താങ്കളുടെ സഭയെ തകർക്കാൻ കഴിയും.”

കർത്താവ് : “ആണോ? എങ്കിൽ അപ്രകാരം ചെയ്യു, കാണട്ടെ.”

സാത്താൻ : “അങ്ങനെ ചെയ്യാൻ എനിയ്ക്ക് കൂടുതൽ സമയവും ശക്തിയും വേണം.”

കർത്താവ് : “എത്ര സമയം? എന്തുമാത്രം ശക്തി?”

സാത്താൻ : “75 മുതൽ 100 വർഷം വരെ. പിന്നെ എന്നെ സേവിക്കാനായി സ്വയം സമർപ്പിച്ചവർക്കുമേൽ എനിയ്ക്ക് അത്യധികം ശക്തിയും ഉണ്ടാകണം.”

കർത്താവ് : “നിനക്ക് ആ സമയവും ശക്തിയും ലഭ്യമായിരിക്കും. അതുകൊണ്ട് നിന്റെ ആഗ്രഹം നിറവേറ്റാൻ കഴിയുമെങ്കിൽ ചെയ്തു കാണിക്കുക.”

1886ൽ ലിയോ XIII മാർപാപ്പ ഡിക്രി ഇറക്കി, സാർവ്വത്രിക സഭയിൽ മുഴുവൻ കുർബാനക്ക് ശേഷം ഈ മിഖായേൽ മാലാഖയുടെ പ്രാർത്ഥനയും ‘സാൽവെ റജീനയും (പരിശുദ്ധ രാജ്ഞി, കരുണയൂള്ള മത്താവേ…) ചൊല്ലണമെന്ന്. പൗരസ്ത്യസഭകൾ ആദ്യമേ തന്നെ ഈ നിർദ്ദേശം അവഗണിക്കുകയാണ് ഉണ്ടായത്. ലത്തീൻസഭയിൽ അതു തുടക്കമിട്ടെങ്കിലും, കാലക്രമേണ അതു നിന്നു പോയി. ചില പള്ളികളിൽ അതു പുനഃരാരംഭിച്ചതായി കാണുന്നു. സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ ഈ പ്രാർത്ഥന പുനഃരാരംഭിക്കേണ്ടതാണ് എന്നത് ഓർക്കേേണ്ടിയിരിക്കുന്നു.

Advertisements

Leave a comment