പുലർവെട്ടം 510

{പുലർവെട്ടം 510}

 
എന്തൊരു മനുഷ്യൻ എന്ന് അത്ഭുതപ്പെടുത്തുന്ന ഒരാളെയേ പരിമിതമായ വായനയുടെ പശ്ചാത്തലത്തിൽ നിന്ന് കണ്ടെടുക്കാനാവൂ. അത് ഫയോദർ ദസ്തയേവ്സ്കി. “കാരമസോവ് സഹോദരൻമാർ” വിമലീകരിച്ചതോളം ഉള്ളത്തെ മറ്റൊരു പുസ്തകവും സ്നാനപ്പെടുത്തിയിട്ടില്ല. അതിൽ ഫാദർ സോസിമയുടെ ഓർമ്മ മാപ്പുമായി ബന്ധപ്പെട്ട സാഹിത്യ വിചാരങ്ങളിൽ പൊതുവേ രേഖപ്പെടുത്തി കാണാറുണ്ട്.
 
സോസിമ തന്റെ സഹോദരനെ ഓർമ്മിച്ചെടുക്കുകയാണ്. അയാളെക്കാൾ എട്ട് വയസ്സു മൂത്ത മാർക്കൽ – പതിനേഴ് വയസ്സാണ് അയാൾക്കപ്പോൾ. അയാൾ ദൈവം ഉൾപ്പെടെയുള്ള എല്ലാത്തിനും എതിരായിരുന്നു.
 
പൊതുവേ ദുർബലനായിരുന്ന അയാൾ ശമനമില്ലാത്ത രോഗത്തിൽപ്പെട്ടുപോവുകയാണ്. അടുത്ത വസന്തത്തിന് മുമ്പ് അയാൾ കടന്നുപോകും എന്നാണ് ഡോക്ടർ അമ്മയോട് അടക്കം പറഞ്ഞത്. അതൊരു നോമ്പുകാലമായിരുന്നു. വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച അയാൾ പള്ളിയിൽ പോകാനൊരുങ്ങി : അമ്മാ, നിങ്ങളെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും മാത്രമാണ് ഞാൻ ഇത് ചെയ്യുന്നത്. എന്നിട്ട് പോലും അമ്മ സന്തോഷം കൊണ്ട് വാവിട്ട് കരഞ്ഞു, സങ്കടം കൊണ്ടുമാവാം.
 
പിന്നെ അയാൾക്ക് തീരെ പള്ളിയിൽ പോകാനാകാതെയായി. ആ വർഷത്തെ ഈസ്റ്റർ വൈകിയാണ് വന്നത്. രാത്രി മുഴുവൻ ഉറക്കം തീരെയില്ലാതെ ചുമച്ചുകൊണ്ടിരുന്ന അയാൾ പുലരിയിൽ പുഞ്ചിരിയോടെ ചാരുകസേരയിൽ എണീറ്റിരിക്കാൻ ശ്രദ്ധിച്ചിരുന്നത് സോസിമാ ഓർമ്മിച്ചെടുക്കുന്നുണ്ട്. മുറിയിൽ ഒരു തിരുസ്വരൂപമുണ്ട്. അതിന്മുൻപിൽ വിളക്കുകൊളുത്താൻ വൃദ്ധയായ പരിചാരിക അനുവാദം ചോദിക്കുന്നു. മുൻപൊരിക്കൽ അങ്ങനെ കൊളുത്തിയ വിളക്ക് അയാൾ ഊതിക്കെടുത്തിയിട്ടുണ്ട്. ഇത്തവണയല്ല. കൊളുത്തൂ, കൊളുത്തൂ, പണ്ടൊരിക്കൽ നിങ്ങളെ തടഞ്ഞ നികൃഷ്ടനാണ് ഞാൻ. ഇപ്പോഴാകട്ടെ നിങ്ങൾ തിരിതെളിച്ച് പ്രാർത്ഥന ഉരുവിടുമ്പോൾ എൻ്റെ ഹൃദയവും പ്രാർത്ഥനാഭരിതമാകുന്നു. അങ്ങനെ നാം രണ്ടു പേരും ഒരേ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
 
അമ്മയ്ക്ക് കരയാതെ വയ്യ. കരയരുതെന്ന് പറഞ്ഞ് അയാൾ അമ്മയെ തടയുന്നു. സന്തോഷമായി ഇനിയുള്ള കാലം അമ്മയോടൊപ്പമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അമ്മ വിതുമ്പുകയാണ്. രാത്രി മുഴുവൻ പനിച്ചും നെഞ്ചിൻകൂട് പിളരും വിധത്തിൽ ചുമച്ചും കിടക്കുന്ന നിനക്കെങ്ങനെ ആനന്ദത്തെക്കുറിച്ച് പറയാൻ കഴിയും?
 
അങ്ങനെയല്ല അമ്മാ, ജീവിതം പറുദീസയാണ്. നാമെല്ലാവരും അതിന്റെ അവകാശികളും. അതങ്ങനെ മനസ്സിലാക്കിയിട്ടേയില്ല എന്നതാണ് നേര്. അത് പിടുത്തം കിട്ടുന്ന ദിവസം സ്വർഗ്ഗം ഭൂമിയുടേതാകുന്നു….
 
ഒടുവിലത്തെ മൊഴികൾ ഏതാണ്ട് ഇങ്ങനെയൊക്കെയാണ് : എനിക്ക് ചുറ്റും ഈ പ്രപഞ്ചം സദാ ഈശ്വരപ്രസാദത്തിൽ മുക്തമായിരുന്നു. കിളികളും മരങ്ങളും പുൽമേടുകളും ആകാശവുമൊക്കെ അതിന്റെ അടയാളമായിരുന്നു. അതിനിടയിൽ ലജ്ജാകരമായ രീതിയിൽ ഒന്നിന്റെയും അഴകോ മഹിമയോ കാണാതെ ഞാനിങ്ങനെ..
 
എല്ലാ പാപങ്ങളും നീയെന്തിനാണ് മകനേ ഇങ്ങനെ ഏറ്റെടുക്കുന്നത്?
ദു:ഖം കൊണ്ടല്ല ഞാൻ കരയുന്നത്. ഒരു കുറ്റവാളിയെപ്പോലെ ഈ പ്രപഞ്ചത്തിന് നടുവിൽ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എത്ര അപരാധം ചെയ്താലും എല്ലാവരും എന്നോട് പൊറുക്കാൻ മനസ്സാവുന്നു. അതാണ് പറുദീസ. ഞാൻ ഇപ്പോൾ ആ പറുദീസയിലല്ലേ?
 
പറുദീസ അത് മാത്രമാണ്. മാപ്പ് ലഭിച്ചവരുടെ മുളകീറുമ്പോലുള്ള നിലവിളി.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 510

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s