അനുദിന വിശുദ്ധർ | ജൂൺ 29 | Daily Saints | June 29 | Sts Peter & Paul

⚜️⚜️⚜️⚜️ June 29 ⚜️⚜️⚜️⚜️
വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

⚜️ വിശുദ്ധ പത്രോസ്

പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന്‍ പറയപ്പെടുന്നു. അതിനാല്‍ തന്നെ വിശുദ്ധന്റെ ഭവനം നിരവധി അത്ഭുതങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. തന്റെ സഹോദരന്‍മാരായിരുന്ന യോഹന്നാനും അന്ത്രയോസിനുമൊപ്പം വിശുദ്ധന്‍ യേശുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായി (യോഹന്നാന്‍ 1:40-50).

ഗലീലി കടലില്‍ വെച്ചുള്ള അത്ഭുതകരമായ മീന്‍ പിടുത്തത്തിനു ശേഷം പത്രോസ് തന്റെ ദൈവവിളിയെ സ്വീകരിക്കുകയും തന്റെ ഭാര്യയേയും, കുടുംബത്തേയും, തൊഴിലിനേയും ഉപേക്ഷിച്ച് 12 ശിഷ്യന്‍മാരുടെ നേതൃസ്ഥാനം സ്വീകരിച്ചു. അതിനു ശേഷം അപ്പസ്തോലിക സമൂഹത്തിന്റെ ഔദ്യോഗിക വക്താവായും, ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായും നമുക്ക്‌ പത്രോസിനെ എപ്പോഴും യേശുവിന്റെ അരികില്‍ കാണുവാന്‍ കഴിയും. വിശുദ്ധന്റെ ചോരതിളപ്പും, ആവേശവും പലപ്പോഴും വിശുദ്ധനെ മുന്‍കരുതലില്ലാത്ത വാക്കുകളിലേക്കും, പ്രവര്‍ത്തികളിലേക്കും നയിച്ചു. പ്രധാന പുരോഹിതന്റെ പടയാളിയുടെ ചെവി ഛേദിച്ചതും യേശുവിന്റെ പീഡാനുഭവ നാളുകളില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവവും ഇതിരൊരു ഉദാഹരണമാണ്.

സ്വര്‍ഗ്ഗാരോഹണത്തിന്റെ നാളില്‍ വിശുദ്ധ പത്രോസ് ശിഷ്യന്‍മാരുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും, യേശു തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങളും ഭക്തിപരമായ കര്‍മ്മങ്ങളും വേണ്ടവിധം നിര്‍വഹിക്കുകയും ചെയ്തു. ജെറൂസലേം സമ്മേളനത്തില്‍ വിശുദ്ധന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യത്തേകുറിച്ചും (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:1), അന്ത്യോക്ക്യയിലേക്കുള്ള വിശുദ്ധന്റെ യാത്രയേക്കുറിച്ചും (ഗലാത്തിയര്‍ 2:11) വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ. എങ്ങിനെയൊക്കെയാണെങ്കിലും പത്രോസ് റോമില്‍ ഒരു അപ്പസ്തോലനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം ഉറപ്പാണ്.

വിശുദ്ധനായിരുന്നു ആ നഗരത്തിലെ ആദ്യത്തെ മെത്രാന്‍, അവിടെ വെച്ച് വിശുദ്ധന്‍ ബന്ധിതനാക്കപ്പെടുകയും ഒരു രക്തസാക്ഷിയുടെ മരണം വരിക്കുകയും ചെയ്തു (67 A.D). ഐതീഹ്യമനുസരിച്ച് അന്ത്യോക്ക്യയിലേ ആദ്യത്തെ മെത്രാനും വിശുദ്ധനാണ്. ആദ്യത്തെ ക്രിസ്തീയ വിജ്ഞാനകോശങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു എഴുത്തുകള്‍ വിശുദ്ധന്റേതായിട്ടുണ്ട്. വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് ക്രിസ്തീയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നത്. ആ ദേവാലയത്തിലെ മകുടത്തിനു ചുറ്റുമായി ഈ വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു, Tu es Petrus, et super hanc petram aedificabo ecclesiam meam (നീ പത്രോസാകുന്നു, നീ ആകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല, സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും)

⚜️ വിശുദ്ധ പൗലോസ്

തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ്‌ സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസ് ക്രിസ്തുവിന്റെ ആഗമനത്തിനു മുന്‍പ്‌ ഏതാണ്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു ശേഷം സിലിസിയായുടെ റോമന്‍ പ്രവിശ്യയായിരുന്ന ടാര്‍സസിലായിരുന്നു ജനിച്ചത്‌. ബെഞ്ചമിന്റെ ഗോത്രത്തില്‍ പ്പെട്ട യഹൂദന്മാരായിരുന്ന വിശുദ്ധന്റെ മാതാ-പിതാക്കള്‍ വിശുദ്ധനെ ഫരിസേയരുടെ കഠിനമായ മത-ദേശീയതക്കനുസൃതമായിട്ടായിരുന്നു വളര്‍ത്തിയിരുന്നത്. റോമന്‍ പൗരത്വത്തിന്റെ പ്രത്യേകമായ സവിശേഷതയും അവര്‍ക്കുണ്ടായിരുന്നു.

യുവാവായപ്പോള്‍ വിശുദ്ധന്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേല്‍ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യേശുവിന്റെ പ്രേഷിതപ്രവര്‍ത്തനകാലത്ത്‌ വിശുദ്ധന്‍ ജെറൂസലെമില്‍ ഉണ്ടായിരുന്നില്ല. ഭൂമിയിലെ തന്റെ ജീവിതകാലത്തൊരിക്കലും വിശുദ്ധന്‍ യേശുവിനെ കാണുകയോ ചെയ്തിട്ടില്ല. വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്‌, ഉടനേ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളേയും, ദേവാലയത്തെയും എസ്തപ്പാനോസ്‌ വിമര്‍ശിച്ചപ്പോള്‍ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളില്‍ ഒരാള്‍ പൗലോസായിരുന്നു: അതിനു ശേഷം പൗലോസിന്റെ ഭയാനകമായ വ്യക്തിത്വം അദ്ദേഹത്തെ മതപീഡനത്തിലേക്ക്‌ നയിച്ചു.

യേശുവിന്റെ ശിക്ഷ്യന്‍മാരെ അടിച്ചമര്‍ത്തുവാനായി ഡമാസ്‌കസ്സിലേക്ക് പോയികൊണ്ടിരിക്കുന്ന സമയത്താണ് ദൈവീക ഇടപെടലിലൂടെയുള്ള പരിവര്‍ത്തനത്തിനു വിശുദ്ധന്‍ വിധേയനാകുന്നത്. ജ്ഞാനസ്നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയചെറിയ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയതിനു ശേഷം വിശുദ്ധന്‍ അറേബിയന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി (c. 34-37 A.D.). അവിടെ തന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ വിശുദ്ധന്‍ നടത്തി. ഈ ധ്യാനത്തിനിടക്ക്‌ വിശുദ്ധന് നിരവധി വെളിപാടുകള്‍ ലഭിക്കുകയും, യേശു വിശുദ്ധന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു.

തിരികെ ഡമാസ്‌കസ്സിലെത്തിയ വിശുദ്ധന്‍ അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചതിനാല്‍ അവിടം വിടുവാന്‍ നിര്‍ബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധന്‍ പോയത്‌. ബാര്‍ണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ജൂതന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിശുദ്ധന്‍ അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. അതിനു ശേഷമുള്ള വര്‍ഷങ്ങള്‍ (38-42 A.D.) അന്തിയോക്കില്‍ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സമൂഹത്തെ ബാര്‍ണബാസ് വിശുദ്ധനെ പരിചയപ്പെടുത്തുന്നത് വരെ ടാര്‍സസിലാണ് അദ്ദേഹം ചിലവഴിച്ചത്. അന്തിയോക്കില്‍ അവര്‍ രണ്ടുപേരും ഒരു വര്‍ഷത്തോളം യേശുവിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു. ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന ജെറൂസലേം സമൂഹത്തിനു വേണ്ട പണവുമായി വിശുദ്ധന്‍ ജെറൂസലേമിലേക്ക് മറ്റൊരു യാത്ര നടത്തി.

വിശുദ്ധന്റെ ആദ്യത്തെ പ്രധാനപ്പെട്ട സുവിശേഷ പ്രഘോഷണ യാത്ര (45-48) ആരംഭിച്ചത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനു ശേഷമാണ്. വിശുദ്ധനും ബാര്‍ണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 13:14). A.D 50-ല്‍ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്. ആ സമ്മേളനത്തിലെ തീരുമാനങ്ങളില്‍ ഉത്തേജിതനായ വിശുദ്ധന്‍ തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു (51-53). ഏഷ്യാമൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ്‌ മറികടന്ന് ഫിലിപ്പി, തെസ്സലോണിയ, ബേരിയാ, ഏതന്‍സ്‌, ഗ്രീസ്, കൊറിന്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

വളരെ പെട്ടെന്ന് വികസിച്ചുവന്ന ഒരു പ്രധാനപ്പെട്ട ക്രിസ്തീയ സമൂഹത്തെ സ്ഥാപിച്ചു കൊണ്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം വിശുദ്ധന്‍ കൊറീന്തോസില്‍ ചിലവഴിച്ചു. 54-ല്‍ വിശുദ്ധന്‍ നാലാം പ്രാവശ്യവും ജെറൂസലേമിലെത്തി. വിശുദ്ധന്റെ മൂന്നാമത്തെ പ്രേഷിതയാത്ര (54-58) വിശുദ്ധനെ എഫേസൂസിലാണ് എത്തിച്ചത്‌. ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വളരെ വിജയകരമായി വിശുദ്ധന്‍ അവിടെ പ്രവര്‍ത്തിച്ചു.

58-ലെ പെന്തകോസ്ത് ദിനത്തില്‍ തന്റെ യൂറോപ്പിലെ സമൂഹങ്ങളെ സന്ദര്‍ശിച്ഛതിനു ശേഷം വിശുദ്ധന്‍ അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. അവിടെവെച്ച് ജൂതന്മാര്‍ തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വിശുദ്ധനെ പിടികൂടി. അവിടെ സീസറിയായില്‍ രണ്ടു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനു ശേഷം, സീസറിനോട് അപേക്ഷിച്ചതിന്റെ ഫലമായി വിശുദ്ധന്‍ റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ മാള്‍ട്ടായില്‍ വെച്ച് കപ്പല്‍ തകര്‍ന്നതിനാല്‍ 61-ലെ വസന്തകാലത്താണ് വിശുദ്ധന്‍ റോമിലെത്തുന്നത്.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ വിശുദ്ധന്‍ അവിടെ തടവിലായിരുന്നു, പിന്നീട് വിട്ടയക്കപ്പെട്ടു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ പ്രേഷിത യാത്രകള്‍ക്കായിട്ടാണ് വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. ഒരു പക്ഷേ സ്പെയിനും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. ആദ്യകാലങ്ങളില്‍ താന്‍ സ്ഥാപിച്ച സഭകളെ ഇക്കാലയളവില്‍ വിശുദ്ധന്‍ വീണ്ടും സന്ദര്‍ശിക്കുകയുണ്ടായി. 66-ല്‍ വിശുദ്ധന്‍ റോമില്‍ തിരിച്ചെത്തി അവിടെയെത്തിയ വിശുദ്ധനെ പിടികൂടി തടവിലാക്കുകയും ഒരുവര്‍ഷത്തിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ എഴുതിയിട്ടുള്ള പതിനാല് എഴുത്തുകള്‍ അമൂല്യ രേഖകളാണ്; ഒരു മഹാത്മാവിലേക്കുള്ള ഉള്‍കാഴ്ചയാണ് അവ നല്‍കുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. റോമന്‍കാരായ മാര്‍സെള്ളൂസും അനസ്റ്റാസിയൂസും

2. ഫ്രാന്‍സില്‍ വച്ചു വധിക്കപ്പെട്ട സ്പെയികാരി ബെനെദിക്ത

3. നാര്‍ണിയിലെ കാസ്റ്റിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 29
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്‍റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. “നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്‍റെ ശരീരമാകുന്നു,” അപ്രകാരം തന്നെ കാസയെടുത്ത് ഉപകാരസ്മരണ ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറയുന്നത്, “ഇതില്‍ നിന്ന്‍ നിങ്ങള്‍ എല്ലാവരും കുടിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ നിയമത്തിന്‍റെ രക്തം ഇതാകുന്നു.” ദിവ്യഹൃദയ ഭക്തരായ ആത്മാക്കളെ, മാധുര്യം നിറഞ്ഞ ഈശോയുടെ വചനങ്ങളെ കേള്‍ക്കുന്നില്ലയോ?

ഈ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങള്‍ ഈ ദിവ്യവചനങ്ങളില്‍ നിന്നും അറിയുന്നില്ലയോ? നാം ഈശോയുടെ പക്കല്‍ ഇടവിടാതെ ചൊല്ലുന്നതിനും തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനുമത്രേ ഈ ദിവ്യകൂദാശയില്‍ അവിടുന്ന് എഴുന്നള്ളിയിരിക്കുന്നത്. മാത്രമല്ല, തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവര്‍ക്കു നിത്യായുസ്സ് വാഗ്ദാനം ചെയ്യുകയും അപ്രകാരം ചെയ്യാത്തവരെ നിത്യഭാഗ്യത്തില്‍ നിന്ന്‍ ഒഴിവാക്കുകയും ചെയ്യുന്നു.

മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളില്‍ ആയുസ്സുണ്ടാകയില്ല. എന്‍റെ മാംസം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ടാകും.” എന്ന്‍ ദിവ്യരക്ഷകന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നു. മിശിഹായുടെ അനന്തമായ ആഗ്രഹത്തെ ത്രെന്തോസ് സൂനഹദോസില്‍ കൂടിയിരുന്ന പിതാക്കന്മാര്‍ ഗ്രഹിച്ച്, വിശ്വാസികള്‍ ദിനംപ്രതി വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കുന്നു.

വി.മറിയം മര്‍ഗ്ഗരീത്താമ്മ പറയുന്നത് – വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളുവാന്‍ ഞാന്‍ അത്യന്തം ആഗ്രഹിക്കുന്നു. മിശിഹായുടെ തിരുശരീരത്തെ കൈക്കൊള്ളുവാന്‍ തീയില്‍ക്കൂടെ കടക്കണമെന്നായിരുന്നാലും നല്ലമനസ്സോടെ അങ്ങനെ ചെയ്യുമായിരുന്നു. ഈ അനന്തമായ നന്മ എനിക്കു പോയ്പ്പോകുന്നതിനേക്കാള്‍ സകല സങ്കടങ്ങളും അനുഭവിക്കുന്നതിന് തയ്യാറായിരിക്കുന്നു. മഹാത്മാവായ വി.ഫ്രാന്‍സിസ് സാലസ് തല്‍സംബന്ധമായി പറഞ്ഞിട്ടുള്ളതാണ് താഴെക്കാണുന്നത്: “നല്ലവര്‍ നശിച്ചുപോകാതിരിക്കുന്നതിനും പാപികള്‍ മനസ്സു തിരിയുന്നതിനും വൈദികവൃത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഇതില്‍ ഉത്സാഹമുള്ളവരായിരിക്കുന്നതിനും, സന്യാസികള്‍ അവരുടെ അന്തസ്സില്‍ നിലനില്‍ക്കുന്നതിനും രോഗികള്‍ ആരോഗ്യം പ്രാപിക്കുന്നതിനും വിവാഹം കഴിച്ചിട്ടുള്ളവര്‍ക്ക് അവരുടെ കടമകളെ ശരിയായി നിറവേറ്റുന്നതിനും വി.കുര്‍ബ്ബാനയുടെ സ്വീകരണം ഉത്തമമായ പോംവഴിയായിരിക്കുന്നു.”

മിശിഹാ ഏഴു കൂദാശകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറു കൂദാശകളിലും തന്‍റെ അനുഗ്രഹങ്ങള്‍ ഭാഗികമായിട്ടേ കൊടുക്കുന്നുള്ളൂ.‍ വി.കുര്‍ബ്ബാനയിലാകട്ടെ തന്നെ മുഴുവനായി കൊടുക്കുന്നു. ഇവയില്‍ നിന്നു പഠിക്കേണ്ടത് നമ്മുടെ നേരെയുള്ള അനന്തമായ സ്നേഹത്തെ കാണിക്കുവാനാണ് മിശിഹാ പരിശുദ്ധ കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്നതെന്നും ഈ ദിവ്യകൂദാശ വഴിയായി തന്നെ മുഴുവനും നമുക്ക് തന്ന് തന്നില്‍ ഇടവിടാതെ വസിച്ചു അവസാനം നിത്യഭാഗ്യത്തില്‍ നമ്മെ ചേര്‍ക്കണമെന്നാണ് അവിടുന്ന്‍ ആഗ്രഹിക്കുന്നതെന്നുമാകുന്നു. അതിനാല്‍ ഭക്തിയുള്ള ആത്മാക്കളെ! ദിവ്യരക്ഷിതാവായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിവുപോലെ അടുത്തടുത്ത് നിത്യായുസ്സിന്‍റെ അപ്പമായിരിക്കുന്ന ഈശോയുടെ തിരുശരീരത്തെ ഭക്തിയോടും വിശ്വാസത്തോടും എളിമയോടുംകൂടെ ഉള്‍ക്കൊള്ളുന്നതിനു താല്‍പര്യപ്പെട്ടു കൊള്ളു‍വിന്‍. വ്യാകുലതകളാലും വ്യാധി മുതലായവയാലും നിങ്ങള്‍ വലയുമ്പോള്‍ സമാധാനവും ആശ്വാസവും നിങ്ങള്‍ക്കു ലഭിക്കുന്നതിനായി വി.കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തില്‍ അഭയം തേടുവിന്‍.

ജപം
❤️❤️

പരിശുദ്ധ കുര്‍ബ്ബാനയില്‍ എന്നോടുള്ള സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ! മാലാഖമാരുടെ ദിവ്യഭോജനമേ! മോക്ഷവാസികളുടെ സന്തോഷമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കും. ഈ ദിവ്യകൂദാശയില്‍ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടു കൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും? പരമപിതാവായ ഈശോയെ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടു കൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങ് തന്നെ എനിക്ക് ഇടവരുത്തിയരുളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! എന്‍റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്‍റെയും തിരുനാമങ്ങള്‍ ആയിരിക്കട്ടെ. എന്‍റെ അന്ത്യഭോജനം ആയുസ്സിന്‍റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കര്‍ത്താവേ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.

സല്‍ക്രിയ
❤️❤️❤️❤️❤️

പരിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി കുമ്പസാരിച്ചു കുര്‍ബ്ബാന ഉള്‍ക്കൊള്ളുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


അവൻ വളരുകയും ഞാൻ കുറയുകയും വേണം..  (യോഹന്നാൻ : 3/30)


മനുഷ്യകുലത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എന്റെ നല്ല ദൈവമേ.. ഈ പ്രഭാതത്തിൽ അങ്ങയെ ഞങ്ങൾ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു.. വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാനുള്ള പുണ്യം പകർന്നു നൽകി കൊണ്ട് ഞങ്ങളുടെ ജീവിതത്തെ അങ്ങ് ക്രമീകരിക്കേണമേ.. പലപ്പോഴും ഞങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കുമ്പോൾ.. അവിടെ അവഗണിക്കപ്പെടുന്ന ഇഷ്ടങ്ങളും.. ഒന്നു പ്രകടിപ്പിക്കാൻ പോലും കഴിയാതെ ഉള്ളിലൊതുക്കപ്പെടുന്ന അഭിപ്രായങ്ങളും എനിക്കു ചുറ്റുമുള്ളവരിലുമുണ്ടെന്ന സത്യത്തെ ഞാൻ അംഗീകരിക്കുന്നില്ല. എന്റെ ഇഷ്ടങ്ങൾക്കൊത്തു മാറണം എന്ന നിർബന്ധ ബുദ്ധിയെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവിടെ തകർന്നടിയുന്നത് ഞാൻ ബന്ധങ്ങൾക്കു കൽപ്പിച്ചു കൊടുക്കുന്ന മൂല്യവും സ്വാതന്ത്ര്യവും തന്നെയാണെന്ന തിരിച്ചറിവ് പലപ്പോഴും എനിക്കു നഷ്‍ടമായിപ്പോകുന്നു..

ഈശോയേ.. എന്റെ ഇഷ്ടങ്ങൾ മാത്രമല്ല.. എന്റെ കൂടെ ചേരുന്നവരുടെ ഇഷ്ടങ്ങൾക്കും ജീവൻ പകരുമ്പോഴാണ് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും.. ജീവിതം കൂടുതൽ മനോഹരമാക്കാനും സാധിക്കുന്നത് എന്ന സത്യത്തെ എന്റെ ഹൃദയത്തിൽ ഉറപ്പിക്കേണമേ.. വാക്കിലും സംസാരത്തിലും മാത്രമല്ലാതെ.. പ്രവൃത്തിയിലും സത്യത്തിലും പരസ്പരം സ്നേഹിക്കാനുള്ള ദൈവകൃപ സ്വന്തമാക്കുകയും.. അതിൽ തന്നെ വിശുദ്ധിയോടെ നിലനിൽക്കാനുള്ള അനുഗ്രഹം പ്രാപിക്കുകയും ചെയ്യാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ..

മരണാവസ്ഥയിൽ ഉൾപ്പെട്ട ഈശോയുടെ ദിവ്യഹൃദയമേ.. മരിക്കുന്നവരുടെ മേൽ ദയയായിരിക്കേണമേ. ആമേൻ.

Advertisements

ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.
എഫേസോസ്‌ 4 : 32

Advertisement

One thought on “അനുദിന വിശുദ്ധർ | ജൂൺ 29 | Daily Saints | June 29 | Sts Peter & Paul

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s