ദിവ്യബലി വായനകൾ Tuesday of week 15 in Ordinary Time | Saint Henry 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

13-July-2021, ചൊവ്വ

Tuesday of week 15 in Ordinary Time or Saint Henry 

Liturgical Colour: Green.

____

ഒന്നാം വായന

പുറ 2:1-15

വെള്ളത്തില്‍ നിന്നെടുത്തതുകൊണ്ട് അവനു മോശ എന്ന് അവര്‍ പേരിട്ടു; അവന്‍ വളര്‍ന്നു തന്റെ സഹോദരരുടെ പക്കലെത്തി.

അക്കാലത്ത്, ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നു മാസം രഹസ്യമായി വളര്‍ത്തി. അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണ കൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെ ഇടയില്‍ പേടകം കൊണ്ടുചെന്നു വച്ചു. അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു. അപ്പോള്‍ ഫറവോയുടെ പുത്രി വന്ന് കുളിക്കാന്‍ നദിയിലേക്കിറങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെ ഇടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു. തുറന്നു നോക്കിയപ്പോള്‍ അവള്‍ ശിശുവിനെ കണ്ടു. അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടു വരട്ടെയോ? ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു. ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി. ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.
പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റും നോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവു ചെയ്തു. അടുത്ത ദിവസം അവന്‍ ചുറ്റി സഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠ കൂടുന്നതു കണ്ടു, തെറ്റു ചെയ്തവനോട് അവന്‍ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്? അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന്‍ വിചാരിച്ചു. ഫറവോ ഈ കാര്യം കേട്ടപ്പോള്‍ മോശയെ വധിക്കാനുദ്യമിച്ചു. പക്‌ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 69:2,13,29-30,32-33

R. ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു;
ജലം എന്റെമേല്‍ കവിഞ്ഞൊഴുകുന്നു.

R. ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

R. ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങേ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവത്തിന്റെ നാമത്തെ പാടിസ്തുതിക്കും, കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.

R. ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!
കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.

R. ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ!

____

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ 119:24

അല്ലേലൂയാ, അല്ലേലൂയാ!
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! അവിടത്തെ കല്‍പനകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
അല്ലേലൂയാ!

Or:

സങ്കീ 95:8

അല്ലേലൂയാ, അല്ലേലൂയാ!
ഇന്ന് നിങ്ങള്‍ ഹൃദയം കഠിനമാക്കാതെ അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
അല്ലേലൂയാ!

____

സുവിശേഷം

മത്താ 11:20-24

വിധിദിനത്തില്‍, ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകും.

അക്കാലത്ത്, യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
കഫര്‍ണാമേ, നീ സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളം വരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്റെതിനെക്കാള്‍ സഹനീയമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s