ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് ചില സത്യങ്ങൾ

ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് യേശു ഫാദർ ജോസഫ്‌ ബി. ഫ്രേക്ക് പറഞ്ഞുകൊടുത്ത ചില സത്യങ്ങൾ.

എന്റെ മകനെ തിരുവോസ്തിയിലെ എന്റെ സാന്നിധ്യം ഞാൻ ലോകത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തുമാത്രമായിട്ടു ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള് അവരുടെ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടിയും ഒരിക്കലെങ്കിലും എന്നെ കാണുവാൻ ശ്രമിക്കുമായിരുന്നു. നിങ്ങൾക്ക് ഒരു തടസവുമില്ലാതെ എന്നെ കാണുവാനും എനിക്ക് നിങ്ങളുടെ അടുത്തിരിക്കുവാനും വേണ്ടി ഞാൻ തിരുവോസ്തിയിൽ നിങ്ങൾക്കുവേണ്ടി കാത്തിരുന്നിട്ടും നിങ്ങളിൽ എത്ര പേര് എന്നെ കാണാൻ വരുന്നുണ്ട്?

ഒട്ടുമിക്ക ആൾക്കാർക്കും ദിവ്യകാരുണ്യനാഥനായ എന്നോട് ഒരു തണുത്ത സമീപനമാണ്. അവർ കണ്ണുകൊണ്ട് കാണുകയും സ്പര്ശിച്ചു അറിയുകയും ചെയുന്നത് മാത്രമേ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയുന്നുള്ളൂ. മനുഷ്യന് ഞാൻ നല്കിയ ഏറ്റവും വലിയ ദാനവും നിധിയുമാണ്‌ പരിശുദ്ധ ദിവ്യകാരുണ്യം. തിരുവോസ്തിയിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകുമെന്ന് എന്റെ ശിഷ്യന്മാരിലൂടെയും അവരുടെ പിൻഗാമികളിലൂടെയും ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളതല്ലേ? അതുകൊണ്ട് നിങ്ങൾ എന്റെ അടുത്ത് വരുവാനും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ഏറ്റവും വലിയ ദാനമായ ദിവ്യകാരുണ്യത്തെ വളരെ സ്നേഹത്തോടെയും ഭക്തിയോടെയും സ്വീകരിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. എനിക്ക് നിങ്ങളോടുള്ള സ്നേഹത്തെപ്രതിയാണ് നിങ്ങൾക്ക് എന്റെ അടുത്തിരിക്കുവാനും എന്നെ കാണുവാനും പറ്റുന്ന രീതിയിൽ ഞാൻ എന്നെത്തന്നെ തിരുവോസ്തിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നിട്ടും തിരുവോസ്തിയിലെ എന്റെ സാന്നിദ്ധ്യത്തെ വിശ്വസിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലേ?

പല കാരണങ്ങൾകൊണ്ടാണ് മനുഷ്യൻ എന്റെ അടുക്കലേക്കു വരുന്നത്. ചിലര് ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും മാത്രം എന്നെ കാണാൻ വരുന്നു. ഒരുപക്ഷെ സ്വർഗ്ഗം നഷ്ടപെടുമോ എന്നുള്ള ഭയത്തിനാലും തങ്ങളുടെ ആവശ്യങ്ങൾ നിറവേറി കിട്ടാനും മാത്രം ഒരു കടമപോലെ വന്നു പോകുന്നു. മറ്റുചിലർ ഒരു ഭക്തിയുമില്ലാതെ വളരെ യാന്ത്രികമായിട്ടു വെറുതെ വന്നിട്ട് പോകുന്നു.

എന്നാൽ ശരിയായതും ഏറ്റവും നല്ല കാരണത്താലും എന്റെ അടുത്ത് വരുന്നവരുണ്ട്‌ അവരാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നതും പ്രീതിപ്പെടുത്തുന്നതും. എന്റെ അടുത്തിരിക്കുന്നതിൽ അവർ കൂടുതൽ ആനന്ദം കണ്ടെത്തുന്നു. മറ്റുള്ളവർക്ക് കിട്ടാത്തതായ അധിക വരങ്ങളും ദാനങ്ങളും കൃപയും ഇവർക്ക് ലഭിക്കുന്നു കാരണം എന്നോടുള്ള സ്നേഹത്തെപ്രതിയാണ് അവർ എന്റെ അടുക്കൽ വരുന്നത്.

എന്റെ വിശുദ്ധരുടെ കാര്യം തന്നെ എടുത്തു നോക്കുക, എന്നെ കാണാനും എന്റെ അടുത്തിരിക്കുവാനുമുള്ള ഒരവസരവും അവർ പാഴാക്കാരില്ലായിരുന്നു. ഈ ലോകത്തിന്റെതായ ഉപയോഗശൂന്യമായ എല്ലാം ഉപേക്ഷിച്ചുകൊണ്ട് എന്റെ അടുത്തിരിക്കുമായിരുന്നു അവർ. അതിന്റെ ഫലമായിട്ട്‌ അവർക്ക് എന്റെ അളവില്ലാത്ത സ്നേഹത്തെകുരിച്ചും നന്മയെക്കുറിച്ചും വ്യക്തമായി അറിയാനും അനുഭവിക്കുവാനും കഴിഞ്ഞു. അതുപോലെ നിങ്ങൾക്കും നിങ്ങളുടെ സമയവും ശ്രദ്ധയും എനിക്ക് തരുവാൻ അവസരങ്ങളുണ്ട് അതുകൊണ്ട് ദിവ്യകാരുണ്യഭക്തിയിലൂടെ ഞാനുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടിയിരിക്കുന്നു.

ആട്ടിടയന്മാരെപോലെ, യാചകനായ കുഷ്ടരോഗിയെപോലെ, മഗ്ദലേന മറിയത്തെപോലെ, സംശയാലുവായിരുന്ന തോമസ്‌ മാറിയതുപോലെ, പാപിയായ ചുങ്കക്കാരനെപോലെ, എനിക്ക് കാഴ്ചയുമായിവന്ന രാജക്കന്മാരെപോലെ എന്റെ മുമ്പിൽ മുട്ടുകുത്തുവാൻ നിങ്ങൾക്ക് ലഭിക്കുന്ന ഈ വലിയ അവസരവും കൃപയും നിങ്ങൾ ഫലപ്രദമായിട്ടു ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ എന്നിൽനിന്നും അനുഗ്രഹവും കൃപയും നേടിയെടുക്കുന്നുണ്ടോ?

ഈ ഭൂമിയിൽ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന എന്നെ കാണാനും അഭിമുഖീകരിക്കാനും നിങ്ങൾക്ക് പറ്റിയിരുന്നുവെങ്കിൽ വിധി ദിനത്തിൽ എന്നെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് എന്തുമാത്രം എളുപ്പമാകുമായിരുന്നു. ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്ന എന്നെ കാണാൻ വരുന്ന നിങ്ങളുടെ ഓരോ സന്ദർശനവും നിങ്ങൾക്ക് എന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ് മാത്രമല്ല അങ്ങനെ ചെയുന്നതുവഴി നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കുകയുമാണ് ചെയുന്നത്.

നിങ്ങളെ അനുഗ്രഹിക്കാനും വലിയ ദാനങ്ങൾ നല്കാനും നിങ്ങളുടെ ആത്മാവിന്റെ രക്ഷക്കുമായിട്ടു ഞാൻ തിരുവോസ്തിയിൽ ദിവ്യകാരുണ്യനാഥനായി നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അതുകൊണ്ട് കൂടെ കൂടെ നിങ്ങൾ എന്റെ അടുത്തു വരണം.

Jesus to Fr. Joseph Frey

പ്രിയ സഹോദരങ്ങളെ നമ്മുടെ യേശു ദിവ്യകാരുണ്യനാഥനായി തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നുവെന്നു സത്യമായും നമ്മൾ വിശ്വസിക്കണം. നമുക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ പോയിരുന്നു അവിടത്തോട് ഒന്ന് പറഞ്ഞാൽ മതി നമ്മുടെ എല്ലാ പ്രശ്നങ്ങളും നീങ്ങിപ്പോകും. അവിടത്തെ മുമ്പിൽ ഇരിക്കുവാൻ സമയം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ, ഓർക്കുക നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രമേ ദൈവത്തിന്റെ കരുണ നേടാൻ നമുക്ക് പറ്റുകയുള്ളു നമ്മൾ മരിച്ചുകഴിഞ്ഞാൽ പിന്നെ അവിടുന്ന് വിധിയാളനാണ് അവിടെ പിന്നെ കരുണയില്ല വിധി മാത്രമാണ്. ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്‌ നമുക്ക് അനുതപിക്കാൻ നമ്മളെ തന്നെ മാറ്റുവാൻ ദൈവം തരുന്ന അവസരമാണ്. എത്രയോപേർ അനുതപിക്കാൻ അവസരം കിട്ടാതെ നമ്മുടെയിടയിൽ നിന്നും വേർപെട്ടുപോയിട്ടുണ്ട് എന്നിട്ടും നമുക്ക് അനുതപിക്കാൻ ഓരോ ദിവസവും നീട്ടിത്തന്ന നമ്മുടെ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലാണ് തീരുക? അവിടത്തെ മുമ്പിൽ ഇരിക്കുന്നവർക്കാണ് അവിടുന്ന് കൂടുതൽ അനുഗ്രഹങ്ങൾ നല്കിയിട്ടുള്ളത് അതുകൊണ്ട് നമുക്കും നമ്മുടെ നാഥന്റെ മുമ്പിൽ ഇരിക്കാൻ സമയം കണ്ടെത്താം.

തിരുവോസ്തിയിൽ യേശുവിന്റെ സാന്നിധ്യത്തെ വിശ്വസിക്കാത്ത ഒരു വ്യക്തിക്ക് എങ്ങനെ പറയാൻ കഴിയും താൻ ഒരു ക്രിസ്ത്യാനിയാണ് എന്ന്? ഒരു വ്യക്തി തിരുവോസ്തിയിൽ യേശുവിന്റെ സാന്നിധ്യം ഉണ്ട് എന്ന് വിശ്വസിക്കുകയും പക്ഷെ ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ഇരിക്കാതെയും അതിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ജീവിക്കുകയും ചെയ്‌താൽ ഈ വ്യക്തിയും മേല്പ്പറഞ്ഞ ദിവ്യകാരുണ്യത്തിൽ വിശ്വസിക്കാത്ത വ്യക്തിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ; ദിവ്യകാരുണ്യ ആരാധന സമയത്താണ് കൂടുതലും രോഗശാന്തിയും അത്ഭുതങ്ങളും നടക്കുന്നത് അത് യേശു തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നതുകൊണ്ട് തന്നെയാണ്.

ഇനിയെങ്കിലും നമുക്ക് കഴിയുന്നിടത്തോളം യേശുവിന്റെ മുമ്പിൽ ഇരിക്കാൻ സമയം കണ്ടെത്താം അവിടുന്ന് നമ്മളെ അനുഗ്രഹിക്കാൻ നമ്മളെ സ്നേഹിക്കാൻ കാത്തു നില്ക്കുകയാണ്, ഇനിയും വൈകരുത്.

പരിശുദ്ധ പരമ ദിവ്യകാരുന്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ. ആമേൻ.

Author & Source: Unknown

Advertisements

Leave a comment