ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഹൈക്കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാർ കൈക്കൊണ്ട ഭരണഘടനാപരമായ ബാധ്യതയുടെ പശ്ചാത്തലത്തിലും കുളംകലക്കുവാനുള്ള നീക്കങ്ങളുമായി മുസ്ലിം സമൂഹത്തിലെ ചില നേതാക്കളും മാധ്യമപ്രവർത്തകരും വരെ രംഗത്തിറങ്ങിക്കഴിഞ്ഞു. സർക്കാർ തീരുമാനം പുറത്തുവന്ന ജൂലൈ 15ന് രാത്രി തീരുമാനത്തെക്കുറിച്ചു നടത്തിയ ചാനൽ ചർച്ച ആങ്കർ ചെയ്ത മതേതരമാധ്യമങ്ങളിലെ മുസ്ലിംകളായ ചില ആങ്കർമാർ നിഷ്പക്ഷരായ റഫറികൾ എന്ന നിലവിട്ട് സർക്കാർ തീരുമാനത്തിൽ തങ്ങൾക്കുള്ള അമർഷമാണ് പ്രകടമാക്കിയത്. പാനലിലെ അംഗങ്ങളിൽ സീറോ മലബാർ സഭയുടെ വക്താവ് ഒഴികെ എല്ലാവരും സർക്കാർ തീരുമാനത്തെ എതിർക്കുന്നവരാകുന്നതും മനഃപൂർവമല്ലേ?
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രിസഭ എടുത്ത തീരുമാനം അനുസരിച്ച് കഴിഞ്ഞ വർഷം വരെ ഈ സഹായത്തിൽ 80 ശതമാനവും സ്വന്തമാക്കിയിരുന്ന മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടാകാതിരിക്കുന്നതിന് അവർക്കുണ്ടായിരുന്ന സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ കുറവുവരാതെ പുതിയ അനുപാതം നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന് സാധിക്കുന്ന ഏറ്റവും ന്യായമായ തീരുമാനമാണിത്. എന്നാൽ, ഇതിലൂടെ മുസ്ലിം സമുദായത്തിന് എന്തോ വലിയ നഷ്ടം വരുന്നു എന്ന മട്ടിലുള്ള പ്രചാരണത്തിനാണ് ഏതാനും നേതാക്കളും മാധ്യമങ്ങളും നീക്കം നടത്തിയത്.
ഗഫൂറിന്റെ തടസങ്ങൾ
സർക്കാരിന്റെ നിസഹായത ശരിക്കും അറിയുന്ന എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ ക്രൈസ്തവർ അനീതിക്കെതിരേ കോടതിയിൽ കേസുകൊടുത്തത് തെറ്റായിപ്പോയിഎന്ന മട്ടിലാണ് വാദിച്ചു നോക്കിയത്. അതു ക്രൈസ്തവർക്ക് നീതി ലഭിക്കരുത് എന്ന ആഗ്രഹത്തിന്റെ അടയാളം എന്നതിനപ്പുറം മതേതരത്വത്തിന്റെ സാക്ഷ്യമൊന്നുമല്ല എന്ന് ആർക്കാണ് മനസിലാകാത്തത്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയതുകൊണ്ട് ഇത്തരത്തിൽ ഒരു വിഷയം ഉയരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. 164 മുന്നാക്ക സമുദായങ്ങളിൽ 16 സമുദായങ്ങൾ മാത്രമാണ് ക്രൈസ്തവർ എന്നതും എന്നാൽ 40 ശതമാനം സംവരണം അനുഭവിക്കുന്ന പിന്നാക്ക സമുദയങ്ങൾക്കിടയിൽ 12 ശതമാനം സംവരണം ലഭിക്കുന്നവരാണ് മുസ്ലിംകൾ എന്നതും വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ക്രൈസ്തവർക്കെതിരായ നിലപാട് എടുക്കുന്നത്.
മുന്നാക്ക സമുദായ കോർപറേഷന്റെ കീഴിലുള്ള പദ്ധതികൾതന്നെ ധാരാളമാണെന്നു ഗഫൂർ വാദിച്ചു. എന്താണ് സത്യം? ഫലത്തിൽ മൂന്നു പദ്ധതികളാണ് മുന്നാക്ക സമുദായ കോർപറേഷന്റെ കീഴിലുള്ളത്. എന്നാൽ മുസ്ലിം സമുദായം അടങ്ങിയ പിന്നാക്ക സമുദായ കോർപറേഷന് 13 പദ്ധതികളുണ്ട്. ഇവയുടെയെല്ലാം ആനുകൂല്യം ലഭിക്കുന്ന മുസ്ലിംകൾക്കും ന്യൂനപക്ഷ ആനുകൂല്യങ്ങൾക്ക് അവകാശമുണ്ട് എന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. പക്ഷേ, ക്രൈസ്തവർ ആവശ്യപ്പെടുന്നതാണ് പിശക്. ന്യൂനപക്ഷാവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്കുള്ളതാണ്. അക്കാര്യത്തിൽ സാന്പത്തിക നിലയോ മറ്റ് ഉപാധികളോ ഇപ്പോൾ ബാധകമല്ല. അതാണ് ന്യൂനപക്ഷ പദ്ധതികളുടെ പ്രത്യേകത. മുസ്ലിം സമൂഹത്തിലെ സന്പന്നർക്കെല്ലാം, അദ്ദേഹത്തിനടക്കം ഇങ്ങനെ പദ്ധതിയുടെ പ്രയോജനം കിട്ടുന്നുമുണ്ട്. എന്നിട്ടും, ക്രൈസ്തവസമൂഹത്തിന്റെ സാന്പത്തിക അവസ്ഥയും അദ്ദേഹം വിഷയമാക്കാൻ നോക്കുന്നു. മുസ്ലിം സമൂഹത്തിലെ സന്പന്നരും പിന്നാക്ക സമുദായ സംവരണത്തിന്റ ആനുകൂല്യങ്ങൾ എത്രയോ കാലമായി നേടുന്നു എന്നതും മറക്കാനാവാത്ത യാഥാർഥ്യമാണ്.
സഹായങ്ങൾ പല തരമുണ്ട്. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആനുകൂല്യങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എല്ലാവർക്കും മറ്റു പരിഗണനകൾ ഒന്നുമില്ലാതെ കിട്ടുന്നതു പോലെ ആണത്. എന്നാൽ, അവശ വിധവകൾക്കുള്ള സഹായം എല്ലാ വിധവകൾക്കും കിട്ടുകയുമില്ല. വ്യവസ്ഥകൾ ഇല്ലാതെയാണ് വിധവകൾക്കു സഹായം എങ്കിൽ എല്ലാ വിധവകൾക്കും കൊടുക്കേണ്ടിവരും.
സ്വാശ്രയ പ്രവേശനം
ഉത്തരം മുട്ടുന്പോൾ കൊഞ്ഞനം കാണിക്കുന്നതു പോലെ സ്വാശ്രയ കോളജുകളിലെ പ്രവേശനം സംബന്ധിച്ച് ക്രൈസ്തവ സ്ഥാപനങ്ങൾ എടുത്ത നിലപാടുമായും ഗഫൂർ എത്തി. സഭ നടത്തുന്ന സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച കാര്യം പോലെയല്ല സർക്കാരിന്റെ ന്യൂനപക്ഷ അവകാശങ്ങൾ എന്ന് സഭാ വക്താവ് കൃത്യമായ മറുപടി പറഞ്ഞെങ്കിലും ഗഫൂറിന് തൃപ്തിയായ മട്ടു കണ്ടില്ല. കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങൾ ഒന്നും ക്രൈസ്തവർക്കുവേണ്ടി മാത്രം ഉള്ളവയല്ല. എല്ലാ സമുദായങ്ങൾക്കും അവിടെ പ്രവേശനം ഉണ്ട്. ആരെയും മതംമാറ്റത്തെക്കുറിച്ച് പഠിപ്പിക്കുന്നും ഇല്ല. പരസ്പരം ആദരിക്കാനും സ്നേഹിക്കാനുമാണ് അവിടെ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് കാഞ്ഞിരപ്പള്ളിയിലുള്ള ക്രൈസ്തവ സ്ഥാപനത്തിൽ കാസർഗോട്ടുനിന്നുമുള്ള മുസ്ലിം കുട്ടിക്കും പഠിക്കാനാവുന്നതും പഠനത്തിൽ വൻ നേട്ടം കൈവരിക്കാനാവുന്നതും. ക്രൈസ്തവ സ്ഥാപനങ്ങളിൽ പഠിച്ച എത്രയോ പ്രഗത്ഭരായ മുസ്ലിംകളെ കാണിക്കാനാവും?
ഈ പശ്ചാത്തലത്തിലാണ് ക്രോസ് സബ്സിഡി പോലുള്ള വിവാദ വിഷയങ്ങളിൽ ക്രൈസ്തവ മാനേജ്മെന്റുകൾ സ്വന്തമായ നിലപാട് എടുത്തത്. സർക്കാർ ഫീസിൽ 50 ശതമാനം കുട്ടികളെ പഠിപ്പിക്കുവാനും ബാക്കി 50 ശതമാനം സീറ്റിൽ എത്ര ഉയർന്ന ഫീസും വാങ്ങിക്കുവാനും അനുവദിക്കുന്നതായിരുന്നു ആ പാക്കേജ്. അതായത് സർക്കാർ ക്വോട്ടയിൽ വരുന്ന 50 ശതമാനത്തെ പഠിപ്പിക്കുവാൻ മാനേജ്മെന്റ് ക്വോട്ടയിൽ വരുന്നവർ പണം മുടക്കണമെന്ന്. അതിന് സർക്കാർ ഇട്ട പേരാണ് ക്രോസ് സബ്സിഡി. സർക്കാർ നിർദേശം കോടതി തള്ളി, അതാണു സംഭവിച്ചത്. വർഷങ്ങളിലെ വിവാദങ്ങൾക്കു ശേഷം ഇപ്പോൾ ഓരോ സ്ഥാപനത്തിലെയും ഫീസ് നിശ്ചയിക്കുന്നത് അവരവർ തന്നെയാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നതിലും എത്രയോ ഉയർന്ന ഫീസാണ് എംഇഎസ് അടക്കമുള്ളവർ ഇപ്പോൾ മെഡിക്കൽ പഠനത്തിന് ഈടാക്കുന്നത്?
അനുപാതം എല്ലാ പദ്ധതികൾക്കും
സ്കോളർഷിപ്പുകൾക്ക് മന്ത്രിസഭ ഏർപ്പെടുത്തിയിരിക്കുന്ന അനുപാതം എല്ലാ ന്യൂനപക്ഷ പദ്ധതികൾക്കും ബാധകമാകും. അതാണ് ഹൈക്കോടതി വിധിയുടെ കാതൽ. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലിംകൾക്കും മറ്റ് അഞ്ചു ന്യൂനപക്ഷങ്ങൾക്കുമായി 80:20 ആയി വിഭജിക്കപ്പെട്ടിരുന്നത് ഏതാനും ചില സ്കോളർഷിപ്പുകളല്ലെന്നും ഭവന നിർമാണത്തിനും മക്കളുടെ വിവാഹത്തിനും സ്വന്തം വിവാഹത്തിനും വരെയുള്ള സഹായ പദ്ധതികളാണെന്നും ഇന്ന് കൂടുതൽ വ്യക്തമായി എല്ലാവർക്കും അറിയാം.
പ്രത്യേക സഹായങ്ങൾ
കേരളത്തിലെ ഓരോ സമൂഹത്തിനും കൊടുക്കേണ്ട പ്രത്യേക സഹായങ്ങൾ ഇതിൽ പെടുന്നില്ല. അത്തരം പദ്ധതികളും ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികളും വ്യത്യസ്തമാണ്. അങ്ങനെ ആയിരിക്കുകയും വേണം. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുവാൻ ജനുവരിയിൽ കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശകൾ സംബന്ധിച്ച തീരുമാനം എടുക്കുന്പോൾ അക്കാര്യമാണ് പരിഗണിക്കപ്പെടേണ്ടത്. അതു ക്രൈസ്തവർക്കു മാത്രമായുള്ള പദ്ധതികളാവാം.
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ
1. ഇന്പിച്ചിബാവ ഭവന നിർമാണ പദ്ധതി. ന്യൂനപക്ഷങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയ സ്ത്രികൾക്കും ഭവന നിർമാണത്തിന് നാലു ലക്ഷം രൂപ വരെ തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം.
2. ഇന്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി. ന്യൂനപക്ഷങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയ സ്ത്രികൾക്കും ഭവന പുനരുദ്ധാരണത്തിന് 50,000 രൂപ തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം.
3. സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലനം. ഹൈസ്കുൾ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് കോഴ്സുകൾ. ഒരു ജില്ലയിൽ 10 ക്യാന്പുകൾ വരെ സംഘടിപ്പിക്കും. 100 പേർക്കു പ്രവേശനം.
4. സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്. ബിരുദത്തിന് പഠിക്കുന്ന 3,000 വിദ്യാർഥിനികൾക്കും ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥിനികൾക്കും യഥാക്രമം 5,000 രൂപയും 6,000 രൂപയും നല്കുന്നു. പ്രഫഷണൽ കോഴ്സിനു പഠിക്കുന്ന 1,000 പേർക്ക് 7,000 രൂപ വച്ചും നല്കുന്നു.
5. പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്. എസ്എസ്എൽസി മുതലുള്ള സമർഥരായ പാവപ്പെട്ട വിദ്യാർഥികൾക്കു 10,000 രൂപയും ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 15,000 രൂപയും സ്കോളർഷിപ്.
6. സ്വകാര്യ ഐടിഐ ഫീസ് റിഇംബേഴ്സമെന്റ് സ്കീം. സർക്കാർ അംഗീകൃത സ്വകാര്യ ഐടിഐകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു ഫീസ് തിരിച്ചു നല്കുന്നു. രണ്ടു വർഷ കോഴ്സിന് 20,000 രൂപ വീതവും ഒരു വർഷ കോഴ്സിന് 10,000 രൂപയും ലഭിക്കും.
7 അക്കൗണ്ടൻസി കോഴ്സുകൾക്കു സ്കോളർഷിപ് 15,000 രൂപ.
8. സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗ് കോഴ്സ് ഫീസ് 20,000 രൂപ, ഹോസ്റ്റൽ ഫീസ് 10,000 രൂപ റിഇംബേഴ്സ്മെന്റ്. ഒരു വർഷം 200 പേർക്ക്.
9. ഉറുദു ഒന്നാം ഭാഷാ കാഷ് സ്കോളർഷിപ്. ഉറുദു ഒന്നാം ഭാഷയായി പഠിച്ച് എ പ്ലസ് നേടുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു 1,000 രൂപ ക്യാഷ് സ്കോളർഷിപ്.
10. ഡോ. എ.പി.ജെ. അബദുൾ കലാം സ്കോളർഷിപ്. പോളി ടെക്നിക്ക് വിദ്യാർഥികൾക്ക് വർഷം 6,000 രൂപ വീതം 1,000 പേർക്ക്.
11. മദർ തെരേസ സ്കോളർഷിപ്. നഴ്സിംഗ് വിദ്യാർഥികൾക്കു പ്രതിവർഷം 15,000 രൂപ.
12. കേരളത്തിലെ മദ്രസ അധ്യാപക ക്ഷേമനിധിയും പെൻഷൻ പദ്ധതിയും. വിവാഹ ധനസഹായം: സ്വന്തം വിവാഹത്തിനും മക്കളുടെ വിവാഹത്തിനും 10,000 രൂപ വീതം. ചികിത്സാ സഹായം 25,000 രൂപ വരെ. രണ്ടര ലക്ഷം രൂപ ഭവന നിർമാണ വായ്പ. ഇതിനു സമാന്തരമായ പദ്ധതി മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കായി ഉണ്ടാവേണ്ടതുണ്ട്. ഹജ്ജ് ആനുകൂല്യം പോലെ വിശുദ്ധ നാടുകൾ സന്ദർശിക്കുന്നതിനുള്ള ആനുകൂല്യങ്ങളും പരിഗണിക്കപ്പെടണം.
13. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ, സ്വയം തൊഴിൽ കണ്ടെത്തുവാൻ 10 ലക്ഷം രൂപ, വിദ്യാഭ്യാസത്തിന് 7.5 ലക്ഷം രൂപ, വിദേശ ജോലിക്കു പോകുന്നവർക്ക് വീസ ക്രമീകരിക്കുന്നതിന് രണ്ടു ലക്ഷം, ഉദ്യോഗസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്കായി രണ്ടര ലക്ഷം രൂപ.
14. ന്യൂനപക്ഷങ്ങൾക്കുള്ള അനുബന്ധ സ്കോളർഷിപ്പുകൾ ഒന്നുമതുൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രിമെട്രിക് സകോളർഷിപ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്.
15. ന്യൂനപക്ഷ യുവജനതയ്ക്കുള്ള സൗജന്യ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും. പിഎസ്സി, യുപിഎസ്സി, ബാങ്കിംഗ്, റെയിൽവേ ബോർഡ് പരീക്ഷകൾക്കു സൗജന്യപരിശീലനം. ആറു മാസത്തേക്ക്.
ന്യൂനപക്ഷ വിദ്യാർഥികൾക്കും യുവാക്കൾക്കും പരിശീലനം കൊടുക്കുവാൻ 17 കേന്ദ്രങ്ങളും ന്യൂനപക്ഷ വകുപ്പ് നടത്തുന്നുണ്ട്. അവയെല്ലാംതന്നെ മുസ്ലിം ഭുരിപക്ഷ പ്രദേശങ്ങളിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ഉണ്ടാവേണ്ടി വരും. ഇങ്ങനെ ഹൈക്കോടതി ഉത്തരവ് പൂർണമായി നടപ്പാക്കപ്പെടുന്നതിനുള്ള ജാഗ്രത ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നവർ പുലർത്തേണ്ടതുണ്ട്.

Reblogged this on NELSAPY.
LikeLiked by 1 person