ദിവ്യബലി വായനകൾ Saint John Chrysostom

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺 🕯🕯 ….✝🍛🍸🙏🏼….🕯🕯 🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 13/9/2021

Saint John Chrysostom, Bishop, Doctor 
on Monday of week 24 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശിക്കുന്നവരുടെ ശക്തിയായ ദൈവമേ,
മെത്രാനായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം
അദ്ഭുതകരമായ വാഗ്‌വിലാസത്തിലും
പീഡനങ്ങളുടെ അനുഭവത്തിലും
നിസ്തുലനാകാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായി,
കീഴടക്കാനാവാത്ത ക്ഷമയുടെ മാതൃകയാല്‍
ശക്തരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തിമോ 2:1-8
എല്ലാവരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തോട് എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം.

എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യ പ്രാര്‍ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ പ്രഘോഷകനായും അപ്പോസ്തലനായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 28:2,7,8-9

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

അങ്ങേ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി
ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍
എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്;
കര്‍ത്താവില്‍ എന്റെ ഹൃദയം ശരണംവയ്ക്കുന്നു,
അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു,
എന്റെ ഹൃദയം ആനന്ദിക്കുന്നു.

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്;
തന്റെ അഭിഷിക്തനു സംരക്ഷണം നല്‍കുന്ന
അഭയസ്ഥാനം അവിടുന്നാണ്.
അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ!
അങ്ങേ അവകാശത്തെ അനുഗ്രഹിക്കണമേ!
അവരുടെ ഇടയനായിരിക്കുകയും
എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!

കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 7:1-10
ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.

അക്കാലത്ത്, യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കു പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത് അയച്ചു. അവര്‍ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്. എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരില്‍ ചിലരെ അയച്ച് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാന്‍ പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികള്‍ ഉണ്ട്. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു. യേശു ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല. അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായി കണ്ടു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ സ്മരണയില്‍,
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും അങ്ങേക്ക് പൂര്‍ണമായി സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. 1 കോറി 1:23-24

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ, ദൈവത്തിന്റെ ശക്തിയും
ദൈവത്തിന്റെ ജ്ഞാനവുമായ ക്രിസ്തുവിനെ ഞങ്ങള്‍ പ്രസംഗിക്കുന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ സ്മരണാഘോഷത്തില്‍,
ഞങ്ങള്‍ സ്വീകരിച്ച രഹസ്യങ്ങള്‍ ഞങ്ങളെ
അങ്ങേ സ്‌നേഹത്തില്‍ സ്ഥിരീകരിക്കുകയും
അങ്ങേ സത്യത്തിന്റെ
വിശ്വസ്ത പ്രബോധകരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s