🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
20-July-2021, ചൊവ്വ
Tuesday of week 16 in Ordinary Time or Saint Apollinaris, Bishop, Martyr
Liturgical Colour: Green.
____
ഒന്നാം വായന
പുറ 14:21-15:1
ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു.
അക്കാലത്ത്, മോശ കടലിനുമീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍ കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല്‍ വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിന്നു. ഈജിപ്തുകാര്‍ – ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം – അവരെ പിന്‍തുടര്‍ന്ന്, കടലിന്റെ നടുവിലേക്കു നീങ്ങി. രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തില്‍ നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു: ഇസ്രായേല്‍ക്കാരില്‍ നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കുവേണ്ടി ഈജിപ്തിനെതിരേ യുദ്ധം ചെയ്യുന്നു.
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നിന്റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മോശ കടലിനു മീതേ കൈനീട്ടി. പ്രഭാതമായപ്പോഴേക്ക് കടല്‍ പൂര്‍വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്‍തിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി. ഇസ്രായേല്‍ക്കാരെ പിന്‍തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു. അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പോലെ നിലകൊണ്ടു. അങ്ങനെ ആ ദിവസം കര്‍ത്താവ് ഇസ്രായേല്‍ക്കാരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു. കര്‍ത്താവ് ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേല്‍ക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു. മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു:
കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
പുറ 15:8-10,12,17
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
അങ്ങേ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിന്റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി. ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്‍തുടര്‍ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എന്റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എന്റെ കരം അവരെ സംഹരിക്കും.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
നിന്റെ കാററു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍ പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു. അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന്
അങ്ങേ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങേ കരങ്ങള്‍ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു.
____
സുവിശേഷ പ്രഘോഷണവാക്യം
1 യോഹ 2:5
അല്ലേലൂയാ, അല്ലേലൂയാ! യേശുക്രിസ്തുവിന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
അല്ലേലൂയാ!
Or:
യോഹ 14:23
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെയടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.
അല്ലേലൂയാ!
____
സുവിശേഷം
മത്താ 12:46-50
തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹