പുലർവെട്ടം 508

{പുലർവെട്ടം 508}

 
പൂച്ചകൾ പൊറുക്കാറില്ല എന്നൊരു നിരീക്ഷണമുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന ജീവജാലങ്ങളുടെയിടയിൽ എല്ലാം തന്നെ അതിനുശേഷം തങ്ങൾ ഇനിയും സൗഹൃദത്തിന് തയ്യാറാണെന്നുള്ള സന്ദേശങ്ങൾ കൈമാറുന്ന ഒരു രീതിയുണ്ട്. അത്തരം അനുരഞ്ജന സൂചനകൾ ആൾക്കുരങ്ങുകളിലൊക്കെ വളരെ ശക്തമാണ്. Non primates – ജീവജാലങ്ങളിലും വിളക്കിയോജിക്കലിൻ്റെ ശരീരഭാഷയുണ്ട്. ആടുകളിലും കഴുതപ്പുലികളിലുമൊക്കെ അത് വളരെ വിസിബിളാണ്. അപവാദമായി നിൽക്കുന്നത് പൂച്ചകളാണ്.
 
ശാസ്ത്രീയമായി അവയത്രയും പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. എന്നാൽ ഒരു രൂപകം എന്ന നിലയിൽ അതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. ഒന്ന് വിരലോടിക്കുമ്പോൾ എഴുന്നുനിൽക്കുകയും സദാ കാൽച്ചുവട്ടിൽ ഉരുമ്മിയുരുമ്മി സ്നേഹപരിസരത്തിലായിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന അതേ പൂച്ച തന്നെയാണ് അവസാനത്തോളം പക സൂക്ഷിക്കുകയും ചെയ്യുന്നത്. ഭയപ്പെടുത്തുന്ന ഒരു ഗുണപാഠമാണ്. ഏറ്റവും ഇണങ്ങിയ മനുഷ്യരാണ് ഇരുധ്രുവങ്ങളിൽ പാർക്കുന്നവരെക്കാൾ അകന്നുപോകുന്നത്. നഖപ്പാടുകളിൽനിന്നാണ് ഉണങ്ങാവ്രണങ്ങളുണ്ടാകുന്നത്.’ എൻ്റെ ചങ്ങാതിയുടെ കൂടാരത്തിൽ വച്ചാണ് എനിക്ക് മുറിവേറ്റത്’ എന്ന ബൈബിൾ വചനമുണ്ട്. തിരുവിലാവിലെന്ന പോലെ അതിൽനിന്നാണ് ചോരയും ചലവും ഒഴുകുന്നത്.
 
എന്നാൽ പ്രശ്നമുണ്ട്. മാപ്പ് നൽകാൻ നിങ്ങൾ തയ്യാറല്ലെന്ന് വാക്കിലൂടെയോ ശരീരഭാഷയിലൂടെയോ വെളിവാക്കുന്ന നിമിഷം ലോകം നിശ്ചലമാവുകയാണ് – നിങ്ങൾ ഇരുവരുടെയും. അയാളുടെ ദയാവധം ആരംഭിച്ചു. ഭൂമിയിലെമ്പാടും മനുഷ്യരുടെ മോക്ഷകവാടങ്ങൾ ഇങ്ങനെയാണ് അടഞ്ഞുപോകുന്നത്. മാപ്പല്ലാതെ മാനവരാശിയുടെ മുൻപിൽ മറ്റൊരു പാതയില്ല. ദീർഘമായ തടവറവാസത്തിനൊടുവിൽ പുറത്ത് കടക്കുമ്പോൾ നെൽസൺ മണ്ടേല പറയാൻ ശ്രമിച്ചത് അതാണ് : എൻ്റെ കയ്പ്പും വെറുപ്പും ആ മതിൽക്കെട്ടിനകത്ത് ഉപേക്ഷിക്കുവാൻ ഞാൻ തയ്യാറായില്ലെങ്കിൽ നാളെ തെരുവിലായിരിക്കുമ്പോഴും ഞാൻ തടവറയിൽ തന്നെയായിരിക്കും.
 
The forgiveness project അങ്ങനെയാണ് പുതുകാലത്തിന് പ്രിയപ്പെട്ട പദമായി മാറുന്നത്. ആരംഭത്തിൽ സൂചിപ്പിച്ചത് പോലെ അനുരഞ്ജനത്തിനുള്ള സാധ്യതകൾ എല്ലാ ജീവജാലങ്ങളിലുമുണ്ട്. അതിലുമെത്രയോ ശക്തമായി അതിന്റെ ഉറവകൾ ഓരോരുത്തരുടെയും ഉള്ളിൽ അഗാധമായി ഭൂമിയ്ക്കടിയിലെ നദിയിലെന്ന പോലെ മറഞ്ഞുകിടപ്പുണ്ടാവും. ആരെങ്കിലുമൊക്കെ അതിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ. Forgiveness project എന്ന രാഷ്ട്രീയ- മതാതീത ആഭിമുഖ്യം 2004 ൽ ആരംഭിക്കുമ്പോൾ അതിന്റെ പിന്നണിയിലുള്ളവർ സങ്കല്പിച്ചത് ആ സുകൃതത്തെ ലോകമെമ്പാടും വിളിച്ചുണർത്തുകയായിരുന്നു. ഒരു പ്രധാന ടൂളായി അവർക്ക് അനുഭവപ്പെട്ടത് കഠിന ദുര്യോഗങ്ങളിലൂടെ കടന്നുപോയ മനുഷ്യർ അതിന് കാരണമായ വ്യക്തികളോടോ, സംഭവങ്ങളോടോ ഉപാധികളില്ലാതെ പൊറുത്തതിൻ്റെ കഥകൾ കേൾക്കാനും പറയാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതാണ്. നിരന്തരമായ അത്തരം കേൾവികൾ കാലാന്തരേ ഉണ്ടാക്കുന്ന പ്രകാശം സങ്കല്പാതീതമാണ്. ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ്  Marina Cantacuzino ഇത്തരം കഥകൾ ശേഖരിച്ച് തുടങ്ങുന്നത്.
 
ഉപാധിയില്ലാതെ പൊറുക്കപ്പെട്ടതിൻ്റെ ഒരോർമ്മ വായനക്കാരുടെ ഉള്ളിലുമുണ്ടാകും. അസാധാരണമായ രൂപാന്തരസാധ്യതയുള്ള അത്തരം ഒരു കഥ അത്താഴത്തിനിടയിൽ കുഞ്ഞുമക്കളോട് പറയാനാവുമോ എന്നതാണ് ഈ ദിനത്തിന്റെ ഗൃഹപാഠം. പക വീട്ടാനുള്ളതല്ലെന്നും പരിഹരിക്കേണ്ടതാണെന്നുമുള്ള ബോധം നമ്മൾ പാർക്കുന്ന ഈ നീലഗൃഹത്തെ കുറേക്കൂടി കുലീനമാക്കും. അതുകൊണ്ടാണയാൾ നിരന്തരം പൊറുക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 508

Leave a comment