ദിവ്യബലി വായനകൾ Friday of week 13 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 2/7/2021

Friday of week 13 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 23:1-4,19,24:1-8,62-67
ഇസഹാക്ക് റബേക്കായെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു

സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു. കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു. മരിച്ചവളുടെ അടുക്കല്‍ നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്മശാനസ്ഥലം തരുക.
അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, ഹെബ്രോണില്‍ മക്‌പെലായിലെ വയലിലുള്ള ഗുഹയില്‍ അടക്കി.
അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു. അവന്‍ തന്റെ എല്ലാ വസ്തുക്കളുടെയും മേല്‍നോട്ടക്കാരനും തന്റെ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്റെ കൈ എന്റെ തുടയുടെ കീഴെ വയ്ക്കുക. ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍ നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യം ചെയ്യിക്കും. എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെ അടുക്കല്‍പോയി, അവരില്‍ നിന്ന് എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിക്കണം. അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്ത്രീക്ക് എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക് അങ്ങേ മകനെ ഞാന്‍ കൊണ്ടുപോകണമോ? അബ്രാഹം പറഞ്ഞു: എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകരുത്. എന്റെ പിതാവിന്റെ വീട്ടില്‍ നിന്നും ചാര്‍ച്ചക്കാരില്‍ നിന്നും എന്നെ പുറത്തു കൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനം ചെയ്തവനുമായ, ആകാശത്തിന്റെ ദൈവമായ കര്‍ത്താവ് തന്റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കും; നീ അവിടെനിന്ന് എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാല്‍, ആ സ്ത്രീക്കു നിന്നോടുകൂടെ പോരാന്‍ ഇഷ്ടമില്ലെങ്കില്‍ എന്റെ ഈ ശപഥത്തില്‍ നിന്ന് നീ വിമുക്തനാണ്; എന്റെ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം.
ആയിടയ്ക്ക് ഇസഹാക്ക് ബേര്‍ല്ഹായ്‌റോയില്‍ നിന്നു പോന്ന് നെഗെബില്‍ താമസിക്കുകയായിരുന്നു. ഒരുദിവസം വൈകുന്നേരം അവന്‍ ചിന്താമഗ്നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു. റബേക്കായും ശിരസ്സുയര്‍ത്തി നോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്? ഭൃത്യന്‍ പറഞ്ഞു: അവനാണ് എന്റെ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്ത്രം കൊണ്ടു മുഖംമൂടി. നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു. ഇസഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന് ആശ്വാസം ലഭിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 106:1-2,3-4,5

കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
കര്‍ത്താവിനു നന്ദിപറയുവിന്‍!
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിന്റെ അദ്ഭുതകൃത്യങ്ങള്‍ ആരു വര്‍ണിക്കും?
അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും?

കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

ന്യായം പാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍.
കര്‍ത്താവേ, അവിടുന്നു ജനത്തോടു
കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ!
അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍
എന്നെ സഹായിക്കണമേ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

അങ്ങേ തിരഞ്ഞെടുക്കപ്പെട്ടവരുടെ
ഐശ്വര്യം കാണാന്‍ എനിക്ക് ഇടയാകട്ടെ!
അങ്ങേ ജനത്തിന്റെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ!
അങ്ങേ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 9:9-13
ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

അക്കാലത്ത്, യാത്രാമധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.


Or:
യോഹ 17:20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment