ദിവ്യബലി വായനകൾ Wednesday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 7/7/2021

Wednesday of week 14 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അധഃപതിച്ച ലോകത്തെ
അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ.
അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ.
അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്
അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍
ആഹ്ളാദിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 41:55-57,42:5-7a,17-24
ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്.

അക്കാലത്ത്, ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന് അപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക. ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു. ജോസഫിന്റെ പക്കല്‍ നിന്ന് ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലും നിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു. അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെ കൂടെ ധാന്യം വാങ്ങാന്‍ പോയി. കാരണം, കാനാന്‍ ദേശത്തും ക്ഷാമമായിരുന്നു.
ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്മാര്‍ വന്ന് അവനെ നിലംപറ്റെ താണുവണങ്ങി. ജോസഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞു. അവന്‍ അവരെയെല്ലാം മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു.
മൂന്നാം ദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍. സത്യസന്ധരെങ്കില്‍ സഹോദരന്മാരായ നിങ്ങളിലൊരുവന്‍ ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവും കൊണ്ടു പോകട്ടെ. നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല. അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്. അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേ തെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോള്‍ പകരം ചോദിക്കുകയാണ്. തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്സിലായെന്ന് അവര്‍ അറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്. ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:2-3,10-11,18-19

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ!

കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍;
ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ!

കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു;
അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ!

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശ വയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 10:1-7
ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍

അക്കാലത്ത്, യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി. ആ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്, കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ നാമത്തിന്
പ്രതിഷ്ഠിതമായിരിക്കുന്ന ഈ അര്‍പ്പണം
ഞങ്ങളെ ശുദ്ധീകരിക്കുകയും
അനുദിനം സ്വര്‍ഗീയ ജീവിതതലത്തിലേക്ക്
ഞങ്ങളെ എത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 34:8

കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍.
അവിടത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.


Or:
മത്താ 11:28

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍,
ഞാന്‍ നിങ്ങള്‍ക്കു വിശ്രമം നല്കാം.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇത്ര മഹത്തായ ബലിവസ്തുക്കളാല്‍
സംപൂരിതരായ ഞങ്ങള്‍,
രക്ഷാകരമായ ദാനങ്ങള്‍ സ്വീകരിക്കാനും
അങ്ങേ സ്തുതികളില്‍നിന്ന്
ഒരിക്കലും വിരമിക്കാതിരിക്കാനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s