അങ്ങനെ വീണ്ടും ഒരു ഓണം കൂടി വരവായി…. വെറും ഓണം അല്ല മാസ്കും ക്വാറന്റൈനും ഒക്കെയായി കൊറോണം അതിന്റെ രണ്ടാം വരവിലേയ്ക്ക് കടക്കുകയാണ്.
കഴിഞ്ഞ വർഷത്തെ നമ്മുടെയൊക്കെ ഓണം ഇതുപോലെ തന്നെയായിരുന്നു. ഒരു പക്ഷെ കൊറോണ ഓണത്തിന് മാത്രം ചെറിയ ലീവ് തന്നിരുന്നു എന്ന് വേണമെങ്കിലും പറയാം…. എന്നാൽ ഈ വർഷവും മറക്കാതെ ഓണം മാസ്കിലും സാനിറ്റൈസറിലും ഒതുക്കി നിർത്തിക്കോളാൻ കൊറോണ ഓർഡർ ഇറക്കിയിട്ടുണ്ട്.
എല്ലാവർഷവും ഓലക്കുടയുമായി വരുന്ന മാവേലിയ്ക്ക് മറുകൈയിൽ സാനിറ്റൈസറും കൂടി കൊണ്ടുവരേണ്ടി വരുന്നു. കഴിഞ്ഞ കൊല്ലം നാടുകാണാൻ വന്ന മാവേലി 7 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നതുകൊണ്ട് കക്ഷി ഇപ്രാവശ്യം നേരത്തെ ഇറങ്ങുമെന്നാണ് പൊതുവെ ഉള്ള ജനസംസാരം. എന്തൊക്കെയായാലും ഓണം മലയാളികൾക്ക് മറന്നുകളയാൻ പറ്റുമോ?
പക്ഷെ ഈ ഓണവും മാസ്കിൽ ഒതുങ്ങിപോവുകയാണോ?
മുൻവർഷങ്ങളിലെല്ലാം ഓണത്തിന് നമ്മൾ പഴയ ഓണക്കാലത്തെകുറിച്ച് ഓർത്ത് അയവിറക്കാറുണ്ട്. നമ്മുടെയൊക്കെ വീടുകളിലെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ പറയാറുണ്ട് ‘ഇതൊന്നുമല്ല ഓണം ഞങ്ങൾ ഒക്കെ പണ്ട് ആഘോഷിച്ചുകൊണ്ടിരുന്നതാണ് ഓണം’ എന്നൊക്കെ…… നമുക്കും ഇപ്പോൾ പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ഒരു ഓണക്കാലം ഉണ്ട്. മാസ്ക് ഇല്ലാതെ സാമൂഹിക അകലം ഇല്ലാതെ ഓണസദ്യയും ഓണപാട്ടുകളും വടം വലി മത്സരങ്ങളും ഒട്ടനവധി മറ്റ് കളികളുമായി അഘോഷിച്ചു തിമിർത്തു നടന്നിരുന്ന ഒരു ഓണക്കാലം.
നമ്മുടെയൊക്കെ ഓണങ്ങൾ ഡിജിറ്റൽ ആയും വീടുകളിൽ മാത്രമായും ഒക്കെ ഒതുങ്ങുമ്പോൾ നമുക്ക് ഒന്ന് ചിന്തിക്കാം എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ…..
“മോനെ ഓണത്തിന് വരുവോ “? എന്ന അമ്മയുടെ ചോദ്യം ഈ വർഷം ഇല്ല. വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുവേണ്ടേ… തിക്കിലും തിരക്കിലും പെട്ട് പാർട്ടിയും ആഘോഷങ്ങളുമായി നമ്മൾ ജീവിച്ചു തീർത്ത സമയങ്ങൾക്ക് ഒരു തിരിച്ചടിയാണോ ഇത്?കുഞ്ഞുങ്ങളെ തിരിഞ്ഞുപോലും നോക്കാതെ രണ്ടറ്റത്തും ഫോണിൽ നോക്കിയിരുന്ന അപ്പനും അമ്മയ്ക്കും ഉള്ള തിരിച്ചടിയും ആവാം ഇത്….. എന്തൊക്കെയായാലും ഒരു കൊറോണ എല്ലാവരെയും ഒരിടത്തേയ്ക്ക് ഒരുമിപ്പിച്ചു.
‘ഈ ഓണവും കൊറോണ കൊണ്ടുപോയല്ലോ’ എന്ന പതിവ് ക്ലീശേ ചോദ്യം ചോദിക്കാതിരിക്കാം നമുക്ക്. നമ്മൾ എവിടെയാണോ ഉള്ളത് ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കണം. സർക്കാരിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടുതന്നെ വീടുകളിൽ ആയിരുന്നുകൊണ്ട് അപ്പന്റെയും അമ്മയുടെയും മക്കളുടെയും ഒപ്പം ചിലവഴിക്കാൻ കഴിയുന്ന ഈ നല്ല നിമിഷങ്ങൾക്ക് ഓണത്തിന്റെ കളർകൂടിയാവുമ്പോൾ പൊളിക്കും.
കൊറോണം സീസൺ 2 ലേക്ക് നമ്മൾ കടക്കുമ്പോൾ നമുക്ക് ഈ ഓണവും എങ്ങനെ ആകർഷകമാക്കാം എന്ന് ചിന്തിക്കാം. ഈ മുഖങ്ങൾ കണ്ട് മടുത്തു എന്ന് ചിന്തിക്കാതെ ഈ ഓണക്കാലം നമ്മുടെ പ്രിയപെട്ടവരുടെ കൂടെ കളിയും ചിരിയും തമാശകളുമായി ചിലവഴിക്കാൻ നമുക്ക് സാധിക്കണം. ക്രിയാത്മകമായി ചിന്തിക്കാനും ഒപ്പം പുതുതലമുറയ്ക്ക് ഒരു നല്ല മാതൃക കാണിച്ചുകൊടുക്കാനും നമുക്ക് കഴിയട്ടെ ഒപ്പം കാത്തിരിക്കാം പ്രാർത്ഥിക്കാം പഴയ ഓണകാലത്തിന്റെ രണ്ടാം പിറവിക്കായി…..
Written by
Elsa Mary Joseph

കൊറോണം 2.0 | Onam Message for 2021 in Malayalam
One thought on “കൊറോണം 2.0 | Onam Message for 2021 in Malayalam”