പുലർവെട്ടം 520

{പുലർവെട്ടം 520}
 
എസ്തേർ, സാറാ ജോസഫിന്റെ നല്ലൊരു നോവലാണ്. തകർന്നുപോയ ഒരു ദേവാലയവും അതിന്റെ അനുബന്ധ പരിസരങ്ങളുമാണ് പശ്ചാത്തലം. അമ്മ കുഞ്ഞ് എസ്തേറിനെയുമെടുത്ത് തകർന്നടിയുന്ന പട്ടണത്തിന്റെ ശേഷിപ്പുകൾക്കിടയിലൂടെ പലായനത്തിലാണ്. ഒരു കല്ലിൽത്തട്ടി അമ്മ നിലംപതിക്കുമ്പോൾ അത്രയും ഗാഢമായി തന്നെ ഇതിനുമുൻപൊരിക്കലും അമ്മ പുണർന്നിട്ടില്ല എന്നാണ് പിന്നീട് ഒറ്റയായിത്തീർന്ന അവൾ ഓർമ്മിച്ചെടുക്കുന്നത്.
 
ആ കല്ലിൽ അനേകർ പിന്നെയും തട്ടിവീണു. ചിലർ അവിടെത്തന്നെ ഖേദത്താൽ ഉറഞ്ഞുപോയി. വേറെ ചിലർ ആ കല്ലിൽ പകയുടെ ആയുധങ്ങൾ രാകിമിനുക്കി. അത് എടുത്തുമാറ്റുന്നതിനെക്കുറിച്ച് യാതൊരു സംഘഭാവനയുമില്ലാതെ.
 
നേരാണത്. തട്ടിവീണ കടമ്പകളൊക്കെ ഖേദവും അവശേഷിപ്പിച്ച് ഇപ്പോഴും മാനവസഞ്ചാരത്തെ തടസ്സപ്പെടുത്തി അജയ്യമായി നിൽക്കുന്നുണ്ട്.
 
വിധേയത്വത്തിൻ്റെയും അധീശത്വങ്ങളുടെയും കഥയായി മാത്രം മാനവചരിത്രം ചുരുങ്ങിക്കൂടാ.
 
ഇന്ന് അദ്ധ്യാപകദിനമാണ്. മൈസൂർ സർവകലാശാലയിൽ നിന്ന് ഇന്ദ്രപ്രസ്ഥയിലേയ്ക്ക് മാറ്റം കിട്ടിയ ഒരു അദ്ധ്യാപകൻ്റെ യാത്രയയപ്പിൽ കുതിരകളെ അഴിച്ചുമാറ്റി, പകരം വണ്ടിവലിച്ചുകൊണ്ട് ഓടിയ വിദ്യാർത്ഥികളുടെ ഗുരുഭക്തിയെക്കുറിച്ച് നിശ്ചയമായും ആരെങ്കിലുമൊക്കെ വാചാലമാകും. കുതിരവണ്ടിയിൽനിന്നിറങ്ങി വിദ്യാർത്ഥികളുടെ കൈകോർത്ത് നിരത്തിലൂടെ സഞ്ചരിക്കുവാൻ അദ്ധ്യാപകർക്ക് നേരമായില്ലെന്ന് ഇനിയും കരുതേണ്ടതുണ്ടോ?
 
ഗുരുജനങ്ങൾ മാത്രമല്ല, എല്ലാവരും കൈകോർത്ത് പിടിക്കേണ്ട ഒരു ചരിത്രസന്ധിയാണിത്. പണ്ട് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു വിനോദയാത്രയിൽ അതിരപ്പിള്ളിയിൽ പോയിട്ടുണ്ട്. വഴുക്കുന്ന പാറകളിലൂടെ പുഴയ്ക്ക് കുറുകെ കടക്കുമ്പോൾ അദ്ധ്യാപകൻ പറഞ്ഞത് ഒരു കാര്യം മാത്രമാണ്. കൈകോർത്ത് പിടിക്കാൻ ശ്രദ്ധിക്കണം. കോർത്തുപിടിച്ച കരങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements

One thought on “പുലർവെട്ടം 520

Leave a comment