ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍

അനിശ്ചിതത്വത്തിന് വിരാമം: ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം.

കൊച്ചി: വിശുദ്ധ കുർബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സിനഡാനന്തര പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണമെന്ന്‍ സിനഡ് നിര്‍ദ്ദേശിച്ചു. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.

കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിക്കുന്നുവെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ഓൺലൈനായാണ് നടന്നത്. അതേസമയം വിശുദ്ധ കുര്‍ബാന ഏകീകരണം സംബന്ധിച്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. സിനഡിന്റെ വിജയത്തിനായി ഉപവാസമെടുത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു.

സീറോമലബാർ സഭ സിനഡാനന്തര പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സീറോമലബാർ സഭയുടെ സിനഡിന്റെ 29-ാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്നു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ചാ വിഷയമായി:

1. ആദരാഞ്ജലികൾ ‍

കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് സിനഡ് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ​ഗുഡ്​ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജേക്കബ് ബാർണബാസ് പിതാവിന്റെ മരണത്തിൽ സിനഡ് പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കോവിഡു ബാധിച്ചു മരിച്ച സാഗർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവിന്റെ സേവനങ്ങളെ സിനഡ് കൃതജ്ഞതയോടെ അനുസ്മരിച്ചു.

കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി. കോവിഡ് നിയന്ത്രണത്തിനും വാക്സിനേഷനും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്നും സിനഡ് നിർദ്ദേശിച്ചു. കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈററികൾ ഇതിനായി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്നും സിനഡ് നിരീക്ഷിച്ചു.

2. ആരാധനാക്രമം ‍

വി. കുർബ്ബാനയുടെ അർപ്പണ രീതി ഏകീകരിക്കുവാനായി 1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം താമസംവിനാ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസീസ് മാർപാപ്പാ സീറോമലബാർ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി എഴുതിയ കത്തിനെ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന സ്വീകരിച്ചു. സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സഭയുടെ നാമത്തിൽ സിനഡ് മാർപാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ നാലുപതിറ്റാണ്ടായി ആരാധനാക്രമ നവീകരണവുമായി ബന്ധപ്പെട്ട് സഭയൊന്നാകെ നടത്തിയ പഠനത്തിനും പ്രാർത്ഥനയ്ക്കും ദൈവം തന്ന ഉത്തരമായാണ് പരിശുദ്ധ പിതാവിന്റെ കത്തിനെ സിനഡ് വിലയിരുത്തിയത്.

കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു.

ഏകീകരിച്ച വി. കുർബ്ബായർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണം. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വി. കുർബ്ബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.

3. ജനപ്രതിനിധികളുമായുള്ള ചർച്ച ‍

കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡുപിതാക്കന്മാർ ചർച്ച നടത്തി. കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാർലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാം എന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി. കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ ചർച്ചകൾക്കു വിഷയമായി. രാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവ​ഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു. സംവരണേതരവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചർച്ചചെയ്തു.

4. ഇതര വാർത്തകൾ

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രം​ഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വാർത്താപോർട്ടൽ ( http://www.syromalabarvision.com ) സിനഡിൽവച്ച് അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് കാർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭാവാർത്തകൾ യഥാസമയം സംലഭ്യമാക്കാൻ ഈ സംരംഭം സഹായമാകുമെന്ന് സിനഡ് വിലയിരുത്തി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s