അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂൺ 30 | Daily Saints | June 30

⚜️⚜️⚜️ ⚜️ June 3️⃣0️⃣: ⚜️⚜️⚜️⚜️
റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി ജീവനുള്ള തീപന്തങ്ങളാക്കി മാറ്റുകയുമുണ്ടായി. 64 മുതല്‍ 314 വരേയുള്ള കാലയളവില്‍ ക്രിസ്ത്യാനി എന്നാല്‍ ‘അടിച്ചമര്‍ത്തലിന്റെ ഇര’ എന്നതിന്റെ പര്യായമായിരുന്നു.

യേശുവിന്റെ മരണത്തിന് ശേഷം പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോമില്‍ ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. A.D 57-58-ല്‍ തന്റെ പ്രസിദ്ധമായ കത്തെഴുതുമ്പോള്‍ വിശുദ്ധ പൗലോസ് അവരെ സന്ദര്‍ശിച്ചിട്ടു പോലുമില്ലായിരുന്നു. ഒരുപക്ഷേ ജൂതന്‍മാരും ജൂത ക്രിസ്ത്യാനികളും തമ്മില്‍ ഉടലെടുത്ത വിവാദങ്ങള്‍ കാരണം ക്ലോഡിയസ് ചക്രവര്‍ത്തി അവരെ A.D. 49-50 കാലയളവില്‍ റോമില്‍ നിന്നും പുറത്താക്കി. ഈ പുറത്താക്കലിന് കാരണം ചില ക്രിസ്ത്യാനികളാണെന്ന്‍ സ്യൂട്ടോണിയൂസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ A.D 54-ല്‍ ക്ലോഡിയസ് മരണപ്പെട്ടതോടെ അവരില്‍ പലരും തിരികെയെത്തിയിട്ടുണ്ടാവാം. വിശുദ്ധ പൗലോസ് തന്റെ എഴുത്തില്‍ ജൂതരും, വിജാതീയരുമടങ്ങുന്ന അംഗങ്ങളുള്ള ഒരു സഭയേയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

A.D 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം ഒരു ഭയാനകമായ അഗ്നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്നായിരുന്നു പൊതുവേയുള്ള പല്ലവി. എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്നിക്കിരയായെന്ന്‍ ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണികാരണവും, സെനറ്റിനാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി A.D 68-ല്‍ തന്റെ 31-മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു.

എവിടെയൊക്കെ യേശുവിന്റെ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ അവിടുത്തെ അനുയായികള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ യേശുവിനെ പിന്തുടര്‍ന്നവരില്‍ നിരവധി പേര്‍ അവന്റെ സഹ്നങ്ങളുടെ ഭാഗമായികൊണ്ട് മരണത്തെ പുല്‍കിയിട്ടുണ്ട്. പക്ഷേ ലോകത്തിനു മുന്‍പില്‍ സ്വതന്ത്രമാക്കപ്പെട്ട ആ ആത്മീയതയെ തടുക്കുവാന്‍ ഒരു മനുഷ്യശക്തിക്കും സാധ്യമല്ല. രക്തസാക്ഷികളുടെ രക്തം എക്കാലവും ക്രിസ്ത്യാനികളുടെ വളര്‍ച്ചക്കുള്ള വിത്തായി മാറിയിട്ടുണ്ട്, ഇനി മാറുകയും ചെയ്യും.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ലീമോജെസ്സിലെ മാര്‍ഷല്‍

2. ഇംഗ്ലീഷ് സന്യാസിയായിരുന്ന അല്‍റിക്ക്

3. ഈജിപ്തിലെ കാവല്‍ക്കാരനായിരുന ബെസീലിദെസ്

4. ഔട്ടൂണിലെ ബെര്‍ട്രാന്‍റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 3⃣0⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ “കന്യാസ്ത്രീ മറിയം നിത്യവചനത്തിന്‍റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ മേല്‍ അധികാരത്തിനും ലോകപരിപാലനയ്ക്കും സമസ്ത സൃഷ്ടികളുടെയും മേല്‍ ഭരണത്തിനും യോഗ്യയായിത്തീര്‍ന്നു. ഈശോ മിശിഹായുടെയും മറിയത്തിന്‍റെയും മാംസം ഒന്നായിരിക്കയില്‍ പുത്രന്‍റെ ഭരണത്തില്‍ നിന്ന്‍ അമ്മയെ വേര്‍തിരിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ രാജമഹിമ പുത്രനും അമ്മയ്ക്കും പൊതുവായി ഞാന്‍ വിചാരിക്കുന്നു. അത് ഒന്നുതന്നെയാണെന്നാണ് എന്‍റെ അഭിപ്രായം.”

ബര്‍ണ്ണദീനോ ദെസ്യേന എന്ന പുണ്യവാന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “ദൈവത്തെ ശുശ്രൂഷിക്കുന്ന സൃഷ്ടികള്‍ എത്രയായിരിക്കുന്നുവോ അവയൊക്കെയും കന്യാസ്ത്രീ ദൈവമാതാവിനെയും ശുശ്രൂഷിക്കുന്നു. എന്നും അപ്രകാരം തന്നെ മാലാഖമാരും മനുഷ്യരും ആകാശത്തിലും ഭൂമിയിലും ഉള്ള സമസ്ത വസ്തുക്കളും ദൈവാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നത് പോലെ കന്യാസ്ത്രീ ദൈവമാതാവിനും അധീനങ്ങളായിരിക്കുന്നു”.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യകയായ അമലോത്ഭവ മറിയത്തില്‍ നിന്നു പിറന്ന ക്ഷണം മുതല്‍ ഈശോ തന്‍റെ മാതാവിന് ഇടവിടാതെ കീഴ്വഴങ്ങി അവിടുത്തെ കല്‍പനകളെ കൃത്യമായി നിറവേറ്റുന്നു. കാനായിലെ കല്യാണ വിരുന്നില്‍ അത്ഭുതത്തിനുള്ള സമയം വന്നില്ലായെന്നു പറയുന്നെങ്കിലും ഈശോ തന്‍റെ അമ്മയുടെ നേരെയുള്ള സ്നേഹത്തെപ്രതിയും ആ രാജ്ഞിയെ ബഹുമാനിക്കുന്നതിനായിട്ടും മറിയത്തിന്‍റെ അപേക്ഷ പ്രകാരം അത്ഭുതം ചെയ്ത് വെള്ളം വീഞ്ഞാക്കുന്നു. ഈ സംഭവത്തില്‍ നിന്ന്‍ മതദ്വേഷികളുടെ അഭിപ്രായപ്രകാരം ഈശോ തന്‍റെ മാതാവിന്‍റെ അപേക്ഷയേയും ആഗ്രഹത്തെയും നിവൃത്തിക്കാതെയിരിക്കയില്ല. പ്രത്യുത ഈ നാഥയുടെ നേരെ ഭക്തിയും സ്നേഹവും കാണിച്ചു സകല സന്തതികളെക്കൊണ്ടും അവളെ ഭാഗ്യവതിയെന്ന് വിളിക്കുവാന്‍ ഇടയാക്കി എന്നതാണ് വിശദമാകുന്നത്.

ദിവ്യരക്ഷകനായ ഈശോ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആഹാരമായി തന്നശേഷം കുരിശിന്‍ ചുവട്ടില്‍ വച്ച് തന്‍റെ മാതാവിനെ ത്തന്നെ നമുക്കു മദ്ധ്യസ്ഥയും നാഥയുമായി തരുന്നു. കുരിശില്‍ തൂങ്ങിക്കിടക്കയില്‍ വിശുദ്ധ യോഹന്നാനെ നോക്കി പരിശുദ്ധ കന്യകയെ കാണിച്ചുകൊണ്ട് “ഇതാ നിന്‍റെ അമ്മ” എന്നും തന്‍റെ അമ്മയെ നോക്കി “സ്ത്രീയെ! ഇതാ നിന്‍റെ പുത്രന്‍” എന്നു അവിടുന്നു അരുളിച്ചെയ്തു. തല്‍ക്ഷണം മുതല്‍ മനുഷ്യവര്‍ഗ്ഗം മുഴുവനേയും ഉദ്ദേശിച്ച് യോഹന്നാനെ ചൂണ്ടിക്കാണിച്ചതു കൊണ്ട് സകല മനുഷ്യനും ഈ പരിശുദ്ധ കന്യകയുടെ പുത്രന്മാരും അവിടുന്ന്‍ സകല ജനങ്ങളുടെയും മാതാവും മദ്ധ്യസ്ഥയുമായിത്തീര്‍ന്നു. ഇവയില്‍ നിന്ന്‍ ദിവ്യരക്ഷകനായ ഈശോമിശിഹായ്ക്കു തന്‍റെ പരിശുദ്ധ മാതാവിന്‍റെ നേരെയുള്ള സ്നേഹവും ഭക്തിയും അവര്‍ണ്ണനീയമെന്ന് തെളിയുന്നില്ലയോ?

മിശിഹാ കഴിഞ്ഞാല്‍ അവിടുത്തെ മാതാവിനെ സകല‍ സൃഷ്ടികളെയുംകാള്‍‍ അധികമായി ഏവരും സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നും ഈശോയുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നില്ലയോ?

പരിശുദ്ധ ജനനിയെ സകല ജനങ്ങളുടെയും മദ്ധ്യസ്ഥയും നാഥയുമായി നമുക്കു തന്നിരിക്കയില്‍ നമ്മുടെ ആശ്രയവും ശരണവും ഈ അമ്മയായിരിക്കുന്നുവെന്നറിയേണ്ടത് ആവശ്യമാണ്‌. മിശിഹായുടെ ദിവ്യഹൃദയത്തിലെ അനുഗ്രഹങ്ങളെയും നിക്ഷേപങ്ങളെയും ലഭിക്കുവാന്‍ പരിശുദ്ധ അമ്മ വഴിയായി അപേക്ഷിക്കുന്നത് ഈ ദിവ്യഹൃദയത്തിനു ഏറ്റം പ്രസാദിക്കുന്ന ഒരു കാര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ സകലതും മറിയം വഴിയായി അപേക്ഷിക്കുന്നുവെങ്കില്‍ ലഭിക്കാതെ വരികയില്ലായെന്നു ബര്‍ണ്ണാദു പുണ്യവാന്‍ പഠിപ്പിക്കുന്നു. ആയതിനാല്‍ മിശിഹായുടെ ദിവ്യഹൃദയാനുഗ്രഹങ്ങളെ ധാരാളമായി കൈക്കൊള്ളുവാനും അവിടുത്തെ പ്രീതി സമ്പാദിക്കുവാനും പരിശുദ്ധ മറിയത്തെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും ചെയ്യുവാന്‍ നമുക്കു ആത്മാര്‍ദ്ധമായി പരിശ്രമിക്കാം.

ജപം
❤️❤️

ഈശോയുടെ കൃപ നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങേ മാധുര്യം നിറഞ്ഞ ഹൃദയം അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയത്തെ സ്നേഹിക്കുന്നതുപോലെ, ഈ അമ്മയെ ബഹുമാനിക്കുന്ന ആത്മാക്കളെയും അതിവാത്സല്യത്തോടെ സ്നേഹിക്കുന്നുവെന്ന് അറിയുന്നതില്‍ മഹാപാപിയായ ഞാന്‍ അത്യന്തം സന്തോഷിക്കുന്നു. അങ്ങേ പരിശുദ്ധ അമ്മയുടെ അപേക്ഷയെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കായില്ലായെന്ന് അങ്ങുതന്നെ എന്നെ പഠിപ്പിച്ചിരിക്കയില്‍ എന്‍റെ ശരണം മുഴുവനും ഈ അമ്മയില്‍ വയ്ക്കാതെയിരിക്കുന്നതെങ്ങനെ? സ്നേഹം നിറഞ്ഞ ഈശോയെ! എന്‍റെ ജീവിതകാലത്തില്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ ജനനിയുടെയും സ്നേഹത്തില്‍ നിലനില്പ്പാനും അങ്ങേ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പ് നിങ്ങളുടെ തൃക്കരങ്ങളില്‍ തന്‍റെ പരിശുദ്ധാത്മാവിനെ കയ്യേല്‍പ്പിച്ചതുപോലെ “ഈശോ മറിയം യൗസേപ്പേ! നിങ്ങളുടെ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ കയ്യേല്‍പ്പിക്കുന്നു” വെന്ന് ചൊല്ലി നിങ്ങളുടെ തിരുനാമങ്ങള്‍ മനസ്താപത്തോടും സ്നേഹത്തോടും കൂടെ ഉദ്ധരിച്ച് എന്‍റെ ഈ ലോകജീവിതം അവസാനിപ്പിക്കുന്നതിനും കര്‍ത്താവേ എനിക്കു ഇടവരുത്തിയരുളണമേ.
പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ! ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ.

സല്‍ക്രിയ
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യ ഹൃദയത്തോട് അപേക്ഷിക്കുന്നതും തന്നിൽ നിന്ന് ആഗ്രഹിക്കുന്നതുമായ സകല നന്മകളും തൻ്റെ മാതാവായ പരിശുദ്ധ കന്യകാമറിയം വഴിയായി അപേക്ഷിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്യുക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്‌….
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ദാവീദിന്റെ പുത്രനായ യേശുവേ, അവിടുന്ന് ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നതിനെ ഓർത്തു അവിടുത്തെ ഞങ്ങൾ സ്തുതിക്കുന്നു. ജീവിതത്തിലെ പല നിമിഷങ്ങളിലും ക്രിസ്തു കൂടെ ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുവാൻ ഞങ്ങൽ വളരെ വൈകി പോകുന്നു. കൂടെ നടന്നവൻ ക്രിസ്തുവാണെന്നു അറിയാതെ എമ്മാവൂസിലേക്കു യാത്ര പോയ ശിഷ്യന്മാരെപ്പോലെ ഞങ്ങളും നടക്കുന്നു. നല്ല ദൈവമേ ചുറ്റുമുള്ളവരിൽ അവിടുത്തെ സാന്നിദ്ധ്യം ദർശിക്കുവാൻ ഉള്ള കൃപ നൽകണമേ. ദൈവ വഴികളിൽ നടന്നിട്ടും ഞങ്ങളുടെ കണ്ണുകൾ അത്ഭുതം ദർശിക്കാത്തത്, ഞങ്ങൾ ദൈവത്തെ കാണാതെ നടക്കുന്നതിനാൽ ആണ് എന്ന തിരിച്ചറിവ് നൽകണമേ. ഓരോ ദിനവും ഞങ്ങളുടെ മുൻപിലൂടെ കടന്നു പോകുന്ന ക്രിസ്തുവിനെ കണ്ടെത്തുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ. കുഷ്ഠരോഗിയെ ഫ്രാൻസിസ് അസീസി ചുംബിച്ചപ്പോൾ ലഭിച്ച ക്രിസ്തു അനുഭവം പോലെ സമൂഹത്തിലെ വെറുക്കപ്പെട്ടവരെ, വേദന അനുഭവിക്കുന്നവരെ, ജീവിത നിരാശകളിൽ കഴിയുന്നവരെ ചേർത്ത് പിടിയ്ക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആകാശങ്ങളിൽ നിന്നും ഭൂമിയിലേയ്ക്ക് മനുഷ്യനായി പിറവി കൊണ്ട്, പീഡകൾ ഏറ്റു മരിച്ച കർത്താവെ, അവിടുത്തെ സ്നേഹം അഗാധം ആണെന്ന് സർവ മനുഷ്യരും അറിയുവാൻ ഇടയാക്കണമേ.
ആമേൻ🙏🏻🙏🏻🙏🏻
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Advertisements

ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്‌ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
എഫേസോസ്‌ 5 : 2

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s