മുന്നേറണമോ അതോ ഇനിയും വിഘടിച്ചു ചിതറി നശിക്കണോ ?

1999 ലെ സിനഡിൽ എടുത്ത ഐകകണ്ഠ്യ തീരുമാനം അനുസരിച്ചു സീറോ മലബാർ സഭയിലെ വി. കുർബാന അർപ്പണം എല്ലാ രൂപതകളിലും ഏകരൂപത്തിൽ നടത്തണം എന്ന മാർപാപ്പയുടെ കല്പന പുറത്തു വന്നതോട് കൂടി കുറെ വൈദികരും ചുരുക്കം അത്മായരും മാർപാപ്പയെയും അനുസരിക്കില്ല എന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നു എന്ന് വേണം ഈ ദിവസങ്ങളിൽ ഉണ്ടായ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ.

വളരെ വേദന ഉളവാക്കുന്ന ഒരു അവസ്ഥയാണിത്.

സീറോ മലബാർ സഭക്ക് ഒരേ ആരാധന നടത്തി ദൈവത്തിന്റെ മുമ്പിൽ സഭയുടെ അനുസരണം പാലിക്കാനും ഒരിടയന്റെ കീഴിൽ ഒന്നിച്ചു നിൽക്കാനും സംജാതമായിരിക്കുന്ന സുവർണാവസരം ഇല്ലാതാക്കരുതേ എന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്. അതിനു വേണ്ടി വാശിയും വ്യക്തിപരമായ ബോധ്യങ്ങളും വെടിഞ്ഞു സഭയുടെ, മാർപാപ്പയുടെ, സിനഡിന്റെ നിർദേശങ്ങൾ പാലിക്കുക തന്നെ ചെയ്യണം.


1. ജനാഭിമുഖ ബലിയർപ്പണം ജനത്തിന് ഇഷ്ടമാണ് എന്നതാണ് ഒരു വാദം. കുറെ രൂപതകളിലെ അൾത്താരാഭിമുഖ ബലിയർപ്പണം ആ രൂപതകളിലെ ആളുകൾക്കും ഇഷ്ടമാണ് എന്നതാണ് അതിനുള്ള മറുപടി. അപ്പോൾ വൈദികരും മെത്രാന്മാരും ജനങ്ങളെ എങ്ങനെ പഠിപ്പിക്കുന്നു എന്നതാണ് പ്രധാനം എന്ന് ഇതിൽ നിന്ന് തെളിയുന്നു. ഒരു വൈദികൻ ഇതാണ് ശരി നമുക്കെങ്ങനെ ചെയ്യാം (ആരാധനാക്രമ കാര്യങ്ങളാണ് ഉദ്ദേശിച്ചത്, ഇടവകയിലെ മറ്റു കാര്യങ്ങൾ അല്ല) എന്ന് പറഞ്ഞാൽ ഏതെങ്കിലും ഇടവകക്കാർ അത് എതിർക്കും എന്ന് തോന്നുന്നില്ല.

അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ഒന്നുചേർന്ന് നിന്നാൽ അനാവശ്യമായ സംഘർഷങ്ങളും ആശയകുഴപ്പങ്ങളും ഒന്നും ഉണ്ടാകുകയില്ല. ജനത്തിന് ഇതൊരു പ്രശ്നമേയല്ലന്നു ഇനിയെങ്കിലും വൈദികരും പിതാക്കന്മാരും മനസിലാക്കണം. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ജനത്തിന്റെ തത്രപ്പാടിനിടയിൽ ദൈവത്തെ കണ്ടുമുട്ടാനും ആരാധിക്കാനും അവർക്കുള്ള അവസരങ്ങൾ വൈദികരും പിതാക്കന്മാരും സ്ഥാപിത താത്പര്യങ്ങളുടെയും വ്യക്തിഗത ബോധ്യങ്ങളുടെയും പേരിൽ ഇല്ലാതാക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്. അതുപോലെ സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി ജനത്തിന്റെ എന്തോ ആവശ്യമാണിത് എന്ന് വരുത്തിത്തീർത്തു, അവരെ പ്രകോപിപ്പിച്ചു, സിനഡിനും മാർപാപ്പാക്കും സർവോപരി സഭയുടെ നന്മയും ശക്തിയുമായ ഐക്യത്തിന് എതിരാക്കി നിർത്തുന്ന വൈദികർക്ക് തക്കതായ ശിക്ഷയും നൽകേണ്ടതാണ്.


2. “ലിറ്റര്‍ജിയില്‍ ഐക്യമാവാം, ഐക്യരൂപം അടിച്ചേല്പിക്കരുത്. ലത്തീന്‍ സഭയ്ക്കുള്ളില്‍ പോലും അംബ്രോസിയന്‍ റീത്തുണ്ടെന്നും ഓരോ രാജ്യത്തിലും ലത്തീന്‍ കുര്‍ബാന ചൊല്ലുമ്പോള്‍ ആ സംസ്കാരത്തിനോടു അനുരൂപപ്പെടുത്തുവാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം ഓര്‍ക്കണം” ഇതാണ് മറ്റൊരു നിരീക്ഷണം.


മറുപടി: ലിറ്റർജിയിൽ ഐക്യരൂപം തന്നെയാണ് ഉണ്ടാകേണ്ടത്. ലിറ്റർജി ആശയതലത്തിൽ നിൽക്കുന്ന കാര്യമല്ല. അത് ഒരു യാഥാർഥ്യമായി ജനത്തിന്റെ മുമ്പിൽ അനുദിനം ആഘോഷിക്കപ്പെടുന്നതാണ്. ഒരു സഭയിൽ ഒരേ തരത്തിലുള്ള പരിശുദ്ധ കുർബാനയുടെ അർപ്പണം തന്നെ ആ സഭയുടെ വിശ്വാസത്തിന്റെ ആഴം വർധിപ്പിക്കും. ലത്തീൻ സഭയിലെ അംബ്രോസിയൻ റൈറ്റ് വി. അംബ്രോസിന്റെ കാലം മുതൽ ഉണ്ടായിരുന്നതാണ്. അത് അന്ന് ഉപയോഗിച്ചിരുന്നത് പോലെ ഇപ്പോഴും ഉപയോഗിക്കുന്നു. ഭാഷ മാത്രം കാലാകാലങ്ങളിൽ മാറ്റുന്നു. എന്നാൽ സീറോ മലബാർ സഭയിലെ ഒരു ചെറിയ വിഭാഗം ആവശ്യപ്പെടുന്നത് ലത്തീൻ രീതിയും സീറോ മലബാർ കൂട്ടികുഴച്ചുള്ള ഈ അടുത്ത കാലത്തു ( താഴെ പറയുന്ന പോലെ ഏതാണ്ട് 50 വർഷങ്ങൾ) ആരംഭിച്ച വി. കുർബാന അർപ്പണമാണ്. അംബ്രോസിയൻ റീത്തിനുള്ളപോലെ തനിമയോ പാരമ്പര്യമോ ഇല്ലാത്ത കൂട്ടികുഴച്ചുള്ള കുർബാന അർപ്പണത്തിനു എന്ത് അർത്ഥമാണുള്ളത് ?


3 . മറ്റൊരു നിരീക്ഷണമാകട്ടെ ഇങ്ങനെയാണ്. [“കഴിഞ്ഞ 50 വര്‍ഷക്കാലമായി ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളില്‍ അതിനു വിരുദ്ധമായ നടപടികള്‍ എടുക്കുന്നതിനു മുമ്പ് അവിടുത്തെ ജനങ്ങളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും അഭിപ്രായങ്ങളെ കണക്കിലെടുക്കണം. ” ലിറ്റര്‍ജി ജനങ്ങള്‍ക്കുവേണ്ടിയുള്ളതാകയാല്‍ അതു താഴെ നിന്നു വളരാന്‍ അനുവദിക്കണം, അല്ലാതെ വിദഗ്ധരുടെ അഭിപ്രായത്തെ മാത്രം മാനിച്ച് അതു മുകളില്‍ നിന്നും കെട്ടിവയ്ക്കരുത്” ( കര്‍ദി. ജോസഫ് പാറേക്കാട്ടില്‍”)]. മറുപടി: ജനാഭിമുഖ കുർബാന അർപ്പണം തുടങ്ങിയിട്ട് 50 വർഷക്കാലമേ ആയിട്ടുള്ളൂ എന്ന കാര്യം അപ്പോൾ യാഥാർഥ്യമാണ്. സഭയിലെ ഭൗതിക കാര്യങ്ങളെക്കുറിച്ചു തീരുമാനങ്ങൾ എടുക്കാൻ അത്മായരുടെ അഭിപ്രായം അറിയണം. എന്നാൽ ആരാധനാക്രമം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചു തീരുമാനം എടുക്കേണ്ടത് സഭയുടെ സിനഡാണ്. അതുകൊണ്ടു തന്നെയാണ് 1999 ൽ സിനഡ് എടുത്ത തീരുമാനത്തെ മാർപാപ്പ അംഗീകരിക്കുന്നതും അത് നടപ്പാക്കാൻ സ്‌നേഹപൂർവമായ കർശന നിർദ്ദേശം നൽകുന്നതും. സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിന് വൈദികർ ശ്രമിച്ചാൽ എതിർക്കുന്ന അത്മായർ വിരലിൽ എണ്ണാവുന്നർ മാത്രം ആയിരിക്കും. കാരണം നമ്മുടെ ജനത്തിന് ഐക്യത്തിനാണ് ഇഷ്ടം. അവരെ brainwash ചെയ്തു സിനഡിനും മാർപാപ്പാക്കും ഭൂരിഭാഗം സഭാമക്കൾക്കും എതിരാക്കുന്നതു വൈദികർ തന്നെയല്ലേ? പാറേക്കാട്ടിൽ പിതാവിന്റെ നിർദ്ദേശത്തെ Rome പോലും അംഗീകരിച്ചില്ല എന്ന വസ്തുത വിനീതമായി ഓർമിപ്പിക്കുന്നു.


4 . മറ്റൊരു ചോദ്യം ഇതാണ്, [“സുറിയാനി ഭാഷയും ഐക്കണുമെല്ലാം ഗ്രീസ്, റഷ്യ, കല്‍ദായ രാജ്യങ്ങളിലെല്ലാം എളുപ്പത്തില്‍ മനസ്സിലാകും. നമ്മുടെതല്ലാത്ത ഭാഷയും രീതികളുമെല്ലാം നമ്മുടെ മേല്‍ അടിച്ചേല്പിക്കുന്നതില്‍ എന്തൊരു ഔചിത്യമാണുള്ളത്?”]. സുറിയാനി ഭാഷയും ഐക്കണുമൊന്നും ആരും അടിച്ചേല്പിക്കുന്നില്ല. അത് സത്യവിരുദ്ധമായ ആരോപണമാണ്. ആകെയുള്ളത് പരിശുദ്ധ കുർബാനയും മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും സീറോ മലബാർ സഭയിൽ ഐക്യരൂപത്തിൽ അർപ്പിക്കണം എന്നതാണ്. ആ ഐക്യരൂപത്തിനുള്ള കൃത്യമായ നിർദ്ദേശങ്ങളും പുസ്തകങ്ങളും സിനഡ് നൽകിയിട്ടുണ്ട്. അത് നടപ്പാക്കണം എന്ന കല്പനയാണ് മാർപാപ്പ നൽകിയിരിക്കുന്നതും.


5 . [“ക്രൂശിതനായ ക്രിസ്തുവിന്‍റെ ജീവനുള്ള രൂപത്തിനു പകരം മാര്‍ശ്ലീവാ എന്നൊക്കെ പറഞ്ഞ് ക്രൂശിതനെ സീറോ മലബാര്‍ സഭയില്‍ നിന്നും എടുത്തുമാറ്റുന്നത് സഭയ്ക്ക് വിപത്തായ് മാറുമെന്നതില്‍ യാതൊരു സംശയവുമില്ല”.] മറുപടി: ഇന്ത്യയിൽ നിന്ന് കണ്ടെടുത്ത ഭാരത തനിമയുള്ള മാർസ്ലീവാ ആണോ, വിദേശത്തു നിന്ന് കൊണ്ടുവന്ന ക്രൂശിത രൂപമാണോ ഉപയോഗിക്കേണ്ടത് എന്ന് ഈ നിർദ്ദേശം പറഞ്ഞവർ തന്നെയാണ് പറയേണ്ടത്. അപ്പോൾ നിങ്ങൾ വാദിക്കുന്ന ഭാരത തനിമ വേണമെന്ന കാര്യം എവിടെപ്പോയി? കുരിശിന്റെ രണ്ടു രൂപങ്ങളും നല്ലതാണു: ഉപയോഗിക്കേണ്ട ഇടങ്ങളിൽ, കൃത്യമായ സമയത്തു ഉപയോഗിക്കണം എന്ന് മാത്രം.


6 . [“ലത്തീന്‍ വിരോധത്തിന്‍റെ പേരില്‍ നാം ലത്തീനികരിക്കപ്പെടുന്നതു മഹാപരാധമായി കണ്ട് സാധാരണ മനുഷ്യരുടെ ഹൃദയത്തോടു അടുത്തു നില്‍ക്കുന്ന ജപമാല പോലുള്ള ഭക്താഭ്യാസങ്ങള്‍ ഇല്ലാതാക്കുന്നത് ചരിത്രം പൊറുക്കാത്ത അപരാധമായി മാറുമെന്നതില്‍ തര്‍ക്കമില്ല”.] ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറയുന്നത് വെറുതെ ജനവികാരം ഉയർത്തുന്നതിനുള്ള തന്ത്രങ്ങൾ മാത്രമാണ്. ജപമാല ഇല്ലാതാക്കണം എന്ന് ആരുപറഞ്ഞു? ലത്തീൻ വിരോധം എന്നൊന്നില്ല. സ്വന്തം സഭയോടുള്ള സ്നേഹം എന്നൊന്ന് ഉണ്ട്. ലത്തീൻ വിരോധമല്ല സ്വന്തം സഭയോടും അതിന്റെ തനിമയോടും പാരമ്പര്യങ്ങളോടും ഉള്ള സ്നേഹമാണ് നമ്മെ നയിക്കേണ്ടത്. രണ്ടാം വത്തിക്കാൻ സൂനഹദോസും തുടർന്ന് ഓറിയന്റൽ കോൺഗ്രിഗേഷനും (എന്നുവെച്ചാൽ മാർപാപ്പയും) നിരന്തരം നൽകിയ കർശനമായ നിർദ്ദേശങ്ങളെ തുടർന്നാണ് സീറോ മലബാർ സഭ ഇത്രയെങ്കിലും ലത്തീനീകരണത്തിൽ നിന്ന് മാറിയത് എന്നതും കൂടി കൂട്ടിവായിക്കുമ്പഴാണ് ‘ലത്തീൻ വിരോധം’ എന്ന ആരോപണത്തിന്റെ മുനയൊടിയുന്നത്.


7 . [“ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി, പാലാ മുതലായ കത്തോലിക്കാ രൂപതകളിലെ ഇടവകകളോട് ചേര്‍ന്ന് യാക്കോബായ ഓര്‍ത്തഡോക്സ് സഭാ വിഭാഗക്കാരുടെ പള്ളികളാണ് ഉള്ളത്. പക്ഷേ എറണാകുളം തൃശ്ശൂര്‍ മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകളിലെ പള്ളികള്‍ ലത്തീന്‍ റീത്തിലെ ഇടവകകളുമായി ഇടകലര്‍ന്നാണ് കിടക്കുന്നത്. ഐക്യരൂപത്തിനു ശ്രമിക്കുമ്പോള്‍ ഈ പ്രാദേശികമാനം ഈ വ്യത്യാസം മെത്രന്മാര്‍ കണക്കിലെടുക്കണം”.] മറുപടി: വളരെ ബാലിശവും അടിസ്ഥാനം ഇല്ലാത്തതുമായ നിർദ്ദേശം. പാലാ, കാഞ്ഞിരപ്പിള്ളി, ചങ്ങനാശ്ശേരി രൂപതകളുടെ ഉള്ളിൽ തന്നെയാണ് വിജയപുരം രൂപതയുടെയും അതിർത്തികൾ. അതുമല്ല, അങ്ങനെയെങ്കിൽ സീറോ-മലങ്കര രൂപതയുമായി അതിർത്തി പങ്കിടുന്നവർ അവരുടെയും ആരാധനാക്രമം കുറച്ചെങ്കിലും സ്വീകരിക്കണമല്ലോ. അതും കത്തോലിക്കാസഭ തന്നെയല്ലേ? അനുരൂപണം അവരുമായും വേണ്ടേ ?


8 . [“സീറോമലബാര്‍ സഭയിലാകമാനം ഏകീകൃത രൂപം കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരേ സഭയില്‍ ഉള്‍പ്പെട്ടതാണെങ്കിലും ഏറെ വ്യത്യസ്തകളോടെ നിലനില്‍ക്കുന്ന കോട്ടയം അതിരൂപതയെ നാം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്‍റെ പ്രസക്തിയെ കുറിച്ച് എന്തു പറയും.”] മറുപടി: ആരാധനാക്രമ കാര്യങ്ങളിൽ അല്ല അവരുടെ വ്യത്യസ്തത. 1999 ലെ ഏകീകൃത രീതി മറ്റുള്ള സീറോ-മലബാർ രൂപതകളിൽ നടപ്പാക്കുന്നതിന് മുൻപ് തന്നെ കോട്ടയം രൂപതയിൽ നടപ്പാക്കിയിരുന്നു.


9 .[ “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കാത്ത ലിറ്റര്‍ജിയാണ് യൂറോപ്യന്‍ സഭയെ തകര്‍ത്തത്.”] : ആരാധനാക്രമം ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കലല്ല. അത് ദൈവത്തിന്റെ സ്നേഹത്തോടുള്ള പ്രതികരണം ആണ്. സൃഷ്ടാവും പിതാവും പരിപാലകനും ആയ ദൈവത്തെ ആരാധിക്കലാണ് ആരാധനാക്രമം. ജനങ്ങളുടെ പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടത് സഭയുടെ social wing ആണ്. ആരാധനാക്രമത്തിൽ നിന്നും, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിൽ നിന്നും ഉത്ഭവിക്കുന്ന സ്നേഹവും കരുണയുമാണ് സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉറവിടം.


10 . [ “ജീവിത ബന്ധിയാകണം വിശുദ്ധ കുര്‍ബാന, അന്തഃസത്ത കളയാതെ കാര്‍മികനും ദൈവജനത്തിനും അത് ജീവിത ബന്ധിയാക്കാനുള്ള സ്വാതന്ത്ര്യം വേണം. ഹൃദയത്തോടു ഏറ്റവും അടുത്തു നില്ക്കേണ്ടവ അടിച്ചേല്പിക്കരുത്”.] മറുപടി: ജീവിത ബന്ധിയാണല്ലോ പരിശുദ്ധ കുർബാന. കർത്താവിന്റെ ജനനം മുതലുള്ള രക്ഷാകര സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ട് തുടങ്ങുന്ന വിശുദ്ധ കുർബാന അതിലേക്കു ചേർത്ത് വയ്ക്കുന്നത് പങ്കെടുക്കുന്ന ഓരോ വിശ്വാസിയുടെയും ജീവിതമാണ്. അതുകൊണ്ടാണല്ലോ, “ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കുവേണ്ടിയും …..ഈ കുർബാന സ്വീകരിക്കേണമേ” എന്ന് വൈദികൻ പ്രാർത്ഥിക്കുന്നത്. അങ്ങനെ സഭ നിശ്ചയിച്ചിട്ടുള്ള നിരവധി പ്രാർത്ഥനകൾ ഉണ്ടല്ലോ?

ഇതൊരു സുവർണാവസരമാണ്, സഭയെ പരിപോഷിപ്പിക്കാനുള്ള ഐക്യത്തിന്റെ കാഹളം മുഴക്കേണ്ട സുവർണാവസരം. ഇതിൽ മുന്നേറണമോ അതോ സഭയുടെ ശത്രുക്കൾ ആഗ്രഹിക്കുന്നപോലെ ഇനിയും വിഘടിച്ചു ചിതറി നശിക്കണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.

Author: Unknown

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s