Daily Readings

ദിവ്യബലി വായനകൾ Friday of week 19 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 13/8/2021

Friday of week 19 in Ordinary Time 
or Saints Pontian, Pope, and Hippolytus, Priest, Martyrs 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോഷ്വ 24:1-13
നിങ്ങളുടെ പിതാവിനെ മെസൊപ്പൊട്ടേമിയായില്‍ നിന്ന് ഈജിപ്തിലേക്ക് ഞാന്‍ നയിച്ചു. നിങ്ങള്‍ക്ക് ഈ ദേശം ഞാന്‍ നല്‍കി.

അക്കാലത്ത്, ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു. ജോഷ്വ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അബ്രാഹത്തിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ്‌വരെയുള്ള നിങ്ങളുടെ പിതാക്കന്മാര്‍ യൂഫ്രട്ടീസിനക്കരെ മറ്റുദേവന്മാരെ സേവിച്ചുപോന്നു. നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ മറുകരെ നിന്നു കൊണ്ടുവരുകയും കാനാന്‍ ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്തു. ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി. ഇസഹാക്കിന് യാക്കോബിനെയും ഏസാവിനെയും കൊടുത്തു. ഏസാവിന് സെയിര്‍ മലമ്പ്രദേശം അവകാശമായിക്കൊടുത്തു. എന്നാല്‍, യാക്കോബും അവന്റെ സന്തതികളും ഈജിപ്തിലേക്കു പോയി.
ഞാന്‍ മോശയെയും അഹറോനെയും അവിടേക്കയച്ചു; ഈജിപ്തിന്റെമേല്‍ മഹാമാരികളയച്ച് നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങളുടെ പിതാക്കന്മാര്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടു കടല്‍വരെ വന്നു. അപ്പോള്‍ ഈജിപ്തുകാര്‍ രഥങ്ങളോടും കുതിരപ്പടയോടും കൂടെ ചെങ്കടല്‍വരെ നിങ്ങളെ പിന്തുടര്‍ന്നു. നിങ്ങള്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചപ്പോള്‍, അവിടുന്ന് ഇസ്രായേല്യരുടെയും ഈജിപ്തുകാരുടെയും ഇടയില്‍ അന്ധകാരം വ്യാപിപ്പിച്ചു. കടല്‍ അവരുടെമേല്‍ ഒഴുകി, അവര്‍ മുങ്ങിമരിക്കാന്‍ ഇടയാക്കി. ഞാന്‍ ഈജിപ്തിനോടു ചെയ്തത് നിങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ മരുഭൂമിയില്‍ വസിച്ചു. അനന്തരം, ജോര്‍ദാനു മറുകരെ വസിച്ചിരുന്ന അമോര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്‌തെങ്കിലും അവരെ നിങ്ങളുടെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചു. നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും നിങ്ങളുടെ മുന്‍പില്‍വച്ച് ഞാന്‍ അവരെ നശിപ്പിക്കുകയും ചെയ്തു. അപ്പോള്‍ സിപ്പോറിന്റെ മകനും മൊവാബു രാജാവുമായ ബാലാക് ഇസ്രായേലിനോടു യുദ്ധം ചെയ്തു. നിങ്ങളെ ശപിക്കുന്നതിന് ബയോറിന്റെ മകന്‍ ബാലാമിനെ അവന്‍ ആളയച്ചു വരുത്തി. എന്നാല്‍, ഞാന്‍ ബാലാമിനെ ശ്രവിച്ചില്ല. അതിനാല്‍, അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. അങ്ങനെ ബാലാക്കിന്റെ കരങ്ങളില്‍ നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു. പിന്നീടു നിങ്ങള്‍ ജോര്‍ദാന്‍ കടന്നു ജറീക്കോയില്‍ എത്തി. അപ്പോള്‍ ജറീക്കോനിവാസികള്‍, അമോര്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തു. എന്നാല്‍, ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. ഞാന്‍ നിങ്ങള്‍ക്കു മുമ്പേ കടന്നലുകളെ അയച്ചു. അവ അമോര്യരുടെ രണ്ടു രാജാക്കന്മാരെ നിങ്ങളുടെ മുന്‍പില്‍ നിന്ന് ഓടിച്ചു. നിങ്ങളുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല അതു സാധിച്ചത്. നിങ്ങള്‍ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ വസിക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 136:1-3,16-18,21-22,24

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിനു നന്ദി പറയുവിന്‍; അവിടുന്നു നല്ലവനാണ്;
ദേവന്മാരുടെ ദൈവത്തിനു നന്ദി പറയുവിന്‍;
നാഥന്മാരുടെ നാഥനു നന്ദിപറയുവിന്‍;
എന്തെന്നാല്‍, അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.

തന്റെ ജനത്തെ അവിടുന്നു മരുഭൂമിയിലൂടെ നയിച്ചു;
മഹാരാജാക്കന്മാരെ അവിടുന്നു സംഹരിച്ചു;
കീര്‍ത്തിയുറ്റ രാജാക്കന്മാരെ അവിടുന്നു നിഗ്രഹിച്ചു;
എന്തെന്നാല്‍, അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.

അവിടുന്ന് അവരുടെ നാട് അവകാശമായി നല്‍കി;
അവിടുന്നു തന്റെ ദാസനായ ഇസ്രായേലിന്
അത് അവകാശമായി നല്‍കി;
അവിടുന്നു നമ്മെ ശത്രുക്കളില്‍ നിന്നു രക്ഷിച്ചു;
എന്തെന്നാല്‍, അവിടുത്തെ കാരുണ്യം അനന്തമാണ്.

കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 19:3-12
സ്വര്‍ഗരാജ്യത്തെപ്രതി.

അക്കാലത്ത്, ഫരിസേയര്‍ അടുത്തുചെന്ന് യേശുവിനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്ഷാപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.
ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങേ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങേ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 147:12,14

ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പു കൊണ്ട് നിന്നെ തൃപ്തമാക്കുന്നു.


Or:
cf. യോഹ 6:51

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങേ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങേ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s