Daily Readings

ദിവ്യബലി വായനകൾ Saint Teresa Benedicta of the Cross (Edith Stein)

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 9/8/2021

Monday of week 19 in Ordinary Time 
or Saint Teresa Benedicta of the Cross (Edith Stein), Virgin, Martyr 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 10:12-22
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കുവിന്‍. പരദേശിയെ സ്‌നേഹിക്കുവിന്‍; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ.

അക്കാലത്ത്, മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്, നിങ്ങള്‍ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ സേവിക്കുകയും, നിങ്ങളുടെ നന്മയ്ക്കായി ഞാനിന്നു നല്‍കുന്ന കര്‍ത്താവിന്റെ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്? ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്റെ ദൈവമായ കര്‍ത്താവിന്റെതാണ്. എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരില്‍ സംപ്രീതനായി അവരെ സ്‌നേഹിക്കുകയും അവര്‍ക്കുശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആകയാല്‍, ഹൃദയം തുറക്കുവിന്‍; ഇനിമേല്‍ ദുശ്ശാഠ്യക്കാരായിരിക്കരുത്. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്. അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നല്‍കി പരദേശിയെ സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍, പരദേശിയെ സ്‌നേഹിക്കുക; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം. നിങ്ങള്‍ അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെ നാമത്തില്‍ മാത്രം സത്യംചെയ്യുകയും വേണം. അവിടുന്നാണു നിങ്ങളുടെ അഭിമാനം. നിങ്ങളുടെ കണ്ണുകള്‍ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്ത നിങ്ങളുടെ ദൈവമാണ് അവിടുന്ന്. നിങ്ങളുടെ പിതാക്കന്മാര്‍ എഴുപതുപേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ കണക്കെ അസംഖ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 17:22-27
അവര്‍ അവനെ വധിക്കും; അവന്‍ ഉയിര്‍പ്പിക്കപ്പെടും…. നികുതിയില്‍ നിന്ന് പുത്രന്മാര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

അക്കാലത്ത്, ശിഷ്യന്മാര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.
അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? അന്യരില്‍ നിന്ന് – പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ സ്വതന്ത്രരാണല്ലോ; എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14

ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.


Or:
cf. യോഹ 6:51

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s