പുലർവെട്ടം

പുലർവെട്ടം 511

{പുലർവെട്ടം 511}

 
“There is no revenge so complete as forgiveness.”-
Josh Billings
 
കണക്ക് പരീക്ഷയ്ക്ക് അമ്പേ തോറ്റുപോയവർക്കും പിടുത്തം കിട്ടാവുന്ന സരളമായ ഒരു എഞ്ചുവടി അവൻ്റെ കൈവശം ഉണ്ടായിരുന്നു. ഒരാൾ എന്നോട് തെറ്റ് ചെയ്താൽ എത്രയാവർത്തി അവനോടു പൊറുക്കണം, ഏഴ് തവണ മതിയോ എന്ന പീറ്ററിന്റെ ചോദ്യത്തിനിടയിലായിരുന്നു അത്. ഏഴ്, എഴുപത് പ്രാവശ്യം എന്നായിരുന്നു അവൻ്റെ മറുപടി. പൊതുവേ അങ്ങനെതന്നെയാണ് മിക്കവാറും വിവർത്തനങ്ങളിൽ കാണപ്പെടുന്നത്. എന്നാൽ ജറുസലേം ബൈബിൾ തുടങ്ങിയ ആധുനിക വിവർത്തനങ്ങളിൽ എഴുപത്തിയേഴ് തവണ എന്നതിനെ ഭാഷാന്തരം ചെയ്ത് കാണുന്നു. കണക്കിൻ്റെ ഒരു കളിയല്ലിത്. Celestial arithematic എന്നാണ് ബൈബിൾ ഭാഷ്യങ്ങളിൽ ഇതിനെ വിളിക്കുന്നത്. വിരലുകൾ കൊണ്ടല്ല ഹൃദയം കൊണ്ടാണ് അതിനെ ഗണിച്ചെടുക്കേണ്ടത്. അളവുകളില്ലാതെ, പരിധികളില്ലാതെ മാപ്പ് കൊടുക്കാനുള്ള ക്ഷണമാണത്. അപരാധിയായ ഒരാളോട് മൂന്നാവർത്തി പൊറുത്താൽ മതിയെന്ന് യേശുവിന്റെ കാലത്തെ പുരോഹിതന്മാർ കരുതിയിരുന്നു. യഥാർത്ഥത്തിൽ പീറ്റർ ഉദാരശീലനാകാൻ ശ്രമിക്കുകയായിരുന്നു. അതിനെയാണ് ദേവാലയവാണിഭക്കാരുടെ മേശപോലെ അയാൾ കീഴ്മേൽ മറിച്ചത്.
 
നിരന്തരം പൊറുത്തുകൊള്ളുവാനാണ് അയാൾ ആവശ്യപ്പെടുന്നത്. ആവർത്തിച്ചാവർത്തിച്ച് മാപ്പിനെ ഒരു സംസ്കാരമാക്കി മാറ്റുക എന്നതുതന്നെ സാരം. നട്ടുവളർത്തി വിളയിച്ചെടുക്കേണ്ട ഒന്നെന്ന നിലയിലാണ് കൾചറിൻ്റെ വ്യുത്പത്തി. പണിയായുധം, വിശേഷിച്ച് കലപ്പ എന്നർത്ഥം വരുന്ന യവനപദം അതിന്റെ പശ്ചാത്തലത്തിൽ പരാമർശിച്ചു കണ്ടു. നിരന്തരമായി ഉഴുതുഴുത് ഒരാളിൽ അഗാധമാകുന്ന ചാലുകളാണ് സംസ്കാരം. ചെറിയ ചെറിയ കാര്യങ്ങളോട് സഹിഷ്ണുതയും സൗഹൃദവും നിലനിർത്തി കാര്യങ്ങൾ കുറേക്കൂടി ആഴപ്പെടേണ്ടതുണ്ട്. അങ്ങനെയാണ് എല്ലാം പൊറുക്കുന്ന ഒരാളെന്ന സമാധാനമായി നിങ്ങൾ ഉറ്റവരുടെ ഉള്ളിൽ സദാ വസിക്കാൻ പോകുന്നത്.
 
എത്രയാവർത്തിയെന്നു മാത്രമല്ല എത്ര കഠിനമായതും പൊറുക്കാൻ മനസ്സാകുന്നു എന്നതാണ് ഏഴ്, എഴുപതിൻ്റെ അർത്ഥം. ഈ പാക്കേജിൽ അതുമാത്രം ഞാൻ പൊറുക്കില്ല എന്ന് പറയാൻ അവകാശമില്ലെന്ന് സാരം. കുറേക്കാലം മുൻപാണ് അഭയം തേടി വരുന്നവർക്ക് എന്ത് വിലകൊടുത്തും സംരക്ഷണം നൽകുമെന്ന് കേളി കേട്ടൊരു ഗോത്രത്തിലേക്ക് നഗരത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഓടിയെത്തിയത്. മൂപ്പനയാളെ സ്വീകരിച്ചു. അന്തിയിലാണറിഞ്ഞത് പട്ടണത്തിലേക്ക് തൊഴിൽ തേടിപ്പോയ തൻ്റെ പേരക്കുട്ടിയെയാണ് അവൻ വധിച്ചതെന്ന്. അയാളെ എന്നേയ്ക്കുമായി ആ വൃദ്ധൻ വിട്ടുകളയുമെന്നും അവനെ പിന്തുടർന്നെത്തുന്ന പട്ടാളക്കാർക്ക് കൈമാറുമെന്നുമാണ് എല്ലാവരും ധരിച്ചത്. എന്നാൽ അയാളാവട്ടെ എനിക്ക് ഇനിയൊരു പേരക്കുട്ടി ഇല്ലാത്തതുകൊണ്ട് നീയായിരിക്കുമെൻ്റെ പേരക്കുട്ടി എന്ന് പറഞ്ഞ് അവനെ ആശ്ലേഷിക്കുകയാണ്. കഥകളേക്കാൾ ഭംഗിയുള്ള ജീവിതത്തിൽ ഇതിനേക്കാൾ പ്രഹരശേഷിയുള്ള അനുഭവങ്ങളുണ്ട്.
 
ഓരോ പുസ്തകവും എഴുതിത്തീരുമ്പോൾ അതിനേക്കാൾ ചാരുതയും ഈർപ്പവുമുള്ള സമർപ്പണം വേണമെന്ന് ശഠിക്കാറുണ്ട്. അതിലൊന്ന് ഇങ്ങനെയായിരുന്നു : എല്ലാം പൊറുക്കുന്ന, ഒരു മാത്ര പോലും ലജ്ജിക്കാൻ അനുവദിക്കാത്ത എൻ്റെ കുമ്പസാരക്കൂടിന്. പൊറുക്കുന്ന സുമനസ്സുകളേ, നിങ്ങൾക്ക് പുലരിവന്ദനം.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s