ഞാനും കുടുംബത്തിൽ പിറന്നവനാണ്

ജനസംഖ്യാ നിയന്ത്രണങ്ങളേക്കുറിച്ച് ചാനൽ മുറികളിലിരുന്നുകൊണ്ട് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന അവതാരകർക്ക് അറിയില്ലല്ലോ വലിയ കുടുംബത്തിന്റെ മഹത്വം. ഞാൻ കണ്ട വലിയ കുടുംബത്തിന്റെ നന്മയെക്കുറിച്ച് പറയാനാണ് ഈ കുറിപ്പ്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കരുണാപുരം (അട്ടേങ്ങാനം)എന്ന പള്ളിയുടെ വികാരിയായിരുന്ന കാലത്താണ് ഞാൻ ഈ കുടുംബത്തെ പരിചയപെടുന്നത്.

മുറ്റത്തെ പേര മരത്തിന്റെ ഏറ്റവും മുകളിലാണ് മൂത്തവൻ, രണ്ടാമനും ഇളയവരും പേര മരത്തിന്റെ പകുതി വരെ കേറിയപ്പോഴാണ് ആ വീടിന്റെ മുറ്റത്തേക്ക് ഞാൻ കാലെടുത്ത് വെച്ചത്. ഗറില്ല യുദ്ധത്തിലെ പടയാളിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ എന്റെ മുന്നിലേക്ക് ആദ്യം ചാടി വീണത് വീട്ടിലെ മൂത്തവനാണ്, തൊട്ട് പിറകെ ഇളയവരും.. എല്ലാവരും ഒരുമിച്ച് പറഞ്ഞു, “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”. സ്തുതി ചൊല്ലുമ്പോഴും ഏറ്റവും ചെറിയവൻ പേര മരത്തിന്റെ താഴത്തെ ശിഖരത്തിൽ വിടാതെ മുറുക്കെ പിടിച്ചിരിക്കുകയാണ്. കുട്ടികളിലെ മുതിർന്നവൻ ചെന്ന് അവനെയും താഴെയിറക്കി. നിലം തൊട്ട പാടെ ശരം വിട്ടപോലെ ഓടിവന്ന് അവനും കൊഞ്ചിക്കൊണ്ട് സ്തുതി തന്നു.

വീടിനുള്ളിൽ കേറാൻ വിടാതെ, വാ തോരാതെ വിശേഷം പറയുകയാണ് മറ്റൊരുത്തി…അവൾ പറഞ്ഞു നിർത്തിയിടത്തുനിന്ന് അടുത്തായാൾ ആരംഭിക്കുന്നു. അങ്ങനെ ഒരു തിരമാല പോലെ വിശേഷങ്ങളുടെ അവസാനിക്കാത്ത നിര നീളുകയാണ്. വീട്ടിലെ പൂവൻ കോഴി കൊത്താൻ വേണ്ടി, തന്നെ വീടിനു ചുറ്റും ഓടിച്ചതിന്റെ കഥയാണ് ഒരുത്തിക്ക് പറയാൻ ഉള്ളത്. ഇളയ കുഞ്ഞിനുവേണ്ടി കെട്ടിയുണ്ടാക്കിയ തൊട്ടിലിൽ ഇപ്പോഴും കിടക്കണം എന്ന് വാശി പിടിക്കുന്നയാളുടെ കാര്യം പറഞ്ഞപ്പോൾ കയ്യോടെ പിടിക്കപ്പെട്ടതിന്റെ ചമ്മലോടെ എന്റെ ലോഹയുടെ പിറകിൽ പതുങ്ങിയ മറ്റൊരുത്തൻ… ഒടുവിൽ അപ്പനും അമ്മയും തമ്മിൽ തലേന്ന് രാത്രി വഴക്കടിച്ച വിശേഷം വരെ പറഞ്ഞപ്പോഴും ഞാൻ ശ്രദ്ധിച്ചു, അവരുടെ സംസാരത്തെ വീട്ടിലാരും തടസ്സപ്പെടുത്തുന്നില്ല. എന്ന് മാത്രമല്ല, വിട്ട് പോയ ഭാഗം പൂരിപ്പിക്കുന്നയാളുടെ ചാരൂതയോടെ കേട്ടു നിന്നവർ പലരും പലതും കൂട്ടിച്ചേർക്കുന്നു. കൂടെ കളിക്കാനും ഇത്ര നൈസർഗികമായി സംസാരിക്കാനും ഇടപെടാനും വീട്ടിൽ തന്നെ സമപ്രായക്കാർ ഉള്ളപ്പോൾ അവർക്കെന്ത് ലോക്ക്ഡൗൺ! അവരുടെ ആഘോഷങ്ങൾക്ക് ഇരട്ട പൂട്ടിടാൻ ഏത് സർക്കാർ മാനദണ്ഡങ്ങൾക്കാണ് കഴിയുക. ചേട്ടൻ സാറ്റ് എണ്ണി തുടങ്ങുകയാണ്. ഒളിക്കാൻ ഇടം അന്വേഷിച്ച് കോഴിക്കൂട്ടിലും കട്ടിലിനടിയിലും മുതൽ പത്താമൻ ഒളിക്കാൻ തിരഞ്ഞെടുക്കുന്ന വീട്ടിലെ വാതിലിന്റെ പിന്നിലും വരെ ചെന്നെത്തുന്ന ഒത്തു കൂടലിന്റെ ആഘോഷമാണ് ആ വീടിന്റെ അന്തരീക്ഷം നിറയെ. അവിടെ ചെല്ലുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറിയ കുടുംബങ്ങളുള്ള മറ്റ് വീടുകൾക്ക് അന്യമാണ് എന്ന് തോന്നിയിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ ഒറ്റക്കായി പോയ കുഞ്ഞുങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കുന്നതായി കേട്ടിട്ടില്ല. ആളുകളെ കാണുമ്പോൾ ഉത്സാഹത്തോടെ ഇടപെടുന്ന… നന്നായി സംസാരിക്കുന്ന എത്ര കുട്ടികൾ ഈ കാലത്ത് ഉണ്ടെന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഒന്നും ഒറ്റയുമായി തീരുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ഏകാന്തത ഒരു തരം അനാഥത്വത്തിലേക്ക് അവരെ തള്ളി വിടുന്നുണ്ട്. ഈ അനാഥത്വത്തിന്റെ തോത് അളക്കാൻ നാട്ടിലെ മനഃശാസ്ത്രജ്ഞന്മാർക്കോ, തെറാപ്പിസ് റ്റുകൾക്കോ പോലും കഴിയുന്നുണ്ടാവില്ല.

ഞാൻ കണ്ട വലിയ കുടുംബങ്ങൾ പങ്കു വയ്ക്കലിന്റെയും സൗഹൃദങ്ങളുടെയും തിരുത്തലുകളുടെയും വലിയ പഠന കളരിയായിരുന്നു, ആ സ്കൂളുകൾക്ക് ലോക്ക്ഡൗൺ കാലത്തും അവധിയില്ല. അവിടുത്തെ അധ്യാപകർ ഗൂഗിൾ ക്ലാസ്സ് റൂമിലെ പോലെ, കുട്ടികളുടെ ഓഡിയോ മ്യൂട്ട് ചെയ്ത് റേഡിയോ പോലെ പാഠങ്ങൾ ചൊല്ലികൊടുക്കുന്നവരല്ല. മൂത്തവർ ഇളയവർക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് പുസ്തക താളുകളിലെ അച്ചടിച്ച വാക്കുകളെക്കാൾ അവരെ ആഴത്തിൽ സ്പർശിക്കുന്നതും സമൂഹത്തിൽ അനിവാര്യമായ പങ്ക് വയ്ക്കലിന്റെയും പാഠങ്ങളാണ്. അതുകൊണ്ട് പാലാ രൂപത മാത്രമല്ല എല്ലാ രൂപതകളും വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി ഒരു സർക്കുലർ ഇറക്കേണ്ട കാലം കഴിഞ്ഞു എന്ന് തോന്നുന്നു.

വാൽകഷ്ണം : കുടുംബങ്ങളിൽ അന്യം നിന്ന് പോകുന്ന നന്മകളെക്കുറിച്ചാണ് ഞാൻ എഴുതിയത്. ഇത് വായിച്ചിട്ട് കുന്തിരിക്കം പുകയ്ക്കുന്ന പാതിരിക്കെന്താണ് നാട്ടുകാരുടെ കുടുംബ കാര്യത്തിൽ കാര്യം എന്ന് ചോദിച്ചാൽ ഒരു മറുപടിയെ എനിക്കവരോട് പറയാൻ ഉള്ളൂ. “ഞാനും കുടുംബത്തിൽ പിറന്നവനാണ് “.
✍️✍️✍️ ഫാ. ജോബിൻ വലിയപറമ്പിൽ
(ചെമ്മരപള്ളിൽ ഷിജു – ഷിബു എന്നിവരുടെ കുടുംബത്തേക്കുറിച്ചാണ് ഈ പോസ്റ്റ്‌. ഇരുവരും ഇരട്ട സഹോദരങ്ങളാണ്. ഇവരുടെ ഭാര്യമാരും ഇരട്ടകൾ. രണ്ടു ദമ്പതികൾക്കുമായി 10 മക്കൾ.)
Shibu Nile Nile

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s