പുലർവെട്ടം 514

{പുലർവെട്ടം 514}

 
എന്തുകൊണ്ടാണ് ചില പദങ്ങളിൽ ഇങ്ങനെ തട്ടി നിൽക്കുന്നത്, പള്ളിക്കൂടം കാലത്ത് തൊട്ടടുത്ത് ഗേൾസ് സ്കൂളിന്റെ മുറ്റത്ത് തടഞ്ഞുനിന്ന ഒരാൾ മധ്യവയസ്സിൽ തന്റെ കുട്ടിയെ അതേ സ്കൂളിൽ വിട്ടിട്ട് പുറത്ത് കാത്തുനിൽക്കുമ്പോൾ നീ ഇവിടെ നിന്ന് ഇനിയും പോയിട്ടില്ലേ എന്ന് ചോദിക്കുന്ന സഹപാഠിയുടെ നിഷ്കളങ്കതയൊന്നുമല്ലിത്. ചില പദങ്ങളെ വിട്ട് മുന്നോട്ട് പോവുക അസാധ്യമാണ്. മാപ്പ് അത്തരം ഒരു പദമാണ്. അതിനെക്കുറിച്ച് നിരന്തരം കേൾക്കുകയും പറയുകയുമാണ് കലി ബാധിച്ചൊരു കാലത്തിനും ലോകത്തിനുമുള്ള വിഷവൈദ്യം.
 
മരുഭൂമിയിലെ ശബ്ദം എന്നാണ് പുതിയ നിയമത്തിലെ ഒരു പ്രവാചകൻ തന്നെക്കുറിച്ച് ആരാഞ്ഞവർക്ക് കൊടുത്ത മറുപടി. വളരെക്കുറച്ചുപേർ മാത്രം സഞ്ചരിക്കുന്ന ഇടമാണ് ആ മണൽദേശം. അതുകൊണ്ട്തന്നെ അയാൾക്ക് വിശ്രമിക്കാൻ അവകാശമില്ല. എപ്പോൾവേണമെങ്കിലും കുറുകെ കടന്നു പോകുവാൻ സാധ്യതയുള്ള ഒരാൾക്ക് വേണ്ടി അയാൾ അനുസ്യൂതം സംസാരിച്ചേ തീരൂ. ആരെങ്കിലുമൊക്കെ ദേശത്തിന്റെ ഓരോരോ ഇടങ്ങളിൽ നിന്ന് മാപ്പ് ഉൾപ്പെടെയുള്ള ചില സനാതന ഭംഗികളെക്കുറിച്ച് സദാ പറഞ്ഞുകൊണ്ടേയിരിക്കണം. ആവർത്തനത്തിൻ്റെ മടുപ്പില്ലാതെ.
 
തൻ്റെ ചട്ടങ്ങൾ കൈത്തണ്ടയിലും നെറ്റിത്തടത്തിലും കട്ടിളപ്പടിയിലും അലങ്കാരങ്ങളായി തൂക്കണമെന്ന് ഒരു അനുശാസനം വേദപുസ്തകത്തിലുണ്ട്. ഇടവേളകളിൽ ഉറ്റുനോക്കാനാണ് കൈത്തണ്ട. എതിരെ വരുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാണ് നെറ്റിത്തടത്തിൽ, സന്ദർശകർക്കും അതിഥികൾക്കും വായിച്ചെടുക്കാനാണ് വാതിൽപ്പടിയിലെ തൊങ്ങലുകൾ. ചുരുക്കത്തിൽ, നിരന്തരം ഓർമ്മയിലായിരിക്കാനാണ് ഒരാൾ തന്നെയും തന്റെ പരിസരത്തെയും സഹായിക്കേണ്ടത്. ആ ഓർമ്മ കൊണ്ടാണ് എല്ലാത്തരം ശൈഥില്യങ്ങളെയും മാനവരാശി കുറുകെ കടക്കേണ്ടത്.കാഴ്ച കുറവുള്ള ആൾക്ക് പോലും വായിക്കാൻ പറ്റുന്ന വിധത്തിൽ ഭിത്തികളിൽ എഴുതിവയ്ക്കേണ്ട ചില ആരോപണങ്ങളെക്കുറിച്ച് നീഷെ പറഞ്ഞിട്ടുണ്ട്. അതുപോലെ മനുഷ്യകുലത്തിനുള്ള ഓർമ്മപ്പെടുത്തലുകളും.
 
അടച്ചിരിപ്പിൻ്റെ ഇക്കാലം ചെറിയ ചെറിയ സ്നേഹസഞ്ചാരങ്ങളെ ഓർമ്മിപ്പിക്കുന്നു. ക്ഷേത്രങ്ങളായിരുന്നു ഇഷ്ടപരിസരം. അതിൽത്തന്നെ ജൈനക്ഷേത്രങ്ങൾ ഹൃദ്യമായ ഓർമ്മയാണ് – അതിൻ്റെ തണുപ്പിൽ വെറുതെയിരുന്ന നിമിഷങ്ങൾ. പൊതുവേ ശ്രദ്ധിച്ചൊരു കാര്യം ഇതായിരുന്നു മിക്കവാറും എടുപ്പുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് രാജസ്ഥാൻ മെക്കാന മാർബിൾ കൊണ്ടാണ്. തൂവെള്ളയാണ് പൊതുവേ സ്വീകരിച്ചിരിക്കുന്ന വർണ്ണം. കടുംനിറങ്ങൾ തീരെയില്ല. പൊടിക്കാറ്റുവീശുന്ന നമ്മുടെ കണക്കൊരു ദേശത്ത് അതിനെയത്രയും വൃത്തിയായി സൂക്ഷിക്കുക എത്ര ശ്രമകരമാണെന്ന് ഓർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വായിച്ച ഒരു കുറിപ്പിൽ വളരെ ബോധപൂർവ്വം തിരഞ്ഞെടുത്ത ഒരു സങ്കല്പമാണ് അതെന്ന് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നിരന്തര ശ്രദ്ധയും ശുചീകരണവും ആവശ്യമുള്ള പ്രാണനെ പ്രതിനിധീകരിക്കാനാണ് ഈ എടുപ്പുകളിൽ ഇത്രയും ധ്യാനം സന്നിവേശിപ്പിച്ചിരിക്കുന്നത്. ക്ഷേത്രം മനുഷ്യജീവിതം പോലെ ഇനിയും പണിതീരാത്ത ആലയമാണെന്നും-  A Jain temple is a process!
 
അടയാളപ്പലകകൾ ഇല്ലാത്ത തെരുവുകൾ ഭേദപ്പെട്ട സൂചനയല്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements
Jain Temple, Alappuzha
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s