അനുദിന വിശുദ്ധർ | ജൂലൈ 14 | Daily Saints | July 14

⚜️⚜️⚜️⚜️ July 14 ⚜️⚜️⚜️⚜️
വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന വിശുദ്ധന്‍ പലപ്പോഴും തന്റെ അത്യാവശ്യ സാധനങ്ങള്‍ വരെ ചൂതാട്ടത്തില്‍ നഷ്ടപ്പെടുത്തി.

ദുര്‍മ്മാര്‍ഗ്ഗികമായ ഈ വിനോദത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് വിശുദ്ധന്‍ അത്രയധികം ബോധവാനായിരുന്നില്ല. അവസാനം ദാരിദ്ര്യം വിശുദ്ധന്റെ കണ്ണുതുറപ്പിച്ചു. വിശുദ്ധന്‍ പതിയെ ആ വിനോദത്തില്‍ നിന്നും പിന്മാറി. ഉപജീവനം കഴിക്കുവാനായി കപ്പൂച്ചിന്‍ ഫ്രിയാഴ്സിന്റെ ഒരു ഭവനത്തില്‍ കഴുതകളെ നയിക്കുന്ന ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും അനുതാപത്തിന് വേണ്ടിയുള്ള ഒരു ഉള്‍വിളി വിശുദ്ധനില്‍ ഉണ്ടായിരുന്നു. ആ കപ്പൂച്ചിന്‍ ഭവനത്തിലെ ഫ്രിയാറിന്റെ ഉപദേശം വിശുദ്ധന്റെ പരിവര്‍ത്തനം പൂര്‍ത്തിയാക്കി. ഫ്രിയാറിന്റെ ഉപദേശത്തെ കുറിച്ച് ആലോചിച്ചുകൊണ്ടു തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെ പെട്ടെന്ന്‍ തന്നെ വിശുദ്ധന്‍ മുട്ട്കുത്തി നിന്ന് തന്റെ മാറത്തടിച്ചുകൊണ്ട് അതുവരെ താന്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് ദൈവത്തോട് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുകയും, തന്റെ മേല്‍ ദൈവകാരുണ്യം ചൊരിയുവാന്‍ യാചിക്കുകയും ചെയ്തു.

1575 ഫെബ്രുവരി മാസത്തിലായിരുന്നു ഇത് സംഭവിച്ചത്, അപ്പോള്‍ വിശുദ്ധന് 25 വയസ്സായിരുന്നു പ്രായം. ആ സമയം മുതല്‍ തന്റെ ജീവിതത്തിന്റെ അവസാനം വരെ അനുതാപത്തിലൂന്നിയുള്ള ജീവിതരീതിയായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ തന്നെ പ്രവേശിപ്പിക്കുവാന്‍ വിശുദ്ധന്‍ അപേക്ഷിച്ചുവെങ്കിലും, വിശുദ്ധന്റെ പാദത്തിലുണ്ടായിരുന്ന ഒരു വൃണം ഒരിക്കലും സുഖപ്പെടുകയില്ല എന്ന് കണ്ടതിനാല്‍ വിശുദ്ധന് അവര്‍ പ്രവേശനം നിഷേധിച്ചു. അതേതുടര്‍ന്ന്‍ കാമിലുസ് തന്റെ രാജ്യം ഉപേക്ഷിച്ച് റോമിലേക്ക് പോയി. അവിടെ സെന്റ്‌ ജെയിംസ് ആശുപത്രിയില്‍ ചേര്‍ന്ന് രോഗികളെ പരിചരിക്കുവാന്‍ ആരംഭിച്ചു. കെട്ടോട് കൂടിയ തുകല്‍ കുപ്പായവും, പിച്ചള കൊണ്ടുള്ള അരപ്പട്ടയുമായിരുന്നു അപ്പോള്‍ വിശുദ്ധന്റെ വേഷം. രാവും പകലും വിശുദ്ധന്‍ രോഗികളെ പരിചരിച്ചു.

മരണാസന്നരായവര്‍ക്ക് വിശുദ്ധന്‍ പ്രത്യേക പരിഗണന നല്കി. അവര്‍ക്ക് ആത്മീയമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ വിശുദ്ധന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. എളിമയും, ഭക്തിയുമായിരുന്നു വിശുദ്ധന്റെ ജീവിത രീതി. ഞായറാഴ്ച്ചകളിലും ഒഴിവ് ദിവസങ്ങളിലും വിശുദ്ധന്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. വിശുദ്ധ ഫിലിപ്പ് നേരിയായിരുന്നു വിശുദ്ധന്റെ കുമ്പസാരകന്‍. കാമിലുസിന്റെ ഈ കാരുണ്യപ്രവര്‍ത്തികളും, എളിമയും, ഭക്തിയും അവിടത്തെ മേലധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കുറച്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ വിശുദ്ധനെ ആ ആശുപത്രിയുടെ ഡയറക്ടറായി നിയമിച്ചു.

അവിടെ ശമ്പളത്തിന് രോഗികളെ പരിചരിക്കുന്നവരുടെ അലസത കണ്ട് മനം മടുത്ത വിശുദ്ധന്‍, ഒരു കാരുണ്യ പ്രവര്‍ത്തിയെന്ന നിലയില്‍ ഇതിനു വേണ്ടി സമര്‍പ്പിക്കുവാന്‍ ഭക്തരായ കുറച്ച് ആളുകളെ സംഘടിപ്പിക്കുവാന്‍ ഒരു പദ്ധതിയിട്ടു. എന്നാല്‍ ഇതില്‍ ഒരു പാട് തടസ്സങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. ഇതേ തുടര്‍ന്നു രോഗികളെ ആത്മീയമായി സഹായിക്കുവാന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ കാമിലുസ് തീരുമാനിക്കുകയും, അതിനായുള്ള പഠനം ആരംഭിക്കുകയും ചെയ്തു. ഗ്രിഗറി മൂന്നാമന്‍ പാപ്പായുടെ കാലത്ത് സെന്റ്‌ അസാഫ്സിലെ മെത്രാനായിരുന്ന ഗോള്‍ഡ്‌വെല്ലിന്റെ കയ്യില്‍ നിന്നും കാമിലുസ് പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1584-ല്‍ വിശുദ്ധന്‍ വിറ്റ്സണ്‍ട്ടൈഡിലെ പുരോഹിതനായി നിയമിതനായി.

‘ഔര്‍ ലേഡീ ഓഫ് മിറാക്കുള’ എന്ന ചാപ്പലിലെ പ്രധാന പുരോഹിതനായി നിയമിതനായതിനാല്‍ വിശുദ്ധന്‍ ആശുപത്രിയിലെ തന്റെ ഡയറക്ടര്‍ പദവി രാജിവെച്ചു. അതേ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ വിശുദ്ധന്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി തന്റെ സ്വന്തം സഭക്ക് അടിത്തറയിട്ടു. കറുത്തനിറമുള്ള കുപ്പായമായിരുന്നു അവിടത്തെ സഭാ വസ്ത്രം. വിശുദ്ധന്‍ അവര്‍ക്ക് ചില നിയമങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് എല്ലാ ദിവസവും അവര്‍ ഹോളി ഗോസ്റ്റ് എന്ന വലിയ ആശുപത്രിയില്‍ പോയി രോഗികളെ വളരെ സ്നേഹത്തോടു കൂടി പരിചരിച്ചു. അവിടത്തെ രോഗികളില്‍ അവര്‍ ക്രിസ്തുവിനെ തന്നെയായിരുന്നു കണ്ടിരുന്നത്. അവര്‍ രോഗികളുടെ മെത്തകള്‍ ശരിയാക്കുകയും, നല്ല ഉപദേശങ്ങള്‍ നല്‍കുകയും, സന്തോഷകരമായ മരണത്തിനു വേണ്ടി അവരെ ഒരുക്കുകയും ചെയ്തു.

രോഗികള്‍ക്ക് വേണ്ടി എല്ലാതരത്തിലുള്ള ആത്മീയ സഹായങ്ങളും നല്‍കുക എന്നതായിരുന്നു വിശുദ്ധന്റെ പുതിയ സഭയുടെ മുഖ്യ ലക്ഷ്യം. അനുതാപത്തെക്കുറിച്ചും, മറ്റുള്ള നന്മകളെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ വിശുദ്ധന്‍ തന്റെ പുരോഹിതന്‍മാരെ തയ്യാറാക്കുവാനായി അവര്‍ക്ക് വായിക്കുവാന്‍ വേണ്ട ഗ്രന്ഥങ്ങള്‍ നല്‍കുകയും അവരെ പഠിപ്പിക്കുകയും ചെയ്തു. മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായിരുന്നു വിശുദ്ധന്റെ മുഖ്യ പരിഗണന. അതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ട എല്ലാ ആത്മീയ സഹായങ്ങളും വിശുദ്ധന്‍ നല്‍കി. വേണ്ട വിധത്തിലുള്ള അനുതാപത്തോട് കൂടി തങ്ങളുടെ അന്ത്യ കൂദാശകള്‍ സ്വീകരിക്കുവാന്‍ വിശുദ്ധന്‍ അവരെ ഉപദേശിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ആകൃഷ്ടരാവുകയും അദ്ദേഹത്തിന്റെ പദ്ധതികളെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു.

1586-ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ വിശുദ്ധന്റെ സഭയെ അംഗീകരിച്ചു. വിശുദ്ധന്‍ തന്നെയായിരുന്നു അതിന്റെ ആദ്യത്തെ സുപ്പീരിയര്‍. റോജര്‍ എന്ന ഇംഗ്ലീഷ് കാരനായിരുന്നു വിശുദ്ധന്റെ ആദ്യ സഹാചാരികളില്‍ ഒരാള്‍. ‘സെന്റ്‌ മേരി മഗ്ദലെന്‍’ എന്ന ദേവാലയം അവരുടെ പ്രാര്‍ത്ഥനയ്ക്കായി നല്‍കുകയും ചെയ്തു. 1588-ല്‍ വിശുദ്ധന്‍ നേപ്പിള്‍സിലേക്ക് ക്ഷണിക്കപ്പെട്ടു. പന്ത്രണ്ടോളം സഹചാരികളുമായി വിശുദ്ധന്‍ നേപ്പിള്‍സില്‍ എത്തുകയും അവിടെ ഒരു ഭവനം പണിയുകയും ചെയ്തു. അക്കാലത്ത് പ്ലേഗ് ബാധിച്ചവരുള്ളതിനാല്‍ ചില കപ്പലുകള്‍ക്ക് തുറമുഖത്തണയുന്നതിനു വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ‘പയസ് സെര്‍വന്റ്സ് ഓഫ് ദി സിക്ക്’ എന്ന നാമത്തോടു കൂടിയ വിശുദ്ധന്റെ സഭാംഗങ്ങള്‍ കപ്പലില്‍ പോവുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. ആ ഉദ്യമത്തില്‍ രണ്ട് പുരോഹിതരുടെ ജീവന്‍ നഷ്ടപ്പെട്ടു, അവരാണ് ഈ സഭയുടെ ആദ്യത്തെ രക്തസാക്ഷികള്‍.

ഒരിക്കല്‍ പകരുന്ന ഒരു തരം ജ്വരം റോമില്‍ പടര്‍ന്ന്‍ പിടിച്ചപ്പോഴും വിശുദ്ധന്‍ ഇതേ കാരുണ്യം തന്നെ അവിടേയും പ്രദര്‍ശിപ്പിച്ചു. പിന്നീട് ക്ഷാമമുണ്ടായപ്പോഴും വിശുദ്ധന്‍ റോമില്‍ തന്റെ കാരുണ്യപ്രവര്‍ത്തികള്‍ നടത്തി. 1592ലും 1600ലും ക്ലമന്റ് എട്ടാമന്‍ പാപ്പാ ഈ സഭയെ വിശേഷാധികാരങ്ങള്‍ നല്‍കി അംഗീകരിച്ചു. തന്റെ ശുശ്രൂഷകള്‍ക്കിടയില്‍ വിശുദ്ധന്‍ സ്വയം ശാരീരികമായ യാതനകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തന്റെ കാലിലെ ഒരു വൃണം കൊണ്ടുള്ള യാതന വിശുദ്ധന്‍ ഏതാണ്ട് 46 വര്‍ഷങ്ങളോളം സഹിച്ചു. രോഗികളെ പരിചരിക്കുമ്പോള്‍ ഉണ്ടായ ഒരു പരിക്ക് 38 വര്‍ഷത്തോളം നീണ്ടു നിന്നു. വിശുദ്ധന്റെ പാദത്തിലുണ്ടായിരുന്ന രണ്ട് വൃണങ്ങള്‍ മൂലം അതി കഠിനമായ വേദന വിശുദ്ധന്‍ സഹിച്ചിരുന്നു. അതോടൊപ്പം മറ്റ് പല രോഗങ്ങളും വിശുദ്ധനെ വേട്ടയാടികൊണ്ടിരുന്നു. ഈ യാതനകള്‍ക്ക് നടുവിലും തന്നെ തേടിവരുന്നവരെ വിശുദ്ധന്‍ കാത്ത് നില്‍ക്കുവാന്‍ സമ്മതിച്ചിരുന്നില്ല.

പലപ്പോഴും വിശുദ്ധന് നിവര്‍ന്ന്‍ നില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ കട്ടിലിന്റെ വശങ്ങളില്‍ പിടിച്ച് ഇഴഞ്ഞായിരുന്നു ഒരു രോഗിയുടെ പക്കല്‍ നിന്നും മറ്റൊരു രോഗിയുടെ പക്കലേക്ക് പോയികൊണ്ടിരുന്നത്. 1607-ല്‍ വിശുദ്ധന്‍ തന്റെ സഭയുടെ നായകപദവി ഉപേക്ഷിച്ചു. ബൊളോണ, മിലാന്‍, ജെനോവാ, ഫ്ലോറെന്‍സ്, ഫെറാര, മെസ്സിനാ, പാലര്‍മോ, മാന്റുവാ, വിട്ടെര്‍ബോ, ബോച്ചിയാനോ, തിയേറ്റെ, ബുര്‍ഗോനോണോ, സൈനുയെസ്സാ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വിശുദ്ധന്‍ തന്റെ സഭാ ഭവനങ്ങള്‍ സ്ഥാപിച്ചു. പ്ലേഗ് ബാധയുള്ള സ്ഥലങ്ങളിലേക്ക് വിശുദ്ധന്‍ തന്റെ പുരോഹിതരെ അയച്ചു. 1600-ല്‍ നോളായില്‍ പ്ലേഗ് ബാധയുണ്ടായപ്പോള്‍ അവിടത്തെ മെത്രാന്‍ വിശുദ്ധനെ തന്റെ വികാര്‍ ജനറല്‍ ആയി നിയമിച്ചു, ആ അവസരത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് വിശുദ്ധന്റെ പുരോഹിതരില്‍ നിന്നും ലഭിച്ച ആശ്വാസം ചെറുതല്ല.

ദൈവം വിശുദ്ധനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി പ്രവചനവരം, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവ് തുടങ്ങിയ നിരവധി സമ്മാനങ്ങളാല്‍ അനുഗ്രഹിച്ചു. 1613-ല്‍ റോമില്‍ വെച്ച് നടന്ന തന്റെ സഭയുടെ അഞ്ചാമത്തെ ജെനറല്‍ ചാപ്റ്ററില്‍ വിശുദ്ധന്‍ പങ്കെടുത്തു. അതിന് ശേഷം തന്റെ സഭയുടെ പുതിയ നായകനൊപ്പം വിവിധ ഭവനങ്ങളും, ആശുപത്രികളും സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഇതിനിടയില്‍ ജെനോവായില്‍ വെച്ച് വിശുദ്ധന് ഗുരുതരമായ രോഗം പിടിപ്പെട്ടു. എന്നാല്‍ പിന്നീട് രോഗം കുറച്ച്‌ ഭേദമായപ്പോള്‍ തന്റെ ആശുപത്രി സന്ദര്‍ശനങ്ങള്‍ വിശുദ്ധന്‍ പൂര്‍ത്തിയാക്കി. അധികം താമസിയാതെ അദ്ദേഹം വീണ്ടും രോഗശയ്യയിലായി. കര്‍ദ്ദിനാള്‍ ജിന്നാസിയോയുടെ കൈകളില്‍ നിന്നുമാണ് വിശുദ്ധന്‍ തന്റെ അന്ത്യകൂദാശകള്‍ സ്വീകരിക്കുന്നത്.

1614 ജൂലൈ 14ന്, വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 65 വയസ്സ് കഴിഞ്ഞിരുന്നു. ‘സെന്റ്‌ മേരി മഗ്ദലന്‍’ ദേവാലയത്തിന്റെ അള്‍ത്താരക്ക് സമീപത്തായാണ് വിശുദ്ധനെ ആദ്യം അടക്കം ചെയ്തത്. എന്നാല്‍ അവിടെ നടന്ന അത്ഭുതങ്ങള്‍ ആധികാരികമായി സ്ഥിരീകരിച്ചു കഴിഞ്ഞ് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ നിന്നും എടുത്ത് അള്‍ത്താരക്ക് കീഴില്‍ സ്ഥാപിച്ചു. 1742-ല്‍ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനു ശേഷം അവയെ ഒരു ചെറിയ ദേവാലയത്തില്‍ പ്രതിഷ്ടിച്ചു. 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ കാമിലുസ് ഡെ ലെല്ലിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കാര്‍ത്തെജിലെ വി. സൈറസ്

2. കൊമായിലെ ഫെലിക്സ്

3. സ്പാനിഷ് മിഷിനറിയായിരുന്ന ഫ്രാന്‍സിസ് സൊലാന

4. അലക്സാണ്ട്രിയായിലെ ഹെറാക്സ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല.. കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.. (ഏശയ്യ : 59/1)

കരുണാമയനായ ദൈവമേ..
എന്റെ അധരത്തിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യമാകാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു.. അനേകം നാളുകളായി പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടാത്ത എന്റെ ജീവിതപ്രശ്നങ്ങളുമായി ദൈവകരുണയെ തേടാൻ ഞാൻ ശ്രമിക്കുമ്പോഴും.. ഞാനെന്തു തെറ്റു ചെയ്തിട്ടാണ് ദൈവമേ ഈ സമയം എന്നെ കടന്നു പോകാതെ ഇങ്ങനെ ചുറ്റിവരിയുന്നത് എന്ന് തീവ്രമായ ഹൃദയവ്യഥയോടെ നിന്റെ തിരുമുൻപിൽ വിലപിക്കുമ്പോഴും എത്രയൊക്കെ ശ്രമിച്ചിട്ടും പലപ്പോഴും ഞങ്ങൾക്ക് കാലിടറി പോകുന്നു.. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വഴികളിൽ നിന്നകന്ന് ഞങ്ങൾ നിരാശയുടെ പിടിയിൽ അകപ്പെടുന്നു..

നല്ല നാഥാ.. എന്നും അവിടുത്തോടു ചേർന്നു നിൽക്കാൻ ഞങ്ങളെ സഹായിക്കേണമേ.. ജീവിതത്തിന്റെ തകർച്ചകളിലും ഉയർച്ചകളിലും ഞാനെന്റെ കർത്താവിൽ ആനന്ദിക്കും എന്ന് ഉറച്ച ആത്മധൈര്യത്തോടെ ഏറ്റു പറയുവാനുമുള്ള വിശ്വാസവെളിച്ചം ഞങ്ങളുടെ ഹൃദയങ്ങളിലും കത്തിയെരിയാനുള്ള കൃപ ചൊരിയേണമേ.. എന്തെന്നാൽ കർത്താവേ.. എന്റെ മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും എന്നും അങ്ങയിലാകുന്നു.. അങ്ങയുടേതുമാകുന്നു..
വിശുദ്ധ അന്തോണീസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.
മത്തായി 5 : 3

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s