ദിവ്യബലി വായനകൾ Saturday of week 14 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി,10/7/2021

Saturday memorial of the Blessed Virgin Mary 
or Saturday of week 14 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,
മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍
അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനും
പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,
ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായി
നിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 49:29-33,50:15-26
ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും ഈ രാജ്യത്തുനിന്നു നിങ്ങളെ കൊണ്ടുപോകുകയും ചെയ്യും.

അക്കാലത്ത്, യാക്കോബ് മക്കളോട് ആവശ്യപ്പെട്ടു: ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരുടെ അടുത്ത് എന്നെയും അടക്കുക. മാമ്രേക്കു കിഴക്ക് കാനാന്‍ ദേശത്തുള്ള മക്‌പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കു വേണ്ടി ഹിത്യനായ എഫ്രോണില്‍ നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും. അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്‌കരിച്ചത്. ഞാന്‍ ലെയായെ സംസ്‌കരിച്ചതും അവിടെത്തന്നെ. വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്. തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോടു ചേര്‍ന്നു.
തങ്ങളുടെ പിതാവു മരിച്ചപ്പോള്‍ ജോസഫിന്റെ സഹോദരന്മാര്‍ പറഞ്ഞു: ഒരുപക്‌ഷേ, ജോസഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം പകരം വീട്ടുകയും ചെയ്യും. പിതാവു മരിക്കുന്നതിനു മുമ്പ് ഇങ്ങനെ കല്‍പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്റെ അടുത്തേക്കയച്ചു. ജോസഫിനോടു പറയുക: അങ്ങേ സഹോദരന്മാരുടെ തെറ്റുകളും കുറ്റങ്ങളും ദയവായി അവരോടു ക്ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങേ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ തെറ്റുകള്‍ പൊറുക്കണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ ജോസഫ് കരഞ്ഞുപോയി. സഹോദരന്മാര്‍ വന്ന് അവന്റെ മുന്‍പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങേ ദാസന്മാരാണ്. ജോസഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? നിങ്ങള്‍ എനിക്കു തിന്മചെയ്തു. പക്‌ഷേ, ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. അതുകൊണ്ടു ഭയപ്പെടേണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
ജോസഫും അവന്റെ പിതാവിന്റെ കുടുംബവും ഈജിപ്തില്‍ പാര്‍ത്തു. ജോസഫ് നൂറ്റിപ്പത്തുകൊല്ലം ജീവിച്ചു. എഫ്രായിമിന്റെ മൂന്നാം തലമുറയിലെ മക്കളെ അവന്‍ കണ്ടു. മനാസ്സെയുടെ മകനായ മാക്കീറിന്റെ കുഞ്ഞുങ്ങളും ജോസഫിന്റെ മടിയില്‍ കിടന്നിട്ടുണ്ട്. ജോസഫ് സഹോദരന്മാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, ദൈവം നിങ്ങളെ സന്ദര്‍ശിക്കും. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടുപോകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:1-2,3-4,6-7

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ഉന്മേഷഭരിതമാകുന്നു.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍;
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ഉന്മേഷഭരിതമാകുന്നു.

അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ഉന്മേഷഭരിതമാകുന്നു.

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.
അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ഉന്മേഷഭരിതമാകുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 10:24-33
ശരീരത്തെ കൊല്ലുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment