ദിവ്യബലി വായനകൾ Tuesday of week 18 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 3/8/2021

Tuesday of week 18 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍
അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സംഖ്യ 12:1-13
എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?

അക്കാലത്ത്, മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു. കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു. കര്‍ത്താവ് അതു കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ചു സൗമ്യനായിരുന്നു. കര്‍ത്താവ് ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍. അവര്‍ വെളിയില്‍ വന്നു. കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമ കൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു. അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്‌നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും. എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചിരിക്കുന്നു. അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?
കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടുപോയി. കൂടാരത്തിന്റെ മുകളില്‍ നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോന്‍ തിരിഞ്ഞു നോക്കിയപ്പേള്‍ അവള്‍ കുഷ്ഠരോഗിണിയായി തീര്‍ന്നതു കണ്ടു. അഹറോന്‍ മോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ! ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരുമ്പോള്‍ത്തന്നെ ശരീരം പകുതി അഴുകിയിരിക്കുന്ന മരിച്ച ശിശുവിനെപ്പോലെ അവള്‍ ആകരുതേ! മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 51:1-5,10-11

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ, എന്തെന്നാല്‍ ഞങ്ങള്‍ പാപം ചെയ്തു.

ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത്
എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ, എന്തെന്നാല്‍ ഞങ്ങള്‍ പാപം ചെയ്തു.

എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപം ചെയ്തു;
അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവത്തിച്ചു;

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ, എന്തെന്നാല്‍ ഞങ്ങള്‍ പാപം ചെയ്തു.

അതുകൊണ്ട് അങ്ങേ വിധിനിര്‍ണയത്തില്‍
അങ്ങു നീതിയുക്തനാണ്;
അങ്ങേ വിധിവാചകം കുറ്റമറ്റതാണ്.
പാപത്തോടെയാണു ഞാന്‍ പിറന്നത്;
അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ
ഞാന്‍ പാപിയാണ്.

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ, എന്തെന്നാല്‍ ഞങ്ങള്‍ പാപം ചെയ്തു.

ദൈവമേ, നിര്‍മലമായ ഹൃദയം
എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം
എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന്
എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ
എന്നില്‍ നിന്ന് എടുത്തുകളയരുതേ!

ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ, എന്തെന്നാല്‍ ഞങ്ങള്‍ പാപം ചെയ്തു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 14:22-36
ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക.

ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി. അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ജ്ഞാനം 16:20

കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.

Or:
യോഹ 6:35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്ര ചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment