വചനം കേട്ടു ഗ്രഹിച്ചവൻ

ജോസഫ് ചിന്തകൾ 225

ജോസഫ് വചനം കേട്ടു ഗ്രഹിച്ചവൻ

 

മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിൽ ഈശോയ്ക്ക് പ്രിയങ്കരമായിരുന്ന വിതക്കാരൻ്റെ ഉപമ ജനക്കൂട്ടത്തോടു പറയുന്നു (മത്താ 13, 1-9). ദൈവരാജ്യത്തിന്റെ പ്രതിരൂപവും പൊരുളും ഈ ഉപമയിലൂടെ ഈശോ വെളിപ്പെടുത്തു. പിന്നീട് ഈ ഉപമ വിശദീകരിക്കുമ്പോൾ വചനം കേട്ടു ഗ്രഹിക്കുന്നതിൻ്റെ ആവശ്യകത ഈശോ പഠിപ്പിക്കുന്നു: “വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു. (മത്താ 13 : 23).
 
ദൈവം വചനം കേട്ടു ഗ്രഹിച്ച് നൂറുമേനി ഫലം പുറപ്പെടുവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവവചനത്തിനു ഭൂമിയിൽ മാംസം ധരിക്കാനായി നല്ല നിലമൊരിക്കിയ കർഷകനായിരുന്നു യൗസേപ്പിതാവ്.ദൈവ വചനത്തിനു ആഴത്തിൽ വേരുപാകാൻ എല്ലാ സാഹചര്യങ്ങളും ആ വത്സല പിതാവ് ഒരുക്കി. യൗസേപ്പിതാവ് ദൈവവചനത്തെ കേവലം കേൾവിയിൽ മാത്രം ഒതുക്കി നിർത്തിയില്ല. അവ ജീവിതത്തിലേക്കിറങ്ങി ഫലം പുറപ്പെടുവിക്കാൻ അനുകൂല സാഹചര്യം ഒരുക്കി നൽകി.
 
ദൈവവചന പ്രഘോഷണവും അതുവഴി സജ്ഞാതമാകുന്ന ദൈവരാജ്യ വ്യാപനവും മനുഷ്യന്റെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. അവ വിജയത്തിലെത്തുന്നതിനായി ദൈവകൃപയോടു നാം തുറവി കാട്ടണം. യൗസേപ്പിൻ്റെ ജീവിതം ദൈവവചനത്തിൽ ആഴത്തിൽ വേരു പാകിയായിരുന്നു. ഒരു ചെറു വിത്ത്. മുളപൊട്ടി, ചെടിയായി വളര്ന്നു ഭൂമിയില് ഫലമണിയുന്നതുപോലെ, ദൈവവചനം ഗ്രഹിച്ച് ജീവിക്കുന്നവര്ക്ക് അവിടുത്തെ സ്നേഹത്തിന്റെ അത്ഭുതങ്ങള് അനുഭവിക്കാന് ഇടയാകും എന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.
 
നമ്മുടെ കഴിവുകള് നിസ്സാരമെങ്കിലും, ദൈവ വചനത്തിൽ വിശ്വസിച്ചു മുന്നോട്ടു നീങ്ങിയാല്, പ്രതിസന്ധികളെ മറികടന്ന് അത്ഭുതം പ്രവർത്തിക്കാൻ കഴിയുന്ന സിദ്ധി നാം സ്വയാത്തമാക്കും. അതിനു വചനം ഗ്രഹിച്ചു ജീവിച്ച യൗസേപ്പിതാവ് നമ്മളെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Leave a comment