ദിവ്യബലി വായനകൾ Saint Joachim and Saint Anne

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 26/7/2021

Saint Joachim and Saint Anne, parents of the Blessed Virgin Mary 
on Monday of week 17 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേ,
മനുഷ്യാവതാരം ചെയ്ത
അങ്ങേ പുത്രന്റെ മാതാവിനു ജന്മം നല്കാനുള്ള കൃപാവരം,
വിശുദ്ധരായ ജൊവാക്കിമിനും അന്നയ്ക്കും
അങ്ങ് പ്രദാനം ചെയ്തുവല്ലോ.
ഈ വിശുദ്ധരുടെ പ്രാര്‍ഥനകള്‍വഴി,
അങ്ങേ ജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷ
ഞങ്ങള്‍ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 32:15-24,30-34
ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു.

അക്കാലത്ത്, മോശ കൈകളില്‍ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. പലകകള്‍ ദൈവത്തിന്റെ കൈവേലയും അവയില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു. ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നു. എന്നാല്‍, മോശ പറഞ്ഞു: ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്. മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതും കണ്ടു; അവന്റെ കോപം ആളിക്കത്തി. അവന്‍ കല്‍പലകകള്‍ വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തില്‍ വച്ച് അവ തകര്‍ത്തുകളഞ്ഞു. അവന്‍ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തില്‍ക്കലക്കി ഇസ്രായേല്‍ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു? അഹറോന്‍ പറഞ്ഞു: അങ്ങേ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിന്മയിലേക്കുള്ള ചായ്‌വ് അങ്ങേക്കറിവുള്ളതാണല്ലോ. അവര്‍ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരുക. എന്തെന്നാല്‍, ഈജിപ്തില്‍ നിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ക്കറിവില്ല. ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു.
പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ കഠിന പാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും. മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണംകൊണ്ടു ദേവന്മാരെ നിര്‍മിച്ചു. അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തില്‍ നിന്ന് എന്റെ പേരു മായിച്ചു കളഞ്ഞാലും. അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍ നിന്നും ഞാന്‍ തുടച്ചുനീക്കുക. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതന്‍ നിന്റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 106:19-20,21-22,23

കര്‍ത്താവിനെ സ്തുതിക്കുവിന്‍ അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയെ ഉണ്ടാക്കി;
ആ വാര്‍പ്പുവിഗ്രഹത്തെ അവര്‍ ആരാധിച്ചു.
അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം
പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.

കര്‍ത്താവിനെ സ്തുതിക്കുവിന്‍ അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ
അവര്‍ വിസ്മരിച്ചു.

കര്‍ത്താവിനെ സ്തുതിക്കുവിന്‍ അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

അവരെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു;
അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി.
അവിടുത്തെ മുന്‍പില്‍ നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍
ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.

കര്‍ത്താവിനെ സ്തുതിക്കുവിന്‍ അവിടുന്നു നല്ലവനാണ്.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 13:31-35
കടുകുമണി മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.
മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം. ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോക സ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ഭക്തിയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
അബ്രാഹത്തിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും അങ്ങ് വാഗ്ദാനം ചെയ്ത
അതേ അനുഗ്രഹത്തില്‍ പങ്കുകാരാകാന്‍ അര്‍ഹരാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 24:5

അവര്‍ കര്‍ത്താവില്‍നിന്ന് അനുഗ്രഹവും
രക്ഷകനായ ദൈവത്തില്‍നിന്ന് കാരുണ്യവും സ്വീകരിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിസ്മയകരമായ രഹസ്യത്താല്‍
മാനവര്‍ അങ്ങില്‍ നിന്ന് നവജന്മം പ്രാപിക്കാന്‍വേണ്ടി
അങ്ങേ ഏകജാതന്‍ മാനവരാശിയില്‍നിന്ന്
ജാതനാകാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അപ്പത്താല്‍ അങ്ങു പരിപോഷിപ്പിച്ച അങ്ങേ മക്കളെ,
അങ്ങേ കാരുണ്യത്തില്‍,
ദത്തെടുപ്പിന്റെ ചൈതന്യത്താല്‍ വിശുദ്ധീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s