പുലർവെട്ടം 509

{പുലർവെട്ടം 509}

 
മാപ്പ് കൊടുക്കുകയല്ലാതെ ലോകത്തിന്റെ മുൻപിൽ എന്താണ് ഒരു ഭാവിയുള്ളത്? ഞാൻ മാപ്പ് കൊടുക്കാത്ത ഒരാൾക്ക് ദൈവം മാപ്പ് കൊടുത്തു എന്ന് പറയാൻ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയതെന്ന് കനൽ പോലൊരു വാക്ക് കുറച്ചു നാൾ മുൻപ് കണ്ടൊരു ചിത്രത്തിൽ നിന്ന് ഉള്ളിൽ വീണ് പൊള്ളുന്നുണ്ട്, എന്നിട്ടും.
 
മരിച്ചവരെ ഉയിർപ്പിക്കുക എന്നൊരു അനുശാസനം ദേശത്തിന്റെ അതിരുകളിലേയ്ക്ക് ചിതറിപ്പോയ സ്നേഹിതർക്ക് യേശുവിൻ്റേതായി ലഭിക്കുന്നുണ്ട്. അതിലൊരാളുടെ ഓർമ്മത്തിരുനാളാണിന്ന് – ദുക്റാന. മാപ്പ് കൊടുക്കുക, മാപ്പ് കൊടുക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ആ നിയോഗത്തിൻ്റെ കാതൽ. അതിനാകാത്ത ദേശമൊക്കെ ഹുവാൻ റൂൾഫോ പെഡ്രോ പരാമോയിൽ സൃഷ്ടിച്ച സങ്കല്പലോകം, കൊമാലയായി രൂപപ്പെടാതെ തരമില്ല. പകയിൽനിന്നാണ് മരിച്ചവരുടെ ആ നഗരം രൂപപ്പെടുന്നത്.
 
ഓരോ പരിക്കിലും എനിക്ക് മൂല്യമുള്ള എന്തോ ഒന്ന് കവർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനോട് അനുരഞ്ജനപ്പെടാത്തിടത്തോളം കാലം ഓരോ മാത്രയിലും ആ കവർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു എന്നർത്ഥം വരുന്ന ഒരു ഉദ്ധരണി വായിച്ചിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല എന്ന് നടിക്കുന്നതോ, അധർമ്മങ്ങളിൽ കുഴപ്പമില്ല എന്ന് കരുതുന്നതോ, നിരന്തരം നമുക്ക് മീതേ ചവിട്ടി നടക്കാൻ അപരരെ അനുവദിക്കുന്നെന്നോ, വീണ്ടും ഉത്തമസുഹൃത്തുക്കളായി പരിണമിക്കപ്പെടേണ്ടതുണ്ടെന്നോ എന്നൊന്നും എപ്പോഴും മാപ്പ് എന്ന പദത്തിന് അർത്ഥമില്ല. ജീവിതത്തോട് നിങ്ങൾ പുലർത്തുന്ന സുഗന്ധമുള്ള ഒരു സമീപനത്തിന്റെ പേരാണത്.
വായിച്ചൊരു പുസ്തകത്തിൽ സംഗ്രഹിച്ചിരിക്കുന്നതുപോലെ പൂർവ്വകാലത്തിൽ ജീവിക്കാൻ ഇനി ഞാൻ ഇല്ല എന്ന മനസ്സിൻ്റെ നിശ്ചയദാർഢ്യമാണത്. എന്നോട് ചെയ്ത അപരാധത്തിന് മീതേ ഒരാളെ സ്വതന്ത്രനാക്കാനുള്ള ബോധപൂർവ്വമായ തെരഞ്ഞുപ്പാണത്. ഇന്നലെകൾക്ക് മാറ്റമുണ്ടായെന്നോ വേദന ലഘൂകരിക്കപ്പെട്ടോ എന്നൊന്നും അതിനർത്ഥമില്ല. എന്നിട്ടും നമ്മുടെ കാലത്തെ പരസ്യപ്പലകകൾ പറയുന്നത് പോലെ ഒരു Break the Chain സംഭവിക്കുന്നുണ്ട് – വേദനയെ അതിന്റെ കയ്പിൽനിന്ന് ഒരു കണ്ണിയകറ്റി ഞാൻ കാണാൻ ശ്രമിക്കുകയാണ്. ഇത് ദൈവത്തിനും എനിക്കും ഇടയിലുള്ള ഒരു കേസുകെട്ടാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെക്കുറിച്ച് സമാധാനത്തിലാണ് വിചാരിക്കുന്നത്. പ്രതിയോഗിയെ അറിയിക്കണ്ട ബാധ്യത പോലുമില്ല.
 
അതുകൊണ്ടാണ് അയാൾ പതിനായിരം താലന്ത് കടമുള്ള ഒരാളോട് അത് ഇളവുചെയ്ത യജമാനന്റെ കഥ പറഞ്ഞത്. നമ്മുടെ കാലത്തിന്റെ മൂല്യമനുസരിച്ച് അമ്പത് മില്യൺ ഡോളർ വരും.എന്നെങ്കിലും വീട്ടാമെന്ന് ഉപാധിപോലും യജമാനൻ ശ്രദ്ധിച്ചില്ല. ഒരു ഉപാധിയുമില്ലാതെ വെറുതെ അയാളെ സ്വതന്ത്രനാക്കുകയായിരുന്നു – ക്ലീൻ സ്ലേറ്റ്! അയാളാവട്ടെ വളരെച്ചെറിയ തുക ഏകദേശം നൂറു ഡോളർ വരുന്ന ഒരു കടക്കാരനോട് കഠിനമാവുകയാണ്. അയാളെ തടവുകാരനാക്കുന്നു – അപമാനത്തിൻ്റെയും നിസ്സഹായതയുടെയും ആത്മനിന്ദയുടെയും കുറ്റബോധത്തിൻ്റെയും അഴികൾക്കുള്ളിൽ.
 
ഈ പ്രഭാതത്തിലും അത് സംഭവിച്ചിട്ടുണ്ടാകും – വൈകി വന്ന പത്രം, തണുത്ത കാപ്പി, ഗൃഹപാഠം ചെയ്യാത്ത കുഞ്ഞുങ്ങൾ, പഞ്ച് ചെയ്യാനനുവദിക്കാത്ത മേലധികാരി അങ്ങനെയങ്ങനെ ചില്ലറക്കഥകൾ നീളുകയാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 509

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s