{പുലർവെട്ടം 522}
‘അമാർ ബംഗ്ലാ ‘ ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച നേതാജി ഭവന്റെ വാങ്മയചിത്രമുണ്ട്. നേതാജി തന്റെ കൂടെപ്പിറപ്പിന് അവസാനമായി എഴുതിയ കത്ത് അവിടെ വച്ചിട്ടുണ്ട്. “അതികഠിനമായ ഒരു യാത്രയ്ക്കായി വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ നാട്ടിലേക്കാണ്. യാത്രയുടെ ഒടുവിൽ ഞാൻ ഉണ്ടാവണമെന്ന് തന്നെയില്ല. അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതെന്റെ ഒടുവിലത്തെ കുറിപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി അങ്ങറിയണം, ഞാൻ വിവാഹിതനായി. ഒരു മകളുമുണ്ട്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരായുസ്സിൽ അങ്ങ് എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന്റെ ഒരംശം അവർക്കും നൽകുക.”
ഏതാനും വർഷങ്ങൾക്ക് ശേഷമാണ് എമിലിയുടെ കത്തും ശരത്ചന്ദ്രബോസിനെ തേടിയെത്തുന്നത്. മകൾ അച്ഛൻ്റെ തനിപ്പതിപ്പാണെന്നും സ്വഭാവത്തിൽ പോലും അച്ഛനെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിലെ വിധുരയായ ഒരു സ്ത്രീയെപ്പോലെ ഓർമ്മകളിൽ ഉറഞ്ഞു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെങ്കിലും അതിൽ നിന്ന് തികച്ചും വിഭിന്നമായ ചില സാഹചര്യങ്ങളിൽ പെട്ടു പോയതുകൊണ്ട് തനിക്കതിന് ആവില്ല എന്നും അവർ ഖേദിക്കുന്നു. അടിവരയിട്ട് അവർ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം ഏതെങ്കിലും തരത്തിലുള്ള ഒരു സാമ്പത്തിക സഹായം തേടിയല്ല ഈ കത്ത് എന്നുള്ളതാണ്. ഒരു ദ്വിഭാഷിയെന്ന നിലയിൽ വിയന്നയിൽ താൻ ഏർപ്പെട്ടിരിക്കുന്ന ജോലിയിൽ നിന്നുള്ള വരുമാനം തനിക്കും കുഞ്ഞിനും മതിയാവുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളുടെ ഉറ്റബന്ധുവെന്ന നിലയിൽ അവളോടൊപ്പം മനസ്സുകൊണ്ട് ആയിരിക്കണം എന്ന ആഗ്രഹം മാത്രമാണ് ഈ കുറിപ്പിനുള്ള പ്രേരണ.
മനുഷ്യർ എത്ര പാവങ്ങളാണ്. അടിമുടി പരുക്കരായും കരുത്തരായും കാണപ്പെടുമ്പോൾത്തന്നെ വീടും ഉറ്റവരും തുടർച്ചകളുമൊക്കെ എത്ര കഠിനമായിട്ടാണ് അവരുടെ ഉള്ളിനെ വലിച്ചു മുറുക്കുന്നത്. അങ്ങനെയാണവർ നീലിച്ചു പോയത്.
– ബോബി ജോസ് കട്ടികാട്
Advertisements
പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements
Advertisements
Reblogged this on Nelsapy.
LikeLiked by 1 person