കുറേക്കൂടി തിരികൾ കത്തിച്ചിരുന്നെങ്കില്‍ ഫാ. സ്റ്റാന്‍ സ്വാമി മോചിപ്പിക്കപ്പെടുമായിരുന്നോ ?
കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്പില് നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയുമായിരുന്നു ആ പുരോഹിതന്. കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും പിടിച്ചു കുടിക്കാന്‍ കഴിയുമായിരുന്നില്ല ആ പാവത്തിന്. തൻ്റെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പലവട്ടം പറഞ്ഞു : ആ കലാപം നടന്ന സ്ഥലം ഞാന്‍ കണ്ടിട്ടില്ല, അവരോട് എനിക്ക് ഒരു ബന്ധവുമില്ലെന്ന്. ആര് കേള്‍ക്കാന്‍. ഒടുവില്‍ മുംബൈ ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ മരണ വാര്ത്തയെത്തിയപ്പോള് ” വാക്കുകള്‍ കിട്ടുന്നില്ല; അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ” എന്ന ഒറ്റവാക്കില്‍ ജഡ്ജിമാര്‍ ഈ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്ന് പറയാതെ പറഞ്ഞു വച്ചു. പണ്ടും ഇതുപോലൊരു കൈകഴുകല്‍ നടന്നിട്ടുണ്ടല്ലോ? വിധിക്കപ്പെട്ടത് അന്ന് ഗുരുവെങ്കില്‍ ഇന്ന് ശിഷ്യനെന്ന വ്യത്യാസം മാത്രം. അപ്പോള്‍ ശിഷ്യന്റെ ആത്മാവ് ഗുരുവിന്റെ ശുദ്ധീകരണ സ്ഥലവും കടന്ന് ഗുരുവിന്റെ മടിത്തട്ടിലായിരുന്നു.
ആരാണ് ഫാ. സ്റ്റാന്‍ സ്വാമി ?
84 വയസ്സുള്ള ഒരു ജസ്യൂട്ട് പുരോഹിതന്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലായിരുന്നു സുവിശേഷ വേല. 2017ഡിസംബര്‍ 31ന് പുണെയിലെ ഭീമ- കൊറേഗോവില്‍ എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ ഒരു ദളിത് സംഗമം നടന്നു. പിറ്റേന്ന് അവിടെ വലിയ കലാപമുണ്ടായി. ഈ സംഗമത്തിന് സ്റ്റാന്‍ സ്വാമിയുടെ ഒത്താശയുമുണ്ടായിരുന്നെന്നും സംഗമത്തിന്റെ വിശദവിവരങ്ങളുള്ള ഏതാനും ലഘുലേഖകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തു എന്നും പറഞ്ഞാണ് 2020 ഒൿടോബർ 8 ന് സ്റ്റാൻ സ്വാമിയെ നിയമവിരുദ്ധ പ്രവര്‍ത്തന നിമയപ്രകാരം അറസ്റ്റ് ചെയ്ത് നവി മുബൈയിലെ തലോജ ജയിലിലടച്ചത്. തനിക്ക് ഇതിലൊരു പങ്കുമില്ലെന്ന് സ്റ്റാന്‍ സ്വാമി പറഞ്ഞെങ്കിലും ആരും കേട്ടില്ല. തെളിവുണ്ടെന്നും പറഞ്ഞ് എന്‍ഐഎ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ ഒന്നിനു പുറകെ ഒന്നായി തള്ളി. ഒടുവില്‍ അച്ചന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം പരിഗണിക്കുമ്പോഴായിരുന്നു മരണം.
കുടിവെള്ള ഗ്ലാസിനു പോലും കെഞ്ചി
ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുമ്പോള്‍ അദ്ദേഹം പാര്‍ക്കിന്‍സന്‍സ് രോഗിയും നടക്കാന്‍ കഴിയാത്തവനുമായിരുന്നു. പരസഹായമില്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയാത്തവന്. വിറയാര്‍ന്ന കൈകൊണ്ട് വെള്ളം കുടിക്കാന്‍ കഴിയാതായപ്പോള്‍ അദ്ദേഹം കോടതിയെ സമീപിച്ചു പറഞ്ഞു: എനിക്ക് വെള്ളം വലിച്ചു കുടിക്കാന്‍ സിപ്പർ ഗ്ലാസ് അനുവദിക്കണം. അതും വൈകി. ഇത് പുറം ലോകമറിഞ്ഞപ്പോള്‍ പ്രതിഷേധമായി സഭ ലക്ഷക്കണക്കിന് സിപ്പർ ഗ്ലാസുകള്‍ ജയിലേക്കയച്ചു കൊടുത്തു. അത്രയ്ക്ക് ദയനീയമായിരുന്നു സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ ജീവിതം.
ഫാ. സ്റ്റാന്‍ സ്വാമി കൊടും ഭീകരനോ ?
ഒരു കൊടും ഭീകരനെപ്പോലെയാണ് സര്‍ക്കാര്‍ സ്റ്റാന്‍ സ്വാമിയെ കണ്ടത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഒന്നിനുപിറകെ മറ്റൊന്നായി കോടതി തള്ളി. നേരെ ചൊവ്വേ നടക്കാന്‍ പോലും കഴിയാത്ത സ്റ്റാന്‍ സ്വാമിക്ക് ജാമ്യം കൊടുത്താല്‍ ഓടിപ്പോകുമെന്ന് വിശ്വാസിക്കാന്‍ മാത്രം വിഡ്ഡികള്‍ ലോകത്ത് ഇവിടെയല്ലാതെ മറ്റൊരിടത്തും കാണില്ല. അങ്ങനെ കൊടുംഭീകരനെപ്പോലെ സ്റ്റാന്‍ സ്വാമി ജയിലില്‍ കിടന്ന് മരിച്ചു.
ഈ മരണം നേരത്തെ എഴുതിയ തിരക്കഥ
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം അദ്ദേഹത്തിന്റെ മരണത്തിന് മുന്നേ എഴുതിവച്ചിരുന്നൊരു തിരക്കഥയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി അദ്ദേഹം ഉയര്‍ത്തിയ ശബ്ദമായിരുന്നു ഈ തിരക്കഥയുടെ പശ്ചാത്തലം. അതുകൊണ്ട് അറസ്റ്റിന് മുന്നേ തന്നെ സ്റ്റാന്‍സ്വാമി സര്‍ക്കാരിന്റെ മുൻപിൽ ഭീകരനായിരുന്നു. അറസ്റ്റിന് ശേഷം സര്‍ക്കാര്‍ ഒരു നിലപാടെടുത്തു. സ്റ്റാന്‍ സ്വാമി ഭീകരനാണ്. പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ പക്ഷം ചേരുന്ന ഇത്തരം ശബ്ദങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. അത്തരം ശബ്ദങ്ങള്‍ ഇല്ലാതാക്കിയാലേ സര്‍ക്കാരിനും അധികാരവര്‍ഗ്ഗ മേലാളന്മാര്ക്കും ഗോത്രവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയുമൊക്കെ പേരില്‍ ഇനിയും ചൂഷണവും അഴിമതിയും നടത്താനാവൂ. ഇങ്ങനെ വേദനിക്കുന്ന മനുഷ്യരോട് കൂടെ നില്‍ക്കുന്നവര്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പാണ് ഈ വന്ദ്യപുരോഹിതന്റെ ജീവിതം.
ഇത് ഇന്ത്യയുടെ ഗതികേടിന്റെ നേര്‍ക്കാഴ്ച
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യയുടെ ഇന്നത്തെ ഗതികേടിന്റെ നേര്‍ക്കാഴ്ചയാണ്. ജനാധിപത്യ രാജ്യം എന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍, മനുഷ്യാവകാശങ്ങളെ ഏറ്റവും ഉയരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രാജ്യം എന്ന് വീമ്പിളക്കുന്ന ഇന്ത്യയില്‍ വേദനിക്കുന്നവനോട് പക്ഷം ചേരുന്ന ഒരു ശബ്ദവും ഇനി വേണ്ട എന്നാണ് സര്‍ക്കാർ നിലപാട്. ഇത് എന്തൊരു ഭീകരമായൊരുവസ്ഥയാണെന്ന് നാം തിരിച്ചറിയണം. നീതിക്ക് വേണ്ടി ആരെങ്കിലും മിണ്ടിയാല്‍ അത് തങ്ങള്‍ക്കെതിരാകുമോ എന്ന് ഭയന്ന് അവനെ ഒതുക്കും എന്ന സൂചനയാണീ മരണം തരുന്ന സന്ദേശം. ഇത് ഇനി വരാന്‍ പോകുന്നതിൻ്റെയൊക്കെ ഒരു സൂചനമാത്രമാണ്.
അച്ചന്റെ കാര്യത്തില്‍ കോടതി പോലും കമാന്ന് ഒരക്ഷരം മിണ്ടിയില്ല. സര്‍ക്കാരല്ലല്ലോ ഒരാള്‍ ക്രിമിനലാണോ എന്ന് തീരുമാനിക്കുന്നത് ? അത് തീരുമാനിക്കേണ്ടത് കോടതിയല്ലേ ? വിചാരണ കൂടാതെ സ്റ്റാന്‍ സ്വാമിയെ പുറത്ത് വിടണമെന്ന് ആരും ആവശ്യപ്പെട്ടില്ല. ഒരു കുറ്റവാളിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കൊടുക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടത്. അതുപോലും കേട്ടില്ല. കോടതിപോലും കേസ് വരുമ്പോള്‍ വരും എന്ന നിലപാട് സ്വീകരിച്ചു. ചുരുക്കത്തിൽ നമ്മുടെ രാജ്യം നീതിയും ന്യായമൊന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത രീതിയില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അവസ്ഥ ഭീകരമാണ് അതിന്റെ സൂചനയാണിത്. ബ്രിട്ടീഷ് ഭരണമായിരുന്നോ ഇതിലും നല്ലതെന്നൊരു ചോദ്യം പോലും ഇപ്പോള്‍ ഉണ്ടായിപോകുന്നു. പണ്ടെങ്ങോ ഒരു അടിയന്തിരാവസ്ഥ ഉണ്ടായത് ഇപ്പോഴും പറഞ്ഞ് പുലമ്പുന്നവരാണ് നാം. ഇതിപ്പോള്‍ എന്ത് അവസ്ഥയാണെന്ന് ആര്‍ക്കും മനസിലാകുന്നില്ല. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ജനാധിപത്യമുണ്ടോ ? മനുഷ്യാവകാശമുണ്ടോ ? സംശയമാണ്.
സഭ ഇനിയും തിരി കത്തിക്കണമായിരുന്നോ ?
ചാനലുകളും സോഷ്യല്‍ മീഡിയായുമൊക്കെ സഭ സ്റ്റാന്‍ സ്വാമിക്ക് വേണ്ടി ചെറുവിരല്‍ പോലുമനക്കിയില്ല എന്ന് പറഞ്ഞ് മരണം ആഘോഷിക്കുകയാണ്. തെരുവിലിറങ്ങി കുറേ സമരങ്ങള്‍ നടത്തിയിരുന്നെങ്കില്‍, കുറേ നിവേദനങ്ങളിറക്കിയിരുന്നെങ്കില്, കുറേ പ്രാര്‍ത്ഥനകളും മെഴുകുതിരികളും കൂടി കത്തിച്ചിരുന്നെങ്കില്‍ സ്റ്റാന്‍ സ്വാമി ജയില്‍ മോചിതനായാനേ എന്നാണ് പലരുടെയും കണ്ടെത്തല്‍. എന്നാല്‍, സഭ എന്താണ് ചെയ്യാതിരുന്നത് ? പ്രധാനമന്ത്രിയെ കണ്ട് വരെ കാര്യം പറഞ്ഞു. നിവേദനങ്ങള്‍ ഒത്തിരി ഇറങ്ങി, അടച്ചിട്ട മുറികളിലും തുറന്നിട്ട മുറികളിലും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. മെഴുകുതിരികൾ ഒത്തിരി എരിഞ്ഞടങ്ങി. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്നു. ആര്‍ക്കെങ്കിലും പറയാനാവുമോ ഇന്ത്യയിലെ സഭ ഒന്നിച്ച് തെരുവിലിറങ്ങിയിരുന്നെങ്കില്‍ സ്റ്റാന്‍ സ്വാമിയെന്ന പുരോഹിതന് മോചിതനാകുമായിരുന്നെന്ന് ?.
നമുക്കൊരു ധാരണയുണ്ട് നാം ഒന്നിച്ചിറങ്ങിയാല്‍ ഇവിടെ പലതും നടക്കുമെന്നും പല അധികാരങ്ങളും നമുക്കുണ്ടെന്നും. വെറും മിഥ്യാധാരണയാണത്. നമുക്ക് എന്ത് അധികാരമുണ്ടെങ്കിലും ആൾബലം ഉണ്ടെങ്കിലും അതൊക്കെ സര്‍ക്കാരിനും കോടതിക്കും താഴെയാണെന്നോര്‍ക്കണം. അതിനപ്പുറത്തേക്ക് സഭ ശ്രദ്ധിക്കപ്പെടണമായിരുന്നെങ്കില് സഭ തൻ്റെ മക്കളെ അപ്പക്കഷണത്തിന്റെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് വളര്‍ത്തണമായിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ഥിത്വമെന്ന അപ്പക്ഷണം എറിഞ്ഞിട്ട് തന്ന് രാഷ്ട്രീയക്കാര്‍ നമ്മെ നിശബ്ദരാക്കുമ്പോള്‍ അതു തിരിച്ചറിയാനുള്ള ജ്ഞാനമുണ്ടാകണമായിരുന്നു. ആ അപ്പക്കഷണത്തിന് പുറകെ പായാതിരിക്കുകയും ചെയ്യണമായിരുന്നു. അല്ലാതെ കുറേകൂടി തിരികള്‍ കത്തിച്ചിരുന്നെങ്കില്‍ ഫാ. സ്റ്റാന്‍ സ്വാമി മോചിതനായേനേ എന്ന് ഇപ്പോള്‍ വിലപിക്കുന്നതില്‍ ഒരാർത്ഥവുമില്ല. ഒരുകാര്യം അടിവരയിടാം, ആ ശബ്ദം നിലയ്ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് നടപ്പായി.
ഫാ. സ്റ്റാന്‍ സ്വാമി എന്തിനുവേണ്ടി മരിച്ചു ?
ഉള്ളില്‍ ആത്മാവിന്റെ അഗ്നി എരിഞ്ഞിരുന്നത് കൊണ്ട്. അതിനാല്‍ അവന് ശീതികരിച്ച മുറികളിലോ സുരക്ഷിതമായ ദൈവാലയങ്ങളിലോ വചനപ്രഘോഷണം നടത്താനായില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വതന്ത്ര്യവും ബന്ധിതര്‍ക്കു മോചനവും നല്കാന് വന്നവന് പിന്നാലെ അവനും തെരുവിലിറങ്ങി- ഗോത്രവര്‍ഗക്കാരുടെ ഇടയിലേക്ക്. അവന് മരിച്ചത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകുവാനാണ്. ദരിദ്രരുടെ പക്ഷം ചേരലാണ് സ്റ്റാന്‍സ്വാമിക്ക് മരണം വാങ്ങിക്കൊടുത്തത്. ഇതൊരു ശാപമല്ല, ശിക്ഷയുമല്ല; ഇത് അനുഗ്രഹമാണ്. ഉയിര്‍പ്പാണ്.
നാം സുരക്ഷിതരോ ?
ഒരിക്കലുമല്ല. ഇപ്പോള്‍ കേരളത്തിൽ കാര്യങ്ങള്‍ക്ക് വലിയ കുഴപ്പമൊന്നുമില്ല. എന്നാല്‍, വരാന്‍ പോകുന്ന വലിയ പിഴുതെറിയലിൻ്റെ മുന്നൊരുക്കമാണിത്. കേരളത്തിലെ സഭയെ ഇതൊന്നും വേദനിപ്പിക്കാത്തത് കര്‍ത്താവ് പക്ഷം ചേർന്ന ദരിദ്രരെയും പീഡിപ്പിക്കപ്പെടുന്നവരെയും പാടേ ഉപേക്ഷിച്ച് വചനപ്രഘോഷണം മാറി മാറി നടത്തിയും പള്ളി പണിതും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും കഴിയുന്നതിനാലാണ്. എന്നാല്‍ ഒന്നോര്‍ക്കുക ഇതൊന്നും അധികനാള്‍ തുടര്‍ന്ന് പോകാന്‍ കഴിയില്ല. വൃക്ഷത്തിൻ്റെ കടയ്ക്കൽ കോടാലി വെയ്ക്കപ്പെട്ടു കഴിഞ്ഞു. ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയെങ്കിലും അത് തിരിച്ചറിയണം. അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്മ്മിച്ചുകൂട്ടാനുള്ള സഭയുടെ ഈ വ്യഗ്രതയും സ്ഥാപനവല്ക്കരണമൊക്കെ ഉപേക്ഷിച്ച് ഗതികെട്ടവന്റെ കൂടെ നില്‍ക്കാനുള്ള ഒരു മാറ്റം സഭയ്ക്കുണ്ടായില്ലെങ്കില് ഏറെ താമസിയാതെ സഭ മറ്റൊന്നായി തീരും. നീതി നിഷേധിക്കപ്പെട്ടവന് നീതികിട്ടാന്‍ പ്രസ്താവനയിറക്കിതു കൊണ്ട് കാര്യമായില്ല. അവന്റെ കൂടെ ഇറങ്ങണം. എങ്കിലേ ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെയുള്ളവരുടെ രക്തസാക്ഷിത്വത്തില്‍ നിന്ന് പുതിയ രക്തസാക്ഷിത്വങ്ങളുണ്ടാകൂ. അത്തരം രക്തസാക്ഷികളുണ്ടായില്ലെങ്കില് കേരളത്തില്‍ സഭ തകരും. തീര്‍ച്ച.
അതുകൊണ്ട് ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം കേരള സഭയ്ക്ക് ഒരു വെല്ലുവിളിയാണ്. ഇനിയെങ്കിലും ദരിദ്രരുടെ പക്ഷം ചേരാനുള്ള വെല്ലുവിളി.
സെലസ്റ്റിൻ കുരിശിങ്കൽ