റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍

ഇന്ന് (ജൂലൈ 13) റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാള്‍.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു.

മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ

പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങ്ങൾ വണങ്ങുന്നു. സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്ന് സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്ന് സൂചിപ്പിക്കുന്ന സ്വർണ്ണനിറത്തിലുള്ള റോസാ പുഷ്പവും നെഞ്ചിൽ സംവഹിക്കുന്ന മാതാവേ പ്രാർത്ഥന, അനുതാപം, പരിഹാരം, കൂദാശകളുടെ യോഗ്യതപൂർണ്ണമായ സ്വീകരണം എന്നിവ വഴി ആത്മാവിൽ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനിൽനിന്നും ഞങ്ങൾക്ക് വാങ്ങിത്തരണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അതുവഴി തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കേണമേ.

പാപികളുടെ നിത്യനാശത്തിൽ കണ്ണുനീർ ചിന്തുന്ന മാതാവേ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്ന മക്കൾക്ക് തങ്ങളുടെ തെറ്റുകളോർത്തു അനുതപിക്കുവാനും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നൽകേണമേ.

ജീവിതഭാരത്താൽ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്നേഹത്തിന്റെ കരം നീട്ടി ശക്തിപെടുത്തേണമേ. ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂർവ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കേണമേ. എല്ലാറ്റിനും ഉപരിയായി ഇപ്പോൾ ഞങ്ങൾ യാചിക്കുന്ന പ്രത്യേക അനുഗ്രഹം (…) അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിൽ ഉണർത്തിച്ച് ഞങ്ങൾക്ക് സാധിച്ചുതരികയും ചെയ്യേണമേ. ആമ്മേൻ!

Prayer via : marianpathram.com

റോസ മിസ്റ്റിക്ക അഥവാ ‘നിഗൂഢതയുടെ റോസാപുഷ്പം’ എന്ന പേരില്‍ അമ്മയുടെ തിരുനാള്‍ കൊണ്ടാടണമെന്ന് അമ്മ നേരിട്ട് നിര്‍ദ്ദേശം നല്‍കിയത് 1947 ജൂലൈ 13നാണ്. അന്ന് അമ്മ ”റോസ് മിസ്റ്റിക്ക” എന്നാല്‍ എന്ത് എന്നതിലേയ്ക്ക് സൂചനയും നല്‍കി. അമ്മ പറഞ്ഞു. ഞാന്‍ യേശുവിന്റെ മൗതീക ശരീരത്തിന്റെ അമ്മയാണ്. അതായത് സഭയുടെ അമ്മയാണ്.

ഇന്ന് ജൂലൈ 13ാം തീയതി റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളാണ്. 1947 മുതല്‍ 1966 വരെയാണ് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായത്. 1947 ല്‍ മാത്രം ഏഴു തവണ മാതാവ് പ്രത്യക്ഷപ്പെട്ടു.

മോന്‍സിചിയാലി വടക്കന്‍ ഇറ്റലിയിലെ ഒരു പ്രദേശമാണ്. അവിടെയാണ് പിയെറിനാ ഗില്ലി ജനിച്ചത്. അവിടെയുള്ള ഒരു ആശുപത്രിയില്‍ നഴ്സായി അവര്‍ സേവനം ചെയ്തു. 1947 ലെ വസന്തകാലത്ത് പരിശുദ്ധമാതാവ് ആശുപത്രിയിലെ ഒരു മുറിയില്‍ വച്ച് പിയെറിനായ്ക്ക് പ്രത്യക്ഷയായി. വയലറ്റ് വസ്ത്രം ധരിച്ച മാതാവിന്റെ ശിരോവസ്ത്രത്തിന് വെള്ള നിറമായിരുന്നു. മാതാവ് ദുഖിതയായി കാണപ്പെട്ടു. മൂന്ന് വാളുകള്‍ അമ്മയുടെ നെഞ്ച് പിളര്‍ന്നിരുന്നു. പ്രാര്‍ത്ഥിക്കുക, പ്രായശ്ചിത്തം ചെയ്യുക, പരിഹാരം ചെയ്യുക എന്ന് മാതാവ് ആഹ്വാനം ചെയ്തു

1947 ജൂണ്‍ 13 രണ്ടാമത്തെ പ്രത്യക്ഷീകരണം നടന്നു. അതൊരു ഞായറാഴ്ച ആയിരുന്നു. ഇത്തവണ മൂന്നു വാളുകള്‍ക്കു പകരം നെഞ്ചില്‍ മൂന്ന് റോസ്സാപ്പൂക്കളുമായാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. വെള്ള, ചുവപ്പ്, സ്വര്‍ണം് എന്നിങ്ങനെ മൂന്ന് റോസപ്പൂക്കള്‍. അങ്ങ് ആരാണ് എന്ന് പെയെറിന ചോദിച്ചപ്പോള്‍ മാതാവ് പറഞ്ഞത് ഞാന്‍ യേശുവിന്റെയും നിങ്ങളുടെ എല്ലാവരുടെയും അമ്മ എന്നായിരുന്നു. അതേ വര്‍ഷം തന്നെ ഒക്ടോബര്‍ 22 നും നവംബര്‍ 16 നും, 22 നും ഡിസംബര്‍ 7 നും 8നും മാതാവ് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു.

മാതാവിന്റെ പ്രത്യക്ഷീകരണ വേളയില്‍ പല അത്ഭുതങ്ങളും സംഭവിച്ചു. അന്നേ ദിവസത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ജൂലൈ 13 ന് റോസാ മിസ്റ്റിക്ക തിരുനാളായി ആചരിച്ചുതുടങ്ങിയത്. ലോകം മുഴുവനുമുള്ള വൈദികര്‍ക്കും സന്യാസിനി സന്യാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു.

ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ എല്ലാ വൈദികരെയും സന്യസ്തരേയും ഓര്‍മ്മിച്ചുകൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. മാതാവിന്റെ വിമലഹൃദയത്തിലേക്ക് അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യാം.

Text Courtesy : lifeday.in

Leave a comment