Article

ഒരു “സിനിമാക്കാരനും”യും “ഈശോ”യും, പിന്നെ കുറെ സത്യങ്ങളും!

ഒരു “സിനിമാക്കാരനും”യും “ഈശോ”യും, പിന്നെ കുറെ സത്യങ്ങളും!

കൂട്ടക്കൊല ചെയ്ത ഈശോയെ ശിക്ഷിക്കുന്ന കാര്യം പറഞ്ഞാണ് സേതുരാമയ്യർ cbi എന്ന സിനിമ തുടങ്ങുന്നത്. എന്നാൽ അതൊരു അവഹേളനമായി അന്നോ ഇന്നോ ആർക്കും തോന്നിയില്ല. ഒരു പേര് എന്നതിൽക്കവിഞ്ഞുള്ള പ്രസക്തിയൊന്നും അവിടെ ആരും കാണുന്നും ഇല്ല. പല ഇന്ത്യൻ സിനിമകളിലും വില്ലൻ കഥാപാത്രത്തിന് ക്രിസ്ത്യാനികളുടെ പേരുകൾ കാണുന്നുണ്ട്. അതുപോലെ എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ദശകങ്ങളിൽ. അതൊക്കെ മനപൂർവമാണോ എന്നും അറിയില്ല. ഇത്തരം കഥാപാത്രങ്ങൾക്ക് മറ്റു ചിലരുടെ പേരുകൾ കൊടുത്ത് തുടങ്ങിയാൽ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉണ്ടോന്നറിയാൻ അത് കൊടുത്ത് തുടങ്ങിയാൽ മാത്രമേ അറിയാനാകൂ.

ആയിരത്തിതൊള്ളായിരത്തി എൺപതുകളുടെ മദ്ധ്യേ 6 -റാം തിരിമുറിവെന്നൊരു നാടകം പി ജെ ആന്റണി വക ത്രിശൂരിൽ അരങ്ങേറി. ഒരു സ്നേഹിതൻ വഴി അന്നു ബാംഗ്ലൂരിൽ പഠിച്ചിരുന്ന എനിക്ക് അതിന്റെ ഒരു കയ്യെഴുത്തുപ്രതി തുടക്കത്തിൽത്തന്നെ കിട്ടി. വിവാദം ചൂട് പിടിച്ചിരുന്ന സമയത്തുതന്നെ അത് വായിക്കാൻ സാധിച്ചതിൽ അന്ന് അഭിമാനം തോന്നി. ആ നാടകം പുസ്തകരൂപത്തിൽ എന്നെങ്കിലും അച്ചടിക്കപ്പെട്ടിട്ടുള്ളതായി എനിക്കറിവില്ല. ആ കയ്യെഴുത്തുപ്രതി വായിച്ചതിനോടൊപ്പം നാടകത്തിന്റെ പ്രചോദനം എന്ന് പറയുന്ന “അന്ത്യപ്രലോഭനം” എന്ന ഇഗ്ളീഷു ഭാഷയിലുള്ള നിക്കോളാസ് ഖസാൻ ദി സാക്കിസിന്റെ (1883 -1957) നോവലും ലൈബ്രറിയിൽ നിന്നും തപ്പിപ്പിടിച്ചെടുത്തു വായിച്ചു. പി ജെ ആന്റണിയുടെ നാടകം കൊണ്ട് ആകെയുണ്ടായ ഗുണം നോബൽ സമ്മാനത്തിന് ഒമ്പതു പ്രാവശ്യം ശുപാർശ ചെയ്യപ്പെട്ട ഖസാൻ ദി സാക്കിസ് എന്ന ഗ്രീക്ക് സാഹിത്യകാരനെ മലയാളികൾ അറിഞ്ഞു എന്നത് മാത്രം. ഡാൻ ബ്രൗണിനെയും ഖസാൻ ദി സാക്കീസിനെയും ആനയോട് ഉപമിക്കാമെങ്കിൽ ഇത്തരം പല അനുകരണക്കാരെ കുഴിയാനയോടു ഉപമിക്കാം. ഖസാൻ ദി സാക്കീസിന്റെ അന്ത്യപ്രലോഭനം എന്ന നോവലും പി ജെ ആന്റണിയുടെ നാടകവും തമ്മിലുള്ള ബന്ധം നൂൽബന്ധം മാത്രം! അതായത് രണ്ടിലും ഇശോയുണ്ട്. പി ജെ ആന്റണിയുടെ നാടകത്തിൽ കലാമൂല്യവും ഒന്നും കാണാൻ അന്നെനിക്ക് കഴിഞില്ല. ആന ആടിനെതിരെ പട നയിക്കുന്നതുപോലെയാണ് അന്നത്തെ പ്രതിഷേധം എനിക്കന്നു തോന്നിയത്. ഉടനെതന്നെ അന്ന് “തിരുമുറിവിന്റെ ദർശനം” എന്നൊരു ലേഖനം ഞാനെഴുതി. നാടകത്തിന്റെ കയ്യെഴുത്തുപ്രതി വായിക്കാൻ പറ്റിയതുകൊണ്ടും എഴുതാനുള്ള ഇഷ്ടം കൊണ്ടും മാത്രം. ‘ദീപനാളം’ എന്ന ആഴ്ചപ്പതിപ്പ് അത് അന്ന് ഒന്നാംപേജിൽത്തന്നെ പ്രസിദ്ധീകരിച്ചു. എന്തായാലും ആ നാടകവും അന്നത്തെ പ്രതിഷേധവും പെട്ടെന്ന് മാഞ്ഞു മറിഞ്ഞു. രണ്ടും ആസ്ഥാനത്തായിരുന്നു എന്ന് എല്ലാവർക്കും പെട്ടെന്ന് മനസ്സിലായി. പിന്നെ അന്ന് മനുഷ്യർക്കു ഇന്നത്തെ വാർത്താവിനിമയ സൗകര്യവും ചർച്ചാസ്വാതന്ത്ര്യവും ഇല്ലാതിരുന്നതുകൊണ്ടു മനുഷ്യർ കാര്യങ്ങൾ (സത്യം) പെട്ടെന്നു മനസിലാക്കി യാഥാർഥ്യബോധത്തിലേക്കു വന്നു എന്ന് പറയുന്നതാകും ശരി.

ഇന്നിവിടെ ശ്രീ നാർദിഷാ എന്ന “സിനിമാക്കാരൻ” ഇശോയെക്കുറിച്ചു എന്ത് പ്രതിഭ ആയിരിക്കും പ്രകടിപ്പിക്കാൻ പോകുന്നതെന്നറിയില്ല. പലർക്കും അത് അതറിയണമെന്നും ഇല്ല. എന്തായാലും വിവാദം പൊട്ടിപ്പുറപ്പെട്ടു. അതുതന്നെ ആയിരിക്കും ഒരു പക്ഷെ ശ്രീ നാർദിഷാ ആഗ്രഹിച്ചതും. ഞാനാണെങ്കിൽ, “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും” എന്ന് ക്രിസ്തു തന്നെ പഠിപ്പിച്ച മനോഭാവം എല്ലാവരും എടിത്തിരുന്നെങ്കിൽ എന്ന് മാത്രം ആഗ്രഹിക്കുന്നു.

കത്തോലിക്കാസഭയും ആവിഷ്കാരസ്വാതന്ത്ര്യവും

കത്തോലിക്കാ സഭ ആവിഷ്കാരസ്വാതന്ത്ര്യത്തെ അംഗീകരിച്ചു ആദരിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെ ഏതെങ്കിലും ഒരു പ്രമാണ രേഖയിലെ ഏതെങ്കിലും ഒറ്റപ്പെട്ട ഒരു വാചകം എടുത്തു സഭാപഠനങ്ങളുടെ ആകെത്തുക പറയാനാകില്ല. “കലയുടെ ഉപാസകർ അവരുടെ ഉദ്യമങ്ങളിൽ സഭയാൽ അംഗീകൃതമാണെന്ന് മനസിലാക്കുന്നതിനും നൈയാമിക സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടും” എന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഗൗഡിയും ഏതു സ്‌പേസ് (Gaudium et Spes ) എന്ന പ്രമാണരേഖയിൽ പ്രതിപാദിക്കുമ്പോൾ വിശ്വാസികളുടെ വികാരങ്ങൾ വൃണപ്പെടുത്തുന്ന കലാകാരനെ സഭ നീതികരിക്കുന്നു എന്നർത്ഥമില്ല. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാനുള്ള ബാധ്യത കലാകാരനുണ്ട്. വിശ്വാസിയുടെ വിശ്വാസത്തിന്റെ രീതിയും മാനവും അനുസരിച്ചു വികാരത്തിന്റെ കുറവും കൂടുതലും ഭാവവും രൂപവും മാറുമെന്ന് മാത്രം. യൂറോപ്പിൽ വൃണപ്പെടുത്താത്തതു ഏഷ്യയിൽ വ്രണപ്പെടുത്തിയെന്നു വരും. “മാനവകലകളും സംസ്‌കാരങ്ങളും അതാതിന്റെ പരിധിയിലും തത്വങ്ങളിലും സ്വകീയമായ രീതിയിലും ഉപയോഗിക്കുന്നത് സഭ വിലക്കുന്നില്ല” എന്നതിനർത്ഥം കലകൾക്ക് വിശ്വാസത്തെയും അനുഷ്ടാനങ്ങളെയും കൊഞ്ഞനം കാട്ടാമെന്നല്ല. Gaudium et Spes മാത്രമല്ല Evangeli Nuntiandi, Redemtoris missio, Pontifical Council for Culture – പുറപ്പെടുവിച്ചിട്ടുള്ള രേഖകൾ തുടങ്ങിയവയും പരിശോധിക്കണം, സഭയുടെ സംസ്ക്കാരങ്ങളോടും കലകളോടുമുള്ള സമീപനം അറിയാൻ. “സംസ്കാരത്തോടുള്ള അജപാലനപരമായ സമീപനം” എന്ന രേഖയിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ “ക്രിസ്തു സംസ്കാരത്തിന്റെ നിറവെന്നും” പറയുന്നുണ്ട്.

സാംസ്കാരികാവിഷ്‌കാരണങ്ങളെ “ദൈവികവെളിപാടി”നോടാണ് മാർപ്പാപ്പ സദൃശപ്പെടുത്തുന്നത്. “ആരാധനാക്രമാവിഷ്കാരത്തെയും വിശ്വാസ-ആവിഷ്കാരത്തെയും സാംസ്കാരികാവിഷ്കാരമായി” സഭ വ്യാഖ്യാനിക്കുന്നുണ്ട്. അതുകൊണ്ടു കലയും സാഹിത്യവും മതവിശ്വാസങ്ങളെ വൃണപ്പെടുത്തിയാൽ “കല”ക്കു “ധർമ്മച്യുതി ” സംഭവിച്ചു എന്നർത്ഥം. അപ്പൊ, അതിനെ കലയും സാഹിത്യവുമായി ആസ്വദിക്കാൻ സാധിക്കില്ല. എന്നാൽ ആസ്വാദനം കൂടുതലും നർമ്മത്തിൽ പൊതിഞ്ഞാണെന്നും നമ്മൾ മനസിലാക്കണം. അതുപോലെ തന്നെ മതവികാരങ്ങൾ “തൊട്ടാൽ പൊള്ളുന്ന ആഗ്നിഗോളമായാൽ” മതങ്ങൾക്കു “മതമൂല്യങ്ങൾ” നഷ്ടപ്പെട്ടു എന്നും അർത്ഥം.

വിശ്വവിഖ്യാതങ്ങളായ സാഹിത്യ കൃതികളിൽ ഭൂരിപക്ഷവും മതദർശനങ്ങളുടെയും വിശ്വാസസങ്കല്പങ്ങളുടെയും ആവിഷ്‌ക്കാരമായിരുന്നു എന്നതും മറന്നുകൂടാ. “വിശ്വാസത്തിന്റെയും യുക്തിയുടെയും മതത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും” തലങ്ങൾ രണ്ടല്ല. ഒന്ന് തന്നെയാണ്. ഉപരിപ്ലവമായ അപഗ്രഥനം അല്ലിത്. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് ആവിഷ്ക്കാരരീതികളും. അവയും രണ്ടല്ല. ഇവകൾ തമ്മിലുള്ള ഈ സാഹോദര്യവും സൗഹൃദവും സഹിഷ്ണതയും സമാധാനപൂർണമായ സമൂഹ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ന് ലഭ്യമായ ഗവേഷണ സാധ്യതകൾ കൊണ്ട് കലയുടെയും സാഹിത്യത്തിന്റെയും മതവിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവവും വളർച്ചയും പരസ്പരബന്ധവും പഠിക്കാവുന്നതേയുള്ളു. അറിവാണ് സ്വാതന്ത്ര്യം, അറിവാണ് സഹിഷ്ണത എന്നൊക്കെ ഉച്ചത്തിൽ വിളിച്ചുപറയേണ്ടുന്ന കാലം എന്നെ അതിക്രമിച്ചു.

സംസ്ക്കാരവും വിശ്വാസവും

മനുഷ്യൻ വരക്കാനും എഴുതാനും സംസാരിക്കാനും വായിക്കാനും പഠിക്കുന്നതിനു മുൻപേ ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയിരുന്നു. ദൈവവിശ്വാസത്തിന്റെയും ദൈവാനുഭവത്തിന്റെയും ആവിഷ്കാരമായിരുന്നു പലപ്പോഴും വരയും എഴുത്തും നാടകവും ഡാൻസും. ദൈവവിശ്വാസം മതവിശ്വാസമായും മതദർശനമായും വിവിധ ദേശങ്ങളിൽ രൂപപ്പെടുകയും വളരുകയും ചെയ്തതോടെയാണ് വരയും കുറിപ്പും രൂപഭാവങ്ങൾ സ്വീകരിച്ചതും കല- സാഹിത്യ-ആവിഷ്കാരങ്ങൾ ആവിർഭവിച്ചതും ആവിഷ്ക്കാരസ്വാതന്ത്ര്യം എന്ന ആശയം തന്നെ ഉടലെടുത്തതും. ഈ ആവിഷ്‌ക്കാരശേഷിയും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും മത-ദൈവവിശ്വാസങ്ങളെ അവഹേളിക്കാനുപയോഗിച്ചാൽ കലയുടെ വികലമായ രൂപം എന്ന് അതിനെ വിളിക്കേണ്ടി വരും. ഹാസ്യം, (satire ) കോമഡി, പാരഡി, നർമ്മം തുടങ്ങിയവയെ എന്നാൽ സഹിഷ്ണതയോടെ കാണണം. അവ പലപ്പോഴും തമാശ രൂപേണ ചില സത്യങ്ങൾ വിളിച്ചുപറയുന്നുണ്ട്. “ദീപസ്തഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം” എന്ന് കുഞ്ചൻ നമ്പ്യാർ പണ്ട് പാടിയ പോലെ.

അതു മാത്രമല്ല, മനുഷ്യ പുരോഗതിയുടെയും വളർച്ചയുടെയും എല്ലാ മണ്ഡലങ്ങളും മതാൽമകതയോടും സാംസ്കാരികതയോടും കടപ്പെട്ടിരിക്കുന്നു. ലത്തീൻ ഭാഷയിലെ “religio”, “cultura” എന്നീ പാദങ്ങളും സങ്കൽപ്പങ്ങളും ഒരു കാലത്തു ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആയിരുന്നു. പിന്നീടതു ഗ്രീക്ക് ഭാഷയിലെ “techne ” ആയി. “theoros ” (തിയറി) -എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് “theos ” (God -ദൈവം) എന്ന പദം ഉത്ഭവിക്കുന്നത്. സംസ്കൃതത്തിലെ “സംസ്ക്കാര” എന്ന പദവും ഇതിനോട് ചേർന്നുപോകും. ഗ്രീക് ഭാഷയിലെ “techne ” -യോട് എറ്റം സാദൃശ്യമുള്ള പദവും സങ്കൽപ്പവും സംസ്കൃതത്തിൽ “കല” യാണ്. ഗ്രീക്കിലെ “techne “യും റോമിലെ “cultura ” -യും ഇന്ത്യയിലെ (സംസ്കൃതത്തിലെ) “kala “-യും ഉത്ഭവത്തിലും സ്വഭാവത്തിലും ഒന്നുതന്നെ. ഇവയുടെയൊക്കെ അടിസ്ഥാനം ദൈവവിശ്വാസവും. മതദർശനത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഭവവും വളർച്ഛയും ഒരുമിച്ചാണ് . ഗ്രീസിലെ ഹെറോഡോട്ടസും (c .484 ) റോമിലെ സീസറും (c.63 ), പിന്നീട് ലാക്ടാൻസും (c.260 ), സിപ്രിയാനും (c.200 ) മാർകോ പോളോയും (c.1254) ഇ.ബി. ടൈലർ (E .B.Tailor), തുടങ്ങിയവരും ഈ ബന്ധം ഊന്നിപ്പറയുന്നുണ്ട്. പുരാതന സംസ്കാരത്തെയെക്കുറിച്ചു പഠിച്ചവരൊക്കെ (e .g .; Emil Durkheim ) സംസ്ക്കാരം മതവിശ്വാസത്തിൽ നിന്നും ഉത്ഭവിച്ചുവെന്നും മതവിശ്വാസം സംസ്കാരത്തിന്റെ വളർച്ചയോടു കടപ്പെട്ടിരിക്കുന്നുവെന്നും പ്രതിപാദിക്കുന്നു.

ഭാരതത്തിന്റെ വൈദികസംസ്കാരത്തിലും (വേദ-ഹൈന്ദവ ) ഗ്രീസിലെ യവന സംസ്കാരത്തിലും സംസ്കാരവും കലയും സാഹിത്യവും വിശ്വാസത്തിന്റെയും ആരാധനയുടെയും അനുഷ്ഠാനത്തിന്റെയും ആവിഷ്കാരമായിരുന്നു. ആംഗ്ലേയസംസ്കാരത്തിന്റെ വളർച്ചയും പ്രചാരവും യവന- റോമൻ വിശ്വാസ-സംസ്കാരത്തിന്റെ സ്വാധീനത്തിൽ വളർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും ആവിഷ്കാരമായാണ്.

ക്രിയാത്‌മകവും ഭാവനാസമ്പുഷ്ഠവുമായ മതാൽമകത

മനുഷ്യന്റെ ക്രിയാത്‌മകതയും ഭാവനയും കലക്ക് മാത്രമല്ല മതാൽമകതക്കും മാതാവിഷ്കാരത്തിനും പ്രേരകവും അടിസ്ഥാനവുമാണ്. മതാൽമകതയുടെ ചില തലങ്ങൾ തകരുമ്പോൾ മതങ്ങൾ തകരുകയാണ്. ക്രൈസ്തവസംസ്ക്കാരവും ഇസ്‌ലാമിക സംസ്കാരവും അമേരിക്കയിലെ മായ സംസ്കാരവും ഭാരതത്തിലെ ആദിവാസിസംസ്കാരവും ദളിതസംസ്ക്കാരവും ദ്രാവിഡ സംസ്കാരവും ആര്യസംസ്കാരവും ഒക്കെയാണ് മതദർശനത്തിനും ദൈവവിശ്വാസത്തിനും പ്രോത്സാഹനമായത്. സംസ്ക്കാരത്തെയും കല-സാഹിത്യാവിഷക്കങ്ങളെയും മതദർശനങ്ങളിൽനിന്നും മോചിപ്പിക്കാനുള്ള മദ്ധ്യശതകത്തിലെ യൂറോപ്യൻ പരിശ്രമങ്ങൾ പരാജയപ്പെട്ടു എന്നും മതത്തിനും വിശ്വാസത്തിനും കലക്കും- സംസ്ക്കാരങ്ങൾക്കും അത്തരം ശ്രമങ്ങൾ ശവക്കുഴി തോണ്ടുന്നപോലെ ഘാനികരമാണെന്നും അറിയണം.

മതതീവ്രവാദത്തിനെതിരെ സ്വരമുയർത്താൻ വിളിക്കപ്പെട്ടവർ കൂടിയാണ് കലാ-സാഹിത്യകാരന്മാർ. അവർ ഒരിക്കലും മതവിശ്വാസത്തെ പുശ്ച്ചിച്ചും കൊഞ്ഞനം കാട്ടിയും സാംസ്ക്കാരിക തീവ്രവാദത്തിനു ഒരുങ്ങരുത്. ഏതെങ്കിലും ഒരു ആശയത്തിന്റെയോ ആദർശത്തിന്റെയോ പേരിൽ അവ ദുർവിനോയോഗിക്കുന്നതും മനുഷ്യരെ വേദനിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും കൊല്ലുന്നതുമാണ് തീവ്രവാദം. അഹിംസയുടെ നാട്ടിൽ മതതീവ്രവാദം, ദേശീയ തീവ്രവാദം, സാംസ്കാരിക തീവ്രവാദം തുടങ്ങിയ യാതൊരുവിധ തീവ്രവാദവും അംഗീകരിക്കാനാകില്ല. എല്ലാതരം തീവ്രവാദവും അഹിംസയുടെ മാർഗത്തിലൂടെ തീർച്ചയായും നേരിട്ട് തോൽപിക്കണം.

“ചാർലി ഹെബ്ദോ”യിലെ ഒരു ചിത്രത്തിൻറെ പേരിൽ (2011 -2015 ) പാരീസിൽ നടന്ന കൂട്ടക്കൊലയും ഒരു കലാരൂപത്തിന്റെ വിശദീകരണത്തിന്റെ പേരിൽ അധ്യാപകൻ ഫ്രാൻസിൽ കൊല ചെയ്യപ്പെട്ടതും ഒരു ചോദ്യപേപ്പറിന്റെ പേരിൽ കേരളത്തിൽ മറ്റൊരു അദ്യാപകന്റെ കൈ വെട്ടപ്പെട്ടതും പോലുള്ള ഒട്ടനവധി ഉദാഹരണങ്ങൾ ഏവർക്കും പരിചിതമാണ്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ കുരിശിൽ തറക്കപ്പെട്ട കഴുതയുടെ ചിത്രം രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെട്ടതു കലയുടെ പേരിൽ ആയിരുന്നില്ല. അവഹേളിക്കാൻ തന്നെ ആയിരുന്നു. അന്ന് വളരെ കൂളായി പ്രതികരിച്ച ക്രിസ്തുവിന്റെ അനുയായികൾക്ക് വൈകാതെതന്നെ ആ രാജ്യത്തിന്റെ രാജാവിനെയും ജനങ്ങളെയും ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റാൻ കഴിഞ്ഞു. പശുവിന്റെ മാംസം കഴിച്ചതിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന സംസ്ക്കാരത്തിന് അത് മനസിലാകില്ല. അത് ദൈവമില്ലാത്ത, ദൈവനിഷേധത്തിന്റെ തീവ്രവാദമാണ്. “കൈവെട്ടു സംസ്‌കാരത്തിനും” “അമ്പത്തൊന്നു വെട്ടിന്റെ സംസ്‌കാരത്തിനും” അത് ദഹിക്കില്ല. “മാനിഷാദ” ഉരുവിടുന്നവർക്കു ഗാന്ധിജിയുടെ അഹിംസാമാർഗം ഓര്മ വരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ മാതൃകയും.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ

കലാകാരന്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു മൂക്കുകയർ ഇടുന്നത് ഏതൊരു കലാകാരനും ഭീകരമായ അതിക്രമമായും അന്യായമായ അവകാശലംഘനനമായും ആണ് അവന്റെ സ്വന്തം ഹൃദയത്തിൽ അനുഭവിക്കുക! കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെയാണ് ആസ്വാദകന്റെ അഭിപ്രായസ്വാതന്ത്ര്യം. ആസ്വാദകന് ഇഷ്ടമല്ലാത്തതും സ്വീകാര്യമല്ലാത്തതും അവൻ തള്ളിപ്പറയും.
എന്നാൽ പാരടിയും അനുകരണവും കലാവിഷ്കാരത്തിന്റെ ഭാഗം തന്നെയാണ്. ആസ്വാദകൻ അത് ആസ്വദിക്കുകതന്നെ ചെയ്യും. ഭാവങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയുമുള്ള ആവിഷ്കാരത്തിന്റെ മനോഹാരിതയാണ് കലയെ കൊല ചെയ്യാതെ ഹൃദ്യമാക്കുന്നത്. എത്രയോ പൂജാരിമാരും വെളിച്ചപ്പാടുകളും കലയുടെ പേരിൽ കോമഡിയാക്കപ്പെട്ടിരിക്കുന്നു. അതിനെ പരിഹാസമായോ ഹാസ്യമായോ കരുതുന്നത് ആവിഷ്കരിക്കുന്നവന്റെയും ആവിഷ്‌കരിക്കപ്പെടുന്നവന്റെയും ആസ്വദിക്കുന്നവന്റെയും ഉദേശ്യലക്ഷ്യങ്ങളും മാനസികാവസ്ഥയും അനുസരിച്ചിരിക്കും. ആവിഷ്ക്കാരസ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസൻസല്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിർത്തിവരമ്പു ആവിഷ്കരിക്കപ്പെടുന്നവന്റെ മൂക്കിന് താഴെ വരെയാണ്. മുട്ടി മുറിവേൽക്കുന്നിടത്തു ഹാസ്യം അപഹാസമായി മാറും. ചിലരുടെ മൂക്ക് എന്നും നീണ്ടുകൊണ്ടേയിരിക്കുമെന്നതിനാൽ നീതി- ന്യായ-രാഷ്ട്രീയ-സാംസ്കാരിക ശക്ത്തികൾ ഇടപെടേണ്ടി വരും. കലാകാരന്മാരും സാഹിത്യകാരന്മാരും സാംസ്കാരിക നേതാക്കളും വഴിമാറുമ്പോൾ തിരുത്തൽ ശക്ത്തിയായി ആസ്വാദകരായ പൊതുജനം ഉണർന്നെന്നും ഇരിക്കും. അതും കർത്തവ്യനിർവഹണം. സാഹിത്യതീവ്രവാദം, കലയുടെ തീവ്രവാദം, മത തീവ്രവാദം, ഇടതു- വലതു രാക്ഷ്ട്രീയ തീവ്രവാദം, മുതൽ മുതലാളിത്ത-തീവ്രവാദവും തൊഴിലാളി-തീവ്രവാദവും വരെയുണ്ട് ഇന്ന് മാർക്കറ്റിൽ സമൃദ്ധമായി. ഏതെങ്കിലുമൊന്ന് ആവശ്യത്തിന് വാങ്ങി വച്ചില്ലെങ്കിൽ പട്ടിണിയാകുന്ന അവസ്ഥയായിപ്പോയി സാധാരണ മനുഷ്യന്. അതുകൊണ്ടു പലരും എന്തെങ്കിലും വാങ്ങി സൂക്ഷിക്കുന്നു. അല്ലാത്തവൻ അനാഥനാണ്. ദൈവം മാത്രം കൂട്ടായ അനാഥൻ. പക്ഷെ ദൈവം അവനോടികൂടി മാത്രമാണെന്നതാണൊരു ആശ്വാസം.

ജോസഫ് പാണ്ടിയപ്പള്ളിൽ
Facebook post on 7th August 2021!

Advertisements
Advertisements
Advertisements
Advertisements

Categories: Article

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s