പുലർവെട്ടം 512

{പുലർവെട്ടം 512}

 
When the evening came,He said to His disciples,”Let us cross to the other side” – (Mark 4:35)
 
കൊല്ലപ്പരീക്ഷയ്ക്ക് കിട്ടുന്ന മാർക്ക് മാത്രം ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്ന ആ കാലം ഭാഗ്യവശാൽ കടന്നുപോവുകയാണ്. ഏഴിൽ തുടങ്ങി ഇപ്പോൾ പന്ത്രണ്ടിൽ എത്തിനിൽക്കുന്ന ബുദ്ധിയുടെ മാനങ്ങൾ കാണാതെ പോകരുത്. അങ്ങനെയാണ് വൈകാരികബുദ്ധി തുടങ്ങിയ പദങ്ങൾ നാം കേട്ടുതുടങ്ങുന്നത്. സ്വന്തം വൈകാരികതയെ അപഗ്രഥിക്കാനും ധനാത്മകമായി അതിനെ ഉപയോഗപ്പെടുത്താനും അതുവഴി അവനവന്റെ തന്നെ സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുമുള്ള ആത്മബോധമാണ് പൊതുവേ വൈകാരിക ബുദ്ധിയായി പരിഗണിക്കപ്പെടുന്നത്. തർക്കങ്ങളെ ഒഴിവാക്കി കൂടുതൽ സമഗ്രതയോടും അനുഭാവത്തോടും അവനവന്റെ പരിസരത്തോട് ബന്ധപ്പെട്ട് നിൽക്കാൻ ഉതകുന്നു എന്നതാണ് വൈകാരിക ബുദ്ധിയുടെ ഭംഗി. അതിനെക്കുറിച്ചാണ് കൂടുതൽ പറഞ്ഞു തുടങ്ങേണ്ടതെന്ന് തോന്നുന്നു.
 
മാപ്പ് ഒരു വൈകാരിക ബുദ്ധിയുടെ ഭാഗമാണ്. EQ അളന്നെടുക്കാനുള്ള പ്രധാന ഏകകമാണത്. തർക്കത്തിലായ വ്യക്തിയുടെയും സാഹചര്യത്തിൻ്റെയുമൊക്കെ ഒരു മറുവശം കാണാനുള്ള പ്രകാശമാണ് മാപ്പിന്റെ ചാലകശക്തി. the other side of the coin, നാണയത്തിന്റെ മറുപുറം എന്ന ശൈലി പോലെ അത്രയും നേരെയുള്ള ഒരു നേരാണത്. യുദ്ധത്തിന് മുമ്പ് നാണയം ടോസ് ചെയ്ത് പറയുന്നതൊത്താൽ കണിശമായും വിജയം നേടുമെന്ന് ഉറപ്പിച്ച് പടനയിച്ച ഒരു സൈന്യാധിപൻ കൊല്ലപ്പെട്ടപ്പോൾ അയാളുടെ കീശയിൽ നിന്ന് കണ്ടെത്തിയ നാണയത്തിന്റെ ഇരുപുറങ്ങളും ഒന്നുതന്നെയായിരുന്നു എന്നുള്ള ഫലിതങ്ങൾ അതിന്റെ പാട്ടിനു പോകട്ടെ !
 
പുഴയിൽ മുങ്ങി ഒരാൾ കടന്നുപോകുമ്പോൾ പുഴ ചതിച്ചുവെന്നാണ് നാം പറഞ്ഞുകൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ നീന്തലറിയാത്തൊരാൾ, പുഴയുടെ ചുഴിയും മലരിയുമറിയാത്തൊരാൾ അതിലേക്ക് ഇറങ്ങിച്ചെല്ലുകവഴി കുഴപ്പത്തിലാക്കിയത് പുഴയുടെ സത്പേരാണ്. ആ അർത്ഥം വരുന്ന ഒരടയാളപ്പലക സഞ്ചാരികളെത്തുന്ന ഒരു പുഴയോരത്ത് നാട്ടിയിട്ടുണ്ട് : Don’t ever take a risk and cause the river a bad reputation.
 
The other side – മറുവശവും ചേർന്നതാണ് സത്യം. അങ്ങനെയാണ് അപരൻ അനുകമ്പയും ആദരവും അർഹിക്കുന്നത്. നമുക്ക് തടാകത്തിന്റെ മറുകരയിലേക്ക് പോകാം എന്ന മട്ടിൽ യേശുവിന്റെ ഒരു ക്ഷണം ഈ പശ്ചാത്തലത്തിൽ ഒന്ന് വായിച്ചെടുക്കുന്നത് നല്ലതായിരിക്കും. അവനവൻ്റെ കരകളിൽ ഉറഞ്ഞുപോയ മനുഷ്യരാണ് നമ്മുടെ കാലത്തെ കഠിനമാക്കുന്നത്. വൈകാരിക പക്വത അപരൻ നിൽക്കുന്ന തീരത്തേക്ക് തുഴഞ്ഞെത്തുന്നതിലൂടെയാണ് സംഭവിക്കുന്നത്. കവിതയിൽ വൈലോപ്പിള്ളിയെ ഓർക്കുന്നു. സുസ്ഥിതിയുടെ മറുപുറം തേടുകയായിരുന്നു കവിതയുടെ ധർമ്മമെന്ന് വിചാരിച്ചിരുന്നൊരാൾ. ‘സഹ്യൻ്റെ മകൻ’ അത്തരമൊന്നാണ്. ആനയ്ക്ക് മദമിളകി എന്ന് പറഞ്ഞ് ഒരേ നേരത്ത് ആശങ്കയും ഭയവും പിന്നെ അതിൽനിന്ന് രൂപപ്പെടുന്ന അകലവും വെറുപ്പുമൊക്കെയാണ് നമ്മുടെ സാധാരണ രീതി. എന്തുകൊണ്ട് അത് അങ്ങനെയായി എന്നതിന് വളരെ സ്വാഭാവികമായ കാരണങ്ങളുണ്ടെന്നാണ് കവി പറയാൻ ശ്രമിക്കുന്നത്. ആളും വെളിച്ചവും ആരവങ്ങളും നിറഞ്ഞ ഉത്സവപ്പറമ്പുകളിൽ തിടമ്പേറ്റി നിൽക്കുന്ന ആനയിലെ മദപ്പാടുകൾ വലിയ ഭീതി പടർത്തുമ്പോൾ ആനയുടെ മാനസിക സഞ്ചാരങ്ങളിലൂടെയാണ് കവിത പുരോഗമിക്കുന്നത്. ഉത്സവപ്പറമ്പ് വനഭംഗിയായും കാഴ്ചകൾ തൻ്റെ ബാല്യകൗമാരങ്ങളിലെ കൗതുകങ്ങളായുമാണ് ആനയുടെ മനസ്സിന്റെ താഴ്വരകളിൽ ഇപ്പോൾ കാണപ്പെടുന്നത്. ഈ ഭാവനാ സഞ്ചാരങ്ങൾ മനസ്സിലാകാത്ത മാനവസമൂഹമാണ് ‘സഹ്യന്റെ മകൻ്റെ’ അന്ത്യം കുറിക്കുന്നത്.
 
മനുഷ്യരാശിയുടെ കൊടുംക്രൂരതയുടെ കഥകൾ തൊട്ട് സാധാരണ, ശരാശരി നമ്മുടെ ജീവിതത്തിലെ പലതിനോടുമുള്ള വിപ്രതിപത്തിവരെ ഉള്ള കാര്യങ്ങൾക്ക് മറുകരയിലേക്ക് തുഴയാനുള്ള ഭാവനോ വിനയമോ ഇല്ലാതെ പോയതാണ് കാര്യം. ധാർഷ്ട്യമെന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന ഒരാളുടെ സ്വഭാവപ്രത്യേകത അയാൾ അനുഭവിക്കുന്ന ആന്തരിക അരക്ഷിതത്വങ്ങൾക്കുള്ള മറയാണെങ്കിലോ? അങ്ങനെയങ്ങനെ..
 
ചുരുക്കത്തിൽ, രണ്ടായിരത്തിലേറെ വർഷമായി കേട്ടുകൊണ്ടിരിക്കുന്ന പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയാത്തതുകൊണ്ട് ഇവർക്ക് മാപ്പ് നൽകേണമേ എന്ന പ്രാർത്ഥനയിൽ “അവരുടെ” അജ്ഞത മാത്രമല്ല, അവരുടെ നേര് തിരയാനുള്ള ‘എൻ്റെ’ വൈമുഖ്യവും, ഞാൻ പുലർത്തുന്ന അറിവില്ലായ്മയും അടക്കം ചെയ്തിട്ടുണ്ട് എന്ന് സാരം.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisement

One thought on “പുലർവെട്ടം 512

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s