ദിവ്യബലി വായനകൾ 15th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

11-July-2021, ഞായർ

15th Sunday in Ordinary Time 

Liturgical Colour: Green.

____

ഒന്നാം വായന

ആമോ 7:12-15

എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക.

അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്‌ഷേത്രവുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടു മേയിച്ചു നടന്ന എന്നെ വിളിച്ച് കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 85:8ab,9,10-11,12-13

R. കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.

R. കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.

R. കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

കര്‍ത്താവു നന്മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.

R. കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.

____

EITHER: ——–

രണ്ടാം വായന

എഫേ 1:3-14

ലോക സ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.

സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി
ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച്
മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ
തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയുംbകൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്രേ. തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്ധതിയനുസരിച്ച് അവനില്‍ നമ്മെ
മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്തുതിക്കും വേണ്ടി ജീവിക്കുന്നതിനാണ്. രക്ഷയുടെ സദ് വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും
അവനില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള
അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.

OR: ——–

രണ്ടാം വായന

എഫേ 1:3-10

ലോക സ്ഥാപനത്തിനു മുമ്പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു.

സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!
തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനു മുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു. യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു. അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞ
തന്റെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്. അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തം വഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്രേ.

——–

കർത്താവിന്റെ വചനം.
____

സുവിശേഷ പ്രഘോഷണവാക്യം

cf. യോഹ 6:63,68

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.
നിത്യജീവന്റെ വചനങ്ങള്‍ അങ്ങേ പക്കലുണ്ട്.
അല്ലേലൂയാ!

Or:

cf. എഫേ 1:17,18

അല്ലേലൂയാ, അല്ലേലൂയാ! നമ്മുടെ വിളിയുടെ പ്രത്യാശയെപ്പറ്റി അറിയാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ നിങ്ങളുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ.
അല്ലേലൂയാ!

____

സുവിശേഷം

മാര്‍ക്കോ 6:7-13

യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി.

അക്കാലത്ത്, യേശു പന്ത്രണ്ടുപേരെ അടുത്തുവിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്‍പിച്ചു: യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും – അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ – കരുതരുത്. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. ശിഷ്യന്മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment