ദിവ്യബലി വായനകൾ Saint John Mary Vianney

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 4/8/2021

Saint John Mary Vianney, Priest 
on Wednesday of week 18 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
വൈദികനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയെ
അജപാലനവൃത്തിയില്‍ അങ്ങ് നിസ്തുലനാക്കിയല്ലോ.
ഈ വിശുദ്ധന്റെ മാതൃകയും മാധ്യസ്ഥ്യവും വഴി,
സ്‌നേഹത്തില്‍ ക്രിസ്തുവിനുവേണ്ടി സഹോദരരെ നേടാനും
അവരോടൊപ്പം നിത്യസൗഭാഗ്യം പ്രാപിക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സംഖ്യ 13:1-2,25-14:1,26-29,34-35
ആഗ്രഹിച്ചിരുന്ന നാട് അവര്‍ക്കു നിരസിക്കപ്പെട്ടു.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഇസ്രായേലിനു നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെ അയയ്ക്കുക. നാല്‍പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങി. അവര്‍ പാരാന്‍ മരുഭൂമിയിലുള്ള കാദെഷില്‍ വന്ന് മോശയെയും അഹറോനെയും ഇസ്രായേല്‍ജനം മുഴുവനെയും വിവരം അറിയിച്ചു. ആ ദേശത്തെ പഴങ്ങള്‍ കാണിക്കുകയും ചെയ്തു. അവര്‍ അവനോടു പറഞ്ഞു: നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ് അത്. ഇതാ അവിടത്തെ പഴങ്ങള്‍. എന്നാല്‍, അവിടത്തെ ജനങ്ങള്‍ മല്ലന്മാരാണ്. പട്ടണങ്ങള്‍ വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമാണ്. മാത്രമല്ല, അനാക്കിന്റെ വര്‍ഗക്കാരെയും ഞങ്ങള്‍ അവിടെ കണ്ടു. അമലേക്യര്‍ നെഗബിലും, ഹിത്യരും ജബൂസ്യരും അമോര്യരും പര്‍വതങ്ങളിലും, കാനാന്യര്‍ കടലോരത്തും ജോര്‍ദാന്‍ തീരത്തും വസിക്കുന്നു.
മോശയുടെ ചുറ്റും കൂടിയ ജനത്തെ നിശ്ശബ്ദരാക്കിയിട്ടു കാലെബ് പറഞ്ഞു: നമുക്ക് ഉടനെ പോയി ആ ദേശം കൈവശപ്പെടുത്താം. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. എന്നാല്‍, അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിവില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണ് എന്ന് അവനോടുകൂടെ പോയിരുന്നവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെ തങ്ങള്‍ കണ്ട സ്ഥലത്തെക്കുറിച്ചു ജനത്തിനു തെറ്റായ ധാരണ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യരോ അതികായന്മാര്‍! നെഫിലിമില്‍ നിന്നു വന്ന അനാക്കിന്റെ മല്ലന്മാരായ മക്കളെ അവിടെ ഞങ്ങള്‍ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ച് അങ്ങനെതന്നെ തോന്നിയിരിക്കണം. രാത്രി മുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.
കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു: വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും. എനിക്കെതിരേ ഇസ്രായേല്‍ ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയു: ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു. ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും. നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും. നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. നാല്‍പതുദിവസം നിങ്ങള്‍ ആ ദേശം രഹസ്യനിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷം വീതം നാല്‍പതു വര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങള്‍ അറിയും. കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ദുഷ്ടന്മാരുടെ ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാന്‍ ഇതു ചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍ വരെ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 106:6-7ab,13-14,21-22,23

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
or
അല്ലേലൂയ!

ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു;
ഞങ്ങള്‍ അനീതി പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ദുഷ്ടതയോടെ പെരുമാറി.
ഞങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തിലായിരുന്നപ്പോള്‍,
അങ്ങേ അദ്ഭുതങ്ങളെ ഗൗനിച്ചില്ല;
അങ്ങേ കാരുണ്യാതിരേകത്തെ അവര്‍ അനുസ്മരിച്ചില്ല.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
or
അല്ലേലൂയ!

അവര്‍ അവിടുത്തേക്കു സ്തുതിപാടി.
എങ്കിലും, അവര്‍ അവിടുത്തെ പ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു;
അവിടുത്തെ ഉപദേശം തേടിയില്ല.
മരുഭൂമിയില്‍വച്ച് ആസക്തി അവരെ കീഴടക്കി;
വിജനപ്രദേശത്തുവച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
or
അല്ലേലൂയ!

ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത
തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു.
ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും
ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ
അവര്‍ വിസ്മരിച്ചു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
or
അല്ലേലൂയ!

അവരെ നശിപ്പിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു;
അവിടുന്ന് തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി.
അവിടുത്തെ മുന്‍പില്‍ നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍
ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.

കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 15:21-28
സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്.

അക്കാലത്ത്, യേശു ഗനേസറത്തുനിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.


Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment