ദിവ്യബലി വായനകൾ Tuesday of week 22 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 31/8/2021

Tuesday of week 22 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങേ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
1 തെസ 5:1-6,9-11
നാം ക്രിസ്തുവിനോടൊന്നിച്ച് ജീവിക്കേണ്ടതിനാണ് അവിടുന്നു നമുക്കുവേണ്ടി മരിച്ചത്.

സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെ തന്നെ, ഗര്‍ഭിണിക്കു പ്രസവവേദന ഉണ്ടാകുന്നതു പോലെ പെട്ടെന്നു നാശം അവരുടെ മേല്‍ നിപതിക്കും; അതില്‍ നിന്ന് അവര്‍ രക്ഷപെടുകയില്ല. എന്നാല്‍, സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല. അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം. എന്തെന്നാല്‍, നാം ക്രോധത്തിനു ഇരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്. ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 27:1,4,13-14

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍
അവിടുത്തെ ഹിതം ആരായാനുംവേണ്ടി
ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ജീവിക്കുന്നവരുടെ ദേശത്തു
കര്‍ത്താവിന്റെ നന്മ കാണാമെന്നു
ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 4:31-37
അങ്ങു ദൈവത്തിന്റെ പരിശുദ്ധനാണെന്ന് എനിക്കറിയാം.

അക്കാലത്ത്, യേശു ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടു കൂടിയതായിരുന്നു അവന്റെ വചനം. അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു: നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി. എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കല്‍പിക്കുകയും അവ വിട്ടുപോവുകയും ചെയ്യുന്നുവല്ലോ. അവന്റെ കീര്‍ത്തി സമീപ പ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 31:19

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.


Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment