🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 12/7/2021
Monday of week 15 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ നാമത്തിന്റെ
ഉപരിമഹത്ത്വം പ്രചരിപ്പിക്കുന്നതിനായി
അങ്ങേ സഭയില്‍
വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയെ അങ്ങ് ഉയര്‍ത്തിയല്ലോ.
അദ്ദേഹത്തിന്റെ സഹായത്താലും മാതൃകയാലും
ഭൂമിയില്‍ നല്ലവണ്ണം പോരാടി,
അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളും
കിരീടമണിയാന്‍ അര്‍ഹരാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ലേവ്യ 25:1,8-17
ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശ സ്ഥലത്തേക്കു തിരികെപ്പോകണം.
അക്കാലത്ത്, കര്‍ത്താവ് സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു: വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്‍പത്തിയൊന്‍പതു വര്‍ഷങ്ങള്‍. ഏഴാം മാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാര ദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികേ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ. അന്‍പതാം വര്‍ഷം നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ ശേഖരിക്കുകയോ അരുത്. എന്തെന്നാല്‍, അതു ജൂബിലി വര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. വയലില്‍ നിന്നു കിട്ടുന്നവ മാത്രം നിങ്ങള്‍ക്കു ഭക്ഷിക്കാം.
ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശ സ്ഥലത്തേക്കു തിരികെപ്പോകണം. നിന്റെ അയല്‍ക്കാരന് എന്തെങ്കിലും വില്‍ക്കുകയോ അവനില്‍ നിന്ന് എന്തെങ്കിലും വാങ്ങുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പരസ്പരം ഞെരുക്കരുത്. അടുത്ത ജൂബിലി വരെയുള്ള വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അയല്‍ക്കാരനില്‍ നിന്നു നീ വാങ്ങണം. വിളവിന്റെ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് അവന്‍ നിനക്കു വില്‍ക്കട്ടെ. വര്‍ഷങ്ങള്‍ കൂടിയിരുന്നാല്‍ വില വര്‍ദ്ധിപ്പിക്കണം. കുറഞ്ഞിരുന്നാല്‍ വില കുറയ്ക്കണം. എന്തെന്നാല്‍, വിളവിന്റെ വര്‍ഷങ്ങളുടെ എണ്ണമനുസരിച്ചാണ് അവന്‍ നിനക്കു വില്‍ക്കുന്നത്. നിങ്ങള്‍ പരസ്പരം ഞെരുക്കരുത്; ദൈവത്തെ ഭയപ്പെടണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 67:1-2,4,6-7
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
ദൈവം നമ്മോടു കൃപ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
ഭൂമി അതിന്റെ വിളവു നല്‍കി,
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിച്ചു.
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!
ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ.
രണ്ടാം വായന
എഫേ 4:1-6
ഒരു ശരീരവും ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളൂ.
സഹോദരരേ, കര്‍ത്താവിനുവേണ്ടി തടവുകാരനായി തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍. ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 14:1-12
ഹേറോദേസ് ആളയച്ചു യോഹന്നാന്റെ തല വെട്ടിയെടുത്തു; യോഹന്നാന്റെ ശിഷ്യര്‍ യേശുവിനെ വിവരമറിയിച്ചു.
അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു: ഇവന്‍ സ്‌നാപകയോഹന്നാനാണ്. മരിച്ചവരില്‍ നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. ഹേറോദേസ് യോഹന്നാനെ ബന്ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്തത്. എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
ഹേറോദേസിന്റെ ജന്മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു. തന്മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു. അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍വച്ച് എനിക്കു തരുക. രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ കാരാഗൃഹത്തില്‍ ആളയച്ച് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി. അവന്റെ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവായ ദൈവമേ,
വിശുദ്ധ ഇഗ്നേഷ്യസിന്റെ ആഘോഷത്തില്‍
ഞങ്ങള്‍ അര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍
അങ്ങേക്ക് പ്രീതികരമായി തീരുകയും
എല്ലാ വിശുദ്ധിയുടെയും ഉറവിടമായി
അങ്ങു സ്ഥാപിച്ച പരമപരിശുദ്ധ രഹസ്യങ്ങള്‍,
ഞങ്ങളെയും സത്യത്തില്‍ വിശുദ്ധീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:49
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നിരിക്കുന്നത്;
അത് കത്തിജ്ജ്വലിക്കണമെന്നല്ലാതെ
മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുക?
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഇഗ്നേഷ്യസിനു വേണ്ടി
കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് ഞങ്ങളര്‍പ്പിച്ച സ്‌തോത്രബലി,
അങ്ങേ മഹിമയുടെ നിത്യസ്തുതിയിലേക്ക്
ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵