പുലർവെട്ടം 517

{പുലർവെട്ടം 517}

 
പൊതുവേ പരുക്കനെന്ന് ഒരു കാലം കരുതിയിരുന്ന മുഹമ്മദലിയെ അങ്ങനെയല്ല ഉറ്റവർ ഓർമ്മിച്ചെടുക്കുന്നത്. അലിയെ കാണണമെന്ന് അഗാധമായി അഭിലഷിച്ചിരുന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച് കേട്ടറിയുമ്പോൾ അവനെപ്പോയി സന്ദർശിക്കുകയാണ് അയാൾ ആദ്യം ചെയ്തത്. കുട്ടി അർബുദബാധിതനാണെന്ന അറിവ് അയാളെ ഹൃദയാലുവാക്കി. കുട്ടിയെ ചേർത്ത് പിടിച്ച് അയാൾ ഇങ്ങനെയാണ് പറഞ്ഞത് : ജോർജ് ഫോർമാനെ ഞാൻ എങ്ങനെയാണ് നിലംപരിശാക്കുന്നത്, അതുപോലെ നീയും അർബുദത്തെ പോരാടി തോൽപ്പിക്കാൻ പോവുകയാണ്.
 
കുട്ടി ഗുണപരമായല്ല പ്രതികരിച്ചത്. “അങ്ങനെയല്ല, വൈകാതെ ഞാൻ ദൈവത്തെ കാണും. എനിക്ക് അങ്ങയെ അറിയാമെന്ന് ഞാൻ ദൈവത്തോട് പറയും.”
 
മടക്കയാത്രയിൽ അലി നിശ്ശബ്ദനായിരുന്നു.
 
ഒരാഴ്ചയ്ക്കുള്ളിൽ കുട്ടി കടന്നുപോയി. വാർത്തയറിഞ്ഞ് അലി അവൻ്റെ സംസ്കാരം കാണാൻ തനിക്ക് ആവില്ല എന്ന് പറഞ്ഞ് സ്നേഹിതനെയാണ് പകരം അയയ്ക്കുന്നത്. കുട്ടിയുടെ മഞ്ചത്തിൽ അലിയോടൊത്തുള്ള അവൻ്റെ ചിത്രം കൂടി ഒടുവിലത്തെ ആഗ്രഹം എന്ന നിലയിൽ ബന്ധുക്കൾ ചേർത്ത് വച്ചിരുന്നു.ദൈവത്തോട് അലി തന്റെ ചങ്ങാതിയാണെന്ന് പറയുമ്പോൾ കാട്ടിക്കൊടുക്കാനാവാം.
 
ഉറ്റവരുടെ ഓർമ്മകളിൽ ഏത് വിജയിയായ മനുഷ്യനും ഇടം കണ്ടെത്തേണ്ടത് അവർ കൈമാറിയ അനുഭാവവും കരുണയുമുള്ള നിമിഷങ്ങളുടെ സുഗന്ധം കൊണ്ടാണെന്ന് തോന്നുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 517

Leave a comment