Article

ഞാൻ എന്തിന് ഒരു വൈദികനായി ?

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ !

(2018 ൽ ഞാൻ എഴുതിയ എന്റെ ദൈവവിളിയുടെ അനുഭവവിവരണമാണിത് . ഇതിന്റെ വിവർത്തനമാണ് നേരത്തെ പോസ്റ്റ് ചെയ്തത്)

ഞാൻ എന്തിന് ഒരു വൈദികനായി ?

സാജൻ എന്തിനാ അച്ചനാകാൻ പോയത് ?
ഒറ്റ മകനല്ലേ? ഒരു പെങ്ങൾ മാത്രമല്ലെ ഉള്ളൂ?അപ്പന്റെയോ അമ്മയുടേയോ നേർച്ചയാണോ? പെങ്ങളെ കെട്ടിച്ചുവിട്ടുകഴിയുമ്പോൾ അവരെ ആര് നോക്കും? അതോ വിവാഹജീവിതം നയിക്കാനുള്ള കഴിവില്ലേ? വൈദികരാകാൻ പോയി തിരിച്ചുവന്ന ഒത്തിരിപ്പേരെ ഞങ്ങൾക്കറിയാം, ഇപ്പോൾ പെണ്ണ് കെട്ടി പിള്ളേരുടെ അച്ഛന്മാരായി ജീവിക്കുന്നു. വീട്ടിൽ നിന്നും പഠിപ്പിക്കാൻ നിവർത്തി ഇല്ലാത്തതുകൊണ്ടാണോ സെമിനാരിയിൽ ചേർന്നത്? എത്രവർഷം വരെ അവിടെ തുടരും? അവിടെ പഠിക്കാനൊക്കെ ഒരുപാട് കാണില്ലേ അതൊക്കെ പഠിക്കാൻ നിന്നെ കൊണ്ടാകുവോ? വൈദികരൊക്കെ കണക്കാ…. ഒരാളും …നല്ലതില്ല…എല്ലാം കള്ളൻമാരാ……വൈദികനാകാൻ സെമിനാരിയിൽ ചേർന്നപ്പോൾ മുതൽ അഭിമുഖീകരിച്ച പല ചോദ്യങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിച്ചെന്നേ ഉള്ളൂ.

സെമിനാരി പരിശീലനകാലത്തു മൈനർ സെമിനാരി റെക്ടർ ആയിരുന്ന അച്ചനും സ്നേഹപൂർവ്വം പറഞ്ഞു ഒറ്റ പുത്രനല്ലേ തിരിച്ചു പൊയ്ക്കൂടേ……സെമിനാരി പരിശീലനത്തിന്റെ ഓരോ കാലഘട്ടത്തിലും ഈ ഓർമപ്പെടുത്തൽ നിർബാധം തുടർന്നുകൊണ്ടിരുന്നു ….കൂടെ പഠനം തുടങ്ങിയ പലരും പാതി വഴിയിൽ കൊഴിഞ്ഞു പോയി.

എന്നിട്ടും ഞാൻ എന്തേ വൈദികനായി? പുരോഹിതനായി അഭിഷിക്തനാകാൻ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ കണ്ണുനീരോടെ അമ്മ ചോദിച്ചു, “അപ്പനേയും അമ്മയേയും നോക്കാൻ നീയല്ലേ ഉള്ളൂ.. എന്റെ മോന് തിരിച്ചുവന്നുകൂടെ??? എന്നിട്ട് സ്നേഹപൂർവ്വം തലയിൽ തലോടിക്കൊണ്ട് ഓർമിപ്പിച്ചു നീ..നിന്റെ സ്വന്തം ഇഷ്ടപ്രകാരം പോയി…. ഉടനെ വൈദികനാകും ഒന്നുമാത്രം അമ്മ എന്റെ മോനോട് പറയാം വൈദികജീവിതം അത്ര എളുപ്പമല്ല ഒരുപാട് സഹനങ്ങൾ ഉണ്ടാകും ഒത്തിരിയേറെ കുറ്റപ്പെടുത്തലും വഴക്കും തെറിയുമൊക്കെ കേൾക്കേണ്ടിവരും അതിന്റെയൊക്ക മുൻപിൽ പിടിച്ചുനിൽക്കാൻ നിനക്ക് പറ്റുവോ? അതിന് സാധിക്കില്ലെങ്കിൽ നീ പുരോഹിതൻ ആകരുത്. അവസാനംവരെ ഈ വിളിയോട് വിശ്വസ്ഥത പുലർത്തി ഒരു വിശുദ്ധനായ, എളിമയുള്ള, ദൈവജനത്തിന് മാതൃക നൽകുന്ന പുരോഹിതനായി എന്റെ മോൻ മാറണം….” ഇതുപറയുമ്പോൾ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു കൂടെ എന്റേയും അപ്പന്റെയും പെങ്ങളുടെയും, എന്നിട്ട് എന്റെ അപ്പനും അമ്മയും എന്റെ തലയിൽ കൈകൾ വച്ച് എന്നെ ആശീർവദിച്ചു.

ഇന്ന് വൈദിക ജീവിതം ആരംഭിച്ചു 5 വർഷങ്ങൾ പിന്നിടുമ്പോഴും ഈ ജീവിതത്തിൽ വിശ്വസ്ഥതയോടെ നിലനിൽക്കാൻ എന്നെ സജ്ജനാക്കുന്നത് എന്റെ അമ്മയുടെ മൊഴിമുത്തുകൾ തന്നെ. ഒത്തിരി വിഷമങ്ങളിലൂടെ കടന്നുപോകുമ്പോഴും, അകാരണമായി തെറ്റിധരിക്കപ്പെടുമ്പോഴും, ക്രൂരമായ പരിഹാസശരങ്ങളും, കൈകൊട്ടി കളിയാക്കലുകളും, അതിര് വിടുന്ന വിമർശനങ്ങളും ഏറ്റുവാങ്ങുമ്പോഴും, ഉള്ളിൽ ഒരുപാട് വേദനയുടെ കനൽ അഗ്നിയായി കത്തിപ്പടർന്നു എരിയുമ്പോഴും അൾത്താരയുടെ മുൻപിൽ മുട്ടുകുത്തി ആരുംകാണാതെ ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ ശാന്തമായിരുന്ന് കുറ്റപെടുത്തിയവരെയും, ഒറ്റപെടുത്തിയവരെയും, ഒറ്റികൊടുത്തവരെയും, പത്രോസായും, യൂദാസായും, ശിമയോനായും, യോഹന്നാനായും , നല്ല സമരിയക്കാരനായും, ജീവിതവഴികളിൽ കണ്ടുമുട്ടിയവരെയെല്ലാം വിളിച്ചു്, വേർതിരിച്ചു, പവിത്രീകരിച്ചു,മാറ്റിനിർത്തിയവന്റെ മുൻപിൽ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അവർണനീയമാണ് അവന്റെ മുൻപിൽ ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് എന്റെ വൈദികജീവിത ദർശനം.

കണ്ണുനീരോടെയും, ജീവിത പ്രേശ്നങ്ങളോടെയും, വേദനനിറഞ്ഞ ഒറ്റപെടലോടെയും മുന്നിൽ വരുന്ന വ്യക്തികളെ സശ്രദം ശ്രവിച്ചു കഴിയുമ്പോൾ, അവരുടെ വേദനകളും കണ്ണുനീരും ദൈവം മറ്റും എന്ന ഉറപ്പ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന തിളക്കമാണ് എന്റെ വൈദികജീവിതത്തിലെ ഏറ്റവും സമ്പന്നമായ പ്രതിഫലം. തെറിപറഞ്ഞും, ദൈവാലയത്തിൽനിന്ന് അകന്നും കഴിയുന്നവരെ തേടിപ്പിടിച്ചു മാപ്പപേക്ഷിച്ചു തിരികെ കൊണ്ടുവരുമ്പോൾ മനസിനുണ്ടാകുന്ന കുളിർമയുണ്ടല്ലോ അതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

അനുസരണമെന്ന പുണ്യത്തിന് വഴങ്ങി ചെയ്യാത്ത തെറ്റിന്റെ പേരിൽ അധികാരികളുടെ മുൻപിൽ തലകുനിച്ചു നിന്ന് വഴക്കും ശകാരവും കേൾക്കുമ്പോഴും ഒരു വാക്ക് കൊണ്ടുപോലും സ്വയം ന്യായികരിക്കാതെ അതെല്ലാം ഏറ്റുവാങ്ങുമ്പോൾ എന്റെ ഈശോയും വിധിയാളന്മാരുടെ മുൻപിൽ നിശ്ശബ്ദനായിരുന്നു എന്ന ബോധ്യമാണ് ഈ ജീവിതത്തിന്റെ അടിസ്ഥാനം. എത്ര വലിയ രോഗവും ക്ഷിണവും ഉണ്ടങ്കിലും തിരുവസ്ത്രങ്ങൾ ധരിച്ചു അൾത്താരയിൽ വിശുദ്ധ ബലി അർപ്പിക്കാൻ അണയുമ്പോൾ ലഭിക്കുന്ന ഊർജ്ജമാണ് ഈ ജീവിതത്തിന്റെ നേട്ടവും ലാഭവും. ഈ ലോക ദൃഷ്ടിയിൽ മണ്ടനും, കോമാളിയും, വെറുക്കപ്പെട്ടവനും, വിധിക്കപെടുന്നവനും, നിർദാക്ഷണ്യം വിമർശിക്കപ്പെടുന്നവനും, ആർക്കും എപ്പോൾ വേണമെങ്കിലും തട്ടികളിക്കാൻ പാകത്തിന് നിന്ന് കൊടുക്കേണ്ടവനും ആണ് ക്രിസ്തുവിന്റെ പുരോഹിതൻ. അവന്റെ ജീവിതത്തിനോ സേവനത്തിനോ യാതൊരു മതിപ്പും ഇല്ല എന്നാൽ അവന്റെ കുറവുകൾ മാത്രം, വീഴ്ചകൾ മാത്രം എല്ലാവർക്കും വാർത്തയാണ്. അവനുൾപ്പെടുന്ന വൈദികസമൂഹത്തിലെ ഏതാനും ചില വ്യക്തികൾ ചെയ്യുന്ന കുറ്റത്തിന് നിരന്തരം കല്ലേറ് കൊള്ളാൻ വിധിക്കപെട്ടവൻ.

പതിവ് പോലെ കുറ്റപ്പെടുത്തലുകളും, മാധ്യമവിചാരണകളും, അടക്കം പറച്ചിലും, കളിയാക്കലും, തെറിവിളിയും, ഉപദേശങ്ങളും, സൈബർ ആക്രമണങ്ങളും മുറപോലെ നടക്കുമ്പോഴും ഒരു യഥാർത്ഥ ക്രിസ്‌തു ശിഷ്യന് ആരോടും പരാതിയില്ല, പരിഭവമില്ല, പിണക്കമില്ല, വെറുപ്പില്ല, മറിച്ചു് എന്നെ വിളിച്ചു, വേർതിരിച്ചു, പവിത്രീകരിച്ചു ,മാറ്റിനിർത്തിയവനുവേണ്ടിയാണല്ലോ ഇതെല്ലാം എന്ന ചാരിതാർഥ്യം മാത്രം. ഇതൊക്ക വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് തോന്നാം എന്നാൽ പിന്നെന്തിനാ ഈ ആട്ടും തുപ്പും കേട്ട്‌ എല്ലാവരുടെയും മുൻപിൽ ഇളിഭ്യനായി ഇങ്ങനെ ജീവിക്കുന്നത്? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ എന്നെ എന്റെ യേശു വിളിച്ചത് അവനോട് കൂടെ ആയിരിക്കാനും, അവന്റെ വചനം പ്രസംഗിക്കാനും, പിശാചുക്കളെ ബഹിഷ്‌ക്കരിക്കാനുമാണ്.

“എപ്രകാരമുള്ള മരണമാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഒന്ന് മാത്രം…..” ബലിയർപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ ആ ബലിക്കല്ലിൽ വീണ് മരിക്കണം….

വിശുദ്ധികരണത്തിന്റെ ബലിപീഠമേ സ്വസ്ഥി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നും ഞാൻ സ്വീകരിച്ച ഈ കുർബാന എന്നിലെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ ഇനി ഒരു ബലി അർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ.

ഈശോ മിശിഹായിൽ സ്നേഹപൂർവ്വം ,

✍🏻 ഫാദർ സാജൻ നെട്ടപ്പോങ്ങ്
തക്കല രൂപത

Advertisements
Advertisements
Advertisements

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s